സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓരോ ട്രാന്‍സ്‌ജെന്‍ഡർ വ്യക്തിക്ക് ഗവണ്‍മെന്റ് 1,500 രൂപയുടെ സഹായം നല്‍കും


ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികളുടെ മാനസികാരോഗ്യ പരിരക്ഷയ്ക്കായി പുതിയ ഹെല്‍പ്പ്‌ലൈന്‍ നമ്പരായ 8882133897 ആരംഭിച്ചു

Posted On: 24 MAY 2021 4:37PM by PIB Thiruvananthpuram

രാജ്യം കോവിഡ്-19 മായി യുദ്ധം ചെയ്യുമ്പോള്‍, പ്രധാനമായും ഉപജീവനമാര്‍ഗ്ഗത്തം ഗൗരവമായി തടസപ്പെട്ടതുമൂലം  ട്രാന്‍സ്‌ജെന്‍ഡര്‍   സമൂഹത്തിലെ  അംഗങ്ങളെ അത് മോശമായി ബാധിച്ചിട്ടുണ്ട്്. രാജ്യത്തെ നിലവിലെ സ്ഥിതി പാര്‍ശ്വവത്കരിക്കപ്പെട്ട ഈ സമൂഹത്തെ കടുത്ത ദുരിതത്തിലേക്കും ഭക്ഷണം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളുടെ കടുത്ത ക്ഷാമത്തിലേക്കും നയിക്കുകയാണ്.

 ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്കുള്ള ഉപജീവന അലവന്‍സ്

നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഗവണ്‍മെന്റ് സഹായവും പിന്തുണയും ആവശ്യപ്പെട്ടുകൊണ്ട്  ട്രാന്‍സ്‌ജെന്‍ഡർ  സമൂഹത്തിലെ അംഗങ്ങളുടെ വേദനാജനകമായ ഫോണുകളും ഇ-മെയിലുകളും ലഭിക്കുന്നുണ്ട്. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടിയന്തിരമായി  ഓരോ ട്രാന്‍സ്‌ജെന്‍ഡർ വ്യക്തിക്കും   1,500 രൂപയുടെ ഉപജീവന അലവന്‍സ് നല്‍കാനായി ട്രാന്‍സ്‌ജെന്‍ഡർ ക്ഷേമത്തിനായുള്ള   നോഡല്‍ മന്ത്രാലയമായ സാമൂഹികക്ഷേമവും ശാക്തീകരണവും മന്ത്രാലയം തീരുമാനിച്ചു.

ഈ സാമ്പത്തിക സഹായം ട്രാന്‍സ്‌ജെന്‍ഡർ  സമൂഹത്തെ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കും. ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്ക്  വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവൺമെന്റിതര  സംഘടനകളോടും,  സാമൂഹ്യ സംഘടനകളോടും     ഈ നടപടിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അപേക്ഷിക്കേണ്ട  വിധം

 ഏതൊരു ട്രാന്‍സ്‌ജെന്‍ഡർ  വ്യക്തിക്കും അല്ലെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡർ  വ്യക്തികള്‍ക്ക് വേണ്ടി സി.ബി.ഒകള്‍ക്കും അടിസ്ഥാന വിശദാംശങ്ങളായ, ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ  https://forms.gle/H3BcREPCy3nG6TpH7    ലെ ഫോമില്‍ നല്‍കിയശേഷം സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാം. സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ദേശീയ സാമൂഹിക പ്രതിരോധ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ഡിഫന്‍സിന്റെ ) വെബ്‌സൈറ്റില്‍ ഈ ഫോം ലഭ്യമാണ്. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരമാവധി ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ഈ ഫോം എന്‍.ജി.ഒകളുടെയും സി.ബി.ഒകളുടെയും സഹായത്തോടെ സാമൂഹികമാധ്യമങ്ങളിലും പ്രചരിപ്പിക്കും.
കഴിഞ്ഞവര്‍ഷത്തെ ലോക്ക്ഡൗണ്‍ സമയത്തും ട്രാന്‍സ്‌ജെന്‍ഡർ  വ്യക്തികൾക്ക് സമാനമായ സാമ്പത്തിക സഹായവും റേഷന്‍ കിറ്റുകളും മന്ത്രാലയം നല്‍കിയിരുന്നു.രാജ്യത്താകമാനമുള്ള 7000 ഭിന്നലിംഗക്കാര്‍ക്കായി മൊത്തം 98.50 ലക്ഷം രൂപയുടെ സഹായമാണ് ചെയ്തത്.

കൗണ്‍സിലിംഗ് സേവനങ്ങളുടെ ഹെല്‍പ്പ്‌ലൈന്‍

മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന ആളുകള്‍ ചുറ്റുമുണ്ടാകുന്ന ദൂഷണം കാരണം സഹായം തേടുന്നതിന് അത്ര താല്‍പര്യം പ്രകടിപ്പിക്കാറില്ല. നിലവിലെ മഹാമാരി സാഹചര്യം കാരണം ദുരിതത്തിലായ ട്രാന്‍സ്‌ജെന്‍ഡർ  വ്യക്തികളുടെ  മാനസിക പിന്തുണയ്ക്കും മാനസികാരോഗ്യ സംരക്ഷണത്തിനുമായി ഒരു സൗജന്യ ഹെല്‍പ്പ് ലൈനും സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
8882133897 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ ഏത് ട്രാന്‍സ്‌ജെന്‍ഡർ   വ്യക്തിക്കും വിദഗ്ധരുമായി ബന്ധപ്പെടാനാകും.

തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ 11 മുതല്‍ 1 വരെയും ഉച്ചകഴിഞ്ഞ് 3 മുതല്‍ 5 വരെയും ഈ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കും. അവരുടെ മാനസികാരോഗ്യത്തിനായി ഈ ഹെല്‍പ്പ് ലൈനിലൂടെ പ്രൊഫഷണല്‍ മാനസികരോഗവിദഗ്ധര്‍  കൗണ്‍സിലിംഗ് സേവനങ്ങള്‍ നല്‍കും.

ട്രാന്‍സ്‌ജെന്‍ഡർ   വ്യക്തികളുടെ  വാക്‌സിനേഷന്‍

നിലവിലെ കോവിഡ്/വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡർ   വ്യക്തികളോട്  ഒരുതരത്തിലുള്ള വിവേചനവും കാണിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് എല്ലാ സംസ്ഥാനങ്ങളിലെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്ക് മന്ത്രാലയം ഒരു കത്ത് എഴുതിയിട്ടുമുണ്ട്. വാക്‌സിനേഷന്‍ പ്രക്രിയകളെക്കുറിച്ച് ട്രാന്‍സ്‌ജെന്‍ഡർ സമൂഹത്തിനെ അറിയിക്കുന്നതും അവരില്‍ അവബോധം വളര്‍ത്തുന്നതും ഉറപ്പാക്കുന്നതിന് വിവിധ പ്രാദേശിക ഭാഷകളിലൂടെ അവരെ സമീപിക്കണമെന്നും പ്രത്യേക ബോധവല്‍ക്കരണ യജ്ഞങ്ങള്‍ സംഘടിപ്പിക്കണണെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹരിയാന, ആസം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഏറ്റെടുത്തതുപോലെ ട്രാന്‍സ്‌ജെന്‍ഡർ വ്യക്തികൾക്കായി പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളോ അല്ലെങ്കില്‍ ബൂത്തുകളോ സംഘടിപ്പിക്കാനുള്ള അഭ്യര്‍ത്ഥനയും സംസ്ഥാനങ്ങള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്.

 

***



(Release ID: 1721377) Visitor Counter : 287