ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം 18,15,325 സെഷനുകളിലായി 12,26,22,590 വാക്സിൻ ഡോസുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. 12 കോടി ഡോസുകൾ വിതരണം ചെയ്യാൻ 92 ദിവസം മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി വന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഈ നേട്ടം സ്വന്തമാക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇത്രയും ഡോസുകൾ വിതരണം ചെയ്യാൻ യുഎസിന് 97 ദിവസവും, ചൈനയ്ക്ക് 108 ദിവസവുമാണ് വേണ്ടിവന്നത്.
വാക്സിൻ വിതരണത്തിന്റെ തൊണ്ണൂറ്റി രണ്ടാം ദിവസം ആയ 2021 ഏപ്രിൽ 17-ന് 26,84,956 ഡോസ് വാക്സിൻ ആണ് വിതരണം ചെയ്തത്.
അതിനിടെ, രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്.
മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, ചത്തീസ്ഗഡ്, കർണാടക, മധ്യപ്രദേശ്, കേരളം, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിലാണ് പുതുതായി രജിസ്റ്റർ ചെയ്യപ്പെട്ട 78.56% കേസുകളും. 67,123 പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പുതിയ കേസുകൾ.
കഴിഞ്ഞ 12 ദിവസത്തെ പ്രതിദിന രോഗ സ്ഥിരീകരണ നിരക്ക് 8 ശതമാനത്തിൽനിന്ന് 16.69 ശതമാനമായി, ഇരട്ടി ആയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ദേശീയ പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് 3.05 ശതമാനത്തിൽ നിന്നും 13.54 ശതമാനമായും ഉയർന്നു. പ്രതിവാര രോഗ സ്ഥിരീകരണ നിരക്ക് ഏറ്റവും കൂടുതൽ ഛത്തീസ്ഗഡിൽ ആണ് (30.38%).
അതിനിടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 18,01,316 ആയി. ഇത് ആകെ രോഗബാധിതരുടെ 12.18 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടിയത് 1,28,09,643 പേരാണ്. 86.62 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,38,423 പേർക്ക് രോഗം ഭേദമായി.
1501 കോവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 82.94 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. 419 പേർ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്.