പ്രധാനമന്ത്രിയുടെ ഓഫീസ്
ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണം
പോസ്റ്റഡ് ഓണ്‍:
04 JUN 2021 3:26PM by PIB Thiruvananthpuram
മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരായ നിര്‍മല സീതാരാമന്‍ ജി, പിയൂഷ് ഗോയല്‍ ജി, ഡോ.ഹര്‍ഷ വര്‍ധന്‍ ജി, മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് വിജയ് രാഘവന്‍ ജി, ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സില്‍ (സിഎസ്‌ഐആര്‍) ഡയറക്ടര്‍ ജനറല്‍ ശേഖര്‍ മണ്ടേജി, ശാസ്ത്രജ്ഞരേ,സര്‍വകാശാല ഗവേഷണ വിഭാഗങ്ങളില്‍ നിന്നും വ്യവസായ മേഖലയില്‍ നിന്നുമുള്ള പ്രതിനിധികളെ,
വളരെ നിര്‍ണായകമായ ഒരു കാലഘട്ടത്തിലാണ് ഇന്ന് ഇവിടെ ശാസ്ത്ര വ്യവസായ ഗവേഷണ കൗണ്‍സിലിന്റെ സുപ്രധാന യോഗം ചേരുന്നത്. കൊറോണ മഹാമാരി ലോകത്തിനു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ആവിര്‍ഭവിച്ചിരിക്കുന്ന സമയമാണിത്. എന്നാല്‍, മനുഷ്യ രാശിക്കു മുന്നില്‍ എപ്പോഴെല്ലാം വലിയ പ്രതസന്ധികള്‍ ഉണ്ടാകുന്നുവോ അപ്പോള്‍ ശാസ്ത്രം കൂടുതല്‍ മെച്ചപ്പെട്ട ഭാവി മാര്‍ഗ്ഗങ്ങള്‍ തയാറാക്കും എന്നതിന് ചരിത്രം സാക്ഷ്യം വഹിക്കുന്നു. പ്രതിസന്ധികളില്‍ പരിഹാരമാര്‍ഗ്ഗങ്ങളും പഴുതുകളും കണ്ടെത്തുകയും പുതിയ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ശാസ്ത്രത്തിന്റെ അടിസ്ഥാന സ്വഭാവം.ഇതു തന്നെയാണ് ലോകത്തിന്റെ എല്ലാ ഭാഗത്തും ഇന്ത്യയിലും ശാസ്ത്രജ്ഞര്‍ നൂറ്റാണ്ടുകളായി നടത്തുന്നതും ഇന്നും തുടരുന്നതും. ഒരു ആശയത്തെ സിദ്ധാന്തമാക്കി വികസിപ്പിക്കുന്നതിലും, പരീക്ഷണശാലകളില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിലും അതു നടപ്പിലാക്കുന്നതിലും ഒന്നര വര്‍ഷം കൊണ്ട് അതു സമൂഹത്തിനു കൈമാറുന്നതിലും നമ്മുടെ ശാസ്ത്രജ്ഞര്‍ പ്രദര്‍ശിപ്പിച്ച തീവ്രതയും വേഗതയും അചിന്തനീയമാണ്. ഇത്ര ഭീകരമായ ദുരന്തത്തില്‍ നിന്നു മനുഷ്യരാശിയെ രക്ഷപ്പെടുത്തുന്നതിന് ഒരു പ്രതിരോധ മരുന്ന് വികസിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ജനങ്ങള്‍ക്കു നല്‍കുക എന്ന ദൗത്യം ഒരു പക്ഷെ ചരിത്രത്തില്‍ ആദ്യമായിരിക്കും. ലോകത്തിലെ മറ്റു രാജ്യങ്ങള്‍ എന്ത് ഇടപെടല്‍ നടത്തിയാലും ഇന്ത്യ അതിനായി വീണ്ടും കുറെ വര്‍ഷങ്ങള്‍ കാത്തിരിക്കും എന്നതായിരുന്നു മുന്‍ നൂറ്റാണ്ടിലെ ഇന്ത്യയുടെ അനുഭവം. എന്നാല്‍ ഇന്ന് നമ്മുടെ രാജ്യത്തെ ശാസ്ത്രജ്ഞര്‍ മനുഷ്യരാശിയെ സേവിക്കുന്നതിനായി മറ്റു രാജ്യങ്ങളുമായി തോളോടു തോള്‍ ചേര്‍ന്ന് അതെ വേഗതയില്‍ പ്രവര്‍ത്തിക്കുകയാണ്.
നമ്മുടെ ശാസ്ത്രജ്ഞര്‍ ഒരു വര്‍ഷം കൊണ്ട്്് ഇന്ത്യന്‍ നിര്‍മ്മിത കൊറോണ പ്രതിരോധ മരുന്ന് വികസിപ്പിക്കുകയും രാജ്യത്തെ ജനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്തു. കോവിഡ് പരിശോധന കിറ്റുകള്‍, മറ്റ് അവശ്യ ഉപകരണങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഒറ്റ വര്‍ഷം കൊണ്ട് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തെ സ്വയം പര്യാപ്തതയില്‍ എത്തിച്ചു. ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ കൊറോണയ്ക്ക് എതിരെ പുതിയതും ഫലപ്രദവുമായ മരുന്നുകള്‍ വികസിപ്പിക്കുകയും ഓക്‌സിജന്‍ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിന് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തകയും ചെയ്തു. നിങ്ങളുടെ ഈ സംഭാവനയും അനിതരസാധാരണമായ കഴിവും കൊണ്ടാണ് രാജ്യം ഇത്ര ബൃഹത്തായ ഒരു യുദ്ധം നടത്തുന്നത്. ഇക്കാലയളവില്‍ സിഎസ്‌ഐആറിലെ ശാസ്ത്രജ്ഞര്‍ വ്യത്യസ്ത മേഖലകളില്‍ അഭൂതപൂര്‍വമായ സംഭാവനകളാണ് കാഴ്ച്ചവച്ചിട്ടുള്ളത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും എല്ലാ ശാസ്ത്രജ്ഞര്‍ക്കും സ്ഥാപനങ്ങള്‍ക്കും വ്യവസായ സമൂഹത്തിനും രാജ്യം മുഴുവന്റെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.
സുഹൃത്തുക്കളെ,
ഏതു രാജ്യത്തായാലും വ്യവസായ സമൂഹവും വിപണിയുമായി നല്ല ബന്ധങ്ങളും സഹകരണവും ഉണ്ടാകുമ്പോഴാണ് ശാസ്ത്ര സാങ്കേതിക മേഖല പുതിയ ഉയരങ്ങള്‍ അടയാളപ്പെടുത്തുന്നത്. നമ്മുടെ രാജ്യത്ത് ശാസ്ത്രവും സമൂഹവും വ്യവസായവുമായി അതെ സംവിധാനം നിലനിര്‍ത്തുന്നതിന്
ഒരു വ്യവസ്ഥാപിത ക്രമീകരണത്തിലാണ് സിഎസ്‌ഐആര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ ഈ സ്ഥാപനം രാജ്യത്തിന് അനേകം പ്രതിഭകളെയും ശാസ്ത്രജ്ഞരെയും സംഭാവന നല്‍കിയിട്ടുണ്ട്. മഹാ ശാസ്ത്രജ്ഞനായിരുന്ന ശാന്തി സ്വരൂപ് ഭട്‌നഗര്‍ പോലുള്ളവരാണ് ഈ സ്ഥാപനത്തിന് നേതൃത്വം നല്‍കിയിട്ടുള്ളത്. ഞാന്‍ നിങ്ങളെ കാണാന്‍ വരുമ്പോഴെല്ലാം, ഒരോ സമയത്തും ഞാന്‍ ഊന്നിപ്പറയാറുള്ള ഒരു കാര്യമുണ്ട്, അതായത് ഇത്ര മഹത്തായ പൈതൃകമുള്ള ഒരു സ്ഥാപനത്തിന്റെ ഭാവി ഉത്തരവാദിത്വവും അതുപോലെ വലുതാണ് എന്ന്. ഇന്നും ഈ രാജ്യവും ഞാനും എന്തിന് മനുഷ്യരാശി പോലും ഉയര്‍ന്ന പ്രതീക്ഷ വയ്ക്കുന്നത് ശാസ്ത്രജ്ഞരിലും സാങ്കേതിക വിദഗ്ധരിലുമാണ്.
സുഹൃത്തുക്കളെ,
സിഎസ്‌ഐആറിന് അതിശക്തമായ ഒരു ഗവേഷണ സാഹചര്യവും കണ്ടുപിടുത്ത അവകാശ പത്രങ്ങളും ഉണ്ട്. രാജ്യം നേരിടുന്ന അനേകം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ന് രാജ്യത്തിന്റെ ലക്ഷ്യവും ഇവിടുത്തെ സാധാരണക്കാരുടെ സ്വപ്‌നവും 21-ാം നൂറ്റാണ്ടിന്റെ അടിത്തറയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ സിഎസ്‌ഐആര്‍ പോലുള്ള സ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളും അനന്യ സാധാരണമായിരിക്കണം. ഇന്ന് എല്ലാ മേഖലകളിലും, കൃഷി മുതല്‍ ബഹിരാകാശ നിരീക്ഷണ ശാസ്ത്രം വരെ, ദുരന്ത നിവാരണം മുതല്‍ പ്രതിരോധ സാങ്കേതിക വിദ്യ വരെ, പ്രതിരോധ മരുന്നുകള്‍ മുതല്‍ കമ്പ്യൂട്ടര്‍ ഭാവന ലോകം വരെ, ജൈവ സാങ്കേതിക വിദ്യ മുതല്‍ ബാറ്ററി സാങ്കേതിക വിദ്യ വരെ സ്വാശ്രമാകാനും, ശാക്തീകരിക്കപ്പെടാനും ഇന്ത്യ ആഗ്രഹിക്കുന്നു. സുസ്ഥിര വികസനത്തിന്റെയും ശുദ്ധമായ ഊര്‍ജ്ജത്തിന്റെയും മേഖലകളില്‍ ഇന്ത്യ ലോകത്തിനു വഴികാട്ടുകയാണ്. മറ്റു രാജ്യങ്ങളുടെ വികസനത്തിത്തെ നാം ത്വരിതപ്പെടുത്തുതയും ലോകത്തില്‍ സോഫ്റ്റ് വേര്‍ മുതല്‍ ഉപഗ്രഹങ്ങള്‍ വരെയുള്ള വികസനത്തിന് വലിയ പങ്കു വഹിക്കുകയും ചെയ്യുന്നു. അതിനാല്‍ നിലവിലുള്ളവയെക്കാള്‍ രണ്ടടി മുന്നിലായിരിക്കണം നമ്മുടെ ലക്ഷ്യങ്ങള്‍. ഈ പതിറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്കൊപ്പം വരാനിരിക്കുന്ന ദശകങ്ങള്‍ക്കു വേണ്ടിയും നാം തയാറെടുപ്പുകള്‍ നടത്തണം. ദുരന്തങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനിടെയും കൊറോണ പോലുള്ള മഹാമാരികളെ നാം അഭിമുഖീകരിക്കുന്നുണ്ട്. എന്നാല്‍ അത്തരം കൂടുതല്‍ വെല്ലുവിളികള്‍ ഭാവിയില്‍ മറഞ്ഞിരിപ്പുണ്ടാവാം. ഉദാഹരണത്തിന് ലോകമെമ്പാടുമുള്ള വിദഗ്ധര്‍ കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് എപ്പോഴും വലിയ ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഇപ്പോള്‍ മുതല്‍ നമ്മുടെ ശാസ്ത്ര സമൂഹവും സ്ഥാപനങ്ങളും ഈ ഭാവി വെല്ലുവിളി നേരിടാന്‍ തയാറെടുക്കണം. കാര്‍ബണ്‍ ബന്ധനം മുതല്‍ ഊര്‍ജ്ജ സംഭരണം ഹരിത ഹൈഡ്രജന്‍ സാങ്കേതിക വിദ്യ വരെയുമുള്ള സകല മേഖലകളുടെയും നേതൃനിരയില്‍ നാമായിരിക്കണം.
സുഹൃത്തുക്കളെ,
വ്യവസായ സമൂഹവുമായി മെച്ചപ്പെട്ട സഹകരണം ഉണ്ടാക്കുന്നതിന് നിങ്ങള്‍ പ്രത്യേക ഊന്നല്‍ നല്കി. എന്നാല്‍, സിഎസ്‌ഐആറിന്റെ റോള്‍ ഒരു പടികൂടി മുന്നിലാണ് എന്നു ഞാന്‍ പറയുന്നു. നിങ്ങള്‍ വ്യവസായത്തെയും അതു പോലെ പൊതു സമൂഹത്തെയും ഒന്നിച്ചു സ്വായത്തമാക്കണം. കഴിഞ്ഞ വര്‍ഷം ഞാന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാനും പൊതു സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്താനും അഭിപ്രായങ്ങള്‍ സ്വീകരിക്കാനും നിങ്ങള്‍ തുടങ്ങിയതില്‍ എനിക്കു സന്തോഷമുണ്ട്. രാജ്യത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസ്ഥാനത്തു വയ്ക്കുമ്പോള്‍ നിങ്ങളുടെ പരിശ്രമങ്ങള്‍ ഈ രാജ്യത്തെ കോടിക്കണക്കിനു സാധാരണക്കാരുടെ ഭാവിയെ തന്നെ മാറ്റും. ഉദാഹരണത്തിന് 2016 ല്‍ രാജ്യം ഒരു പരിമള ദൗത്യം ആരംഭിച്ചു. സിഎസ്‌ഐആര്‍ അതില്‍ സുപ്രധാന പങ്കു വഹിച്ചു. ഇന്ന് രാജ്യത്തെ ആയിരക്കണക്കിനു കൃഷിക്കാര്‍ പുഷ്പകൃഷി വഴി അവരുടെ ഭാഗധേയം തിരുത്തിയിരിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ഓരോ അടുക്കളയിലും അവിഭാജ്യ ഘടകമാണ് കായം. എന്നാല്‍ നാം അതു ഇറക്കുമതി ചെയ്യുകയായിരുന്നു. ഇക്കാര്യത്തില്‍ സിഎസ്‌ഐആര്‍ മുന്‍കൈ എടുത്തു. ഇന്ന് രാജ്യത്ത് കായം ഉത്പാദനം ആരംഭിച്ചിരിക്കുന്നു. ഇത്തരത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എത്രയോ സാധ്യതകളാണു നിങ്ങളുടെ പരീക്ഷണ ശാലയില്‍ ഉള്ളത്. പലപ്പോഴും നിങ്ങള്‍ അത്ഭുതങ്ങളാണ് പ്രവര്‍ത്തിക്കുന്നത് .അതെക്കുറിച്ച്് അറിയുമ്പോള്‍ ഗവണ്‍മെന്റും മന്ത്രിസഭയും പോലും അമ്പരന്നു പോകുന്നു. നിങ്ങളുടെ പക്കലുള്ള എല്ലാ വിവരങ്ങളും ജനങ്ങള്‍ക്കു പ്രാപ്യമാക്കണം എന്ന് എനിക്ക് ഒരു നിര്‍ദ്ദേശമുണ്ട്. സിഎസ്‌ഐആറിന്റെ ഗവേഷണങ്ങളെ കുറിച്ച് അന്വേഷിക്കുന്നവരെയും നിങ്ങളുമായി ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്നതില്‍ നിങ്ങള്‍ പ്രാധാന്യം നല്‍കണം. ഇതു നിങ്ങളുടെ ജോലിക്കും നിങ്ങളുടെ ഉത്പ്പന്നങ്ങള്‍ക്കും സഹായകരമാകും. മാത്രമല്ല സമൂഹത്തിന്റെയും വ്യവസായത്തിന്റെയും ശാസ്ത്രസമീപനം വര്‍ധിപ്പിക്കുകയും ചെയ്യും.
സുഹൃത്തുക്കളെ,
നമ്മുടെ രാജ്യം സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷിത്തിലേയ്ക്ക് അടുക്കുകയാണ്. മ കൃത്യമായ ദിശയില്‍ മുന്നേറാന്‍ ാര്‍ഗ്ഗരേഖയ്‌ക്കൊപ്പം വ്യക്തമായ തീരുമാനങ്ങളുള്ള സമയബന്ധിത പദ്ധതിയും നമ്മെ സഹായിക്കും.കൊറോണ നമ്മുടെ ഗതിവേഗം കുറച്ചിട്ടുണ്ടാവാം. പക്ഷെ, ഇന്നു നമ്മുടെ തീരുമാനം സ്വാശ്രയ ഇന്ത്യ സുശക്ത ഇന്ത്യ എന്നതാണ്. ഇന്ന് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ മുതല്‍ നവ സംരംഭങ്ങള്‍ വരെയും കൃഷി മുതല്‍ വിദ്യാഭ്യാസം മേഖല വരെയും രാജ്യത്ത് അനന്ത സാധ്യതകളാണുള്ളത്. ഈ സാധ്യതകളെ പൂര്‍ത്തീകരിക്കുന്നതിനും രാജ്യത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനും നിങ്ങള്‍ എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുക്കണം. കൊറോണ കാലത്ത് ശാസ്ത്ര സമൂഹവും വ്യവസായ സമൂഹവും അനുഷ്ടിച്ച പങ്ക് എല്ലാ മേഖലകളിലും ഇനി ആവര്‍ത്തിക്കണം. നിങ്ങളുടെ കഴിവും നിങ്ങളുടെ സ്ഥാപനത്തിന്റെ പാരമ്പര്യവും കഠിനാധ്വാനവും വഴി രാജ്യം ഈ ഘട്ടത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ നേടുമെന്നും ഇവിടുത്തെ 130 കോടിയിലധികം സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുമെന്നും എന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ ശ്രവിക്കുന്നതിന് എനിക്ക് അവസരം ലഭിച്ചു. അനുഭവങ്ങളുടെ വെളിച്ചത്തില്‍ നിങ്ങള്‍ പറയുന്നത് പ്രായോഗിക കാര്യങ്ങളാണ്. ഈ ചുമതല വഹിക്കുന്നവര്‍ നിങ്ങളുടെ നിര്‍ദ്ദേശങ്ങളും പ്രതീക്ഷകളും യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഒട്ടും വൈകില്ല. എല്ലാം ദൗത്യ രീതിയില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും. കാരണം നിങ്ങള്‍ വളരെ സമയം ചെലവഴിച്ചു കഴിഞ്ഞു.നല്ല ഒരു ആശയം എന്നത് സ്വാഭാവികമാണ്. വ്യവസ്ഥാപിത ക്രമീകരണത്തിലൂടെയും തുടര്‍ച്ചയായ പരിഷ്‌കരണത്തിലൂടെയും ഈ ബോധവത്ക്കരണത്തിന്റെ സദ്ഫലം ജനങ്ങളുമായി പങ്കു വയ്ക്കപ്പെടേണ്ടതുമുണ്ട്. നിങ്ങള്‍ക്ക് ആയുരാരോഗ്യങ്ങള്‍ ആശംസിക്കുന്നു. വളരെ നന്ദി. നമസ്‌കാരം.
***
( റിലീസ് ഐ.ഡി: 1725825)
സന്ദര്‍ശക കൗണ്ടര്‍ : 581
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada