സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

ഖാദി ഇന്ത്യ പ്രശ്നോത്തരി മത്സരത്തിന് ഉപരാഷ്ട്രപതി നാളെ തുടക്കം കുറിക്കും

Posted On: 30 AUG 2021 3:54PM by PIB Thiruvananthpuram
 
 
ന്യൂ ഡൽഹിആഗസ്റ്റ് 30, 2021
 
'അമൃത് മഹോത്സവ് ഖാദിയ്ക്കൊപ്പം' എന്ന ഡിജിറ്റൽ പ്രശ്നോത്തരി മത്സരത്തിന് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു നാളെ ന്യൂ ഡൽഹിയിൽ തുടക്കം കുറിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) ആണ് പ്രശ്നോത്തരി മത്സരം തയ്യാറാക്കിയിട്ടുള്ളത്. 
 
ഇന്ത്യൻ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ സമരസേനാനികളുടെ ത്യാഗങ്ങൾ, സ്വാതന്ത്ര്യസമര കാലം മുതൽ ഖാദിയ്ക്കുള്ള പൈതൃകം എന്നിവയുമായി പൊതുജനങ്ങൾക്കുള്ള ബന്ധം വർദ്ധിപ്പിക്കാനാണ് പ്രശ്നോത്തരിയിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം, സ്വദേശി മുന്നേറ്റത്തിൽ ഖാദി വഹിച്ച പങ്ക്, ഇന്ത്യൻ രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആകും പ്രശ്നോത്തരിയിൽ ഉൾപ്പെടുത്തുക.
 
2021 ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 14 വരെ 15 ദിവസ കാലമായിരിക്കും പ്രശ്നോത്തരി ഉണ്ടാവുക. KVIC യുടെ എല്ലാ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും ദിവസേന അഞ്ചു ചോദ്യങ്ങൾ വീതം നൽകുന്നതാണ്. പ്രശ്നോത്തരിയിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നവർ https://www.kviconline.gov.in/kvicquiz/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 100 സെക്കൻഡ് സമയത്തിനുള്ളിൽ 5 ചോദ്യങ്ങൾക്കും മത്സരാർത്ഥികൾ ഉത്തരം നൽകേണ്ടതാണ്. ദിവസവും രാവിലെ 11ന് ആരംഭിക്കുന്ന പ്രശ്നോത്തരി 12 മണിക്കൂർ നേരം അതായത് രാത്രി 11 വരെ ലഭ്യമാണ്.
 
ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ ശരിയുത്തരങ്ങൾ നൽകുന്ന മത്സരാർഥികളെ ഓരോ ദിവസവും വിജയികളായി പ്രഖ്യാപിക്കും. എല്ലാ ദിവസവും മൊത്തം 21 പേരെ വിജയികളായി (ഒരു ഒന്നാം സ്ഥാനം, 10 രണ്ടാം സ്ഥാനം, 10 മൂന്നാം സ്ഥാനം) പ്രഖ്യാപിക്കുന്നതാണ്. പ്രതിദിനം എൺപതിനായിരം രൂപ മൂല്യമുള്ള ഖാദി ഇന്ത്യ e-കൂപ്പണുകൾ വിജയികൾക്ക് സമ്മാനിക്കും. www.khadiindia.gov.in എന്ന KVIC യുടെ ഓൺലൈൻ പോർട്ടലിൽ ഇവ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാവുന്നതാണ്.
 
 
 
 
 
 
 
 


(Release ID: 1750979) Visitor Counter : 248