പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ ഗരീബ് കല്യാണ്‍ അന്ന യോജന ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നടത്തിയ സംഭാഷണം
Posted On:
03 AUG 2021 3:39PM by PIB Thiruvananthpuram
നമസ്‌കാരം! ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണി ജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ഭായ് പട്ടേല്‍ ജി, പാര്‍ലമെന്റിലെ എന്റെ സഹപ്രവര്‍ത്തകനും ഗുജറാത്ത് ബിജെപി പ്രസിഡന്റുമായ ശീ സി ആര്‍ പാട്ടീല്‍ ജി, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുടെ ഗുണഭോക്താക്കളേ, സഹോദരീ സഹോദരന്മാരേ,
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ സുസ്ഥിര വികസനത്തിന്റെയും വിശ്വാസത്തിന്റെയും പ്രക്രിയ ഗുജറാത്തിനെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. നമ്മുടെ സഹോദരിമാരുടെയും കര്‍ഷകരുടെയും പാവപ്പെട്ട കുടുംബങ്ങളുടെയും താല്‍പ്പര്യാര്‍ത്ഥം സേവന മനോഭാവത്തോടെ എല്ലാ പദ്ധതികളും ഗുജറാത്ത് ഗവണ്‍മെന്റ് നടപ്പാക്കിയിട്ടുണ്ട്. ഇന്ന്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയില്‍ ഗുജറാത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്യുന്നു. ഈ സൗജന്യ റേഷന്‍ ആഗോള മഹാമാരിക്കാലത്ത് പാവപ്പെട്ടവരുടെ ആശങ്ക കുറയ്ക്കുകയും അവര്‍ക്ക് ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നു. ഈ പദ്ധതി ഇന്ന് മുതല്‍ ആരംഭിക്കുന്നതല്ല, ഏകദേശം ഒരു വര്‍ഷമായി ഈ രാജ്യത്ത് നടക്കുന്നതനാണ്. ഈ രാജ്യത്തെ പാവപ്പെട്ടവരാരും പട്ടിണി കിടക്കരുത്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
തത്ഫലമായി, പാവങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസമുണ്ട്, കാരണം എത്ര വലിയ വെല്ലുവിളികളിലും രാജ്യം തങ്ങളോടൊപ്പമുണ്ടെന്ന് അവര്‍ കരുതുന്നു. കുറച്ച് മുമ്പ്, ചില ഗുണഭോക്താക്കളുമായി സംവദിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അവര്‍ ഒരു പുതിയ ആത്മവിശ്വാസത്തോടെ തിളങ്ങുന്നുവെന്ന് ഞാന്‍ കണ്ടെത്തി.
സുഹൃത്തുക്കളേ,
സ്വാതന്ത്ര്യാനന്തരം, മിക്കവാറും എല്ലാ ഗവണ്‍മെന്റുകളും പാവങ്ങള്‍ക്ക് വിലകുറഞ്ഞ ഭക്ഷണം നല്‍കുന്നതിനെക്കുറിച്ച് സംസാരിച്ചു. വിലക്കുറവുള്ള റേഷന്‍ പദ്ധതികളുടെ വ്യാപ്തിയും ബജറ്റും വര്‍ഷം തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു, പക്ഷേ അതിന്റെ ഫലം പരിമിതമായിരിക്കണം. രാജ്യത്തെ ഭക്ഷ്യശേഖരം വളര്‍ന്നു, പക്ഷേ വിശപ്പും പോഷകാഹാരക്കുറവും ആ അനുപാതത്തില്‍ കുറഞ്ഞില്ല. ഇതിന് ഒരു വലിയ കാരണം ഫലപ്രദമായ വിതരണ സംവിധാനമില്ലായിരുന്നു എന്നതും സ്വാര്‍ത്ഥപരമായ ഘടകങ്ങളോടൊപ്പം ചില തെറ്റായ പ്രവര്‍ത്തനങ്ങളും ഈ സംവിധാനത്തില്‍ ഉയര്‍ന്നുവന്നു എന്നതുമാണ്. 2014 -ന് ശേഷം സ്ഥിതിഗതികള്‍ ഈ പ്രക്രിയയ്ക്ക് ഒരു മാറ്റം വരുത്തി. പുതിയ സാങ്കേതികവിദ്യ ഈ മാറ്റത്തിന്റെ മാധ്യമമായി. കോടിക്കണക്കിന് വ്യാജ ഗുണഭോക്താക്കളെ നീക്കം ചെയ്തു. ആധാറുമായും ഡിജിറ്റല്‍ സാങ്കേതികവിദ്യയുമായും റേഷന്‍ കാര്‍ഡുകള്‍ ബന്ധിപ്പിച്ചതിന്റെ ഇന്ന് ഫലം നമ്മുടെ മുന്നിലുണ്ട്.
