പ്രധാനമന്ത്രിയുടെ ഓഫീസ്
ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ആറാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന
Posted On:
01 JUL 2021 2:32PM by PIB Thiruvananthpuram
നമസ്‌കാരം,
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ ശ്രീ രവിശങ്കര്‍ പ്രസാദ് ജി, ശ്രീ സഞ്ജയ് ധോത്രേ ജി, എന്റെ മറ്റെല്ലാ സഹപ്രവര്‍ത്തകരേ, ഡിജിറ്റല്‍ ഇന്ത്യയുടെ വിവിധ സംരംഭങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന സഹോദരീ സഹോദരന്മാരേ! ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആറ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയില്‍ നിങ്ങള്‍ക്കേവര്‍ക്കും അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുകയാണ്!
ഇന്ത്യയുടെ കരുത്ത്, നിശ്ചയദാര്‍ഢ്യം, ഭാവിയിലെ അനന്തമായ സാധ്യതകള്‍ എന്നിവയ്ക്കായി ഈ ദിവസം സമര്‍പ്പിക്കുകയാണ്. വെറും 5-6 വര്‍ഷത്തിനുള്ളില്‍ ഒരു രാജ്യമെന്ന നിലയില്‍ ഡിജിറ്റല്‍ ഇടത്തില്‍ നാം നടത്തിയ കുതിച്ചുചാട്ടത്തെക്കുറിച്ച് ഈ ദിവസം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഓരോ പൗരന്റെയും ജീവിതം സുഗമമാക്കുന്നതിനായി ഡിജിറ്റല്‍ പാതയില്‍ ഇന്ത്യയെ അതിവേഗം മുന്നോട്ട് കൊണ്ടുപോകുകയെന്നത് രാജ്യത്തിന്റെ സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി നാമെല്ലാം രാവും പകലും പ്രവര്‍ത്തിക്കുന്നു. ഒരു വശത്ത് പുത്തനാശയങ്ങളോടുള്ള അഭിനിവേശമുണ്ടെങ്കില്‍, മറുവശത്ത് ആ പുതുമകള്‍ അതിവേഗം സ്വീകരിക്കാനുള്ള അഭിനിവേശവും ഉണ്ട്. അതിനാല്‍, ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യമാണ് ഡിജിറ്റല്‍ ഇന്ത്യ. ആത്മനിര്‍ഭര്‍ ഭാരതത്തിനാധാരമാണ് ഡിജിറ്റല്‍ ഇന്ത്യ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉദിച്ചുയരുന്ന കരുത്തുറ്റ ഇന്ത്യയുടെ ആവിഷ്‌കാരമാണിത്.
സുഹൃത്തുക്കളേ,
അല്‍പ്പം ഗവണ്‍മെന്റ് - പരമാവധി ഭരണനിര്‍വഹണം എന്ന തത്ത്വം പിന്തുടര്‍ന്ന് ഗവണ്‍മെന്റും ജനങ്ങളും, സംവിധാനവും സൗകര്യങ്ങളും, പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്നിവ തമ്മിലുള്ള അന്തരം കുറയ്ക്കുക എന്നത് ഇന്നിന്റെ ആവശ്യമായിരുന്നു. അതിനാല്‍, സാധാരണ പൗരന്മാര്‍ക്കുള്ള സൗകര്യങ്ങളും അവരുടെ ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഡിജിറ്റല്‍ ഇന്ത്യ.
സുഹൃത്തുക്കളേ,
ഡിജിറ്റല്‍ ഇന്ത്യ എങ്ങനെ സാധ്യമാക്കി എന്നതിനു മികച്ച ഉദാഹരണമാണ് ഡിജിലോക്കര്‍. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, കോളേജ് ബിരുദങ്ങള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍, പാസ്പോര്‍ട്ടുകള്‍, ആധാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രേഖകള്‍ എന്നിവ സൂക്ഷിക്കുന്നത് എല്ലായ്‌പ്പോഴും ജനങ്ങള്‍ക്ക് ഒരു പ്രധാന ആശങ്കയാണ്. പ്രളയം, ഭൂകമ്പം, സുനാമി അല്ലെങ്കില്‍ തീപിടിത്തം മുതലായവയില്‍ ജനങ്ങളുടെ പ്രധാന തിരിച്ചറിയല്‍ കാര്‍ഡുകള്‍ പലതവണ നഷ്ടമായി. എന്നാല്‍ ഇപ്പോള്‍ 10, 12, കോളേജ്, സര്‍വകലാശാല മാര്‍ക്ക് ഷീറ്റുകളില്‍ നിന്നുള്ള എല്ലാ രേഖകളും ഡിജിലോക്കറില്‍ എളുപ്പത്തില്‍ സൂക്ഷിക്കാം. കൊറോണ കാലഘട്ടത്തില്‍, പല നഗരങ്ങളിലെയും കോളേജുകള്‍ ഡിജിലോക്കറിന്റെ സഹായത്തോടെ പ്രവേശനത്തിനുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്.
