ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ്-19നെതിരായ പൊതുജനാരോഗ്യ പ്രതികരണപ്രവര്‍ത്തനങ്ങളും 9 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ വാക്‌സിനേഷന്‍ പുരോഗതിയും ഡോ: ഹര്‍ഷ്‌വര്‍ദ്ധന്‍ അവലോകനം ചെയ്തു.


''തുടര്‍ച്ചയായി കഴിഞ്ഞ എട്ടുദിവസവും രോഗബാധിതരെ രോഗമുക്തര്‍ മറികടക്കുന്നു''

വരും മാസങ്ങളില്‍ വാക്‌സിന്‍ ലഭ്യതയില്‍ ക്രമാതീതമായ വര്‍ദ്ധന സാക്ഷ്യപ്പെടും: ഡോ: ഹര്‍ഷ്‌വര്‍ദ്ധന്‍

''വാക്‌സിനേഷന്‍ വര്‍ദ്ധിപ്പിക്കണം; രണ്ടാമത്തെ ഡോസിന് മുന്‍ഗണന നല്‍കണം''

കോവിഡ്-19നെതിരായ പോരാട്ടത്തില്‍ പരിശോധന, കണ്ടെത്തല്‍, ചികിത്സ വാക്‌സിനേഷന്‍ എന്നിവയില്‍ ആരോഗ്യമന്ത്രി ഊന്നല്‍ നല്‍കി.

Posted On: 21 MAY 2021 6:40PM by PIB Thiruvananthpuram

കോവിഡ് -19 നുള്ള പൊതുജനാരോഗ്യ പ്രതികരണവും 9 സംസ്ഥാനങ്ങള്‍ / കേന്ദ്രഭരണപ്രദേശങ്ങളിലെ വാക്‌സിനേഷന്റെ പുരോഗതിയും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ അവലോകനം ചെയ്തു. ഛത്തീസ്ഗഡ്, ഗോവ, ഹിമാചല്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരുമായും ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ / ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ഡിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരുമായും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബിയുടെ സാന്നിധ്യത്തില്‍ അദ്ദേഹം ആശയവിനിമയം നടത്തി.


ഛത്തീസ്ഗ വ ിലെ ആരോഗ്യമന്ത്രി ടി.എസ്. സിംഗ് ദിയോ; ഹിമാചല്‍ പ്രദേശ് ആരോഗ്യമന്ത്രി രാജീവ് സൈസല്‍, ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത് പ്രതാപ് സിംഗ് റാണെ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ ലഫ്റ്റനന്റ് ഗവര്‍ണര്‍ അഡ്മിറല്‍ ഡി. കെ. ജോഷി, ചണ്ഡിഗഡ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍ ഗുപ്ത, സംസ്ഥാന/ കേന്ദ്രഭരണപ്രദേശങ്ങളിലെ മറ്റ് പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ യോഗത്തില്‍ വെര്‍ച്ച്വലായി പങ്കെടുത്തു.
രാജ്യത്ത് ഇപ്പോള്‍ 30,27,925 സജീവ കേസുകളുണ്ടെന്ന് കോവിഡ്-19 സാഹചര്യങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ഡോ.ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,57,295 കോവിഡ് രോഗികള്‍ സുഖം പ്രാപിക്കുകയും 87.25%ത്തിന്റെ സുഖംപ്രാപിക്കല്‍ നിരക്ക് നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ച്ചയായി കഴിഞ്ഞ 8 ദിവസങ്ങളായി ദിവസേനയുള്ള രോഗമുക്തി പുതിയ കോവിഡ് കേസുകളേക്കാള്‍ കൂടുതലാണെന്നതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. കഴിഞ്ഞ 5 ദിവസമായി ഇന്ത്യയില്‍ 3 ലക്ഷത്തില്‍ താഴെ കേസുകളാണുണ്ടാകുന്നത്. എക്കാലത്തേയും ഉയര്‍ന്ന 20,61,683 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ നടത്തിയതെന്നും എല്ലാം കൂട്ടിയാല്‍ 3,30,00,000 നെക്കാള്‍ കൂടുതല്‍ പരിശോധനകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്കായി 19,18,89,503 വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ടെന്ന് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ നിര്‍ണായകമായ പ്രാധാന്യത്തില്‍ അടിവരയിട്ടുകൊണ്ട് മന്ത്രി എടുത്തുപറഞ്ഞു. രാജ്യത്ത് വാക്‌സിന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിനായി വാക്‌സിന്‍ നിര്‍മ്മാതാക്കളെ പിന്തുണയ്ക്കുന്നതിനുള്ള സജീവമായ പ്രക്രിയയിലാണ് ഗവണ്‍മെന്റെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്നുള്ള മാസങ്ങളില്‍ രാജ്യത്ത് വാക്‌സിനുകളുടെ ഉല്‍പ്പാദനത്തില്‍ ക്രമാതീതമായ വര്‍ദ്ധനയുണ്ടാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ''2021 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇന്ത്യ 216 കോടി വാക്‌സിന്‍ ഡോസുകള്‍ സംഭരിക്കുമെന്നും ഈ വര്‍ഷം ജൂലൈയില്‍ 51 കോടി ഡോസുകള്‍ സംഭരിക്കുമെന്നും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനത്തോടെ കുറഞ്ഞപക്ഷം മുതിര്‍ന്നവര്‍ക്കെല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാനാകുന്ന അവസ്ഥയിലാകും രാജ്യമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു.
ബ്ലാക്ക് ഫംഗസ്(മ്യൂകോര്‍മൈക്കോസിസ്) പ്രശ്‌നം ഉയര്‍ത്തിക്കാട്ടികൊണ്ട്, എല്ലാ സംസ്ഥാനങ്ങളോടും/ കേന്ദ്രഭരണപ്രദേശങ്ങളോടും ഇതിനെ ഒരു പകര്‍ച്ചവ്യാധിയായി വിജ്ഞാപനം ചെയ്യാനും ബ്ലാക്ക്ഫംഗസ് കേസുകളെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഡോ: ഹര്‍ഷ്‌വര്‍ദ്ധന്‍ അറിയിച്ചു. പ്രമേഹ നിയന്ത്രണത്തെയും സ്‌റ്റേറോയിഡുകളുടെ നിയന്ത്രിത ഉപയോഗത്തെക്കുറിച്ചും ആവശ്യമായ എല്ലാ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെല്ലാം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഭാവിയില്‍ വൈറസിന് രൂപാന്തരമുണ്ടാകുകയും അത് കുട്ടികളെ അപകടത്തിലാക്കുകയും ചെയ്യുമെന്ന ഊഹാപോഹങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇത്തരത്തിലുള്ള ഏത് അടിയന്തിരസ്ഥിതിയേയും നേരിടാന്‍ ആരോഗ്യ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
എല്ലാ സംസ്ഥാനങ്ങളിലെയും/കേന്ദ്രഭരണപ്രദേശങ്ങളിലേയും കോവിഡ് അവസ്ഥയെക്കുറിച്ച് ഒരു ചിത്രം ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ അവതരിപ്പിച്ചു. 2021 മാര്‍ച്ച് മുതല്‍ ഛത്തീസ്ഗഡില്‍ തീവ്രമായ രോഗവ്യാപനം നടക്കുന്നുണ്ട്. മെയ് ആദ്യത്തില്‍ സംസ്ഥാനത്തിന്റെ പോസിറ്റിവിറ്റി നിരക്ക് ഏകദേശം 30% മായിരുന്നു. ഹിമാചല്‍ പ്രദേശില്‍ 35,000 ല്‍ അധികം സജീവ കേസുകളുണ്ട്, അതേസമയം മരണനിരക്ക് (1.44%) ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. വിവാഹങ്ങള്‍, അതിതീവ്രവ്യാപനത്തിനുള്ള മറ്റ് പരിപാടികള്‍ എന്നിവപോലുള്ള അലംഭാവങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ കേസുകള്‍ കുത്തനെ ഉയരുന്നതിന് കാരണമായതെന്നതില്‍ ഡോ. ഹര്‍ഷ്‌വര്‍ദ്ധന്‍ അടിവരയിട്ടു. 22,000 സജീവ കേസുകളുമായി ഗോവ ഒരു വര്‍ദ്ധനപ്രവണത കാണിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 366 സജീവ കേസുകളുള്ള ദാമനും ഡിയുവും, രോഗംകുറയുന്ന പ്രവണത കാണിക്കുകയാണ്. അതുപോലെ 1,500 സജീവ കേസുകളുള്ള ലഡാക്കും രോഗംകുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യത്ത് ഉയര്‍ന്നുവരുന്ന പുതിയ പ്രവണതയെക്കുറിച്ച് ഡോ. ഹര്‍ഷ് വര്‍ദ്ധന്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ ചെറിയ സംസ്ഥാനങ്ങള്‍ വര്‍ദ്ധിക്കുന്ന പ്രവണത കാണിക്കുന്നുണ്ടെന്നും അതീവ ജാഗ്രത പാലിക്കേണ്ടതാവശ്യമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്നതിന് കോവിഡ് ഉചിത പെരുമാറ്റ അടിസ്ഥാന തത്വങ്ങള്‍ക്കൊപ്പം പരിശോധന, ട്രാക്കിംഗ്, കണ്ടെത്തല്‍, ചികിത്സ, ഇപ്പോള്‍ വാക്‌സിനേഷന്‍ എന്നിവ പിന്തുടരാന്‍ അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. വാക്‌സിനേഷന്‍ വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 70 ശതമാനം വാക്‌സിനുകളും രണ്ടാം ഡോസിനായി നീക്കിവയ്‌ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു. വാക്‌സിന്‍നഷ്ടപ്പെടുത്തലുകള്‍(ലീക്കേജ്)ക്കെതിരെ ജാഗ്രത പാലിക്കാനും അദ്ദേഹം സംസ്ഥാനങ്ങളോടും/കേന്ദ്ര ഭരണപ്രദേശങ്ങളോടും നിര്‍ദ്ദേശിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ശ്രീ അശ്വനി കുമാര്‍ ചൗബേ, എന്‍.സി.ഡി.സി ഡയറക്ടര്‍ ശ്രീ സുജീത് കുമാര്‍ സിംഗ്, അഡീഷണല്‍ സെക്രട്ടറിയും (ഹെല്‍ത്ത്), എന്‍.എച്ച്.എം ഡയറക്ടറുമായ മിസിസ് വന്ദനാ ഗുര്‍നാനി, ജോയിന്റ് സെക്രട്ടറി (ആരോഗ്യ) ശ്രീ ലവ് അഗര്‍വാള്‍, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ: സുജീത് കെ. സിംഗ്, മറ്റ് മുതിര്‍ന്ന ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

***



(Release ID: 1720774) Visitor Counter : 181