ആഭ്യന്തരകാര്യ മന്ത്രാലയം

കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ (ഐപിഎസ്) 72-ാം ബാച്ച് പ്രൊബേഷണറി ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെl സംവദിച്ചു


ഇന്നിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനസംവിധാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മാത്രമേ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട്

നിഷ്‌ക്രിയത്വവും കടുത്ത നടപടികളും ഒഴിവാക്കി പൊലീസ് സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കണം

പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് 'ആശയവിനിമയവും സംവേദനക്ഷമതയും' അത്യാവശ്യം; അതിനാല്‍ എല്ലാ പൊലീസുകാരെയും സംവേദനക്ഷമതയുള്ളവരാക്കേണ്ടതുണ്ട്; ഒപ്പം ആശയവിനിമയവും പൊതു സമ്പര്‍ക്കവും വര്‍ദ്ധിപ്പിക്കണം

പൊലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് തലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജനങ്ങളെ കാണാന്‍ ഗ്രാമങ്ങളിലേക്കു ചെല്ലണം; രാത്രികാലങ്ങളില്‍ തങ്ങണം

നമുക്ക് മികച്ച അഖിലേന്ത്യാ സേവനം ഇല്ലെങ്കില്‍ ഐക്യത്തിന് അന്ത്യമാകുമെന്നും ഇന്ത്യക്ക് ഒന്നിക്കാനാകില്ലെന്നും സര്‍ദാര്‍ പട്ടേല്‍ പറഞ്ഞിരുന്നു. ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സമഗ്രത നിലനിര്‍ത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്

പൊലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം കൂടുതല്‍ ശാസ്ത്രീയവും തെളിവുകള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതുമാക്കണം;

Posted On: 01 JUL 2021 7:00PM by PIB Thiruvananthpuram

കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷാ ഇന്ത്യന്‍ പൊലീസ് സര്‍വീസിലെ (ഐപിഎസ്) 72-ാം ബാച്ച് പ്രൊബേഷണറി ഓഫീസര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ദേശീയ പോലീസ് അക്കാദമി ഡയറക്ടര്‍, ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കോവിഡ് -19 മഹാമാരിയില്‍ ജീവന്‍ നഷ്ടപ്പെട്ട പൊലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ഡോക്ടര്‍മാരുടെ ദിനം, ചാര്‍ട്ടേഡ് അക്കൗണ്ടുമാരുടെയും ദിനം എന്നിവയുമായി ബന്ധപ്പെട്ട ആശംസകളും നേര്‍ന്നു.

IMG-4352__01

 

ഏതൊരു സംഘടനയ്ക്കും ഒരു വ്യവസ്ഥയുണ്ടാകേണ്ടത് വളരെ പ്രധാനമാണെന്ന് യുവ പോലീസ് ഉദ്യോഗസ്ഥരുമായി സംവദിച്ച ശ്രീ അമിത് ഷാ പറഞ്ഞു. ഏത് സംഘടനയും വിജയകരമായി പ്രവര്‍ത്തിക്കുന്നത് അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംവിധാനത്തിന്റെ ഭാഗമാകുകയും അത് ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്. സംഘടനാസംവിധാനം മെച്ചപ്പെടുത്തുന്നതിലൂടെ, സംഘടന അതിനനുസൃതമായി മെച്ചപ്പെടുകയും മികച്ച ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു. സംഘടനാ കേന്ദ്രീകൃതമാക്കുക എന്നതാണ് വിജയത്തിന്റെ താക്കോല്‍ എന്നും ശ്രീ ഷാ പറഞ്ഞു. ഇന്നിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനസംവിധാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ മാത്രമേ വ്യവസ്ഥിതിയില്‍ മാറ്റം വരുത്താന്‍ കഴിയുകയുള്ളൂ എന്നതാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രശ്‌നങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള തുടക്കം പരിശീലനത്തില്‍ തന്നെ ഉണ്ടാകണമെന്നും അതിലൂടെ ഒരു വ്യക്തിയെ കൂടുതല്‍ ഉത്തരവാദിത്വബോധമുള്ളവനും കര്‍ത്തവ്യനിരതനും ആക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിത്വം, ജോലി ചെയ്യുന്ന രീതി, സമ്പൂര്‍ണ വ്യക്തിത്വം എന്നിവ രൂപപ്പെടുത്തുന്നതിനാണ് പരിശീലനം സജ്ജമാക്കിയിരിക്കുന്നതെന്നും പരിശീലനം ശരിയായി നടത്തിയാല്‍ അത് ജീവിതത്തിലുടനീളം മികച്ച ഫലങ്ങള്‍ നല്‍കുമെന്നും  ശ്രീ ഷാ പറഞ്ഞു.