സുഹൃത്തുക്കളേ,
ഡ്രൈവിംഗ് ലൈസന്‍സിനോ ജനന സര്‍ട്ടിഫിക്കറ്റിനോ അപേക്ഷിക്കല്‍, വൈദ്യുതി അല്ലെങ്കില്‍ കുടിവെള്ള ബില്‍ അടയ്ക്കല്‍, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കല്‍ തുടങ്ങി നിരവധി സേവനങ്ങളുടെ നടപടിക്രമങ്ങള്‍ ഇപ്പോള്‍ സൗകര്യപ്രദവും വേഗമേറിയതുമാണ്. ഇതിനിടയാക്കിയത് ഡിജിറ്റല്‍ ഇന്ത്യയാണ്. ഈ സേവനങ്ങളെല്ലാം ഗ്രാമങ്ങളിലെ സിഎസ്സി കേന്ദ്രങ്ങളില്‍ പോലും ജനങ്ങള്‍ക്കു ലഭ്യമാണ്. പാവപ്പെട്ടവര്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്ന പ്രക്രിയയും ഡിജിറ്റല്‍ ഇന്ത്യ സുഗമമാക്കി.
ഡിജിറ്റല്‍ ഇന്ത്യയുടെ കരുത്താണ് ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് എന്ന പ്രതിജ്ഞ നിറവേറ്റിയത്. ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിന് പുതിയ റേഷന്‍ കാര്‍ഡ് ആവശ്യമില്ല. ഒരു റേഷന്‍ കാര്‍ഡ് രാജ്യത്ത് മുഴുവന്‍ സാധുതയുള്ളതാണ്. ജോലിക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഇത് വളരെയേറെ പ്രയോജനപ്പെടുന്നു. അത്തരത്തില്‍ ഒരു സഹപ്രവര്‍ത്തകനുമായി ഞാന്‍ സംസാരിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട സുപ്രധാന നിര്‍ദേശവും ബഹുമാനപ്പെട്ട സുപ്രീം കോടതി അടുത്തിടെ നല്‍കിയിരുന്നു. ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് പദ്ധതി അംഗീകരിക്കാത്ത ചില സംസ്ഥാനങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇത് നടപ്പാക്കാന്‍ സുപ്രീം കോടതി ആ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഈ തീരുമാനത്തിന് ഞാന്‍ സുപ്രീം കോടതിയെ അഭിനന്ദിക്കുന്നു. കാരണം ഈ പദ്ധതി പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും ജോലിക്കായി കുടിയേറ്റം നടത്തുന്നവര്‍ക്കും വേണ്ടിയുള്ളതാണ്. അവബോധമുണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും.
സുഹൃത്തുക്കളേ,
ആത്മനിര്‍ഭര്‍ ഭാരതമെന്ന ദൃഢനിശ്ചയത്തിനായി ഡിജിറ്റല്‍ ഇന്ത്യ കരുത്തോടെ മുന്നോട്ടുപോകുകയാണ്. ഇങ്ങനെ നടക്കുമെന്ന് ഒരിക്കലും സ്വപ്‌നം കാണാത്തവരെപ്പോലും സംവിധാനങ്ങളുമായി ഡിജിറ്റല്‍ ഇന്ത്യ ബന്ധിപ്പിക്കുന്നു. ഞാന്‍ ഇപ്പോള്‍ ചില ഗുണഭോക്താക്കളുമായി സംസാരിച്ചു. ഡിജിറ്റല്‍ പ്രതിവിധികള്‍ അവരുടെ ജീവിതത്തില്‍ വരുത്തിയ മാറ്റത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ അവര്‍ അഭിമാനത്തോടെ പങ്കിട്ടു.
ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമാകുമെന്നും ബാങ്കുകളില്‍ നിന്ന് എളുപ്പത്തിലും കുറഞ്ഞ നിരക്കിലും വായ്പകള്‍ ലഭിക്കുമെന്നും വഴിയോരക്കച്ചവടക്കാര്‍ എപ്പോഴെങ്കിലും കരുതിയിരുന്നോ? എന്നാല്‍ ഇത് സ്വനിധി പദ്ധതിയിലൂടെ സാധ്യമായിരിക്കുകയാണ്. ഗ്രാമങ്ങളിലെ വീടുകളും ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുടെയും അരക്ഷിതാവസ്ഥയുടെയും വാര്‍ത്തകള്‍ നാം പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വാമിത്വ പദ്ധതി പ്രകാരം ഗ്രാമപ്രദേശങ്ങളുടെ ഡ്രോണ്‍ മാപ്പിംഗ് നടക്കുന്നു. ഗ്രാമവാസികള്‍ക്ക് അവരുടെ വീടുകളുടെ നിയമപരമായ രേഖകള്‍ ഡിജിറ്റലായി ലഭിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനും മരുന്ന് വിതരണത്തിനുമായി വികസിപ്പിച്ച പ്ലാറ്റ്‌ഫോമുകളില്‍ നിന്ന്, രാജ്യത്തെ കോടിക്കണക്കിനു വരുന്ന സഹ പൗരന്മാര്‍ ഇപ്പോള്‍ പ്രയോജനം നേടുന്നു.
സുഹൃത്തുക്കളേ,
ഒറ്റപ്പെട്ടയിടങ്ങളില്‍ ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ ഡിജിറ്റല്‍ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് മുത്തശ്ശിയെ രക്ഷിക്കാന്‍ ഇ-സഞ്ജീവനി എങ്ങനെയാണ് പ്രയോജനപ്പെട്ടത് എന്ന് ബിഹാറില്‍ നിന്നുള്ള ഒരാള്‍ എന്നോട് പറഞ്ഞു. എല്ലാവര്‍ക്കും കൃത്യസമയത്ത് മികച്ച ആരോഗ്യ സൗകര്യങ്ങള്‍ ലഭിക്കണം എന്നതിലാണ് ഞങ്ങളുടെ മുന്‍ഗണന. ദേശീയ ഡിജിറ്റല്‍ ആരോഗ്യ മിഷനു കീഴിലുള്ള ഫലപ്രദമായ ഒരു പ്ലാറ്റ്‌ഫോം നിലവില്‍ ഇതിനായി സജ്ജീകരിക്കുകയാണ്.
കൊറോണ കാലഘട്ടത്തില്‍ ഇന്ത്യ വികസിപ്പിച്ചെടുത്ത ഡിജിറ്റല്‍ പ്രതിവിധികള്‍ ഇന്ന് ലോകത്തെ ആകര്‍ഷിച്ചു കഴിഞ്ഞു. എമ്പാടും ഇതു ചര്‍ച്ച ചെയ്യപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സമ്പര്‍ക്കാന്വേഷണ ആപ്ലിക്കേഷനുകളിലൊന്നായ ആരോഗ്യ സേതു കൊറോണ വ്യാപനം തടയുന്നതിന് വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിനായി ഇന്ത്യ ഒരുക്കിയ കോവിന്‍ അപ്ലിക്കേഷനില്‍ നിരവധി രാജ്യങ്ങള്‍ താല്‍പര്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ രാജ്യത്ത് ഈ പദ്ധതി പ്രയോജനപ്പെടുത്താനും അവര്‍ ആഗ്രഹിക്കുന്നു. വാക്‌സിനേഷന്‍ പ്രക്രിയയ്ക്കായി അത്തരമൊരു നിരീക്ഷണ സംവിധാനം ഉണ്ടായിത് നമ്മുടെ സാങ്കേതിക വൈദഗ്ധ്യത്തിന്റെ തെളിവാണ്.
