രാജ്യരക്ഷാ മന്ത്രാലയം
ഭാവിയിലെ ഭീഷണികളെ നേരിടാനുള്ള ദീർഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Posted On:
15 APR 2021 4:15PM by PIB Thiruvananthpuram
ഭാവിയിലെ ഭീഷണികളെ നേരിടാൻ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യോമസേനാ കമാൻഡർമാരെ ആഹ്വാനം ചെയ്തു. കിഴക്കൻ ലഡാക്കിലെ പെട്ടെന്നുള്ള സംഭവവികാസങ്ങളോട് സമയബന്ധിതവും ഉചിതവുമായ പ്രതികരണം ഉറപ്പാക്കിയതിന് അദ്ദേഹം വ്യോമസേനയെ അഭിനന്ദിച്ചു. ന്യൂ ഡൽഹിയിൽ വ്യോമസേനാ ആസ്ഥാനത്തു് ഇന്ന് നടന്ന വ്യോമസേന കമാൻഡർമാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മഹാമാരിയെക്കുറിച്ച് സംസാരിക്കവെ മറ്റ് ഗവണ്മെന്റ് ഏജൻസികളെ അവരുടെ ചുമതലയിൽ സഹായിക്കുന്നതിൽ വ്യോമസേന വഹിച്ച പങ്കിനെ ശ്രീ. രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ ‘സ്വാശ്രയത്വം’ എന്ന കാഴ്ചപ്പാട് ആവർത്തിച്ചുകൊണ്ട്, പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിൽ ആത്മനിർഭരതയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. തദ്ദേശീയ പ്രതിരോധ ഉൽപാദനത്തിലും വിമാന പരിപാലനത്തിലും കൂടുതൽ മികച്ച ഫലങ്ങൾ നേടുന്നതിനുള്ള ശ്രമങ്ങൾ തുടരണമെന്ന് അദ്ദേഹം കമാൻഡർമാരോട് ആവശ്യപ്പെട്ടു.
തദ്ദേശീയ വ്യവസായത്തിനുള്ള വ്യോമസേനയുടെ പിന്തുണ ഈ മേഖലയിലെ എംഎസ്‌എംഇകളുടെ വികസനത്തിന് കാരണമാകും, അത് രാജ്യത്തിന്റെ സ്വാശ്രയത്വത്തിനും സാമൂഹിക-സാമ്പത്തിക വികസനത്തിനും ഒരേസമയം സഹായിക്കുമെന്നു പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
സംയോജിത കമാൻഡേഴ്‌സ് കോൺഫറൻസിൽ പ്രധാനമന്ത്രി നൽകിയ എല്ലാ നിർദ്ദേശങ്ങളും നടപ്പാക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സംയോജന പ്രക്രിയ, സംയുക്ത ലോജിസ്റ്റിക് പദ്ധതി നടപ്പിലാക്കൽ, സംയുക്ത ആസൂത്രണ, പ്രവർത്തന മേഖലകളിൽ ഏകോപനം വർദ്ധിപ്പിക്കുന്നതിന് തുടർന്നും പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ശക്തവും തന്ത്രപ്രധാനവുമായ എയ്‌റോസ്‌പേസ് ഫോഴ്‌സ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിരോധ മന്ത്രാലയത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സമ്മേളനത്തിൽ എടുത്ത സുപ്രധാന തീരുമാനങ്ങൾ വ്യോമസേനയുടെ പോരാട്ട സാധ്യത വർദ്ധിപ്പിക്കുമെന്ന് രാജ്യ രക്ഷാ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സമ്മേളനം നാളെ സമാപിക്കും. നിലവിലെ പോരാട്ട ശേഷി ശക്തിപ്പെടുത്തുന്നതിന്റെ നിലയും വ്യോമസേനയെ ഭാവിയിൽ സുസജ്ജമായ പോരാട്ട സേനയാക്കാനുള്ള കർമപദ്ധതിയും പരിശോധിക്കും. എല്ലാ മേഖലകളിലും കൂടുതൽ കാര്യക്ഷമമായ പ്രക്രിയകൾ ഉറപ്പുവരുത്തുന്നതിനുള്ള സംവിധാനങ്ങൾ, പരിഷ്കാരങ്ങൾ, പുന സംഘടന എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രവർത്തന പരിശീലനവും ചർച്ച ചെയ്യും.
(Release ID: 1712050)
Visitor Counter : 282