പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഉല്‍പാദനബന്ധിത ആനുകൂല്യ പദ്ധതി സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 05 MAR 2021 3:28PM by PIB Thiruvananthpuram

ഉല്‍പാദനബന്ധിത ആനുകൂല്യ പദ്ധതി സംബന്ധിച്ച വെബിനാറില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

നമസ്‌കാരം!
ഈ സുപ്രധാന വെബിനാറില്‍ ഇന്ത്യയിലുടനീളമുള്ള നിങ്ങളുടെ വര്‍ധിച്ച തോതിലുള്ള സാന്നിധ്യം അതിന്റെ പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു. നിങ്ങളെയെല്ലാം ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു. ബജറ്റ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇത്തവണ ഒരു ആശയം മനസ്സില്‍ വന്നുവെന്നും ഞങ്ങള്‍ ഒരു പുതിയ പരീക്ഷണം നടത്തുകയാണെന്നും ഈ പരീക്ഷണം വിജയകരമാണെങ്കില്‍, ഭാവിയിലും ഇത് വളരെയധികം ഗുണം ചെയ്യുമെന്നും നിങ്ങള്‍ക്കറിയാം. ഇതുവരെ, ഇത്തരത്തിലുള്ള നിരവധി വെബിനാറുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ആയിരക്കണക്കിന് വിശിഷ്ടാതിഥികളുമായി ബജറ്റിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചു.
വെബിനാറുകള്‍ ദിവസം മുഴുവന്‍ തുടരുകയും ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള മികച്ച റോഡ്മാപ്പ് സംബന്ധിച്ച് നിങ്ങളെല്ലാവരില്‍ നിന്നും വളരെ നല്ല നിര്‍ദ്ദേശങ്ങള്‍ ലഭിക്കുകയും ചെയ്തു. ഗവണ്‍മെന്റിനേക്കാള്‍ വളരെ വേഗത്തില്‍ രണ്ടു ചുവടു മുന്നിട്ടുനില്‍ക്കാനുള്ള മാനസികാവസ്ഥയിലാണു നിങ്ങളെന്നു തോന്നുന്നു. ഇത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ വാര്‍ത്തയാണ്, കൂടാതെ രാജ്യത്തിന്റെ ബജറ്റും നയരൂപീകരണവും കേവലം ഒരു ഗവണ്‍മെന്റ് പ്രക്രിയയായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഈ സംഭാഷണത്തില്‍ നാം ഇന്ന് ശ്രമിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട ഓരോ പങ്കാളിയുടെയും ഫലപ്രദമായ ഇടപെടല്‍ ഉണ്ടായിരിക്കണം. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി, ഉല്‍പാദന മേഖലയ്ക്ക്, അതായത് മെയ്ക്ക് ഇന്‍ ഇന്ത്യക്ക്, പ്രചോദനം നല്‍കുന്നതിനായയാണ് എല്ലാ പ്രധാന സഹപ്രവര്‍ത്തകരുമായും ഈ സംഭാഷണം ഇന്ന് നടക്കുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ വിവിധ മേഖലകളില്‍ നിന്നുള്ളവരുമായി വളരെ ഫലപ്രദമായ സംഭാഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും വളരെ പ്രധാനപ്പെട്ട നൂതന നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും ഞാന്‍ നിങ്ങളോട് പറഞ്ഞു. ഇന്നത്തെ വെബിനാറിന്റെ ഊന്നല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട പ്രോത്സാഹനങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു.