സുഹൃത്തുക്കളേ,
കോവിഡ് കാലഘട്ടത്തില്‍ ഡിജിറ്റല്‍ ഇന്ത്യ നമ്മുടെ പ്രവര്‍ത്തനശൈലി എങ്ങനെ സുഗമമാക്കി എന്ന് നാം മനസ്സിലാക്കി. പര്‍വതശിഖരങ്ങളില്‍ നിന്നോ ഗ്രാമങ്ങളില്‍ വികസിപ്പിച്ചെടുത്ത ഹോംസ്റ്റേകളില്‍ നിന്നോ ഒരാള്‍ ജോലി ചെയ്യുന്നത് ഇന്നു നമുക്കു കാണാം. ആലോചിച്ചുനോക്കൂ, ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ കൊറോണ കാലഘട്ടത്തില്‍ എന്തെല്ലാം സംഭവിച്ചേനെയെന്ന്? ചില ആളുകള്‍ ഡിജിറ്റല്‍ ഇന്ത്യ ദരിദ്രര്‍ക്ക് മാത്രമാണെന്ന് കരുതുന്നു. എന്നാല്‍ ഈ കാമ്പെയ്ന്‍ മധ്യവര്‍ഗത്തിന്റെയും യുവാക്കളുടെയും ജീവിതത്തെയും മാറ്റിമറിച്ചു.
സാങ്കേതികവിദ്യ ഇല്ലായിരുന്നുവെങ്കില്‍ എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും ജനിച്ച നമ്മുടെ പൗരന്മാര്‍ക്ക് എന്ത് സംഭവിക്കുമായിരുന്നു? കുറഞ്ഞ വിലയ്ക്കുള്ള സ്മാര്‍ട്ട്ഫോണുകളും ഇന്റര്‍നെറ്റും ഡാറ്റയും ഇല്ലായിരുന്നുവെങ്കില്‍ അവരുടെ ദിനചര്യയെ അത് വളരെയധികം ബാധിക്കുമായിരുന്നു. അതിനാല്‍, ഡിജിറ്റല്‍ ഇന്ത്യ എല്ലാവര്‍ക്കും അവസരം, എല്ലാവര്‍ക്കും സൗകര്യം, എല്ലാവരുടെയും പങ്കാളിത്തം എന്നതാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങളിലേക്ക് പ്രവേശനം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സുതാര്യവും വിവേചനരഹിതവുമായ സംവിധാനവും അഴിമതിക്കെതിരായ കടന്നാക്രമണവുമാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ സമയവും അധ്വാനവും പണവും ലാഭിക്കുക എന്നാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ വേഗതയേറിയതും പൂര്‍ണ്ണവുമായ ലാഭം എന്നാണ് അര്‍ത്ഥമാക്കുന്നത്. ഡിജിറ്റല്‍ ഇന്ത്യ എന്നാല്‍ അല്‍പ്പം ഗവണ്‍മെന്റ്, പരമാവധി ഭരണനിര്‍വഹണം എന്നാണ്.
സുഹൃത്തുക്കളേ,
അടിസ്ഥാനസൗകര്യങ്ങളുടെ വ്യാപ്തിയിലും വേഗതയിലും വളരെയധികം ഊന്നല്‍ നല്‍കി എന്നതാണ് ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനിന്റെ മറ്റൊരു പ്രത്യേകത. രാജ്യത്തെ ഗ്രാമങ്ങളില്‍ രണ്ടര ലക്ഷത്തോളം പൊതു സേവന കേന്ദ്രങ്ങള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരുകാലത്ത് വളരെ പ്രയാസമേറിയതായാണ് ഇതു കണക്കാക്കപ്പെട്ടിരുന്നത്. ഭാരത്-നെറ്റ് പദ്ധതി പ്രകാരം ഗ്രാമങ്ങള്‍ക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് നല്‍കുന്നതിനുള്ള ദൗത്യം തുടരുകയാണ്.
