രാജ്യരക്ഷാ മന്ത്രാലയം
ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് 5.0 രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്തു
Posted On:
19 AUG 2021 3:30PM by PIB Thiruvananthpuram
ന്യൂഡൽഹി, ആഗസ്റ്റ് 19, 2021
ഇന്നൊവേഷൻസ് ഫോർ ഡിഫൻസ് എക്‌സലൻസ് - ഡിഫൻസ് ഇന്നൊവേഷൻ ഓർഗനൈസേഷന് അഥവാ iDEX-DIO-യ്ക്ക് കീഴിൽ ഡിഫൻസ് ഇന്ത്യ സ്റ്റാർട്ടപ്പ് ചലഞ്ച് (DISC) 5.0-യ്ക്ക് രാജ്യ രക്ഷാ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെതുടക്കം കുറിച്ചു. DISC 5.0 പദ്ധതി പ്രകാരം നൂതന സാങ്കേതിക പരിഹാരം തേടാൻ ഉദ്ദേശിക്കുന്ന മുപ്പത്തിയഞ്ച് മേഖലകൾ ('Problem Statements') - സേനാ വിഭാഗങ്ങളിൽ നിന്ന് 13 ഉം, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് 22 ഉം - പ്രകാശനം ചെയ്തു. ഇതുവരെയുള്ള ഏത് പതിപ്പിലേതിലും ഉയർന്ന സംഖ്യയിലുള്ളതാണ് സൈനിക മേഖലയിൽ പുരോഗതി ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ മുപ്പത്തിയഞ്ച് മേഖലകൾ.
തന്റെ അഭിസംബോധനയിൽ iDEX-DIO-യുടെ പരിശ്രമങ്ങളെ പ്രശംസിച്ച ശ്രീ രാജ്നാഥ് സിംഗ്, പ്രതിരോധ മേഖലയിൽ സ്വാതന്ത്ര്യത്തിലേക്കുള്ള മറ്റൊരു ചുവടുവെപ്പായി DISC 5.0 യെ വിശേഷിപ്പിച്ചു. DISC 5.0 ഒരു ‘ആത്മനിർഭർ’ പ്രതിരോധ മേഖല അഥവാ പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത സൃഷ്ടിക്കാനുള്ള സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതിഫലനമാണെന്ന് പ്രസ്താവിച്ച അദ്ദേഹം, ഇത് നവീന ആശയങ്ങൾക്കും, രൂപകൽപ്പനയ്ക്കും, വികസനത്തിനും വഴിതെളിക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. DISC-യുടെ നാല് മുൻ പതിപ്പുകളെക്കുറിച്ചു പരാമർശിച്ച അദ്ദേഹം
40-ലധികം സാങ്കേതിക മേഖലകളിൽ 80-ലധികം സ്റ്റാർട്ടപ്പുകളും, MSME-കളും, വ്യക്തിഗത സംരംഭകരും, മുമ്പ് വിജയികളായ കാര്യം ചൂണ്ടിക്കാട്ടി. DISC 5.0 മുന്നോട്ടു വയ്ക്കുന്ന നൂതനവും ഭാവി ലക്ഷ്യമിട്ടുള്ളതുമായ പരിഹാരങ്ങൾ യുവ സംരംഭകരിലും നൂതന സംരംഭകരിലും DISC-യിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആഗോള ഭൗമ-രാഷ്ട്രീയ, സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ശക്തവും, ആധുനികവും, സുസജ്ജവുമായ ഒരു സൈന്യവും അതിനോട് കിടപിടിയ്ക്കുന്നതും സ്വയംപര്യാപ്തവുമായ ഒരു പ്രതിരോധ വ്യവസായം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം രാജ്യ രക്ഷാ മന്ത്രി അടിവരയിട്ടു പറഞ്ഞു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, പ്രതിരോധ സെക്രട്ടറി ഡോ. അജയ് കുമാർ, പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ DISC 5.0 ൽ പങ്കെടുത്തു. നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിംഗ്, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ കെ എസ് ഭദൗരിയ, കരസേന മേധാവി ജനറൽ എം എം നരവനെ, യുവ നൂതന സംരംഭകർ, വ്യവസായ പ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
(Release ID: 1747536)
Visitor Counter : 265