സഹോദരീ സഹോദരന്മാരേ,
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തം ഇന്ത്യക്ക് മാത്രമല്ല, മുഴുവന്‍ ലോകത്തിനും മുഴുവന്‍ മനുഷ്യവര്‍ഗത്തിനും സംഭവിച്ചിട്ടുണ്ട്. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തില്‍ പ്രതിസന്ധി ഉണ്ടായി. കൊറോണ ലോക്ക്ഡൗണ്‍ കാരണം വ്യാപാരവും വ്യവസായവും നിലച്ചു. പക്ഷേ രാജ്യം പൗരന്മാരെ പട്ടിണി കിടക്കാന്‍ അനുവദിച്ചില്ല. നിര്‍ഭാഗ്യവശാല്‍, അണുബാധയ്ക്കൊപ്പം, ലോകത്തിലെ പല രാജ്യങ്ങളിലും ആളുകള്‍ പട്ടിണിയുടെ കടുത്ത പ്രതിസന്ധി നേരിടുന്നു. എന്നാല്‍ അണുബാധയുടെ ആദ്യ ദിവസം മുതല്‍ തന്നെ ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ് ഇന്ത്യ പ്രവര്‍ത്തിച്ചു. അതിനാല്‍, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയെ ലോകമെമ്പാടും പ്രശംസിക്കുന്നു. ഈ പകര്‍ച്ചവ്യാധി സമയത്ത് 80 കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യ സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നുവെന്ന് പ്രമുഖ വിദഗ്ധര്‍ പ്രശംസിക്കുന്നു. ഈ പദ്ധതിക്കായി ഈ രാജ്യം 2 ലക്ഷം കോടിയിലധികം ചെലവഴിക്കുന്നു. ഒരു ഇന്ത്യക്കാരനും പട്ടിണി കിടക്കരുത് എന്ന ഒറ്റ ലക്ഷ്യമേയുള്ളൂ അതില്‍. ഗോതമ്പിനു കിലോയ്ക്കു 2 രൂപ, അരി കിലോയ്ക്കു മൂന്നു രൂപ എന്നിവയ്ക്ക് പുറമേ, 5 കിലോ ഗോതമ്പും അരിയും ഓരോ ഗുണഭോക്താവിനും സൗജന്യമായി നല്‍കുന്നു. ഫലത്തില്‍, ഈ പദ്ധതി ആരംഭിക്കുന്നതിന് മുമ്പുള്ളതിനേക്കാള്‍ ഇരട്ടി തുക റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നു. ഈ പദ്ധതി ദീപാവലി വരെ നീണ്ടുനില്‍ക്കും, പാവപ്പെട്ടവര്‍ ആരും അവരുടെ റേഷനുകളില്‍ പോക്കറ്റില്‍ നിന്നു ചെലവഴിക്കേണ്ടതില്ല. ഗുജറാത്തിലും ഏകദേശം 3.5 കോടി ഗുണഭോക്താക്കള്‍ക്ക് സൗജന്യ റേഷന്‍ ആനുകൂല്യം ലഭിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ജോലിക്കെത്തിയ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കിയ ഗുജറാത്ത് ഗവണ്‍മെന്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. കൊറോണ ലോക്ക്ഡൗണ്‍ ബാധിതരായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്ത ആളുകളും മറ്റു സംസ്ഥാനങ്ങളില്‍ ഇവരുടെ അതേ അവസ്ഥയിലുള്ള നിരവധിപ്പേരും ഉണ്ടായിരുന്നു. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി ആദ്യമായി നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡിന്റെ ഗുണം ഗുജറാത്തിലെ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ലഭിക്കുന്നുണ്ട്.