പിഎം-വാണി പദ്ധതിക്കുകീഴില്‍, രാജ്യത്തുടനീളം ബ്രോഡ്ബാന്‍ഡ്-വൈഫൈ-ഇന്റര്‍നെറ്റ് കുറഞ്ഞ ചെലവില്‍ ലഭ്യമാകുന്ന പ്രവേശന മേഖലകള്‍ സൃഷ്ടിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിന് ഇത് ചെറുപ്പക്കാരെയും നമ്മുടെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളെയും വളരെയധികം സഹായിക്കും. കുറഞ്ഞ വിലയ്ക്കുള്ള ടാബ്ലെറ്റുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും രാജ്യത്ത് ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും നടക്കുകയാണ്. ഇക്കാര്യത്തിനായി, പിഎല്‍ഐ പദ്ധതി സൗകര്യം രാജ്യത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്‌സ് കമ്പനികള്‍ക്കായി വ്യാപിപ്പിച്ചു.
സുഹൃത്തുക്കളേ,
ലോകത്തെ പ്രമുഖ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന കാര്യമാണ്. കഴിഞ്ഞ 6-7 വര്‍ഷത്തിനിടയില്‍ ഏകദേശം 17 ലക്ഷം കോടി രൂപ വിവിധ പദ്ധതികള്‍ക്ക് കീഴില്‍ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറി. കൊറോണക്കാലത്ത് ഡിജിറ്റല്‍ ഇന്ത്യ ക്യാമ്പയിന്റെ സ്വാധീനം നാമെല്ലാവരും കണ്ടു. ലോക്ക്ഡൗണ്‍ കാരണം വികസിത രാജ്യങ്ങള്‍ക്ക് അവരുടെ പൗരന്മാര്‍ക്ക് സഹായധനം അയയ്ക്കാന്‍ കഴിയാത്ത കാലത്ത്, ഇന്ത്യ ആയിരക്കണക്കിന് കോടി രൂപ നേരിട്ട് ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. കൊറോണ ബാധിച്ച ഈ ഒന്നര വര്‍ഷക്കാലയളവില്‍ ഇന്ത്യ വിവിധ പദ്ധതികള്‍ പ്രകാരം 7 ലക്ഷം കോടി രൂപ ഡിബിടി വഴി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. ഭീം യുപിഐ വഴി ഇന്ത്യയില്‍ പ്രതിമാസം അഞ്ച് ലക്ഷം കോടി രൂപയുടെ വ്യവസായ ഇടപാടുകള്‍ നടക്കുന്നു.
സുഹൃത്തുക്കളേ,
ഡിജിറ്റല്‍ ഇടപാടുകള്‍ കര്‍ഷകരുടെ ജീവിതത്തില്‍ അഭൂതപൂര്‍വമായ മാറ്റം വരുത്തി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ കീഴില്‍ 1.35 ലക്ഷം കോടി രൂപ 10 കോടിയിലധികം കര്‍ഷക കുടുംബങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു. ഒരു രാജ്യം ഒരു എംഎസ്പി എന്നതിന്റെ പൊരുളും ഡിജിറ്റല്‍ ഇന്ത്യ തിരിച്ചറിഞ്ഞു. ഗോതമ്പു വാങ്ങിയതില്‍ റെക്കോര്‍ഡിട്ടതിനെത്തുടര്‍ന്ന് ഈ വര്‍ഷം 85,000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് എത്തിയിട്ടുണ്ട്. ഇതുവരെ രാജ്യത്തെ കര്‍ഷകര്‍ ഇ-നാം പോര്‍ട്ടല്‍ വഴി 1.35 ലക്ഷം കോടി രൂപയില്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തി.
സുഹൃത്തുക്കളേ,
ഒരു രാഷ്ട്രം, ഒരു കാര്‍ഡ് സംവിധാനം രാജ്യത്തുടനീളമുള്ള ഗതാഗതത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമുള്ള ഒറ്റത്തവണ പണമടയ്ക്കല്‍ മാധ്യമമെന്ന നിലയില്‍ വളരെ ഉപയോഗപ്രദമാണെന്ന് തെളിയും. ഫാസ്റ്റാഗിന്റെ വരവോടെ, യാത്രാമാര്‍ഗ്ഗം എളുപ്പമാകുകയും ചെലവു കുറഞ്ഞതുമായിത്തീര്‍ന്നു. കൂടാതെ സമയം ലാഭിക്കുകയും ചെയ്യുന്നു. അതുപോലെ, ജിഎസ്ടിയും ഇ-വേ ബില്ലുകളും രാജ്യത്തെ വാണിജ്യ-വ്യവസായങ്ങളുടെ സൗകര്യവും സുതാര്യതയും ഉറപ്പുവരുത്തി. ഇന്നലെ, ജിഎസ്ടി നാല് വര്‍ഷം പൂര്‍ത്തിയാക്കി. കൊറോണ കാലമായിരുന്നിട്ടും, ജിഎസ്ടി വരുമാനം കഴിഞ്ഞ എട്ട് മാസമായി തുടര്‍ച്ചയായി ഒരു ലക്ഷം കോടി രൂപ മറികടന്നു. രജിസ്റ്റര്‍ ചെയ്ത 1.28 കോടിയിലധികം സംരംഭകര്‍ ഇന്ന് ഇത് പ്രയോജനപ്പെടുത്തുന്നു. അതേസമയം, ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ് പ്ലേസില്‍ (ജിഇഎം) നിന്നുള്ള ഗവണ്‍മെന്റ് സംഭരണം, സുതാര്യത വര്‍ദ്ധിപ്പിക്കുകയും ചെറുകിട വ്യാപാരികള്‍ക്ക് അവസരങ്ങള്‍ നല്‍കുകയും ചെയ്തു.
