പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിവാടെക്ക് അഞ്ചാം പതിപ്പില്‍ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തി


ഇനി വരുന്ന പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ നമ്മുടെ ഭൂമിക്ക് ആവരണമൊരുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു

മഹാമാരിക്കാലത്ത് ചെറുത്തുനില്‍പ്പിനും ബന്ധപ്പെടലിനും ആശ്വാസത്തിനും സാന്ത്വനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മെ സഹായിച്ചു: പ്രധാനമന്ത്രി

തടസ്സങ്ങളില്‍ നിരാശരാകേണ്ടതില്ല; അഴിച്ചുപണി, തയ്യാറെടുപ്പ് എന്നീ രണ്ട് അടിസ്ഥാനങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണം: പ്രധാനമന്ത്രി

കൂട്ടായ മനോഭാവത്തോടെയും മനുഷ്യകേന്ദ്രീകൃത സമീപനത്തിലൂടെയും മാത്രമേ നമ്മുടെ ഭൂമി നേരിടുന്ന വെല്ലുവിളികളെ മറികടക്കാന്‍ കഴിയൂ: പ്രധാനമന്ത്രി

ഈ മഹാമാരി നമ്മുടെ തിരിച്ചുവരവിനായി മാത്രമല്ല, ഭാവനയ്ക്കുള്ള പരീക്ഷണം കൂടിയാണ്. ഏവര്‍ക്കുമായി സമഗ്രവും കരുതലേറിയതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണിത്: പ്രധാനമന്ത്രി

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ട്-അപ്പ് ആവാസവ്യവസ്ഥകളില്‍ ഒന്നാണ് ഇന്ത്യ; പുത്തന്‍ ആശയങ്ങളുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായവ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു: പ്രധാനമന്ത്രി

കഴിവ്, കമ്പോളം, മൂലധനം, ആവാസവ്യവസ്ഥ, സുതാര്യമായ സംസ്‌കാരം എന്നീ അഞ്ചു സ്തംഭങ്ങള്‍ അടിസ്ഥാനമാക്കി നിക്ഷേ

Posted On: 16 JUN 2021 4:28PM by PIB Thiruvananthpuram

വിവാടെക്ക് അഞ്ചാം പതിപ്പില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തി. വീഡിയോ കോണ്‍ഫെറന്‍സിലൂടെയായിരുന്നു പ്രഭാഷണം. യൂറോപ്പിലെ ഏറ്റവും വലിയ ഡിജിറ്റല്‍-സ്റ്റാര്‍ട്ട് അപ് പരിപാടികളില്‍ ഒന്നായ വിവാ ടെക് 2021ലേക്ക് പ്രധാനമന്ത്രിയെ മുഖ്യാതിഥിയായാണ് ക്ഷണിച്ചിരുന്നത്. 2016 മുതല്‍ എല്ലാക്കൊല്ലവും പാരീസിലാണ് പരിപാടി നടക്കുന്നത്.

ഇന്ത്യയും ഫ്രാന്‍സും വിവിധ വിഷയങ്ങളില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നുവെന്ന് ചടങ്ങില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഇവയില്‍ ഡിജിറ്റല്‍ - സാങ്കേതികവിദ്യകള്‍ സഹകരണത്തിന്റെ വളര്‍ന്നുവരുന്ന മേഖലകളാണ്. അത്തരത്തിലുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. ഇത് നമ്മുടെ രാഷ്ട്രങ്ങളെ മാത്രമല്ല, ലോകത്തെയും വലിയ തോതില്‍ സഹായിക്കും. ലോകമെമ്പാടുമുള്ള കമ്പനികള്‍ക്കും പൗരന്മാര്‍ക്കും സേവനം ചെയ്യുന്ന ഇരു രാജ്യങ്ങളുടെയും ഐടി പ്രതിഭകളുടെ ഉദാഹരണങ്ങളെന്ന്, ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിന് സാങ്കേതിക പിന്തുണ നല്‍കുന്ന ഇന്‍ഫോസിസിസിനെയും ഫ്രഞ്ച് കമ്പനികളായ അറ്റോസ്, കാപ്‌ഗെമിനി, ഇന്ത്യയുടെ ടിസിഎസ്, വിപ്രോ എന്നിവ തമ്മിലുള്ള സഹകരണത്തെയും, ശ്രീ മോദി പരാമര്‍ശിച്ചു.

മാമൂലുകള്‍ പരാജയപ്പെടുന്നിടത്ത് നൂതനാശയങ്ങള്‍ സഹായത്തിനെത്തുന്നുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മഹാമാരിക്കാലത്ത് ചെറുത്തുനില്‍പ്പിനും ബന്ധപ്പെടലിനും ആശ്വാസത്തിനും സാന്ത്വനത്തിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യ നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാര്‍വത്രികവും അതുല്യവുമായ ബയോ മെട്രിക് ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം - ആധാര്‍ - പാവപ്പെട്ടവര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കാന്‍ ഞങ്ങളെ സഹായിച്ചു. ''800 ദശലക്ഷംപേര്‍ക്ക് സൗജന്യ ഭക്ഷണം വിതരണം ചെയ്യാനും നിരവധി വീടുകള്‍ക്ക് പാചക-ഇന്ധന സഹായം നല്‍കാനും ഞങ്ങള്‍ക്കു കഴിയും. വിദ്യാര്‍ത്ഥികള്‍ക്കു സഹായമേകുന്നതിനായി രണ്ട് പൊതു ഡിജിറ്റല്‍ വിദ്യാഭ്യാസ പദ്ധതികളായ സ്വയം, ദിക്ഷ എന്നിവ അതിവേഗം സജ്ജമാക്കാന്‍ ഇന്ത്യയില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു', പ്രധാനമന്ത്രി അറിയിച്ചു.

മഹാമാരിയുടെ വെല്ലുവിളികള്‍ നേരിടുന്നതില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ പങ്കിനെ പ്രധാനമന്ത്രി പ്രശംസിച്ചു. പിപിഇ കിറ്റുകള്‍, മാസ്‌കുകള്‍, പരിശോധനാ കിറ്റുകള്‍ എന്നിവയുടെ കുറവ് പരിഹരിക്കുന്നതില്‍ സ്വകാര്യമേഖല പ്രധാന പങ്ക് വഹിച്ചു. കോവിഡ് - കോവിഡ് ഇതര പ്രതിസന്ധികള്‍ പരിഹരിക്കാനായി ഡോക്ടര്‍മാര്‍ ടെലി മെഡിസിന്‍ സാധ്യതകള്‍ വലിയതോതില്‍ ഉപയോഗിപ്പെടുത്തി. രണ്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നു, കൂടുതല്‍ എണ്ണം വികസന-പരീക്ഷണ ഘട്ടങ്ങളിലാണ്. തദ്ദേശീയ ഐടി പ്ലാറ്റ്ഫോമായ ആരോഗ്യ-സേതു ഫലപ്രദമായ സമ്പര്‍ക്കം തിരിച്ചറിയല്‍ പ്രാപ്തമാക്കിയതായി പ്രധാനമന്ത്രി സൂചിപ്പിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതിരോധ മരുന്ന് ഉറപ്പാക്കാന്‍ കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇതിനകം സഹായിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലൊന്നാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമീപ വര്‍ഷങ്ങളില്‍ നിരവധി യൂണികോണുകള്‍ വന്നിട്ടുണ്ട്. പുത്തന്‍ ആശയങ്ങളുള്ളവര്‍ക്കും നിക്ഷേപകര്‍ക്കും ആവശ്യമായവ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. കഴിവ്, കമ്പോളം, മൂലധനം, ആവാസവ്യവസ്ഥ, സുതാര്യമായ സംസ്‌കാരം എന്നീ അഞ്ചു സ്തംഭങ്ങള്‍ അടിസ്ഥാനമാക്കി നിക്ഷേപം നടത്താന്‍ അദ്ദേഹം ലോകത്തെ ക്ഷണിച്ചു. നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതിന് ഇന്ത്യയുടെ വൈദഗ്ധ്യ സ്രോതസ്, മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ വ്യാപ്തി, 775 ദശലക്ഷം ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍, ലോകത്തിലെ ഏറ്റവും ഉയര്‍ന്നതും വിലകുറഞ്ഞതുമായ ഡാറ്റ ഉപഭോഗം, സമൂഹ മാധ്യമങ്ങളുടെ ഉയര്‍ന്ന ഉപയോഗം എന്നീ കാര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

നവീനമായ പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍, ഒന്നര ലക്ഷത്തോളം ഗ്രാമസമിതികളെ ബന്ധിപ്പിക്കുന്ന 5,23,000 കിലോമീറ്റര്‍ ഫൈബര്‍ ഒപ്റ്റിക് ശൃംഖല, രാജ്യത്തൊട്ടാകെയുള്ള പൊതു വൈ-ഫൈ ശൃംഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംരംഭങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. പുത്തനാശയങ്ങള്‍ കണ്ടെത്തുന്നതിനുള്ള സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അടല്‍ ഇന്നൊവേഷന്‍ ദൗത്യത്തിനു കീഴില്‍ ഏഴായിരത്തി അഞ്ഞൂറ് സ്‌കൂളുകളില്‍ അത്യാധുനിക ആശയനിര്‍മിതി ലാബുകളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ മേഖലകളിലെ തടസ്സങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, തടസ്സങ്ങളില്‍ നിരാശരാകേണ്ടതില്ലെന്നും അഴിച്ചുപണി, തയ്യാറെടുപ്പ് എന്നീ രണ്ട് അടിസ്ഥാനങ്ങളില്‍ നാം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പറഞ്ഞു. ''കഴിഞ്ഞ വര്‍ഷം ഇതേസമയം ലോകം പ്രതിരോധ മരുന്നു തേടുകയായിരുന്നു. ഇന്ന്, നമുക്കതുണ്ട്. അതുപോലെ, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളും നമ്മുടെ സമ്പദ്വ്യവസ്ഥയും പുനഃക്രമീകരിക്കുന്നതു തുടരണം. ഖനനം, ബഹിരാകാശം, ബാങ്കിങ്, ആണവോര്‍ജം എന്നിങ്ങനെയുള്ള മേഖലകളില്‍ വലിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ഞങ്ങള്‍ നടപ്പാക്കി. മഹാമാരിക്കു നടുവിലും ഒരു രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യ പൊരുത്തപ്പെടുന്നതും ചടുലവുമാണെന്ന് ഇത് കാണിക്കുന്നു'' -ശ്രീ മോദി പറഞ്ഞു.


ഇനി വരുന്ന പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ നമ്മുടെ ഭൂമിക്ക് ആവരണമൊരുക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പാരിസ്ഥിതികശോഷണം തടയുന്ന സുസ്ഥിരമായ ജീവിതശൈലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു. ഗവേഷണത്തിനും നവീകരണത്തിനും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുക. ഈ വെല്ലുവിളി മറികടക്കാന്‍ കൂട്ടായ മനോഭാവത്തോടെയും മനുഷ്യകേന്ദ്രീകൃത സമീപനത്തോടെയും പ്രവര്‍ത്തിക്കാന്‍ നേതൃത്വം നല്‍കണമെന്നും സ്റ്റാര്‍ട്ടപ്പ് സമൂഹത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''സ്റ്റാര്‍ട്ട്-അപ്പ് ഇടങ്ങളില്‍ യുവാക്കള്‍ക്കാണ് ആധിപത്യം. പഴയ ഭാണ്ഡക്കെട്ടുകളില്‍ നിന്ന് മോചിതരായിട്ടുള്ളത് ഇവരാണ്. ആഗോള മാറ്റത്തിന് കരുത്തുപകരാനാകുന്നത് ഇവര്‍ക്കാണ്. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഇനിപ്പറയുന്ന മേഖലകള്‍ പോലുള്ളവ കൂടുതല്‍ കണക്കിലെടുക്കണം: ആരോഗ്യരക്ഷ. മാലിന്യ പുനചംക്രമണം, കൃഷി, പഠനത്തിന്റെ പുത്തന്‍ കാലഘട്ടത്തിനനുസൃതമായ സാമഗ്രികള്‍ ഉള്‍പ്പെടെയുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ'', പ്രധാനമന്ത്രി പറഞ്ഞു.

ഫ്രാന്‍സും യൂറോപ്പും ഇന്ത്യയുടെ പ്രധാന കൂട്ടാളികളില്‍പ്പെടുന്നുവെന്ന കാര്യം പ്രധാനമന്ത്രി ഉൗന്നിപ്പറഞ്ഞു. മെയ് മാസത്തില്‍ പോര്‍ട്ടോയില്‍, യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി നടത്തിയ ഉച്ചകോടിയില്‍ പ്രസിഡന്റ് മാക്രോണുമായുള്ള സംഭാഷണത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, സ്റ്റാര്‍ട്ട്-അപ്പുകള്‍ മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിങ് വരെയുള്ള ഡിജിറ്റല്‍ പങ്കാളിത്തം പ്രധാന മുന്‍ഗണനയായി ഉയര്‍ന്നുവെന്ന് വ്യക്തമാക്കി. ''സാമ്പത്തിക അഭിവൃദ്ധി, തൊഴില്‍, സമൃദ്ധി എന്നിവയെ പുതിയ സാങ്കേതികവിദ്യയിലെ നേതൃത്വം മുന്നോട്ടുകൊണ്ടു പോകുന്നുവെന്ന് ചരിത്രം തെളിയിക്കുന്നു. പക്ഷേ, നമ്മുടെ കൂട്ടുകെട്ട് മാനവസേവനത്തിനുള്ള വിശാലമായ കാഴ്ചപ്പാടോടെയാകണം. ഈ മഹാമാരി നമ്മുടെ തിരിച്ചുവരവിനായി മാത്രമല്ല, ഭാവനയ്ക്കുള്ള പരീക്ഷണം കൂടിയാണ്. ഏവര്‍ക്കുമായി സമഗ്രവും കരുതലേറിയതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണിത്'' - പ്രധാനമന്ത്രി പറഞ്ഞു.


***



(Release ID: 1727667) Visitor Counter : 205