പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്തിലെ നിക്ഷേപക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന

Posted On: 13 AUG 2021 1:43PM by PIB Thiruvananthpuram

നമസ്‌കാരം!

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകന്‍, ശ്രീ നിതിന്‍ ഗഡ്കരി ജി, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, വാഹന വ്യവസായവുമായി ബന്ധപ്പെട്ടവര്‍, ഒഇഎം അസോസിയേഷനുകള്‍, ലോഹ, പൊളിക്കല്‍ വ്യവസായത്തിലെ അംഗങ്ങള്‍, സഹോദരീ സഹോദരന്‍മാരേ, 

75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായുള്ള ഈ പരിപാടി സ്വാശ്രയ ഇന്ത്യയുടെ സുപ്രധാന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള മറ്റൊരു സുപ്രധാന ചുവടുവെപ്പാണ്. രാജ്യം ഇന്ന് ദേശീയ വാഹനം പൊളിക്കല്‍ നയം പുറത്തിറക്കുകയാണ്. ഈ നയം പുതിയ ഇന്ത്യയുടെ മുന്നോട്ടുപോക്കിനും വാഹന മേഖലയ്ക്കും പുതിയ വ്യക്തിത്വം പകരാന്‍ പോകുന്നു. രാജ്യത്തെ വാഹനങ്ങള്‍ പുതുക്കപ്പെടാനും അനുയോജ്യമല്ലാത്ത വാഹനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ റോഡുകളില്‍ നിന്ന് നീക്കം ചെയ്യാനും ഈ നയം വലിയ തോതില്‍ സഹായകമാകും. ഇത് മിക്കവാറും എല്ലാ പൗരന്മാരിലും എല്ലാ വ്യവസായങ്ങളിലും രാജ്യത്തെ എല്ലാ മേഖലകളിലും പ്രകടമായ മാറ്റം സൃഷ്ടിക്കും.

സുഹൃത്തുക്കളെ,

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ചലനാത്മകത ഒരു വലിയ ഘടകമാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. ഗതാഗത രംഗത്തെ ആധുനികവല്‍ക്കരണം യാത്രയുടെയും ഗതാഗതത്തിന്റെയും ബുദ്ധിമുട്ടു കുറയ്ക്കുക മാത്രമല്ല, സാമ്പത്തിക വികസനത്തിന് സഹായകരമാണെന്ന് വ്യക്തമാവുകയും ചെയ്യുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വൃത്തിയാര്‍ന്നതും തിരക്കില്ലാത്തതും സൗകര്യപ്രദവുമായ ഗതാഗതമെന്ന ലക്ഷ്യത്തോടെ നീങ്ങണം. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാലാണ് ഗവണ്‍മെന്റ് ഈ നടപടി കൈക്കൊണ്ടത്. വ്യവസായത്തിലെ എല്ലാ കരുത്തര്‍ക്കും എല്ലാ പങ്കാളികള്‍ക്കും ഇതില്‍ ഒരു പ്രധാന പങ്കുണ്ട്.

സുഹൃത്തുക്കളെ,

മാലിന്യത്തില്‍നിന്നു സമ്പത്തുണ്ടാക്കുന്ന ദൗത്യത്തിന്റെയും ചാക്രിക സമ്പദ് വ്യവസ്ഥയുടെയും ഒരു പ്രധാന ഭാഗമാണ് പുതിയ പൊളിക്കല്‍ നയം. ഈ നയം രാജ്യത്തെ നഗരങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പുനരുപയോഗം, പുനഃചംക്രമണം, വീണ്ടെടുക്കല്‍ എന്നീ തത്വങ്ങള്‍ പിന്തുടര്‍ന്ന് ഈ നയം വാഹന, ലോഹ മേഖലകളില്‍ രാജ്യത്തിന്റെ സ്വാശ്രയത്വത്തിന് പുതിയ ഊര്‍ജം നല്‍കും. കൂടാതെ, ഈ നയം രാജ്യത്ത് 10,000 കോടിയിലധികം രൂപയുടെ പുതിയ നിക്ഷേപങ്ങള്‍ കൊണ്ടുവരും. ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. 

