രാജ്യരക്ഷാ മന്ത്രാലയം
യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച ചരിത്ര രേഖകളുടെ ശേഖരണം,സമാഹരണം, രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കം ചെയ്യൽ എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി
Posted On:
12 JUN 2021 10:05AM by PIB Thiruvananthpuram
ന്യൂഡൽഹി 12, ജൂൺ ,2021
യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച ചരിത്ര രേഖകളുടെ ശേഖരണം,സമാഹരണം, രേഖകള്‍ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കം ചെയ്യൽ, പ്രസിദ്ധീകരണം എന്നിവ സംബന്ധിച്ച നയത്തിന് പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് അംഗീകാരം നൽകി. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കര-നാവിക-വ്യോമ സേനകൾ, ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, അസം റൈഫിൾസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവയുൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളിലും സൂക്ഷിച്ചിട്ടുള്ള യുദ്ധ ഡയറികൾ, ഔദ്യോഗിക കത്തുകൾ, സൈനിക നീക്കങ്ങൾ സംബന്ധിച്ച് രേഖപ്പെടുത്തിയ പുസ്തകങ്ങൾ എന്നിവയുൾപ്പെടെയുള്ളവ, ശരിയായ പരിപാലനം, ശേഖരണം, രേഖപ്പെടുത്തൽ എന്നിവയ്ക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ ചരിത്ര വിഭാഗത്തിലേക്ക് മാറ്റണമെന്നാണ് നയം വിഭാവനം ചെയ്യുന്നത്.
പബ്ലിക് റെക്കോർഡ് ആക്റ്റ് 1993, പബ്ലിക് റെക്കോർഡ് റൂൾസ് 1997 എന്നിവയിൽ കാലാകാലങ്ങളിൽ വരുത്തിയ ഭേദഗതികൾ പ്രകാരം രേഖകൾ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കുന്നതിനുള്ള ഉത്തരവാദിത്തം അതത് സൈനിക വിഭാഗങ്ങൾക്കാണ്. പുതിയ നയമനുസരിച്ച്, 25 വർഷത്തിനുള്ളിൽ രേഖകൾ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കാവുന്നതാണ്. 25 വർഷത്തിൽ കൂടുതൽ പഴക്കമുള്ള രേഖകൾ ആർക്കൈവൽ വിദഗ്ധർ വിലയിരുത്തുകയും യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച് സമാഹരിച്ച ചരിത്ര രേഖകൾ നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യയിലേക്ക് മാറ്റുകയും വേണം.
യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച ചരിത്ര രേഖകളുടെ സമാഹാരം, പ്രസിദ്ധീകരണത്തിനുള്ള , അംഗീകാരം എന്നീ കാര്യങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം രാജ്യരക്ഷാ മന്ത്രാലയത്തിന്റെ ചരിത്ര വിഭാഗത്തിനായിരിക്കും. രാജ്യരക്ഷാ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദേശ - ആഭ്യന്തര മന്ത്രാലയ പ്രതിനിധികൾ, സൈനികവിഭാഗങ്ങളുടെ പ്രതിനിധികൾ, സൈനിക ചരിത്രകാരന്മാർ (ആവശ്യമെങ്കിൽ) എന്നിവർ അടങ്ങിയ ഒരു സമിതിക്കായിരിക്കും യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച ചരിത്ര രേഖകളുടെ സമാഹാരണത്തിനുള്ള ചുമതല.
യുദ്ധവും സൈനിക നീക്കങ്ങളും സംബന്ധിച്ച ചരിത്ര രേഖകളുടെ സമാഹരണത്തിനും പ്രസിദ്ധീകരണത്തിനും നയത്തിൽ വ്യക്തമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. യുദ്ധവും സൈനിക നീക്കങ്ങളും പൂർത്തിയായി രണ്ട് വർഷത്തിനുള്ളിൽ മേൽ സൂചിപ്പിച്ച സമിതി രൂപീകരിക്കണം. അതിനുശേഷം, രേഖകളുടെ ശേഖരണവും സമാഹാരണവും മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കി ബന്ധപ്പെട്ട എല്ലാവർക്കുമായി നൽകണം.
പഠിച്ച പാഠങ്ങൾ വിശകലനം ചെയ്യുന്നതിനും ഭാവിയിലെ തെറ്റുകൾ ഒഴിവാക്കുന്നതിനും യുദ്ധ ചരിത്ര രചനയും, യുദ്ധരേഖകൾ രഹസ്യപ്പട്ടികയില്‍ നിന്നു നീക്കേണ്ടതും അത്യാവശ്യമാണെന്ന ശുപാർശ നൽകിയത് കെ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള കാർഗിൽ റിവ്യൂ കമ്മിറ്റിയും എൻ എൻ വോറ കമ്മിറ്റിയുമാണ്. കാർഗിൽ യുദ്ധത്തിനുശേഷം, ദേശീയ സുരക്ഷ വിലയിരുത്തിയ മന്ത്രിതല സമിതിയും ആധികാരികവും അഭിലഷണീയവുമായ യുദ്ധ ചരിത്ര രചനയെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
യുദ്ധസംബന്ധമായ ചരിത്രം സമയബന്ധിതമായി പ്രസിദ്ധീകരിക്കുന്നത് ജനങ്ങൾക്ക് സംഭവങ്ങളുടെ കൃത്യമായ വിവരണം നൽകുകയും അക്കാദമിക് ഗവേഷണത്തിന് ആവശ്യമായ ആധികാരിക വിവരങ്ങൾ ലഭ്യമാക്കുകയും അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ തടയുകയും ചെയ്യും.
I E
(Release ID: 1726867)
Visitor Counter : 284