സുഹൃത്തുക്കളെ,
കഴിഞ്ഞ ആറേഴു വര്‍ഷങ്ങളില്‍, മെയ്ക്ക് ഇന്‍ ഇന്ത്യയെ വിവിധ തലങ്ങളില്‍ പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി വിജയകരമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ നിങ്ങളുടെ എല്ലാവരുടെയും സംഭാവന പ്രശംസനീയമാണ്. ഈ ശ്രമങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനും വേഗതയും തോതും വര്‍ദ്ധിപ്പിക്കുന്നതിനും ഇനി നിരവധി വലിയ ചുവടുകള്‍ കൈക്കൊള്ളേണ്ടതുണ്ട്. കൊറോണയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അനുഭവത്തിന് ശേഷം എനിക്ക് ബോധ്യപ്പെടുന്നത് ഇത് ഇന്ത്യയ്ക്കു മാത്രമുള്ള ഒരു അവസരമല്ല എന്നാണ്. ഇത് ഇന്ത്യയോടും ലോകത്തോടുമുള്ള ഉത്തരവാദിത്തമാണ്. അതിനാല്‍, ഈ ദിശയിലേക്ക് നാം വളരെ വേഗത്തില്‍ നീങ്ങണം. ഉല്‍പ്പാദനം സമ്പദ്വ്യവസ്ഥയുടെ ഓരോ വിഭാഗത്തെയും എങ്ങനെ പരിവര്‍ത്തനം ചെയ്യുന്നു, അത് എങ്ങനെ സ്വാധീനം ചെലുത്തുന്നു, ഒരു ആവാസവ്യവസ്ഥ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു എന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയാം. ഉല്‍പ്പാദന ശേഷി വര്‍ദ്ധിപ്പിച്ചുകൊണ്ട് രാജ്യങ്ങള്‍ അവരുടെ വികസനം ത്വരിതപ്പെടുത്തിയതിനുള്ള ഉദാഹരണങ്ങള്‍ ലോകമെമ്പാടുമുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പാദന ശേഷി രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഇന്ത്യയും ഇപ്പോള്‍ അതേ സമീപനത്തോടെ വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഒപ്പം മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നു. ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി നമ്മുടെ ഗവണ്‍മെന്റ് ഈ മേഖലയില്‍ തുടര്‍ച്ചയായി പരിഷ്‌കാരങ്ങള്‍ വരുത്തുന്നു. നമ്മളുടെ നയവും തന്ത്രവും എല്ലാവിധത്തിലും വ്യക്തമാണ്. നമ്മുടെ ചിന്ത ഗവണ്‍മെന്റിന്റെ ഇടപെടല്‍ കുറവും പരമാവധി ഭരണവും എന്നതാണ്. ഞങ്ങള്‍ സീറോ ഇഫക്റ്റ്, സീറോ ഡിഫെക്റ്റ് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ ഉല്‍പ്പാദനം ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാന്‍ നാം പരിശ്രമിക്കണം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ക്കും ഉല്‍പാദനച്ചെലവിനും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തിനും ആഗോള വിപണിയിലെ കാര്യക്ഷമതയ്ക്കും വ്യക്തിത്വം സൃഷ്ടിക്കാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണം. നമ്മുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോക്തൃ സൗഹാര്‍ദ്ദപരമായിരിക്കണം; സാങ്കേതികവിദ്യ ഏറ്റവും ആധുനികവും താങ്ങാനാവുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായിരിക്കണം. കൂടുതല്‍ നൂതന സാങ്കേതികവിദ്യയും പ്രധാന യോഗ്യതാ മേഖലകളിലെ നിക്ഷേപവും നാം ആകര്‍ഷിക്കേണ്ടതുണ്ട്. തീര്‍ച്ചയായും, വ്യവസായത്തില്‍ നിങ്ങളുടെ എല്ലാവരുടെയും സജീവ പങ്കാളിത്തം ഒരുപോലെ ആവശ്യമാണ്. നിങ്ങളെയെല്ലാം ഒരുമിപ്പിച്ച് ശ്രദ്ധയോടെ മുന്നോട്ടുപോകാന്‍ ഗവണ്‍മെന്റ് ശ്രമിക്കുന്നു. ബിസിനസ്സ് എളുപ്പമാക്കുന്നതിന് ഊന്നല്‍ നല്‍കുക, നിയന്ത്രണം കുറയ്ക്കുക, ചരക്കുനീക്കത്തിനുള്ള ചെലവ് കുറയ്ക്കുന്നതിന് ബഹുവിധ പശ്ചാത്തലസൗകര്യം ഒരുക്കുക, അല്ലെങ്കില്‍ ജില്ലാതലത്തില്‍ കയറ്റുമതി കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുക എന്നിങ്ങനെ എല്ലാ തലത്തിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.