സുഹൃത്തുക്കളെ,

ഇന്ന് നാം ഈ നയം പ്രഖ്യാപിച്ച സമയം വളരെ സവിശേഷമാണ്. നാം സ്വാതന്ത്ര്യത്തിന്റെ 75 -ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഇനിയുള്ള 25 വര്‍ഷം രാജ്യത്തിന് വളരെ പ്രധാനമാണ്. അടുത്ത 25 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും ബിസിനസ്സിലും നാം പ്രവര്‍ത്തിക്കുന്ന രീതിയില്‍ നിരവധി മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുന്നു. സാങ്കേതികവിദ്യ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ നമ്മുടെ ജീവിതരീതിയിലും സമ്പദ്വ്യവസ്ഥയിലും ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകും. ഈ മാറ്റത്തിനിടയില്‍, നമ്മുടെ പരിസ്ഥിതി, ഭൂമി, വിഭവങ്ങള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവ സംരക്ഷിക്കേണ്ടത് ഒരുപോലെ പ്രധാനമാണ്. സാങ്കേതിക വിദ്യയെ നയിക്കുന്നതും ഇന്ന് ലഭ്യമായതുമായ ഈ അപൂര്‍വ ഭൗമ ലോഹങ്ങള്‍ അപൂര്‍വമാകുന്ന സാഹചര്യത്തെക്കുറിച്ച് ഊഹിക്കാന്‍ പ്രയാസമാണ്. ഭാവിയില്‍ നമുക്ക് സാങ്കേതിക വിദ്യയിലും നവീനതയിലും പ്രവര്‍ത്തിക്കാന്‍ കഴിയും, പക്ഷേ ഭൂമിയില്‍ നിന്ന് നമുക്ക് ലഭിക്കുന്ന സമ്പത്ത് നമ്മുടെ കൈയിലല്ല. അതിനാല്‍, ഒരു വശത്ത് ആഴക്കടല്‍ ദൗത്യത്തിലൂടെ ഇന്ത്യ പുതിയ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നു, മറുവശത്ത് ഇത് ഒരു ചാക്രിക സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു. വികസനം സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമാക്കാനാണ് ശ്രമം. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നാം അനുദിനം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍, ഇന്ത്യ സ്വന്തം താല്‍പ്പര്യത്തിലും പൗരന്മാരുടെ താല്‍പ്പര്യത്തിലും വലിയ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. ഈ ചിന്തയോടെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഊര്‍ജ്ജ മേഖലയില്‍ അഭൂതപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സൗരോര്‍ജ്ജമോ കാറ്റിന്റെ ശക്തിയോ ജൈവ ഇന്ധനമോ ആകട്ടെ, ഇന്ന് ഇന്ത്യ ലോകത്തിലെ മുന്‍നിര രാജ്യങ്ങളുമായി ചേരുന്നു. മാലിന്യത്തില്‍നിന്നു ധനമുണ്ടാക്കുന്നതു സംബന്ധിച്ച ഒരു വലിയ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. ഇത് ശുചിത്വവും സ്വാശ്രയത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, ഇക്കാലത്ത് റോഡുകളുടെ നിര്‍മ്മാണത്തില്‍ നാം വലിയ അളവില്‍ മാലിന്യങ്ങള്‍ ഉപയോഗിക്കുന്നു. പാവപ്പെട്ടവര്‍ക്കുള്ള ഗവണ്‍മെന്റ് കെട്ടിടങ്ങളുടെയും വീടുകളുടെയും നിര്‍മ്മാണത്തിലും പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നു.

സുഹൃത്തുക്കളെ,

അത്തരം പല ഉദ്യമങ്ങളിലും വാഹന മേഖലയും ഉള്‍പ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ നയം സാധാരണ കുടുംബങ്ങള്‍ക്ക് എല്ലാവിധത്തിലും വളരെയധികം പ്രയോജനം ചെയ്യും. പഴയ വാഹനം പൊളിക്കുമ്പോള്‍ ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും എന്നതാണ് ആദ്യ നേട്ടം. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള വ്യക്തി ഒരു പുതിയ വാഹനം വാങ്ങുമ്പോള്‍ രജിസ്‌ട്രേഷനായി പണം നല്‍കേണ്ടതില്ല. ഇതോടൊപ്പം, റോഡ് നികുതിയില്‍ അദ്ദേഹത്തിന് ഇളവും നല്‍കും. രണ്ടാമത്തെ ഗുണം പഴയ വാഹനത്തിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണികള്‍ക്കും മാറ്റിവെക്കേണ്ടിവരുന്ന തുക ലാഭിക്കാമെന്നതാണ്. ഇന്ധനക്ഷമത ഉറപ്പാക്കാന്‍ കഴിയുമെന്ന നേട്ടവുമുണ്ട്. മൂന്നാമത്തെ പ്രയോജനം ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പഴയ സാങ്കേതികവിദ്യ കാരണം പഴയ വാഹനങ്ങളില്‍ റോഡപകട സാധ്യത വളരെ കൂടുതലാണ്. അതില്‍ നിന്ന് മുക്തി നേടാന്‍ കഴിയും. നാലാമതായി, ഇത് നമ്മുടെ ആരോഗ്യത്തിന്‍മേലുള്ള മലിനീകരണത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യും. പ്രധാനമായി, വാഹനം പഴകിയതുകൊണ്ട് മാത്രം പൊളിക്കില്ല. അംഗീകൃത ഓട്ടോമേറ്റഡ് പരിശോധനാ കേന്ദ്രങ്ങളില്‍ വാഹനങ്ങള്‍ ഫിറ്റ്‌നസ്സിനായി ശാസ്ത്രീയമായി പരിശോധിക്കും. വാഹനം അയോഗ്യമാണെങ്കില്‍, അത് ശാസ്ത്രീയമായി ഇല്ലാതാക്കപ്പെടും. ഇതിനായി രജിസ്റ്റര്‍ ചെയ്ത വാഹനം പൊളിക്കല്‍ കേന്ദ്രങ്ങള്‍ രാജ്യത്തുടനീളം സ്ഥാപിക്കും, ഇവ സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്നതും സുതാര്യവുമാണെന്ന് ഉറപ്പുവരുത്തും.

സുഹൃത്തുക്കളെ,

ഔപചാരികമായ പൊളിക്കലിന്റെ ഗുണം ഗുജറാത്ത് അനുഭവിച്ചിട്ടുണ്ട്, ഇപ്പോള്‍ നിതിന്‍ ജി അത് വിശദീകരിച്ചു. കപ്പല്‍ പുനഃചംക്രമണം ചെയ്യുന്ന കേന്ദ്രമെന്നാണ് ഗുജറാത്തിലെ അലങ്ക് അറിയപ്പെടുന്നത്. ലോകത്തിലെ കപ്പല്‍ പുനഃചംക്രമണ വ്യവസായത്തില്‍ അലങ്ക് അതിവേഗം അതിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയാണ്. കപ്പല്‍ പുനരുപയോഗത്തിന്റെ ഈ അടിസ്ഥാനസൗകര്യം ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ ഇവിടെ സൃഷ്ടിച്ചു. ഈ പ്രദേശം മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ദ്ധരായ മനുഷ്യശക്തിയും ഉണ്ട്. അതിനാല്‍, കപ്പലുകള്‍ക്ക് ശേഷം വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള ഒരു വലിയ കേന്ദ്രമായി ഇത് ഉയര്‍ന്നുവരാം.

സുഹൃത്തുക്കളെ,

പൊളിക്കലുമായി ബന്ധപ്പെട്ട മേഖലയ്ക്ക് രാജ്യം മുഴുവന്‍ ഒരു പുതിയ ഉത്തേജനം ലഭിക്കും. ആളുകളുടെ ജീവിതത്തില്‍, പ്രത്യേകിച്ച് പൊളിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ തൊഴിലാളികളുടെയും ചെറുകിട ബിസിനസുകാരുടെയും ജീവിതത്തില്‍, വലിയ മാറ്റമുണ്ടാകും. ഇത് തൊഴിലാളികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം നല്‍കും കൂടാതെ സംഘടിത മേഖലകളിലെ മറ്റ് ജീവനക്കാരെ പോലെ അവര്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കും. പൊളിക്കുമ്പോള്‍ കിട്ടുന്ന ഘടകങ്ങള്‍ കൈകാര്യം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് അംഗീകൃത പൊളിക്കല്‍ കേന്ദ്രങ്ങളുടെ ശേഖരണ ഏജന്റായി പ്രവര്‍ത്തിക്കാനും കഴിയും.

സുഹൃത്തുക്കളെ,

വാഹന, ലോഹ വ്യവസായങ്ങള്‍ക്ക് ഈ നയം വഴി വലിയ പ്രോത്സാഹനം ലഭിക്കും. കഴിഞ്ഞ വര്‍ഷം മാത്രം നമുക്ക് ഏകദേശം 23,000 കോടി രൂപയുടെ പുനരുപയോഗിക്കുന്ന ഉരുക്ക് ഇറക്കുമതി ചെയ്യേണ്ടിവന്നു, കാരണം ഇന്ത്യയില്‍ ഇതുവരെ പുനരുപയോഗിക്കല്‍ ഫലപ്രദമല്ല. ഊര്‍ജ്ജം വീണ്ടെടുക്കല്‍ ഏറെക്കുറെ നിസ്സാരമാണ്. ഉയര്‍ന്ന കരുത്തുള്ള ഉരുക്കു മിശ്രിതങ്ങള്‍ പൂര്‍ണ്ണമായി വിലമതിക്കപ്പെടുന്നില്ല, വിലയേറിയ ലോഹങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയില്ല. ഇപ്പോള്‍ ശാസ്ത്രീയവും സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുമുള്ള പൊൡല്‍ ഉണ്ടാകുമ്പോള്‍, നമുക്ക് അപൂര്‍വമായ ഭൗമ ലോഹങ്ങള്‍ പോലും വീണ്ടെടുക്കാന്‍ കഴിയും.

സുഹൃത്തുക്കളെ,

ആത്മനിര്‍ഭര്‍ ഭാരത് പ്രചാരണത്തിന് ഊര്‍ജ്ജം നല്‍കാനും വ്യവസായത്തെ ഇന്ത്യയില്‍ സുസ്ഥിരവും ഉല്‍പാദനക്ഷമവുമാക്കുന്നതിനു മുള്ള തുടര്‍ച്ചയായ നടപടികള്‍ സ്വീകരിച്ചുവരുന്നു. വാഹന ഉത്പാദനവുമായി ബന്ധപ്പെട്ട മൂല്യ ശൃംഖലയ്ക്കായി കഴിയുന്നത്ര കുറച്ചു മാത്രം ഇറക്കുമതിയെ ആശ്രയിക്കാനാണു നമ്മുടെ ശ്രമം. എന്നാല്‍ വ്യവസായവും ചില അധിക ശ്രമങ്ങള്‍ നടത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് അടുത്ത 25 വര്‍ഷത്തേക്ക് പൂര്‍വ സ്ഥിതി പ്രാപിക്കാന്‍ കഴിയുന്ന സ്വാശ്രയ ഇന്ത്യയെക്കുറിച്ചുള്ള വ്യക്തമായ മാര്‍ഗരേഖയും ഉണ്ടായിരിക്കണം. രാജ്യം ഇപ്പോള്‍ വൃത്തിയുള്ളതും തിരക്കില്ലാത്തതും സൗകര്യപ്രദവുമായ യാത്രാ സംവിധാനത്തിലേക്ക് നീങ്ങുകയാണ്. അതിനാല്‍, പഴയ സമീപനങ്ങളും പഴയ രീതികളും മാറ്റേണ്ടതുണ്ട്. ഇന്ന്, ഇന്ത്യ  പൗരന്മാര്‍ക്ക് സുരക്ഷിതത്വത്തിന്റെയും ഗുണനിലവാരത്തിന്റെയും കാര്യത്തില്‍ ആഗോള നിലവാരം ഉറപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. ബി.എസ്.നാലില്‍ നിന്ന് ബി.എസ്. ആറിലേക്കുള്ള നേരിട്ടുള്ള മാറ്റത്തിന് പിന്നിലെ ചിന്ത ഇതാണ്.

സുഹൃത്തുക്കളെ,

രാജ്യത്തെ ഹരിതാഭവും ശുദ്ധവുമായ ഗതാഗത സംവിധാനത്തിനായി ഗവേഷണം മുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വരെ എല്ലാ തലത്തിലും ഗവണ്‍മെന്റ് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. അത് എഥനോളോ ഹൈഡ്രജന്‍ ഇന്ധനമോ വൈദ്യുത ഗതാഗത സംവിധാനമോ ആകട്ടെ. ഗവണ്‍മെന്റിന്റെ ഈ മുന്‍ഗണനകളില്‍ വ്യവസായത്തിന്റെ സജീവ പങ്കാളിത്തം വളരെ പ്രധാനമാണ്. ഗവേഷണ, വികസനങ്ങളിലായാലും അടിസ്ഥാന സൗകര്യത്തിലായാലും വ്യവസായത്തിന് അതിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കേണ്ട തുണ്ട്. ഇതിന് എന്ത് സഹായം വേണമെങ്കിലും നല്‍കാന്‍ ഗവണ്‍മെന്റ് തയ്യാറാണ്. തങ്ങളുടെ പങ്കാളിത്തം ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകണം. ഈ പുതിയ നയം പുതിയ ഊര്‍ജവും പുതിയ വേഗവും പുതിയ ആത്മവിശ്വാസവും ജനങ്ങള്‍ക്കിടയിലും വാഹന മേഖലയിലും പകരുമെന്ന് എനിക്ക് ഉറപ്പുണ്ട്. വ്യവസായികള്‍ ഈ സുപ്രധാന അവസരം ഉപേക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പഴയ വാഹനങ്ങള്‍ ഓടിക്കുന്ന ആളുകള്‍ ഈ അവസരം ഉപേക്ഷിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇത് ഒരു വലിയ മാറ്റത്തിന്റേതാണ് എന്ന വിശ്വാസത്തോടെ വന്ന സംവിധാനമാണ്. ഇന്ന് ഈ നയം ഗുജറാത്തില്‍ ആരംഭിച്ചു. ചാക്രിക സമ്പദ്വ്യവസ്ഥ എന്ന വാക്ക് ഗുജറാത്തിനോ രാജ്യത്തിനോ പുതിയതായി തോന്നുമെങ്കിലും നമ്മുടെ മുത്തശ്ശി നമ്മുടെ പഴയ വസ്ത്രങ്ങളില്‍ നിന്ന് ഒരു പുതപ്പ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പുതപ്പ് പഴയതാകുമ്പോള്‍, അത് തുടയ്ക്കാന്‍ ഉപയോഗിക്കുന്നു. എന്താണ് പുനഃചംക്രമണം? എന്താണ് ഒരു ചാക്രിക സമ്പദ് വ്യവസ്ഥ? അത് ഇന്ത്യയ്ക്ക് പുതിയതല്ല, നമ്മള്‍ അത് ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം. അത് ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയാല്‍, മാലിന്യത്തില്‍ നിന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള ഈ പ്രചാരണത്തില്‍ എല്ലാവരും പങ്കാളികളാകുമെന്നും കൂടുതല്‍ പുതിയ കാര്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ നാം വിജയിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്. ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. 

ഒത്തിരി നന്ദി.

*****(Release ID: 1745641) Visitor Counter : 108