പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യത്തെ കോവിഡ് 19 മഹാമാരി സാഹചര്യവും വാക്‌സിനേഷന്‍ പരിപാടിയും അവലോകനം ചെയ്ത് പ്രധാനമന്ത്രി

Posted On: 04 APR 2021 5:05PM by PIB Thiruvananthpuram

രാജ്യത്തെ കോവിഡ് -19 മഹാമാരിയുടെ സാഹചര്യവും വാക്‌സിനേഷന്‍ പരിപാടിയും അവലോകനം ചെയ്യുന്നതിനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു.

കോവിഡ് 19 ന്റെ സുസ്ഥിര കൈകര്യം ചെയ്യലിനായി, സമൂഹത്തിനുള്ള അവബോധവും അതിന്റെ പങ്കാളിത്തവും പരമപ്രധാനമാണെന്നും കോവിഡ് 19 കൈകാര്യം ചെയ്യുന്നതിന് ജന പങ്കാളിത്തവും  ജനകീയ പങ്കാളിത്തവും  തുടരേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അതീവ ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും നടപ്പിലാക്കിയാല്‍ പരിശോധന, കണ്ടെത്തല്‍, ചികിത്സ, കോവിഡ് അനുസൃത ശീലങ്ങള്‍, പ്രതിരോധ കുത്തിവയ്പ്പ് എന്നീ അഞ്ചിന നയം മഹാമാരിയുടെ വ്യാപനത്തെ തടയുന്നതില്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖാവരണത്തിന്റെ 100 ശതമാനം ഉപയോഗം, വ്യക്തിഗത ശുചിത്വം, പൊതുസ്ഥലങ്ങളിലെ/ജോലിസ്ഥലങ്ങളിലെ ശുചീകരണം, ആരോഗ്യ സൗകര്യങ്ങള്‍ എന്നിവയില്‍ ഊന്നല്‍ നല്‍കുന്ന കോവിഡ് അനുസൃത ശീലങ്ങള്‍ക്കായുള്ള പ്രത്യേക പ്രചാരണ പരിപാടി  2021 ഏപ്രില്‍ 6 മുതല്‍ 14 വരെ സംഘടിപ്പിക്കും.


വരും ദിവസങ്ങളില്‍ കോവിഡ് അനുസൃത ശീലങ്ങള്‍ നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും കിടക്കകളുടെ ലഭ്യത, പരിശോധനാ സൗകര്യങ്ങള്‍, സമയബന്ധിതമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കല്‍ എന്നിവ ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഓക്‌സിജന്റെ ലഭ്യത, ആവശ്യത്തിനനുസൃതമായി വെന്റിലേറ്ററുകള്‍ സജ്ജീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പുവരുത്തി ഏതു സാഹചര്യത്തിലും മരണങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല, ആശുപത്രികളിലും വീടുകളിലും ചികിത്സയില്‍ കഴിയുന്നവര്‍ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും വര്‍ധിക്കുന്നതു കണക്കിലെടുത്ത് പൊതുജനാരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും അടങ്ങുന്ന കേന്ദ്രസംഘങ്ങളെ മഹാരാഷ്ട്രയിലേക്ക് അയയ്ക്കണം. അതുപോലെ തന്നെ മരണസംഖ്യ ക്രമാതീതമായി ഉയരുന്ന പഞ്ചാബിലേക്കും ഛത്തീസ്ഗഢിലേക്കും കേന്ദ്രസംഘത്തെ അയയ്ക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

കണ്ടെയ്ന്‍മെന്റ് മേഖലകളിലെ സോണുകളുടെ കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനും സ്ഥിതി കൈകാര്യം ചെയ്യുന്നതിലും  കമ്മ്യൂണിറ്റി വോളന്റിയര്‍മാരുടെ പങ്കാളിത്തത്തിനൊപ്പം, നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കുന്നത് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. രോഗബാധ കുത്തനെ ഉയരുന്ന സ്ഥലങ്ങളില്‍ വ്യാപനം തടയുന്നതിന് സമഗ്ര നിയന്ത്രണങ്ങളോടെ എല്ലാ സംസ്ഥാനങ്ങളും കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

കൂടുതല്‍ ജാഗ്രത പാലിക്കേണ്ട തരത്തില്‍, കോവിഡ് -19 കേസുകളും രാജ്യത്തെ മരണനിരക്കും ഉയര്‍ന്നുവരുന്നുവെന്നും, 91 ശതമാനത്തിലധികം കോവിഡ് കേസുകളും മരണവും പത്തു സംസ്ഥാനങ്ങളിലാണെന്നും വ്യക്തമാക്കുന്ന വിശദമായ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലെ സ്ഥിതി ഗൗരവതരമാണെന്നും വിലയിരുത്തി. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ രാജ്യത്തെ മൊത്തം രോഗബാധിതരുടെ 57 ശതമാനവും ഇതേ കാലയളവിലെ മരണങ്ങളില്‍ 47 ശതമാനവും സംഭാവന ചെയ്തത് മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയില്‍, പ്രതിദിനം പുതിയ കേസുകളുടെ എണ്ണം 47,913 ആയി. ഇത് മുമ്പുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ രാജ്യത്തെ മൊത്തം കേസുകളുടെ 4.5% ആണ് പഞ്ചാബ് സംഭാവന ചെയ്തത്. എന്നാല്‍ ആകെ മരണത്തിന്റെ 16.3% പഞ്ചാബിലാണുള്ളത്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ രാജ്യത്തെ മൊത്തം കേസുകളില്‍ 4.3% ആണ് ഛത്തീസ്ഗഢില്‍ ഉള്ളതെങ്കിലും, അതേ കാലയളവില്‍ മൊത്തം മരണസംഖ്യയിലെ സംഭാവന 7% കവിയുകയായിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ 91.4 ശതമാനവും ആകെ മരണസംഖ്യയുടെ 90.9 ശതമാനവും രോഗബാധ ഏറ്റവുമധികമുള്ള 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമാണ്.


കേസുകള്‍ കുത്തനെ ഉയരുന്നതിനുള്ള കാരണങ്ങള്‍ പ്രധാനമായും മാസ്‌കുകളുടെ ഉപയോഗം, രണ്ടടി അകലം പാലിക്കല്‍  തുടങ്ങിയ കോവിഡ് അനുസൃത ശീലങ്ങള്‍ പാലിക്കുന്നതിലെ അഭാവവും മഹാമാരി വരുത്തിയ കഠിനാധ്വാനം കൊണ്ടുള്ള ക്ഷീണവും താഴേത്തട്ടില്‍ നിയന്ത്രണ നടപടികള്‍ ഫലപ്രദമായി നടപ്പാക്കാത്തതും കൊണ്ടാണ്.

ചില സംസ്ഥാനങ്ങളില്‍ കേസുകളുടെ വര്‍ദ്ധനയ്ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് ബാധയാണെന്നു കരുതുന്നുണ്ടെങ്കിലും, മഹാമാരി നിയന്ത്രിക്കാനുള്ള നടപടികള്‍ അതേപടി നിലനില്‍ക്കുന്നു. അതിനാല്‍ കോവിഡ് 19 നിയന്ത്രിക്കുന്നതിനായുള്ള വിവിധ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് ആ മേഖലകളില്‍ കൂടുതല്‍ നിര്‍ണായകമാണ്.

കോവിഡ് 19 വാക്‌സിനേഷന്‍ യജ്ഞത്തെ കുറിച്ച് ലഘു അവതരണവും നടത്തി. അതില്‍ വിവിധ വിഭാഗങ്ങളില്‍ നടത്തിയ പ്രതിരോധ കുത്തിവയ്പ്പ്, മറ്റ് രാജ്യങ്ങളുമായുള്ള താരതമ്യം, സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തിന്റെ വിശകലനം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അവതരിപ്പിച്ചു. കൂടുതല്‍ കൃത്യതയോടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതു സംബന്ധിച്ച പ്രതികരണങ്ങള്‍ക്കായി പ്രവര്‍ത്തനങ്ങളുടെ പ്രതിദിന വിശകലനം സംസ്ഥാനങ്ങളുമായും കേന്ദ്രഭരണപ്രദേശങ്ങളുമായും പങ്കിടണമെന്ന് നിര്‍ദ്ദേശിച്ചു.

വാക്‌സിനുകളുടെ ഗവേഷണവും വികസനവും നിലവിലുള്ള നിര്‍മ്മാതാക്കളുടെ ഉല്‍പാദന ശേഷിയും പരീക്ഷണങ്ങള്‍ക്ക് വിധേയമായ വാക്‌സിനുകളുടെ ശേഷിയും ചര്‍ച്ച ചെയ്തു. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കുകയാണെന്നും മറ്റ് ആഭ്യന്തര, വിദേശ കമ്പനികളുമായി ചര്‍ച്ച നടത്തുന്നതായും അറിയിച്ചു. 'വസുധൈവ കുടുംബകം' എന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍, വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മറ്റ് രാജ്യങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ആവശ്യമായ അളവിലുള്ള വാക്‌സിനുകള്‍ സംഭരിക്കാന്‍ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 15 മാസത്തിനിടെ രാജ്യത്ത് കോവിഡ് -19 കൈകാര്യം ചെയ്തതിലെ കൂട്ടായ നേട്ടങ്ങള്‍ തകര്‍ക്കപ്പെടാതിരിക്കാന്‍, ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലും ജില്ലകളിലും ദൗത്യ രൂപത്തിലുള്ള സമീപനം തുടരാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ മറ്റുദ്യോഗസ്ഥര്‍ക്കൊപ്പം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ചെയര്‍പേഴ്സണ്‍ (വാക്സിന്‍ അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ച ഉന്നതാധികാര സമിതി) ആരോഗ്യ സെക്രട്ടറി, സെക്രട്ടറി ഫാര്‍മസ്യൂട്ടിക്കല്‍സ്, സെക്രട്ടറി ബയോടെക്‌നോളജി, സെക്രട്ടറി ആയുഷ്, ഡിജി ഐസിഎംആര്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, നിതി ആയോഗ് അംഗം എന്നിവര്‍ പങ്കെടുത്തു.

 

***



(Release ID: 1709525) Visitor Counter : 228