സഹോദരീ സഹോദരന്മാരേ,
രാജ്യത്തെ വികസനം വലിയ നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അവിടെയും വികസനം എന്നാല്‍ വലിയ മേല്‍പ്പാലങ്ങള്‍, റോഡുകള്‍, മെട്രോകള്‍ എന്നിവ പ്രത്യേക പ്രദേശങ്ങളില്‍ നിര്‍മ്മിക്കുക, ഗ്രാമങ്ങളെ പട്ടണങ്ങളില്‍ നിന്നും അകറ്റുക എന്നതായിരുന്നു. വികസനത്തിന് സാധാരണക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത സ്ഥിതി. വര്‍ഷങ്ങളായുള്ള ഈ സമീപനം രാജ്യം മാറ്റി. ഇന്ന് രാജ്യം രണ്ട് ദിശകളിലും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. രണ്ട് പാളങ്ങളിലും നീങ്ങാന്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന് പുതിയ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ലക്ഷക്കണക്കിന് കോടി രൂപയും ചിലവഴിക്കുന്നുണ്ട്. ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നു. എന്നാല്‍, അതേ സമയം സാധാരണ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി, ജീവിതം എളുപ്പമാക്കുന്നതിനായി പുതിയ മാനദണ്ഡങ്ങളും രൂപീകരിക്കപ്പെടുന്നു. പാവപ്പെട്ടവരുടെ ശാക്തീകരണത്തിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. രണ്ട് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വീട് നല്‍കുമ്പോള്‍, അവര്‍ക്ക് ഇപ്പോള്‍ തണുപ്പും ചൂടും മഴയും ഭയന്ന് ജീവിക്കാന്‍ കഴിയുമെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, ഒരു വ്യക്തിക്ക് സ്വന്തമായി ഒരു വീട് ഉണ്ടാകുമ്പോള്‍, ആത്മാഭിമാനത്തിന്റെ ഒരു വ്യക്തിത്വവുമുണ്ടാകും. അവര്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുകയും ആ തീരുമാനങ്ങള്‍ സാക്ഷാത്കരിക്കാന്‍ കുടുംബത്തോടൊപ്പം വളരെ കഠിനാധ്വാനത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. 10 കോടി കുടുംബങ്ങള്‍ മലമൂത്ര വിസര്‍ജ്ജനത്തിനായി വെളിമ്പ്രദേശങ്ങളെ ആശ്രയിക്കുന്ന സ്ഥിതി മാറുമ്പോള്‍ ജീവിതനിലവാരം മെച്ചപ്പെട്ടു എന്നാണ് അര്‍ത്ഥം. മുമ്പ്, സമ്പന്നരായ കുടുംബങ്ങള്‍ക്ക് മാത്രമേ അവരുടെ വീട്ടില്‍ ശൗചാലയങ്ങളുള്ളൂ എന്ന് പാവപ്പെട്ടവര്‍ കരുതിയിരുന്നു. തുറസ്സായ സ്ഥലത്ത് പോകുന്നതിന്, ഇരുട്ട് നീങ്ങാന്‍ പാവങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ പാവങ്ങള്‍ക്ക് ഒരു ശൗചാലയം ലഭിക്കുമ്പോള്‍, അവര്‍ തങ്ങളെ സമ്പന്നര്‍ക്ക് തുല്യമായി കാണുകയും ഒരു പുതിയ ആത്മവിശ്വാസം ജനിക്കുകയും ചെയ്യുന്നു. അതുപോലെ, രാജ്യത്തെ ദരിദ്രരെ ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ ബാങ്കിംഗ് സംവിധാനവുമായി ബന്ധിപ്പിക്കുകയും അവര്‍ മൊബൈല്‍ ബാങ്കിംഗിലേക്ക് പ്രവേശനം നേടുകയും ചെയ്യുമ്പോള്‍, അവര്‍ക്ക് ശാക്തീകരണം അനുഭവപ്പെടുന്നു, അവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കുന്നു.
സന്തോഷത്തിനു പിന്നാലെ ഓടി നമുക്ക് സന്തോഷം നേടാനാവില്ല. സന്തോഷം ഉറപ്പുവരുത്താന്‍, നമ്മള്‍ എന്തെങ്കിലും നേടേണ്ടതുണ്ട്. അതുപോലെ, ശാക്തീകരണം ഉണ്ടാകുന്നതും നല്ല ആരോഗ്യം, വിദ്യാഭ്യാസം, സൗകര്യം, അന്തസ്സ് എന്നിവയില്‍ നിന്നുമാണ്. ആയുഷ്മാന്‍ യോജനയിലൂടെ കോടിക്കണക്കിന് പാവങ്ങള്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുമ്പോള്‍, അവര്‍ ആരോഗ്യപരമായി ശാക്തീകരിക്കപ്പെടുന്നു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണ സൗകര്യം ഉറപ്പുവരുത്തുമ്പോള്‍, ഈ വിഭാഗങ്ങള്‍ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കപ്പെടുന്നു. റോഡുകള്‍ ഗ്രാമങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുമ്പോള്‍, പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യ ഗ്യാസ്, വൈദ്യുതി കണക്ഷനുകള്‍ ലഭിക്കുമ്പോള്‍, ഈ സൗകര്യങ്ങള്‍ അവരെ ശാക്തീകരിക്കുന്നു. ഒരു വ്യക്തിക്ക് ആരോഗ്യം, വിദ്യാഭ്യാസം, മറ്റ് സൗകര്യങ്ങള്‍ എന്നിവ ലഭിക്കുമ്പോള്‍ അയാള്‍ അവന്റെ പുരോഗതിയെക്കുറിച്ചും രാജ്യത്തിന്റെ പുരോഗതിയെക്കുറിച്ചും ചിന്തിക്കുന്നു. ഈ സ്വപ്നങ്ങള്‍ നിറവേറ്റുന്നതിനായി ഇപ്പോള്‍ മുദ്ര, സ്വനിധി തുടങ്ങിയ പദ്ധതികള്‍ ഉണ്ട്. പാവങ്ങള്‍ക്ക് മാന്യമായ ജീവിതം പ്രദാനം ചെയ്യുന്ന നിരവധി പദ്ധതികള്‍ ശാക്തീകരണത്തിന്റെ മാധ്യമമായി മാറുന്ന നിരവധി പദ്ധതികള്‍ ഇന്ത്യയിലുണ്ട്.
സഹോദരീ സഹോദരന്മാരേ,
സാധാരണ മനുഷ്യരുടെ സ്വപ്നങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുമ്പോഴും പദ്ധതികള്‍ അവരുടെ വീടുകളില്‍ എത്തിത്തുടങ്ങുമ്പോഴും ജീവിതം എങ്ങനെ മാറുമെന്ന് ഗുജറാത്ത് നന്നായി മനസ്സിലാക്കുന്നു. ഒരുകാലത്ത്, ഗുജറാത്തിന്റെ ഒരു വലിയ ഭാഗത്ത്, അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വെള്ളം ലഭിക്കാന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിരുന്നു. അതിന് നമ്മുടെ എല്ലാ അമ്മമാരും സഹോദരിമാരും സാക്ഷികളാണ്. വെള്ളത്തിനായി രാജ്‌കോട്ടിലേക്ക് ഒരു ട്രെയിന്‍ അയയ്ക്കണം. ഒരാള്‍ വീടിന് പുറത്ത് ഒരു കുഴി കുഴിച്ച് ഒരു ഭൂഗര്‍ഭ പൈപ്പില്‍ നിന്ന് ഒരു പാത്രത്തിന്റെ സഹായത്തോടെ ബക്കറ്റുകളില്‍ വെള്ളം നിറയ്ക്കണം. എന്നാല്‍ ഇന്ന്, സര്‍ദാര്‍ സരോവര്‍ അണക്കെട്ട്, സൗനി യോജന കനാലുകളുടെ വിശാലമായ ശൃംഖല എന്നിവയിലൂടെ ആരും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കച്ചില്‍ പോലും നര്‍മദാ മാതാവിന്റെ ജലം എത്തുന്നു. നര്‍മതാമാതാവിനെ ഓര്‍ക്കുന്നത് പുണ്യത്തിലേക്ക് നയിക്കുമെന്ന് ഒരു ചൊല്ലുണ്ട്. ഇന്ന് നര്‍മ്മദാമാതാവ് സ്വയം ഗുജറാത്തിലെ ഗ്രാമങ്ങളിലും വീടുകളിലും എത്തുന്നു. ആ മാതാവു തന്നെ നിങ്ങളുടെ വാതില്‍ക്കല്‍ വന്ന് നിങ്ങളെ അനുഗ്രഹിക്കുന്നു. ഈ പരിശ്രമങ്ങളുടെ ഫലമായി, 100% ടാപ്പ് വെള്ളം നല്‍കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ഗുജറാത്ത് ഇന്ന് അകലെയല്ല. പതുക്കെ, രാജ്യം മുഴുവന്‍ ഈ വേഗത അനുഭവിക്കുന്നു, സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം വരുന്നു. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യത്തെ 30 ദശലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്കു മാത്രമാണ് ടാപ്പ് വെള്ളവുമായി ബന്ധമുണ്ടായിരുന്നത്. ഇപ്പോള്‍ ജല്‍ ജീവന്‍ അഭിയാന്റെ കീഴില്‍, 4.5 കോടിയിലധികം കുടുംബങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം പൈപ്പ് വെള്ളവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. അതിനാലാണ് എന്റെ അമ്മമാരും സഹോദരിമാരും എന്നെ അനുഗ്രഹിക്കുന്നത്.
സഹോദരീ സഹോദരന്മാരേ,
ഇരട്ട എഞ്ചിനുള്ള ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ക്ക് ഗുജറാത്ത് സാക്ഷ്യം വഹിക്കുകയാണ്. ഇന്ന്, സര്‍ദാര്‍ സരോവര്‍ അണക്കെട്ടില്‍ നിന്ന് ഒരു പുതിയ വികസന പ്രവാഹം ഒഴുകുക മാത്രമല്ല, ഗുജറാത്തിലെ ഏകതാപ്രതിമയുടെ രൂപത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ആകര്‍ഷണങ്ങളിലൊന്ന് ഇവിടെയുണ്ട്. കച്ചിലെ വരാനിരിക്കുന്ന പുനരുപയോഗ ഊര്‍ജ്ജ പാര്‍ക്ക് ഗുജറാത്തിനെ ലോകത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ഭൂപടത്തില്‍ ഉള്‍പ്പെടുത്താന്‍ പോകുന്നു. റെയില്‍, വ്യോമ ബന്ധവുമായി ബന്ധപ്പെട്ട ആധുനികവും ഗംഭീരവുമായ അടിസ്ഥാനസൗകര്യ പദ്ധതികള്‍ ഗുജറാത്തില്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ്, സൂറത്ത് തുടങ്ങിയ ഗുജറാത്തിലെ നഗരങ്ങളില്‍ മെട്രോ കണക്റ്റിവിറ്റി അതിവേഗം വികസിക്കുകയാണ്. ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഗുജറാത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഗുജറാത്തില്‍ തയ്യാറാക്കിയ മെച്ചപ്പെട്ട ആരോഗ്യ അടിസ്ഥാനസൗകര്യം 100 വര്‍ഷത്തിനിടയില്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ആരോഗ്യ അടിയന്തരാവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഗുജറാത്ത് ഉള്‍പ്പെടെ രാജ്യത്തുടനീളം അത്തരം നിരവധി സംരംഭങ്ങളുണ്ട്. അത് ഓരോ രാജ്യവാസിയുടെയും എല്ലാ പ്രദേശത്തിന്റെയും ആത്മവിശ്വാസത്തിലേക്ക് നയിച്ചു. ഈ ആത്മവിശ്വാസമാണ് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനുമുള്ള മഹത്തായ സൂത്രം. സമീപകാല ഉദാഹരണം ഒളിമ്പിക്‌സിലെ നമ്മുടെ കായിക പ്രതിഭകളുടെ പ്രകടനമാണ്. ഇത്തവണ ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കളിക്കാര്‍ ഒളിമ്പിക്‌സില്‍ യോഗ്യത നേടി. ഓര്‍ക്കുക, 100 വര്‍ഷത്തെ ഏറ്റവും വലിയ ദുരന്തത്തോട് പോരാടുമ്പോഴാണ് നമ്മള്‍ ഇത് ചെയ്തത്. നാം ആദ്യമായി യോഗ്യത നേടിയ നിരവധി ഇനങ്ങള്‍ ഉണ്ട്. അവര്‍ യോഗ്യത നേടുക മാത്രമല്ല, കടുത്ത മത്സരം നല്‍കുകയും ചെയ്യുന്നു. നമ്മുടെ കളിക്കാര്‍ എല്ലാ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഈ ഒളിമ്പിക്‌സിലെ എല്ലാ ഇനങ്ങളിലും പുതിയ ഇന്ത്യയുടെ പുതുക്കിയ ആത്മവിശ്വാസം ദൃശ്യമാണ്. മറ്റുള്ളവരെക്കാളും അവരുടെ ടീമുകളേക്കാളും ഉയര്‍ന്ന നിലവാരത്തിലുള്ള കളിക്കാരെ നമ്മുടെ കളിക്കാര്‍ വെല്ലുവിളിക്കുന്നു. ഇന്ത്യന്‍ കളിക്കാരുടെ തീക്ഷ്ണതയും അഭിനിവേശവും ആത്മാവും ഇന്ന് ഏറ്റവും ഉയര്‍ന്ന തലത്തിലാണ്. ശരിയായ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമ്പോഴാണ് ഈ ആത്മവിശ്വാസം ഉണ്ടാകുന്നത്. സംവിധാനങ്ങള്‍ മാറുകയും സുതാര്യമാവുകയും ചെയ്യുമ്പോള്‍ ഈ ആത്മവിശ്വാസം വരുന്നു. ഈ പുതിയ ആത്മവിശ്വാസം പുതിയ ഇന്ത്യയുടെ സ്വത്വമായി മാറുകയാണ്. ഇന്ന് ഈ ആത്മവിശ്വാസം ഇന്ത്യയുടെ ഓരോ കോണിലും, ചെറുതും വലുതുമായ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദരിദ്രരും ഇടത്തരക്കാരുമായ യുവാക്കളില്‍ ദൃശ്യമാണ്.
സുഹൃത്തുക്കളേ,
കൊറോണയ്ക്കെതിരായ പോരാട്ടത്തിലും നമ്മുടെ പ്രതിരോധ കുത്തിവയ്പു പ്രചാരണത്തിലും ഈ വിശ്വാസം തുടരേണ്ടതുണ്ട്. ആഗോള മഹാമാരിയുടെ ഈ സാഹചര്യത്തില്‍, നമ്മുടെ ജാഗ്രത തുടര്‍ച്ചയായി നിലനിര്‍ത്തേണ്ടതുണ്ട്. രാജ്യം ഇന്ന് 50 കോടി പ്രതിരോധ കുത്തിവയ്പിലേക്ക് അതിവേഗം നീങ്ങുമ്പോള്‍, ഗുജറാത്ത് 30 ദശലക്ഷം വാക്‌സിന്‍ ഡോസുകളുടെ നാഴികക്കല്ലിലേക്ക് അടുക്കുകയാണ്. നമ്മള്‍ സ്വയം പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം, മാസ്‌ക് ധരിക്കണം, ജനക്കൂട്ടത്തിന്റെ ഭാഗമാകുന്നത് പരമാവധി ഒഴിവാക്കണം. മാസ്‌ക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച രാജ്യങ്ങള്‍ വീണ്ടും മാസ്‌ക് ധരിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നമ്മള്‍ കാണണം. നമ്മള്‍ ജാഗ്രതയോടെയും സുരക്ഷിതത്വത്തോടെയും മുന്നോട്ട് പോകണം.
സുഹൃത്തുക്കളേ,
ഇന്ന് നാം പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനയുമായി ബന്ധപ്പെട്ട് ഇത്തരമൊരു മഹത്തായ പരിപാടി സംഘടിപ്പിക്കുമ്പോള്‍, രാജ്യവാസികള്‍ ഒരു ദൃഢനിശ്ചയം കൂടി ഏറ്റെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രനിര്‍മ്മാണത്തിനായി പുതിയ പ്രചോദനത്താല്‍ ഉണര്‍ന്നെഴുന്നേല്‍ക്കുക എന്നതാകണം ഈ തീരുമാനം. സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തിന്റെ അമൃത് മഹോത്സവത്തില്‍ നാം ഈ വിശുദ്ധ ദൃഢനിശ്ചയം ഏറ്റെടുക്കേണ്ടതുണ്ട്. ഇതില്‍, ദരിദ്രര്‍-സമ്പന്നര്‍, സ്ത്രീകള്‍-പുരുഷന്മാര്‍, ദലിതുകളും അല്ലാത്തവരുമെല്ലാം തുല്യ പങ്കാളികളാണ്. വരുംവര്‍ഷങ്ങളില്‍ ഗുജറാത്ത് അതിന്റെ എല്ലാ തീരുമാനങ്ങളും നിറവേറ്റുകയും ലോകത്ത് അതിന്റെ മഹത്തായ വ്യക്തിത്വം കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യട്ടെ! ഈ ആഗ്രഹത്തോടെ, ഞാന്‍ നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. ഒരിക്കല്‍ കൂടി, അന്ന യോജനയുടെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഒരുപാട് അഭിനന്ദനങ്ങ! നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് നന്ദി!
(Release ID: 1743697)
Visitor Counter : 268
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada