ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

വാക്‌സിനേഷന്റെ പേരിലുള്ള കെട്ടുകഥകള്‍ പൊളിച്ചെഴുതുന്നു


കോവിന്‍ പ്രവര്‍ത്തനം സംബന്ധിച്ച വ്യാജസന്ദേശങ്ങളെ പൊളിച്ചടുക്കി കോവിഡ്-19 പ്രതിരോധത്തിനായുള്ള സാങ്കേതിക - വിവരവിശകലന ഉന്നതാധികാര സമിതി ചെയര്‍മാന്‍

അര്‍ഹരായ 17.67% ഇന്ത്യക്കാര്‍ ഇതിനകം ഒരു ഡോസ് വാക്‌സിനെങ്കിലും ലഭ്യമായി

ഒ.റ്റി.പിയും ക്യാപ്ചയും ഒഴിവാക്കാനാകില്ല: കോവിന്‍ ഹാക്ക് ചെയ്യാന്‍ കഴിയില്ല

വാക്‌സിന്റെ വിതരണം വര്‍ധിപ്പിക്കുമ്പോള്‍, കൂടുതല്‍ അവസരവും ലഭ്യമാകും

വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കുന്നതിലൂടെ, കോവിന്‍ രജിസ്‌ട്രേഷന്‍ അതിവ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു

വാക്ക്-ഇന്‍ രജിസ്‌ട്രേഷനും പ്രത്യേക വിഭാഗങ്ങള്‍ക്കായുള്ള സൗകര്യപ്രദമായ രജിസ്‌ട്രേഷനും എല്ലാ പ്രായപരിധിയിലുള്ളവര്‍ക്കും ലഭ്യമാണ്

Posted On: 29 MAY 2021 8:33PM by PIB Thiruvananthpuram

ഈ വര്‍ഷം ജനുവരി 16 മുതല്‍, ഗവണ്‍മെന്റ് കേന്ദ്രീകൃത സമീപനത്തിന് കീഴില്‍ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പു പരിപാടിക്കായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും പ്രയത്‌നങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് പിന്തുണയേകുന്നുണ്ട്. ഇന്ത്യയുടെ വിവിധ ഭൂഭാഗങ്ങളില്‍ പാര്‍ക്കുന്ന ഏറ്റവുമൊടുവിലത്തെ വ്യക്തിക്കു പോലും വാക്‌സിന്‍ ഡോസുകള്‍ സുഗമമായി ലഭിക്കുന്നതിന്, ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സര്‍വതലസ്പര്‍ശിയായ ഇടപെടലിനുവേണ്ടിയാണ് കേന്ദ്ര ഗവണ്‍മെന്റ് 'കോവിന്‍' എന്ന വേദി ഒരുക്കിയത്. 

കോവിന്‍ ഒരു ഡിജിറ്റല്‍ വേര്‍തിരിവു സൃഷ്ടിക്കുകയും ജനസംഖ്യയിലെ ചില വിഭാഗങ്ങള്‍ക്ക് പ്രയോജനപ്പെടുന്നതിനായി ഈ സംവിധാനം ഹാക്ക് ചെയ്യാന്‍ നിയമവിരുദ്ധ സംഘങ്ങള്‍ക്ക് വേദിയൊരുക്കുകയും ചെയ്യുന്നുവെന്ന് അടിസ്ഥാനരഹിതമായ ചില മാധ്യമ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സങ്കീര്‍ണതയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയുടെ അഭാവം, സ്ലോട്ടുകള്‍ കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നത്തിലേക്കും അത് പ്ലാറ്റ്‌ഫോമിന്റെ കുഴപ്പമാണെന്ന പൗരന്മാരുടെ തെറ്റായ വാദത്തിലേക്കും നയിച്ചു.

  

ഈ റിപ്പോര്‍ട്ടുകള്‍ തെറ്റാണ്, മാത്രമല്ല ഈ വിഷയത്തിലെ പൂര്‍ണവിവരങ്ങള്‍ പിന്താങ്ങുന്നുമില്ല.

  
കോവിഡ്-19 പ്രതിരോധത്തിനായുള്ള സാങ്കേതിക - വിവരവിശകലന ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ. ആര്‍. എസ്. ശര്‍മ ഇതെല്ലാം തെറ്റായ വിവരങ്ങളാണെന്നു വിശദീകരിക്കുകയും വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരികയും ചെയ്തു.

ഇന്ത്യയിലെ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സാങ്കേതിക ശക്തികേന്ദ്രമാണ് കോവിന്‍. പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയയുടെ എല്ലാ ഘടകങ്ങളും കോവിന്‍ ഉള്‍ക്കൊള്ളുന്നു. ആധികാരിക വാക്‌സിനുകളുടെ വിതരണം സാധൂകരിക്കുന്നതും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതും മുതല്‍ രജിസ്‌ട്രേഷനും പൗരന്മാര്‍ക്കു സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതും വരെയുള്ള മൂല്യശൃംഖല നിയന്ത്രിക്കുന്നത് കോവിന്‍ പ്ലാറ്റ്‌ഫോം വഴിയാണ്. സുതാര്യത ഉറപ്പാക്കുന്നതിനും വിവര അസമത്വം തടയുന്നതിനും പൊതുനയം കൈകാര്യം ചെയ്യുന്നതിനും എല്ലാ പങ്കാളികളെയും അണിനിരത്തിനുന്തിന് അത്തരമൊരു സാങ്കേതിക ഇടം എത്തരത്തില്‍ ആവശ്യമാണെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്.


കോവിന്‍ വാക്‌സിന്‍ ബുക്കിംഗ് സംവിധാനത്തെ വിമര്‍ശിക്കുന്ന ചില എഴുത്തുകാര്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ സങ്കീര്‍ണതകളെക്കുറിച്ചു പൂര്‍ണമായി മനസ്സിലാക്കിയിട്ടില്ല. തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കുന്നതിന്, രജിസ്‌ട്രേഷന് പുറമെ കോവിന്‍ വഹിക്കേണ്ട വലിയ പങ്കിനെക്കുറിച്ച് ആദ്യം നമുക്ക് അഭിസംബോധന ചെയ്യാം. ആവശ്യവും വിതരണവും സംബന്ധിച്ച നിലവിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞങ്ങള്‍ വിശദീകരിക്കും. തുടര്‍ന്ന് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്റെ ഒന്നിലധികം രീതികളും വ്യവസ്ഥകളും സൂക്ഷ്മമായി പരിശോധിച്ച്, 1.37 ബില്യണ്‍ പൗരന്മാര്‍ക്ക് സമഗ്രവും തുല്യവുമായി വാക്‌സിനേഷന്‍ നല്‍കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും പറയാം.

  

കോവിന്‍ പ്ലാറ്റ്‌ഫോമില്‍ പൗരന്മാരെ അഭിമുഖീകരിക്കാന്‍ മാത്രമല്ല, പ്രത്യക്ഷ പ്രവര്‍ത്തനങ്ങളിലും നിര്‍വഹണത്തിലും വാക്‌സിനേഷന്‍ കേന്ദ്രങ്ങളെയും  അഡ്മിനിസ്‌ട്രേറ്റര്‍മാരെയും സഹായിക്കുന്ന മൊഡ്യൂളുകളും ഉണ്ട്. വാക്‌സിനേഷന്‍ സ്ലോട്ടുകളുടെ കണ്ടെത്തലും രജിസ്‌ട്രേഷനും മഞ്ഞുമലയുടെ ദൃശ്യമായ ഒരു ചെറിയ ഭാഗം മാത്രമാണ്. ആദ്യ ഡോസിന് ശേഷം, താല്‍ക്കാലിക സര്‍ട്ടിഫിക്കറ്റ് നല്‍കി വാക്‌സിന്‍ ബ്രാന്‍ഡിനെ അടിസ്ഥാനമാക്കി വാക്‌സിനേഷന്റെ സമയക്രമം പിന്തുടരാന്‍ പൗരന്മാരെ കോവിന്‍ സഹായിക്കുന്നു. വാക്‌സിന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് അവരുടെ സമയക്രമം പാലിക്കാത്ത അല്ലെങ്കില്‍ ആവശ്യമായ വിവരങ്ങള്‍ ഇല്ലാത്തവരെ പരിശോധിക്കുന്നതിന് ഇത് സഹായിക്കുന്നു. രണ്ടാമത്തെ ഡോസിനുശേഷം സാര്‍വത്രികാംഗീകാരം ലഭിക്കുന്ന കേന്ദ്രീകൃത ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് രാജ്യത്തുടനീളം നല്‍കുന്നു.

  
വാക്‌സിന്‍ ദാതാക്കളുടെ ലഭ്യത അടിസ്ഥാനമാക്കി വാക്‌സിനേഷന്‍ സമയക്രമം പ്രസിദ്ധീകരിക്കാനും, പ്രതിരോധ കുത്തിവയ്പും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങളും (എഇഎഫ്‌ഐ) രേഖപ്പെടുത്തുമ്പോള്‍, വാക്‌സിനേഷന്‍ സമയത്ത് പൗരന്മാരുടെ വിവരങ്ങള്‍ പരിശോധിക്കാനും കോവിന്‍ സഹായിക്കുന്നു. വിവരാധിഷ്ഠിത പൊതുജനാരോഗ്യ നയ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതില്‍ എഇഎഫ്‌ഐ നിര്‍ണായകമാണ്. കൂടാതെ, വാക്‌സിനേഷന്‍ സമയത്ത്, വാക്‌സിനേഷന്‍, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കൊപ്പം വ്യക്തിയുടെ പേര്, പ്രായം, ലിംഗഭേദം എന്നിവ മാത്രമേ രേഖപ്പെടുത്തൂ. പ്രതിരോധ കുത്തിവയ്പു പരിപാടിയുടെ പരിധി വിശദമായി, ഭൂമിശാസ്ത്രപരമായ തലത്തില്‍ വിലയിരുത്തുന്നതിനും ഉറപ്പാക്കുന്നതിനും സംഭവങ്ങളുടെ ഈ വിശദാംശങ്ങള്‍ ഉപയോഗിക്കുന്നു. അത്തരം പ്രായോഗിക ആപ്ലിക്കേഷനുകളും ആവശ്യകതകളും ഉണ്ടായിരുന്നിട്ടും, ബഹുജന വിവരശേഖരണത്തിനുള്ള ഉപകരണമായി കോവിന്‍ ആക്രമിക്കപ്പെടുകയാണ്.


വാക്‌സിനേഷന്‍ സ്ലോട്ടുകളുടെ ലഭ്യതയില്ലായ്മയെക്കുറിച്ച് പരിശോധിക്കുമ്പോള്‍, ഏപ്രില്‍ 28 ന് 18 മുതല്‍ 44 വയസ്സുവരെയുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതിന് ശേഷമാണ ശബ്ദം ഉയര്‍ന്നു തുടങ്ങിയത്. ഈ പ്രായപരിധിയില്‍, വാക്‌സിനുകള്‍ക്കായുള്ള വിതരണ ആവശ്യം എത്തരത്തില്‍ കുത്തനെ വര്‍ധിച്ചുവെന്ന് അറിയുമ്പോള്‍ ആരും ആശ്ചര്യപ്പെടും. നല്‍കിയ ഡോസുകളിലേക്കുള്ള രജിസ്‌ട്രേഷന്റെ അനുപാതം 6.5:1 ആണ്; ഇത് ഒരാഴ്ച മുമ്പ് 11:1 ആയിരുന്നു. മൊത്തത്തില്‍, 244 ദശലക്ഷത്തിലധികം രജിസ്‌ട്രേഷനുകളില്‍ 167 ദശലക്ഷത്തിലധികം പേര്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും ലഭ്യമായി. (2021 മെയ് 29 വൈകുന്നേരം 7 മണിക്ക് ഡാറ്റ പ്രകാരം), ഈ കുറവ് നിലവിലെ നടപടികളെ വിശദീകരിക്കുന്നു. ഇത് കാലക്രമേണ സ്വാഭാവികമായും പരിഹരിക്കപ്പെടും. കൂടാതെ വാക്‌സിനുകളുടെ വലിയ തോതിലുള്ള വിതരണവുമുണ്ട്. 

  

1.37 ബില്യണിലധികം വരുന്ന രാജ്യത്ത് 167 ദശലക്ഷത്തിലധികം ആളുകള്‍ക്ക് കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഇത് 12.21 ശതമാനമാണ്. അഥവാ ഓരോ 8 ഇന്ത്യക്കാരിലും ഒരാള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുണ്ട്. 944.7 ദശലക്ഷത്തില്‍ 18 വയസിനുമുകളിലുള്ളവരുടെ യഥാര്‍ത്ഥത്തില്‍ ലക്ഷ്യം വയ്ക്കുന്ന ജനസംഖ്യ നോക്കുമ്പോള്‍, ഈ സംഖ്യ 17.67% അല്ലെങ്കില്‍ ഓരോ 11 ഇന്ത്യക്കാരിലും 2 ആയി ഉയരുന്നു. ഈ ഡാറ്റ കോവിന്‍ വെബ്സൈറ്റില്‍ തത്സമയ അടിസ്ഥാനത്തില്‍ അപ്ഡേറ്റുചെയ്യുന്നു. മാത്രമല്ല ഒരു സംസ്ഥാനത്തെ കണക്ക് ജില്ലാതലത്തില്‍ വരെ കൃത്യമായി എല്ലാവര്‍ക്കും കാണാനും കഴിയും.

  

കൂടാതെ, ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് പുറമെ മറ്റൊരു തരത്തിലുള്ള രജിസ്‌ട്രേഷനും ഇല്ലെന്ന് രചയിതാവ് സൂചിപ്പിക്കുന്നതായി തോന്നുന്നു. ജനുവരി മുതല്‍ വാക്‌സിനേഷന്‍ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് ഓഫ്ലൈന്‍ വാക്ക്-ഇന്നുകള്‍. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകളും ഓഫ്ലൈന്‍ വാക്ക്-ഇന്നുകളും തമ്മിലുള്ള അനുപാതം കാലാകാലങ്ങളില്‍ പരിഷ്‌ക്കരിച്ച് അമിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ക്രമസമാധാനം പാലിക്കാനും കഴിയും. വാസ്തവത്തില്‍, ഇന്നുവരെ നല്‍കിയിട്ടുള്ള 211.8 ദശലക്ഷം ഡോസുകളില്‍ 55 ശതമാനവും വാക്ക്-ഇന്നുകളിലൂടെയാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ഓഫ്ലൈന്‍ വാക്ക്-ഇന്നിനും ഇടയില്‍ ലഭ്യമാക്കിയിട്ടുള്ള സ്ലോട്ടുകളുടെ അനുപാതത്തില്‍ മാറ്റങ്ങള്‍ അനുവദിക്കാനുള്ള കഴിവിലാണ് കോവിന്റെ മികവ്. 

പുരോഗമനാത്മക സമീപനത്തിലൂടെ, സാങ്കേതിക കണ്ടെത്തലുകള്‍ സുഗമമാക്കുന്ന, പൊതുനന്മയ്ക്കായുള്ള ഒന്നായാണ് കോവിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്‍ സ്ലോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള കോവിന്‍ എപിഐകള്‍ മൂന്നാം കക്ഷി ഡെവലപ്പര്‍മാര്‍ക്ക് വിശാലമായ പ്രചാരണത്തിനായി തുറന്നിരിക്കുന്നു. ലഭ്യമായ ഓപ്പണ്‍ സ്ലോട്ടുകള്‍ കണ്ടെത്താന്‍ അവരുടെ കമ്മ്യൂണിറ്റികളെ സഹായിക്കുന്നതിന് ജാഗ്രതാ സംവിധാനങ്ങള്‍ സൃഷ്ടിക്കുന്ന ബെര്‍ട്ടി തോമസിനെപ്പോലുള്ള കോഡറുകളെക്കുറിച്ച് (തെറ്റായ വിവരങ്ങളിലൊന്നില്‍ പരാമര്‍ശിക്കുന്നത്) നമ്മള്‍ കേള്‍ക്കുമ്പോള്‍, അതുകൊണ്ടൊക്കെയാണ് സാങ്കേതികവിദ്യ വളര്‍ത്തിയെടുക്കുന്നതെന്നു കാണാം. നേരായതല്ലാത്ത വിതരണാവശ്യം കണക്കിലെടുക്കുമ്പോള്‍, അത്തരം കണ്ടുപിടിത്തങ്ങള്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തിരക്കിലാകില്ലയെന്നും വാക്‌സിനേഷന്‍ സ്ലോട്ടുകളുടെ ലഭ്യതയുണ്ടെങ്കില്‍ മാത്രമേ പൗരന്മാര്‍ വീടുവിട്ടിറങ്ങുകയുള്ളു എന്നും ഉറപ്പാക്കുന്നു. പേടിഎം അല്ലെങ്കില്‍ ടെലിഗ്രാം പോലുള്ള ആപ്ലിക്കേഷനുകള്‍ വഴി പൊതുവായി ലഭ്യമാകുകയും ജനാധിപത്യവല്‍ക്കരിക്കുകയും ചെയ്യുന്നതിനാല്‍ അത്തരം പുതുമകള്‍ ഒരു വേര്‍തിരിവു സൃഷ്ടിക്കുന്നില്ല.

വ്യക്തികളോ സംഘങ്ങളോ മുന്‍കാല അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴോ നിരപരാധികളായ പൗരന്മാരെ കബളിപ്പിക്കാന്‍ ശ്രമിക്കുമ്പോഴോ ആണ് വേര്‍തിരിവു സൃഷ്ടിക്കപ്പെടുന്നത്. 2-3 ദിവസത്തേക്ക് സ്‌ക്രിപ്റ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് അവരുടെ പ്രശ്‌നത്തിന് പരിഹാരമാണ്. പൊതുവായതും സൗജന്യവുമായ ഒരു സേവനത്തിനായി ഈ പ്രക്രിയയില്‍ പണം കൈപ്പറ്റുന്നത് കൂടുതല്‍ ആശങ്കാജനകമാണ്. ദുരിതത്തില്‍ നിന്ന് ലാഭം നേടുന്ന അത്തരം പെരുമാറ്റത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുകയും അത്തരം കോഡര്‍മാരെ പ്രശംസിക്കാതിരിക്കാനും പകരം ഈ പെരുമാറ്റരീതിയെ ചോദ്യം ചെയ്യാനും പ്രസിദ്ധീകരണങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

  

മാത്രമല്ല, മൂന്നാം കക്ഷി ഡവലപ്പര്‍മാര്‍ക്ക് കണ്ടെത്താന്‍ സഹായിക്കുന്ന എപിഐകളിലേക്ക് മാത്രമേ പ്രവേശനമുള്ളൂ. കോവിന്‍ പ്ലാറ്റ്‌ഫോം വഴി മാത്രമാണ് രജിസ്‌ട്രേഷന്‍ കേന്ദ്രീകരിക്കുന്നത്. പ്ലാറ്റ്‌ഫോം കൃത്യമായ സുരക്ഷാ പരിശോധനയ്ക്ക് വിധേയമാണ്. ഇന്നുവരെ ലംഘനങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഞങ്ങള്‍ കൃത്യമായി പറയുന്നു. ഒരു വ്യക്തിയെ സ്വപ്രേരിതമായി രജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌ക്രിപ്റ്റുകള്‍ക്ക് ഒടിപി പരിശോധനയെയും കാപ്ചയെയും മറികടക്കാന്‍ കഴിയില്ല. നിയമവിരുദ്ധമായ കോഡര്‍മാര്‍ക്ക് ബുക്കിംഗിനായി പൗരന്മാര്‍ 400 മുതല്‍ 3,000 രൂപ വരെ (യുഎസ് ഡോളര്‍ 7 മുതല്‍ 40 വരെ) പൗരന്മാര്‍ അടയ്ക്കുന്നുണ്ടെങ്കില്‍, ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകളിലൂടെ മാത്രം 90 ദശലക്ഷം വാക്‌സിനുകള്‍ സുഗമമായി നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. അത്തരം അവകാശവാദങ്ങള്‍ക്ക് തെളിവില്ല. അത്തരം വഞ്ചകര്‍ക്ക് ചെവികൊടുക്കരുതെന്ന് ഞങ്ങള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.

  

മുമ്പ് ഉണ്ടായിരുന്ന തര്‍ക്കങ്ങള്‍ക്ക് പുറമെ, ഡിജിറ്റല്‍ വേര്‍തിരിവിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചര്‍ച്ചയുമുണ്ട്. കോവിന്‍ തുല്യമായി പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളെ തകര്‍ക്കുന്നുവെന്ന് ഊന്നിപ്പറയുന്നു. പോരായ്മയുള്ളവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്, എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനായി ഞങ്ങള്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ ലളിതമാക്കി. ഭാഷാ തടസ്സങ്ങള്‍ മറികടക്കാന്‍ മോണോസിലബിക്/ഒറ്റവാക്ക് ചോദ്യങ്ങള്‍ ഉപയോഗിച്ചു. ഈ ആശങ്കയെ കൂടുതല്‍ സഹായിക്കുന്നതിന് 14 പ്രാദേശിക ഭാഷകളില്‍ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഞങ്ങള്‍ ഉടന്‍ സമാരംഭിക്കും. സൈന്‍-അപ്പുകളും രജിസ്ട്രേഷനുകളും മൊബൈല്‍ നമ്പറുകള്‍, പേര്, പ്രായം, ലിംഗഭേദം എന്നിവ മാത്രമേ ആവശ്യപ്പെടൂ. കൂടാതെ, തിരിച്ചറിയലിനായി 7 ഓപ്ഷനുകള്‍ വരെ കോവിന്‍ നല്‍കുന്നു, ആധാര്‍ മാത്രമായി പരിമിതപ്പെടുത്തുന്നില്ല.

  

ഉള്‍പ്പെടുത്തല്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന്, ഒരു പൗരന് ഒരേ മൊബൈല്‍ നമ്പറില്‍ നിന്ന് 4 വ്യക്തികളെ വരെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഗ്രാമീണ പൗരന്മാരെ രജിസ്‌ട്രേഷനായി സഹായിക്കുന്നതിന് ഞങ്ങള്‍ 250,000ലേറെ കമ്മ്യൂണിറ്റി സേവന കേന്ദ്രങ്ങള്‍ (സിഎസ്സി) സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, ഫോണ്‍ കോളുകളിലൂടെ സൈന്‍ അപ്പ് ചെയ്യാന്‍ വ്യക്തികളെ സഹായിക്കുന്നതിന് ഞങ്ങള്‍ എന്‍എച്ച്എയില്‍ (ദേശീയ ആരോഗ്യ അതോറിറ്റി) കോള്‍ സെന്ററുകള്‍ ആരംഭിക്കാനുളള നീക്കത്തിലാണ്.  മുമ്പ് സൂചിപ്പിച്ചതുപോലെ, ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഓഫ്ലൈന്‍ വാക്ക്-ഇന്നുകള്‍ എല്ലായ്‌പ്പോഴും ഉണ്ടായിരിക്കും, ഓഫ്ലൈന്‍ വാക്ക്-ഇന്നുകളിലൂടെ നല്‍കുന്ന 110 ദശലക്ഷത്തിലേറെ ഡോസുകളില്‍ നിന്ന് ഇത് വ്യക്തമാണ്.

  

ഞങ്ങളുടെ ശ്രമങ്ങളില്‍ നിന്നുള്ള വിവരങ്ങളെടുത്ത്, നൈജീരിയ പോലുള്ള ജനസാന്ദ്രതയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളും തുല്യമായ ഭൂമിശാസ്ത്രപരമായ പരിധി നിരീക്ഷിക്കുന്നതിനായി അവരുടെ വാക്‌സിനേഷന്‍ പരിപാടി  ഡിജിറ്റലാക്കുന്നതിന് ഞങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്. അത്തരം രാജ്യങ്ങള്‍ നേരിടുന്ന വിതരണ വെല്ലുവിളികള്‍ ഇന്ത്യയുടേതിന് സമാനമാണ്. അതിനാല്‍ ഡിജിറ്റല്‍ സാധ്യത മാത്രമാണ് മുന്നിലുള്ളതെന്ന് അവര്‍ മനസ്സിലാക്കുന്നു.

  

അവസാനമായി, വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷനായി കൂടുതല്‍ ഫലപ്രദമായ ഒരു സംവിധാനം നിര്‍മ്മിക്കുന്നതിന് മറ്റു പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രചയിതാവ് ശ്രമിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. വിനാശകരമായ വിമര്‍ശനം പുരോഗതിയിലേക്കോ പരിണാമത്തിലേക്കോ അല്ല, നാശത്തിലേക്കാണ്  വഴിയൊരുക്കുന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളോട് കൂടുതല്‍ അടുപ്പം കാണിക്കുന്ന ഒരു രാജ്യത്തിന്, വിവര അസമത്വത്തെ മറികടക്കുന്നതിനും എല്ലാവര്‍ക്കും തുല്യമായ വാക്‌സിനേഷന്‍ പ്രവേശനം ഉറപ്പാക്കുന്നതിനും ആവശ്യമായ സാങ്കേതിക ശക്തികേന്ദ്രമായാണ് കാവിന്‍ പ്രവര്‍ത്തിക്കുന്നത്.



(Release ID: 1722804) Visitor Counter : 282