ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

നിലവില്‍ ആശങ്ക പരത്തുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് മഹാരാഷ്ട്രയ്ക്കും കേരളത്തിനും മധ്യപ്രദേശിനും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്


ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ജില്ലകളിലും ക്ലസ്റ്ററുകളിലും സംസ്ഥാനങ്ങള്‍ നിയന്ത്രണം, കര്‍ശന പരിശോധന, നിരീക്ഷണം, പ്രതിരോധ കുത്തിവയ്പ് എന്നിവയ്ക്കായി അടിയന്തര നടപടി സ്വീകരിക്കണം

സാംക്രമികരോഗ ശാസ്ത്രപ്രകാരമുള്ള പരസ്പരബന്ധം പഠിക്കാന്‍ രോഗം സ്ഥിരീകരിച്ചവരുടെ മതിയായ സാമ്പിളുകള്‍ ഇന്‍സാക്കോഗ് ഗവേഷണശാലകളിലേക്ക് ഉടന്‍ അയക്കണം

प्रविष्टि तिथि: 22 JUN 2021 6:58PM by PIB Thiruvananthpuram

സംസ്ഥാനങ്ങളുമായി സജീവമായി സഹകരിച്ച്, കേന്ദ്രീകൃത പൊതുജനാരോഗ്യ നടപടികളിലൂടെയും ഫലപ്രദമായ കോവിഡ്-19 കൈകാര്യം ചെയ്യലിനായി കേന്ദ്ര സര്‍ക്കാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിവിധതലങ്ങളില്‍ ആരോഗ്യ സുസ്ഥിരത ശക്തിപ്പെടുത്തുന്നതിലൂടെയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിലൂടെയുമാണിത്. വിവിധ മന്ത്രാലയങ്ങളുമായും വകുപ്പുകളുമായും ഏജന്‍സികളുമായും സഹകരിച്ചുള്ള സമീപനത്തിലൂടെ ഫലപ്രദമായ പൊതുജനാരോഗ്യ പ്രതികരണം നടപ്പിലാക്കാന്‍ കോവിഡ്-19 ന്റെ സഞ്ചാരപഥത്തിലെ നിര്‍ണായക വസ്തുതകളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം യഥാസമയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

ഇന്‍സാക്കോഗിന്റെ സമീപകാല കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ കണ്ടെത്തിയ കോവിഡ്-19 ഡെല്‍റ്റ പ്ലസ് വകഭേദത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര ആരോഗ്യ സെക്രട്ടറി ഈ മൂന്ന് സംസ്ഥാനങ്ങളുമായി ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തി. മഹാരാഷ്ട്രയിലെ രത്നഗിരി, ജല്‍ഗാവ് ജില്ലകള്‍; കേരളത്തിലെ പാലക്കാട്, പത്തനംതിട്ട ജില്ലകള്‍; മധ്യപ്രദേശിലെ ഭോപ്പാല്‍, ശിവപുരി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ ഈ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം, ജൈവസാങ്കേതിക വകുപ്പ്, ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമിതി (ഐസിഎംആര്‍), ശാസ്ത്രീയ-വ്യാവസായിക ഗവേഷണ സമിതി (സിഎസ്ഐആര്‍) എന്നിവയുടെ 28 ഗവേഷണശാലകളുടെ കൂട്ടായ്മയാണ് ഇന്‍സാക്കോഗ്. കോവിഡ്-19 പശ്ചാത്തലത്തില്‍ ജനിതക മാറ്റം സംഭവിച്ച വൈറസിനെക്കുറിച്ചു ഗവേഷണം നടത്തുന്നതിനായി ഒരുക്കിയതാണിത്. ഇക്കാര്യത്തിനു മാത്രമല്ല, സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും സ്വീകരിക്കേണ്ട ഉചിതമായ പൊതുജനാരോഗ്യ പ്രതികരണ നടപടികളെക്കുറിച്ച് സമയബന്ധിത വിവരങ്ങള്‍ നല്‍കുന്നതിനും ഇന്‍സാക്കോഗിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  നിലവില്‍ ആശങ്ക പരത്തുന്ന ഡെല്‍റ്റ പ്ലസ് വകഭേദത്തിന് താഴെപ്പറയുന്ന സ്വഭാവവിശേഷങ്ങള്‍ ഉണ്ടെന്ന് ഇന്‍സാക്കോഗ് അറിയിച്ചു:


വര്‍ധിച്ച വ്യാപനശേഷി
ശ്വാസകോശത്തിന്റെ പുറംപാളിയിലെ കോശങ്ങളുമായി കരുത്തുറ്റ ബന്ധം
മോണോക്ലോണല്‍ പ്രതിവസ്തുവിന്റെ പ്രതികരണ സാധ്യത കുറയ്ക്കല്‍

പൊതുജനാരോഗ്യ പ്രതികരണ നടപടികള്‍ നേരത്തെ നടപ്പാക്കിയ രീതിയില്‍ തുടരുന്നുവെങ്കിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഫലപ്രദമാക്കുകയും വേണമെന്ന് മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. ആള്‍ക്കൂട്ടം ഒഴിവാക്കുക, ഇടപഴകലിനുള്ള സാധ്യതകള്‍ കുറയ്ക്കുക, വ്യാപക പരിശോധന നടത്തുക, കൃത്യമായ സമ്പര്‍ക്കാന്വേഷണം നടത്തുക, വാക്‌സിന്‍ പരിരക്ഷ ഉറപ്പാക്കുക എന്നിവയുള്‍പ്പെടെയുള്ള നിയന്ത്രണ നടപടികള്‍ ജില്ലകളിലും ക്ലസ്റ്ററുകളിലും (ഇന്‍സാക്കോഗ് കണ്ടെത്തിയത്) അടിയന്തിരമായി സ്വീകരിക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രോഗം സ്ഥിരീകരിച്ചവരുടെ മതിയായ സാമ്പിളുകള്‍ ഇന്‍സാക്കോഗിന്റെ ലബോറട്ടറികളിലേക്ക് ഉടന്‍ അയയ്ക്കുന്ന കാര്യം ഉറപ്പുവരുത്താനും നിര്‍ദ്ദേശം നല്‍കി.സാംക്രമികരോഗശാസ്ത്രപ്രകാരമുള്ള പരസ്പരബന്ധം പഠിച്ച് സംസ്ഥാനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇതു സഹായിക്കും. 

***


(रिलीज़ आईडी: 1729520) आगंतुक पटल : 384
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Odia , Tamil , Telugu