ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ദേശീയ വിദഗ്ദ്ധ സംഘത്തിന്റെ പുതിയ ശുപാർശകൾ;കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ്, അസുഖം ഭേദമായി 3 മാസത്തിന് ശേഷം മതിയാകും.

Posted On: 19 MAY 2021 4:17PM by PIB Thiruvananthpuram

 



ന്യൂഡൽഹി, മെയ് 19 , 2021


കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നിരീക്ഷിക്കാൻ രൂപീകരിച്ച ദേശീയ വിദഗ്ദ്ധ സംഘം (NEGVAC) കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനെ സംബന്ധിക്കുന്ന പുതിയ ശുപാർശകൾ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് സമർപ്പിച്ചു. കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട് ഉരുത്തിരിയുന്ന പുതിയ സാഹചര്യങ്ങളും ആഗോളതലത്തിൽ ലഭ്യമായ ശാസ്ത്രീയ തെളിവുകളും അനുഭവങ്ങളും അടിസ്ഥാനമാക്കിയാണ് ശുപാർശകൾ.

ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പ് നീട്ടി വയ്ക്കാവുന്നതാണ് :

i. ലാബ് പരിശോധനയിലൂടെ കോവിഡ് വൈറസ് ബാധ (SARS-2 COVID-19) സ്ഥിരീകരിക്കപ്പെട്ട വ്യക്തികൾ, സുഖം പ്രാപിച്ച് 3 മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ മതിയാകും.

ii. ആന്റി-സാർസ് -2 മോണോക്ലോണൽ ആന്റിബോഡി അല്ലെങ്കിൽ പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായ കോവിഡ് രോഗ ബാധിതർ സുഖം പ്രാപിച്ച് ആശുപത്രി വിട്ട തീയതി മുതൽ 3 മാസത്തിന് ശേഷം പ്രതിരോധ കുത്തിവയ്പ്പ് എടുത്താൽ മതിയാകും.

iii. ഒന്നാം ഡോസ്‌ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയും രണ്ടാം ഡോസ് എടുക്കുന്നതിനു മുൻപ് കോവിഡ് ബാധിക്കുകയും ചെയ്ത വ്യക്തികൾ, സുഖം പ്രാപിച്ച് 3 മാസത്തിന് ശേഷം രണ്ടാമത്തെ ഡോസ്എടുത്താൽ മതിയാകും.

iv. ആശുപത്രി പരിചരണമോ ഐസിയു പരിചരണമോ ആവശ്യമുള്ള മറ്റേതെങ്കിലും ഗുരുതരമായ രോഗമുള്ളവർ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിന് മുൻപ് 4-8 ആഴ്ച വരെ കാത്തിരിക്കണം.

കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷവും, കോവിഡ് 19 ബാധിച്ചയാളാണെങ്കിൽ RT-PCR പരിശോധന നെഗറ്റീവ് ആയ ശേഷവും, ഒരു വ്യക്തിക്ക് രക്തം ദാനം ചെയ്യാവുന്നതാണ്.

മുലയൂട്ടുന്ന എല്ലാ അമ്മമാരും കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് ശുപാർശ ചെയ്യുന്നു.

കോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിന് മുമ്പ് ദ്രുത ആന്റിജൻ പരിശോധന (RAT) വഴി വാക്സിൻ സ്വീകർത്താക്കളെ സ്ക്രീനിംഗ് നടത്തേണ്ട ആവശ്യമില്ല.

ഈ ശുപാർശകൾ ശ്രദ്ധിയിൽപ്പെടുത്താനും, അവ ഫലപ്രദമായി നടപ്പാക്കാനും പ്രചരിപ്പിക്കാനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് കത്തെഴുതിയിട്ടുണ്ട്.
 
IE/SKY
 
****

(Release ID: 1719974)