 

IMG-4356

നിഷ്‌ക്രിയരെന്നും കടുത്ത നടപടികള്‍ സ്വീകരിക്കുന്നവരെന്നും പൊലീസിനെതിരെ ആക്ഷേപമുയരാറുണ്ട്. ഇവ ഒഴിവാക്കി നീതിപൂര്‍വമുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തിക്കുക എന്നത് സ്വാഭാവിക നടപടിയാണെന്നും പൊലീസ് നിയമം മനസിലാക്കുകയും ശരിയായ രീതിയില്‍ കാര്യങ്ങളില്‍ ഇടപെടുകയും ചെയ്യണമെന്ന് ശ്രീ ഷാ പറഞ്ഞു.

 

IMG-4355

പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്ന കാര്യത്തില്‍, പൊലീസുകാര്‍ക്കു മാത്രമേ അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുവാന്‍ പ്രവര്‍ത്തിക്കാനകൂ എന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പൊലീസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് ആശയവിനിമയവും സംവേദനക്ഷമതയും ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു, അതിനാല്‍ എല്ലാ പോലീസുകാരെയും സംവേദനക്ഷമമാക്കേണ്ടതുണ്ട്. ആശയവിനിമയവും പൊതുജന സമ്പര്‍ക്കവും വര്‍ദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്. പൊതുജന സമ്പര്‍ക്കമില്ലാതെ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നത് വളരെ പ്രയാസമാണെന്ന് ശ്രീ ഷാ പറഞ്ഞു, അതിനാല്‍ പോലീസ് സൂപ്രണ്ടിന്റെയും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെയും തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങളില്‍ പോയി ജനങ്ങളെ കാണുകയും രാത്രികാലങ്ങളില്‍ അവിടെ താമസിക്കുകയും വേണം. ഇതോടൊപ്പം, തങ്ങളുടെ പ്രദേശത്തെ പ്രധാനപ്പെട്ട പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ താമസിക്കുന്നവരുമായി അവര്‍ സംവദിക്കുകയും വേണം. 

IMG-4357


ഏവര്‍ക്കും ഭരണഘടനയോടും രാജ്യത്തെ നിയമത്തോടും കൂറുണ്ടെന്ന് ശ്രീ അമിത് ഷാ യുവ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. നിയമപാലനത്തിന്റെ പ്രധാന ഉത്തരവാദിത്വം നിങ്ങളിലാണെന്നും അതില്‍ അല്‍പ്പം ധൃതി കാട്ടുന്നത് അനീതിക്ക്  ഇടയാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ നിങ്ങള്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. രാജ്യത്തെ ഭരണഘടന ഓരോ പൗരനും സുരക്ഷയ്ക്കുള്ള അവകാശം നല്‍കിയിട്ടുണ്ട്, സുരക്ഷ നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്. രാജ്യത്തെ ആദ്യത്തെ ആഭ്യന്തരമന്ത്രിയും ഉരുക്കുമനുഷ്യനുമായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യത്തെ ഒരുമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തുവെന്നും അദ്ദേഹമില്ലാതെ നമുക്ക് ഒരു ആധുനിക ഇന്ത്യയെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നെന്നും ശ്രീ ഷാ പറഞ്ഞു. രാജ്യം സ്വതന്ത്രമായപ്പോള്‍ അഖിലേന്ത്യാ സേവനങ്ങളെക്കുറിച്ച് വളരെയധികം ചര്‍ച്ചകള്‍ നടന്നിരുന്നു. അക്കാലത്ത് സര്‍ദാര്‍ പട്ടേല്‍ പറഞ്ഞത്, നമുക്ക് മികച്ച അഖിലേന്ത്യാ സേവനം ഇല്ലെങ്കില്‍ ഐക്യത്തിന് അന്ത്യമാകുമെന്നും ഇന്ത്യക്ക് ഒന്നിക്കാനാകില്ലെന്നുമാണ്. അതിനാല്‍, ഫെഡറല്‍ ഘടനയെ ശക്തിപ്പെടുത്തുകയും രാജ്യത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങള്‍ എല്ലാവരും എല്ലായ്‌പ്പോഴും ഓര്‍ക്കണം.


ശാസ്ത്രീയാന്വേഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി കൂടുതല്‍ ശാസ്ത്രീയവും തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ളതുമായ അന്വേഷണങ്ങള്‍ മനുഷ്യശക്തിയുടെ ആവശ്യകത കുറയ്ക്കുമെന്ന് പറഞ്ഞു. ലഭ്യമായ മനുഷ്യശക്തി മെച്ചപ്പെട്ട രീതിയിലും കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതുമായ ഒരു പദ്ധതി പോലീസ് ഉദ്യോഗസ്ഥര്‍ ആരംഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രീയാന്വേഷണത്തിന്റെ ദിശയില്‍ മോദി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതിനു കീഴില്‍ കഴിഞ്ഞ വര്‍ഷം ദേശീയ രക്ഷ ശക്തി സര്‍വകലാശാല സ്ഥാപിച്ചു.  കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലത്ത് നിന്ന് കോടതിമുറിയിലേക്ക് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതിനായി ദേശീയ ഫോറന്‍സിക് സയന്‍സ് സര്‍വകലാശാല സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. വരും ദശകങ്ങളില്‍ രണ്ട് സര്‍വകലാശാലകളും ഇന്ത്യയിലെ ക്രമസമാധാനനില ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക സംഭാവന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യത്തിനെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗവണ്‍മെന്റ് നിരവധി സുപ്രധാന ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി നാല് സംഘടനകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ദ്രുതഗതിയില്‍ അവബോധം വ്യാപിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യത്തിനൊപ്പം സാമ്പത്തിക കുറ്റകൃത്യങ്ങളും മയക്കുമരുന്നുകളും കൈകാര്യം ചെയ്യുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

 

IMG-4353

പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ നവീകരണത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ശ്രീ അമിത് ഷാ, ജീവിതകാലം മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അതിനായി പ്രവര്‍ത്തിക്കണമെന്ന് പറഞ്ഞു. പോലീസ് സേനയുടെ 85 ശതമാനം കോണ്‍സ്റ്റബിള്‍മാരുണ്ടെന്നും പോലീസ് സംവിധാനത്തിന്റെ പ്രധാന ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ മികച്ച പരിശീലനം, ആരോഗ്യം, നല്ല തൊഴില്‍ അന്തരീക്ഷം, പാര്‍പ്പിടം എന്നിവയെക്കുറിച്ച്  നാം ശ്രദ്ധിക്കുന്നില്ലെങ്കില്‍ ബാക്കി 15 ശതമാനം ആളുകള്‍ക്ക് സംഘടനയെ നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമോ എന്ന് ശ്രീ ഷാ ആരാഞ്ഞു. പൊലീസിലെ ഏറ്റവും പ്രയാസമേറിയ കടമ കോണ്‍സ്റ്റബിള്‍മാരുടേതാണെന്നും അതിനാല്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കേണ്ടത് വളരെ പ്രധാനമാണെന്നും അവരോട് സംവേദനക്ഷമത പുലര്‍ത്തണമെന്നും ശ്രീ ഷാ പറഞ്ഞു.


വോട്ടര്‍മാരും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും ഭരണസംവിധാനവും ചേര്‍ന്ന് ജനാധിപത്യത്തിന്റെ ഘടന പൂര്‍ത്തിയാക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതിനിധികളെ അഞ്ച് വര്‍ഷത്തേക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ 30 - 35 വര്‍ഷത്തേക്കും തിരഞ്ഞെടുക്കുന്നു. പ്രൊബേഷണറി പോലീസ് ഉദ്യോഗസ്ഥര്‍ ജനാധിപത്യത്തിന്റെയും ഭരണഘടനാ സംവിധാനത്തിന്റെയും ഒരു പ്രധാന ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. ദരിദ്രര്‍, പിന്നാക്കക്കാര്‍, ദലിതര്‍, ഗോത്രവര്‍ഗക്കാര്‍ എന്നിവരുടെ ആശങ്കകളോട് സംവേദനക്ഷമത കാണിക്കണമെന്നും രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കണമെന്നും ശ്രീ ഷാ പറഞ്ഞു.


അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥര്‍, പ്രത്യേകിച്ച് ഐപിഎസ് ഉദ്യോഗസ്ഥര്‍ പ്രശസ്തിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പ്രശസ്തിക്കായുള്ള ത്വര പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നു. ഇക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുക ബുദ്ധിമുട്ടാണെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കുകയും അവരുടെ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് അക്കാദമിയില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ്, നിങ്ങള്‍ ചെയ്ത പ്രവൃത്തി പ്രശസ്തിക്കുവേണ്ടിയാണോ ചെയ്തതെന്ന് എല്ലാ ദിവസവും നിങ്ങളുടെ ഡയറിയില്‍ ഒരു കുറിപ്പ് നല്‍കുമെന്ന് നിങ്ങള്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് ശ്രീ ഷാ പറഞ്ഞു.

''സൈഡ് പോസ്റ്റിംഗ്'' എന്ന ആശയം പോലീസ് സംവിധാനത്തില്‍ വന്നിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. പോലീസ് സംവിധാനത്തില്‍ പ്രാധാന്യമില്ലാത്ത അത്തരം പ്രവര്‍ത്തനങ്ങളൊന്നും ഇല്ലാത്തതിനാല്‍ അത്തരം ആശയങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമൂലം നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമെന്നും പലതവണ സ്ഥാനചലനം വരുമെന്ന ഭയത്താല്‍ നിങ്ങളുടെ ജോലി ശരിയായി ചെയ്യാന്‍ കഴിയില്ലെന്നും ശ്രീ ഷാ പറഞ്ഞു. സ്ഥാനചലനം അവരുടെ കൈയിലാണെന്ന നിലയില്‍ നിങ്ങളുടെ മനസിനെ പരുവപ്പെടുത്തിയാല്‍, നിങ്ങളുടെ മേലുള്ള സമ്മര്‍ദ്ദം വളരെയധികം കുറയുമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലംമാറ്റത്തെക്കുറിച്ചുള്ള ഭയം മറികടന്നാല്‍ നിങ്ങളുടെ കടമ നന്നായി നിര്‍വഹിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ ചേര്‍ന്ന യുവ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച ആഭ്യന്തര മന്ത്രി, പ്രവര്‍ത്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനുമുള്ള തീക്ഷ്ണത അവര്‍ക്കുണ്ടെന്നു ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രതീക്ഷകള്‍ ഈ യുവ ഉദ്യോഗസ്ഥര്‍ നിറവേറ്റുമെന്ന പൂര്‍ണ വിശ്വാസമുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഇന്ത്യന്‍ പോലീസ് സര്‍വീസിലെ 72-ാമത്തെ ബാച്ചിലെ പ്രൊബേഷണറി പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.

 

***

 



(Release ID: 1732079) Visitor Counter : 273