സുഹൃത്തുക്കളേ,
ഈ ദശകം, ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ കഴിവുകള്‍ വളരെയേറെ വികസിപ്പിക്കുകയും ആഗോള ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ ഇന്ത്യയുടെ പങ്കു വര്‍ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടാണ് വിദഗ്ധര്‍ ഈ ദശകത്തെ ഇന്ത്യയുടെ ടെക്കേഡായി കാണുന്നത്. വരുന്ന കുറച്ച് വര്‍ഷങ്ങളില്‍ ഇന്ത്യയിലെ ഡസന്‍ കണക്കിന് സാങ്കേതിക കമ്പനികള്‍ യൂണികോണ്‍ ക്ലബിലെത്തപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഡാറ്റയുടെയും ജനസംഖ്യാ പ്രത്യേകതകളുടെയും കൂട്ടായ കരുത്ത് വളരെയധികം അവസരങ്ങള്‍ക്കു നിദാനമാകും.
സുഹൃത്തുക്കളേ,
5 ജി സാങ്കേതികവിദ്യ ലോകമെമ്പാടും ജീവിതത്തിന്റെ സമസ്ത മേഖലകളിലും വലിയ മാറ്റമുണ്ടാക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയും ഇതിനായി സജ്ജമായിക്കഴിഞ്ഞു. ഇന്ന്, വ്യവസായം 4.0 നെക്കുറിച്ച് ലോകം സംസാരിക്കുമ്പോള്‍, ഇന്ത്യയും അതില്‍ വലിയൊരു ഭാഗം നിര്‍വഹിക്കുന്നു. ഒരു ഡാറ്റാ ശക്തിസ്രോതസ് എന്ന നിലയില്‍ ഇന്ത്യക്ക് അതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും അവബോധമുണ്ട്. അതിനാല്‍, ഡാറ്റാ സുരക്ഷയ്്ക്ക ആവശ്യമായ എല്ലാ വ്യവസ്ഥകളും സംബന്ധിച്ച് നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര റാങ്കിംഗ് പുറത്തിറങ്ങി. 180 ലധികം രാജ്യങ്ങളുടെ ഐടിയു-ഗ്ലോബല്‍ സൈബര്‍ സുരക്ഷാ സൂചികയില്‍ ലോകത്തെ മികച്ച 10 രാജ്യങ്ങളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വര്‍ഷം മുമ്പുവരെ നമ്മുടെ സ്ഥാനം 47 ആയിരുന്നു.
സുഹൃത്തുക്കളേ,
ഇന്ത്യയിലെ യുവാക്കളിലും അവരുടെ കഴിവിലും എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. നമ്മുടെ യുവാക്കള്‍ ഡിജിറ്റല്‍ ശാക്തീകരണം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നത് തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നാം ഒന്നിച്ചു പ്രയത്‌നിക്കണം. ഈ ദശകം ഇന്ത്യയുടെ ടെക്കേഡ് ആക്കുന്നതില്‍ നാം വിജയിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട്, നിങ്ങള്‍ക്കേവര്‍ക്കും വീണ്ടും ആശംസകള്‍ നേരുന്നു!
***
(Release ID: 1732230)
Visitor Counter : 500
Read this release in:
Bengali
,
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada