സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
രാജ്യത്തെ MSME കൾക്കായി റേറ്റിംഗ് സംവിധാനം കൊണ്ടുവരണമെന്ന് ശ്രീ നിധിൻ ഗഡ്കരി
Posted On:
29 JUN 2021 1:42PM by PIB Thiruvananthpuram
രാജ്യത്തെ സൂക്ഷ്മ ,ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (MSME )റേറ്റിംഗ് സംവിധാനം കൊണ്ടുവരണമെന്ന് എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ നിതിൻ ഗഡ്കരി. സൂക്ഷ്മ- ചെറുകിട -ഇടത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ മെച്ചപ്പെട്ട നിരീക്ഷണത്തിനായി പ്രത്യേക ഡാഷ് ബോർഡ് സംവിധാനം യാഥാർത്ഥ്യമാക്കണം എന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ചേംബർ ഓഫ് ഇന്ത്യൻ MSME, CIMSME, സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച വിറ്റുവരവ്, ജിഎസ്ടി റെക്കോർഡുകൾ എന്നിവയുള്ള രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്ക്, റേറ്റിംഗ് നൽകാനുള്ള ലളിതവും സുതാര്യവുമായ ഒരു സംവിധാന ക്രമം ഉരുത്തിരിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കാൻ ഇത് ഇവർക്ക് ഗുണം ചെയ്യും. ഒപ്പം മികച്ച റേറ്റിങ്ങ് സംവിധാനത്തിന്റെ വരവോടെ എംഎസ്എംഇ കൾക്ക് വിദേശത്തുനിന്നും നല്ലതോതിൽ നിക്ഷേപം ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി പദ്ധതികളെ നിരീക്ഷിക്കാൻ ഒരു പ്രത്യേക ഡാഷ് ബോർഡ് സൗകര്യം യാഥാർഥ്യമാക്കണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. മൂന്നുമാസത്തിനുള്ളിൽ തീരുമാനങ്ങളെടുക്കാനും, ആവശ്യമായ പിന്തുണ നൽകാനും അദ്ദേഹം ചെറുകിട വ്യവസായ വികസന ബാങ്കിനോട് (SIDBI) ആവശ്യപ്പെട്ടു.
രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 30 ശതമാനത്തോളം എംഎസ്എംഇ കളുടെ സംഭാവനയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പതിനൊന്നു കോടിയിലേറെ പേർക്ക് തൊഴിൽ നൽകുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ, കാർഷികമേഖലക്ക് ശേഷം ഏറ്റവും കൂടുതൽ തൊഴിൽ ലഭ്യമാക്കുന്ന രണ്ടാമത്തെ മേഖലയാണ്.
മുഴുവൻ പരിപാടിക്കായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:
(Release ID: 1731173)
Visitor Counter : 216