ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19 മരണനിരക്കു സംബന്ധിച്ച കെട്ടുകഥകളും യാഥാര്‍ഥ്യവും


ഐസിഎംആര്‍ പുറപ്പെടുവിച്ച 'ഇന്ത്യയിലെ കോവിഡ്-19 അനുബന്ധ മരണങ്ങളുടെ രേഖപ്പെടുത്തല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശ'പ്രകാരമാണ് സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ കോവിഡ്-19 മരണങ്ങള്‍ രേഖപ്പെടുത്തുന്നത്

ജില്ലാ തിരിച്ചുള്ള കേസുകളും മരണങ്ങളും ദിവസേന നിരീക്ഷിക്കുന്നതിന് കരുത്തുറ്റ രേഖപ്പെടുത്തല്‍ സംവിധാനത്തിന്റെ ആവശ്യകത നിരന്തരം ഓര്‍മിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

Posted On: 12 JUN 2021 3:10PM by PIB Thiruvananthpuram

പ്രശസ്തമായ ഒരന്താരാഷ്ട്ര മാഗസിന്‍ അതിന്റെ ലേഖനത്തില്‍ കുറിച്ചത് 'ഇന്ത്യയില്‍ കോവിഡ്-19 മരണങ്ങളുടെ ഔദ്യോഗിക കണക്കിനേക്കാള്‍ അഞ്ചോ ഏഴോ മടങ്ങ് ''അധിക മരണം'' സംഭവിച്ചിട്ടുണ്ട്' എന്നാണ്. ഇത് വെറും ഊഹാപോഹമാണ്. അടിസ്ഥാനമില്ലാത്ത ആ ലേഖനം തെറ്റായ വിവരങ്ങളാണ് നല്‍കിയത്. 

ഈ ലേഖനത്തിന്റെ അടിസ്ഥാനമില്ലാത്ത വിശകലനം, എവിടെ നിന്നെങ്കിലും ലഭിച്ച വിവരങ്ങള്‍ ഊതിപ്പെരുപ്പിച്ചുള്ളതും സാംക്രമിക രോഗങ്ങളെ സംബന്ധിച്ച തെളിവുകള്‍ ഇല്ലാത്തതുമാണ്. 

അധിക മരണനിരക്കിന്റെ കണക്കായി മാഗസിന്‍ ഉപയോഗിക്കുന്ന പഠനങ്ങള്‍ ഏതെങ്കിലും രാജ്യത്തിന്റെയോ പ്രദേശത്തിന്റെയോ മരണനിരക്ക് നിര്‍ണ്ണയിക്കുന്നതിനുള്ള സാധുവായ മാര്‍ഗമായി പരിഗണിക്കാനാകില്ല.

വിര്‍ജീനിയ കോമണ്‍വെല്‍ത്ത് സര്‍വകലാശാലയിലെ ക്രിസ്റ്റഫര്‍ ലാഫ്ലര്‍ നടത്തിയ പഠനമാണ് മാസിക ''തെളിവുകള്‍'' എന്ന് ഉദ്ധരിക്കുന്നത്. പബ്‌മെഡ്, റിസര്‍ച്ച് ഗേറ്റ് മുതലായ ശാസ്ത്രീയ വിവരശേഖരത്തിലെ  ഗവേഷണ പഠനങ്ങളുടെ ഇന്റര്‍നെറ്റ് തിരയലില്‍ ഈ പഠനം ഉള്‍പ്പെടുത്തിയിട്ടില്ല. ഈ പഠനത്തിന്റെ വിശദമായ രീതി മാഗസിന്‍ നല്‍കിയിട്ടുമില്ല.


ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ അടിസ്ഥാനമാക്കി തെലങ്കാനയില്‍ നടത്തിയ പഠനമാണ് മറ്റൊരു തെളിവായി നല്‍കിയിരിക്കുന്നത്. അത്തരം പഠനത്തെക്കുറിച്ച് അവലോകനം ചെയ്ത ശാസ്ത്രീയ വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ഒന്നുകൂടി പറയട്ടെ.

വോട്ടെടുപ്പ് ഫലങ്ങള്‍ നടത്താനും പ്രവചിക്കാനും വിശകലനം ചെയ്യാനും നന്നായി അറിയുന്ന ''പ്രശ്‌നം'', ''സി-വോട്ടര്‍'' എന്നിങ്ങനെയുള്ള സംഘങ്ങള്‍ നടത്തിയ പഠനങ്ങളെ ആശ്രയിച്ചിരിക്കുകയാണ് മറ്റു രണ്ടു പഠനങ്ങള്‍. അവ ഒരിക്കലും പൊതുജനാരോഗ്യ ഗവേഷണവുമായി ബന്ധപ്പെട്ടിരുന്നില്ല. തെരഞ്ഞെടുപ്പു വിശകലനമെന്ന അവരുടെ സ്വന്തം മേഖലയില്‍ പോലും, വോട്ടെടുപ്പ് ഫലങ്ങള്‍ പ്രവചിക്കുന്ന അവരുടെ രീതികള്‍ പലപ്പോഴും ശരിയായ തരത്തില്‍ ആകാറില്ല.

അവര്‍ തന്നെ പറയുംപ്രകാരം, മാഗസിന്‍ പ്രസ്താവിക്കുന്നത്, 'അത്തരം വിശകലനങ്ങള്‍ പലപ്പോഴും വിവിധ ഇടങ്ങളില്‍ നിന്നു കിട്ടുന്നതും പലപ്പോഴും വിശ്വസനീയമല്ലാത്തതുമായ പ്രാദേശിക ഗവണ്‍മെന്റ് വിവരങ്ങളില്‍ നിന്നും കമ്പനി രേഖകളില്‍ നിന്നും മരണവാര്‍ത്തകള്‍ പോലുള്ളവയില്‍ നിന്നും മറ്റുമാണ്' എന്നാണ്.


കോവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സുതാര്യമാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ സമീപനം. മരണങ്ങളുടെ എണ്ണത്തില്‍ പൊരുത്തക്കേട് ഉണ്ടാകാതിരിക്കാന്‍ 2020 മെയ് മാസത്തില്‍, ദേശീയ വൈദ്യശാസ്ത്ര ഗവേഷണ സമിതി ശുപാര്‍ശ ചെയ്ത ഐസിഡി -10 കോഡുകള്‍ അനുസരിച്ച് എല്ലാ മരണങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നതിനായി 'ഇന്ത്യയിലെ കോവിഡ്-19 അനുബന്ധ മരണങ്ങളുടെ രേഖപ്പെടുത്തല്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശം' നല്‍കി. കോവിഡ് മരണങ്ങള്‍ തിരിച്ചറിയുന്നതിനായി ലോകാരോഗ്യ സംഘടനയുടെ ശുപാര്‍ശപ്രകാരമാണിത്. ഔപചാരിക ആശയവിനിമയങ്ങള്‍, ഒന്നിലധികം വീഡിയോ കോണ്‍ഫറന്‍സുകള്‍ എന്നിവ വഴി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും,  കേന്ദ്ര സംഘങ്ങളെ വിന്യസിച്ച്, നിര്‍ദേശങ്ങള്‍ക്കനുസൃതമായി മരണങ്ങളുടെ കൃത്യമായ രേഖപ്പെടുത്തല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 


ജില്ലാ അടിസ്ഥാനത്തിലുള്ള രോഗബാധയും മരണങ്ങളും ദിവസേന നിരീക്ഷിക്കുന്നതിന് ശക്തമായ രേഖപ്പെടുത്തല്‍ സംവിധാനത്തിന്റെ ആവശ്യകത കേന്ദ്ര ആരോഗ്യ മന്ത്രാലയം പതിവായി സൂചിപ്പിക്കുന്നതാണ്. സ്ഥിരമായി കുറഞ്ഞ നിലയില്‍ ദിവസേനയുള്ള മരണങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങള്‍ അവരുടെ വിവരങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. മരണങ്ങളുടെ എണ്ണം, തീയതി തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്, ജില്ല തിരിച്ചുള്ള കണക്കുകള്‍ സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രഗവണ്‍മെന്റ് ബിഹാര്‍ സംസ്ഥാനത്തിന് കത്തെഴുതിയിട്ടുണ്ട്.

കോവിഡ് മഹാമാരി പോലുള്ള പൊതുജനാരോഗ്യ പ്രതിസന്ധിയുടെ സമയത്ത് രേഖപ്പെടുത്തിയിരിക്കുന്ന മരണനിരക്കില്‍ എല്ലായ്‌പ്പോഴും വ്യത്യാസമുണ്ടാകുമെന്നത് അറിയപ്പെടുന്ന ഒരു വസ്തുതയാണ്. കൂടാതെ മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ അത്തരം സംഭവങ്ങള്‍ക്കു ശേഷം  വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് ലഭ്യമാകുമ്പോള്‍ മാത്രമാണ് വിശകലനം ചെയ്യാറുള്ളത്. വിവരസ്രോതസ്സുകള്‍ മരണനിരക്ക് കണക്കാക്കുന്നതിനുള്ള സാധുവായ അനുമാനങ്ങളായി നിര്‍വചിക്കപ്പെടുമ്പോള്‍ നടത്തുന്ന അത്തരം പഠനങ്ങളുടെ പ്രവര്‍ത്തനരീതികള്‍ അംഗീകരിക്കപ്പെടുന്നതുമാണ്. 


(Release ID: 1726638) Visitor Counter : 308