എല്ലാ കാര്യങ്ങളിലും ഗവണ്‍മെന്റ് ഇടപെടുന്നത് പരിഹാരങ്ങളേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ഞങ്ങളുടെ ഗവണ്‍മെന്റ് വിശ്വസിക്കുന്നു. അതിനാല്‍, ഞങ്ങളുടെ ഊന്നല്‍ സ്വയം നിയന്ത്രണം, സ്വയം സാക്ഷ്യപ്പെടുത്തല്‍; അതായത്, രാജ്യത്തെ പൗരന്മാരെ ആശ്രയിച്ച് മുന്നോട്ട് പോകുക എന്നതിനാണ്. ഈ വര്‍ഷം 6,000ത്തിലധികം കേന്ദ്ര, സംസ്ഥാന തലത്തിലുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കാന്‍ ഞങ്ങള്‍ പദ്ധതിയിടുന്നു. ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വളരെ പ്രധാനമാണ്. നിങ്ങള്‍ക്ക് വെബിനാറില്‍ കൂടുതല്‍ സമയം ലഭിച്ചേക്കില്ല. പക്ഷേ നിങ്ങള്‍ക്ക് എനിക്കു രേഖാമൂലം അയയ്ക്കാന്‍ കഴിയും. ഞങ്ങള്‍ അത് ഗൗരവമായി എടുക്കും. കാരണം നിയന്ത്രണത്തിന്റെ ഏറ്റവും കുറഞ്ഞ ഭാരമേ പാടുള്ളൂ. സാങ്കേതികവിദ്യയുണ്ട്, അതിനാല്‍ ഫോമുകള്‍ വീണ്ടും വീണ്ടും പൂരിപ്പിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതുപോലെ, പ്രാദേശിക തലത്തില്‍ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് കയറ്റുമതിക്കാര്‍ക്കും ഉല്‍പാദകര്‍ക്കും ആഗോള വേദി നല്‍കുന്നതിന് ഗവണ്‍മെന്റ് ഇന്ന് നിരവധി മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. ഇത് കയറ്റുമതിയില്‍ എംഎസ്എംഇ, കര്‍ഷകര്‍, ചെറുകിട കരകൗശല വിദഗ്ധര്‍ എന്നിവരെ സഹായിക്കും.

സുഹൃത്തുക്കളെ,
ഉല്‍പാദനവും കയറ്റുമതിയും വിപുലീകരിക്കുക എന്നതാണ് ഉല്‍പാദന ബന്ധിത പ്രോത്സാഹന പദ്ധതിയിലുള്ള ഞങ്ങളുടെ വിശ്വാസം. ലോകമെമ്പാടുമുള്ള ഉല്‍പാദന കമ്പനികള്‍ ഇന്ത്യയെ അവരുടെ താവളമാക്കി മാറ്റുന്നതിനും നമ്മുടെ ആഭ്യന്തര വ്യവസായങ്ങളുടെയും എംഎസ്എംഇകളുടെയും എണ്ണത്തിലും സാധ്യതയിലും വളര്‍ച്ചയുണ്ടാകുന്നതിനും ഈ വെബിനറിലെ പദ്ധതികള്‍ക്ക് ഉറച്ച രൂപം നല്‍കാന്‍ കഴിയുമെങ്കില്‍ ബജറ്റിന് പിന്നിലുള്ള തത്ത്വചിന്ത നിമിത്തമാണെന്നു തെളിയിക്കാന്‍ കഴിയും. മല്‍സരക്ഷമതാ മേഖലകളില്‍ ആഗോള സാന്നിധ്യത്തിനുള്ള സാധ്യത വര്‍ധിപ്പിക്കാനും വിവിധ മേഖലകളില്‍ ഇന്ത്യന്‍ വ്യവസായങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനുമാണു പദ്ധതി ലക്ഷ്യമിടുന്നത്. പരിമിതമായ സ്ഥലത്ത്, പരിമിതമായ രാജ്യങ്ങളില്‍, രാജ്യത്തിന്റെ പരിമിതമായ കോണുകളില്‍ നിന്നുള്ള പരിമിതമായ ഇനങ്ങളില്‍ കയറ്റുമതിയെന്ന ഈ അവസ്ഥ നാം മാറ്റേണ്ടതുണ്ട്. എന്തുകൊണ്ട് രാജ്യത്തെ ഓരോ ജില്ലയും ഇന്ത്യയുടെ കയറ്റുമതിക്കാരാകാത്തത്? എന്തുകൊണ്ട് ഓരോ രാജ്യവും ഇന്ത്യയില്‍നിന്ന്, രാജ്യത്തിന്റെ ഓരോ കോണില്‍ നിന്ന്, ഇറക്കുമതി ചെയ്തുകൂടാ? കയറ്റുമതിക്കായി എല്ലാത്തരം ഉല്‍പ്പന്നങ്ങളും എന്തുകൊണ്ട് പാടില്ല? മുമ്പത്തേതും നിലവിലുള്ളതുമായ പദ്ധതികള്‍ തമ്മിലുള്ള വ്യക്തമായ വ്യത്യാസവും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. നേരത്തെ, വ്യാവസായിക ആനുകൂല്യങ്ങള്‍ ഒരു ഓപ്പണ്‍ എന്‍ഡഡ് ഇന്‍പുട്ട് അധിഷ്ഠിത സബ്‌സിഡിയായിരുന്നു. ഇപ്പോള്‍ ഇത് ഒരു മത്സരാധിഷ്ഠിത പ്രക്രിയയിലൂടെ പ്രകടനം അടിസ്ഥാനമാക്കിയുള്ളതാക്കി. 13 മേഖലകളെ ഈ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരുന്നത് നമ്മുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു.

സുഹൃത്തുക്കളെ,
പദ്ധതി ഉദ്ദേശിച്ചുള്ള പിഎല്‍ഐ മേഖലയ്ക്ക് മാത്രമല്ല, ആ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ ആവാസവ്യവസ്ഥയ്ക്കും ഇത് വളരെയധികം ഗുണം ചെയ്യും. ഓട്ടോ, ഫാര്‍മ മേഖലകളില്‍ പിഎല്‍ഐ ഉള്ളതിനാല്‍, ഓട്ടോ പാര്‍ട്‌സ്, വൈദ്യ ഉപകരണങ്ങള്‍, മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കള്‍ എന്നിവയെ വിദേശത്തെ ആശ്രയിക്കുന്നത് വളരെ കുറയും. നൂതന സെല്‍ ബാറ്ററികള്‍, സോളാര്‍ പിവി മൊഡ്യൂളുകള്‍, സ്‌പെഷ്യാലിറ്റി സ്റ്റീല്‍ എന്നിവയിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ മേഖല നവീകരിക്കും. നമ്മുടെ സ്വന്തം അസംസ്‌കൃത വസ്തുക്കള്‍, അധ്വാനം, നൈപുണ്യം, കഴിവ് എന്നിവ ഉപയോഗിച്ച് നമുക്ക് കുതിച്ചുചാട്ടം നടത്താം. അതുപോലെ, ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷ്യസംസ്‌കരണ മേഖലകളിലേക്കുള്ള പിഎല്‍ഐ നമ്മുടെ മുഴുവന്‍ കാര്‍ഷിക മേഖലയ്ക്കും ഗുണം ചെയ്യും. ഇത് നമ്മുടെ കൃഷിക്കാര്‍, കന്നുകാലികള്‍, മത്സ്യത്തൊഴിലാളികള്‍, അതായത് മുഴുവന്‍ ഗ്രാമീണ സമ്പദ്വ്യവസ്ഥയില്‍, നല്ല സ്വാധീനം ചെലുത്തുകയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം ഐക്യരാഷ്ട്രസഭ 2023നെ അന്താരാഷ്ട്ര ഭക്ഷ്യധാന്യ വര്‍ഷമായി പ്രഖ്യാപിച്ചത് നിങ്ങള്‍ ഇന്നലെ കണ്ടിരിക്കണം. 70 ലധികം രാജ്യങ്ങള്‍ ഇന്ത്യയുടെ നിര്‍ദ്ദേശത്തെ പിന്തുണച്ചു. യുഎന്‍ പൊതുസഭയില്‍ ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിച്ചു. ഇത് രാജ്യത്തെ മഹത്വവല്‍ക്കരിക്കുന്ന കാര്യമാണ്. ജലസേചന സൗകര്യങ്ങള്‍ കുറവുള്ള സ്ഥലങ്ങളില്‍ നാടന്‍ ധാന്യങ്ങള്‍ വളര്‍ത്തുന്ന നമ്മുടെ കൃഷിക്കാര്‍ക്കും, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ക്കും, ഇത് ഒരു മികച്ച അവസരമാണ്. 2023ല്‍ അംഗീകാരം ലഭിച്ച യുഎന്‍ മുഖേന ലോകത്തില്‍ ഈ നാടന്‍ ധാന്യങ്ങള്‍ക്കുള്ള പ്രാധാന്യം നാം ചൂണ്ടിക്കാട്ടി. ജലസേചന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രയാസകരമായ പ്രദേശത്താണ് നമ്മുടെ കര്‍ഷകര്‍ ഈ നാടന്‍ ധാന്യങ്ങള്‍ വളര്‍ത്തുന്നത്. പോഷകമൂല്യം കാരണം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് വിവിധതരം ഭക്ഷ്യധാന്യങ്ങള്‍ വികസിപ്പിക്കാനും ലോകത്ത് താങ്ങാനാവുന്ന വിലയിലേക്ക് എത്തിക്കാനും ഇന്ന് മികച്ച അവസരമുണ്ട്. നാം ലോകത്തില്‍ യോഗ പ്രചരിപ്പിക്കുകയും പ്രചരിപ്പിക്കുകയും സവിശേഷമാക്കുകയും ചെയ്തതുപോലെ, നമുക്കെല്ലാവര്‍ക്കും, പ്രത്യേകിച്ച് കാര്‍ഷിക സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍, അതായത് നാടന്‍ ധാന്യങ്ങള്‍ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാന്‍ കഴിയും.

നമുക്ക് 2023നു മതിയായ സമയമുണ്ട്; പൂര്‍ണ്ണമായ തയ്യാറെടുപ്പോടെ ലോകമെമ്പാടുമുള്ള ഒരു പ്രചരണം ആരംഭിക്കാന്‍ കഴിയും. കൊറോണയില്‍ നിന്ന് ആളുകളെ സംരക്ഷിക്കുന്നതിനായി മേഡ് ഇന്‍ ഇന്ത്യ വാക്‌സിനുകള്‍ ഉള്ളതുപോലെ, ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന ചോളം പോലുള്ള പോഷകമൂല്യം നിറഞ്ഞ നാടന്‍ ധാന്യങ്ങള്‍ ആളുകള്‍ രോഗബാധിതരാകാതിരിക്കാന്‍ വളരെ ഉപയോഗപ്രദമാകും. നാടന്‍ ധാന്യങ്ങളുടെ പോഷക ശേഷി നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. അടുക്കളയില്‍ നാടന്‍ ധാന്യങ്ങള്‍ പ്രധാനമായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആ പ്രവണത തിരിച്ചെത്തുകയാണ്. ഇന്ത്യ മുന്‍കൈയെടുത്തതിനെ തുടര്‍ന്ന് യുഎന്‍ 2023 അന്താരാഷ്ട്ര ഭക്ഷ്യധാന്യ വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്തും വിദേശത്തും ഭക്ഷ്യധാന്യത്തിനുള്ള ആവശ്യകത അതിവേഗം വര്‍ദ്ധിക്കും. ഇത് നമ്മുടെ കര്‍ഷകര്‍ക്ക്, പ്രത്യേകിച്ച് രാജ്യത്തെ ചെറുകിട കര്‍ഷകര്‍ക്ക് വളരെയധികം ഗുണം ചെയ്യും. അതിനാല്‍, ഈ അവസരം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ കാര്‍ഷിക, ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. വെബിനാറിലെ നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഒരു ചെറിയ ദൗത്യസംഘത്തെ സൃഷ്ടിക്കണം, അത് പൊതു-സ്വകാര്യ പങ്കാളിത്തത്തിന് ഒരു മാതൃക വികസിപ്പിക്കുകയും അത് ഈ ഭക്ഷ്യധാന്യ ദൗത്യത്തെ ലോകത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ലോകത്തെ വിവിധ രാജ്യങ്ങളുടെ അഭിരുചിക്കനുസൃതവും ആരോഗ്യത്തിന് വളരെ പോഷകഗുണമുള്ളതുമായ ഏതെല്ലാം ഇനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നു നമുക്കു ചര്‍ച്ച ചെയ്യാം. 

സുഹൃത്തുക്കളെ,
ഈ വര്‍ഷത്തെ ബജറ്റില്‍ പിഎല്‍ഐ പദ്ധതിയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കായി ഏകദേശം 2 ലക്ഷം കോടി രൂപ വകയിരുത്തി. ഉല്‍പാദനത്തിന്റെ ശരാശരി 5 ശതമാനം പ്രോത്സാഹനമായി നല്‍കുന്നു. അതായത്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 520 ബില്യണ്‍ ഡോളര്‍ ഉല്‍പാദനം ഇന്ത്യയില്‍ പിഎല്‍ഐ പദ്ധതിയിലൂടെ മാത്രം കണക്കാക്കുന്നു. പിഎല്‍ഐ ആസൂത്രണം ചെയ്യുന്ന മേഖലകളിലെ തൊഴിലാളികളുടെ എണ്ണം ഇരട്ടിയാകുമെന്നും കണക്കാക്കപ്പെടുന്നു. പിഎല്‍ഐ പദ്ധതി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വലിയ സ്വാധീനം ചെലുത്താന്‍ പോകുന്നു. ഉല്‍പാദനത്തില്‍ നിന്നും കയറ്റുമതിയില്‍ നിന്നുമുള്ള നേട്ടത്തിനുപുറമെ, വരുമാനം വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് ഡിമാന്‍ഡ് വര്‍ദ്ധിച്ചതുമൂലം വ്യവസായം നേട്ടം കൊയ്യും; അതായത് ലാഭം ഇരട്ടിയാകും.

സുഹൃത്തുക്കളെ, 
പിഎല്‍ഐയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍ വേഗത്തില്‍ നടപ്പാക്കിവരികയാണ്. ഐടി ഹാര്‍ഡ്വെയര്‍, ടെലികോം ഉപകരണ നിര്‍മാണവുമായി ബന്ധപ്പെട്ട രണ്ട് പിഎല്‍ഐ പദ്ധതികള്‍ക്ക് മന്ത്രിസഭ ഇതിനകം അംഗീകാരം നല്‍കി. ഈ മേഖലകളുമായി ബന്ധപ്പെട്ട സഹപ്രവര്‍ത്തകര്‍ ഇതുവരെ അവരുടെ വിലയിരുത്തല്‍ നടത്തിയിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ഐടി ഹാര്‍ഡ്വെയറിന്റെ പ്രതീക്ഷിത ഉത്പാദനം അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 3.25 ട്രില്യണ്‍ രൂപയുടേതാണ്. ഐടി ഹാര്‍ഡ്വെയറിലെ ആഭ്യന്തര മൂല്യവര്‍ദ്ധനവ് അഞ്ചുവര്‍ഷത്തിനിടെ നിലവിലുള്ള 5-10 ശതമാനത്തില്‍ നിന്ന് 20-25 ശതമാനമായി ഉയരും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ടെലികോം ഉപകരണ നിര്‍മ്മാണം ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ വര്‍ധനവിന് സാക്ഷ്യം വഹിക്കും. ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ ടെലികോം ഉപകരണങ്ങള്‍ കയറ്റുമതി ചെയ്യാനും നമുക്കാവും. ഔഷധ മേഖലയിലും പിഎല്‍ഐക്ക് കീഴില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വലിയ ലക്ഷ്യങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം. ഫാര്‍മ ഉല്‍പന്നങ്ങളുടെ വില്‍പന ഏകദേശം 3 ലക്ഷം കോടി രൂപയും കയറ്റുമതി 2 ലക്ഷം കോടി രൂപയും വര്‍ദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. 

സുഹൃത്തുക്കളെ, 
ഇന്ത്യയില്‍ നിന്ന് ദശലക്ഷക്കണക്കിന് ഡോസ് വാക്‌സിനുകള്‍ വഹിച്ച് ഇന്ന് ലോകമെമ്പാടും പോകുന്ന വിമാനം ശൂന്യമായല്ല മടങ്ങുന്നത്. ആ രാജ്യങ്ങളിലെ ജനങ്ങളുടെ വിശ്വാസം, അടുപ്പം, വാത്സല്യം, രോഗികളായ പ്രായമായവരുടെ അനുഗ്രഹം, ഇന്ത്യയോടുള്ള വൈകാരിക അടുപ്പം എന്നിവയുമായാണ് അവ മടങ്ങുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ട വിശ്വാസം ഒരു സ്വാധീനം സൃഷ്ടിക്കുക മാത്രമല്ല, അത് ശാശ്വതവും അമര്‍ത്യവും പ്രചോദനകരവുമാണ്. ഇന്ന് ഇന്ത്യ മാനവികതയെ വിനയത്തോടെ സേവിക്കുന്ന രീതി; നാം അത് ഒരു അഹംഭാവത്തോടെയല്ല ചെയ്യുന്നത്. നാം ചെയ്യുന്നത് ഒരു കടമയാണ്. '????' (സേവനമാണ് പരമമായ കടമ) നമ്മുടെ സംസ്്കാരമാണ്. ഇതോടെ ഇന്ത്യ ലോകമെമ്പാടും വളരെ വലിയ ബ്രാന്‍ഡായി മാറി. ഇന്ത്യയുടെ വിശ്വാസ്യതയും സ്വത്വവും നിരന്തരം ഒരു പുതിയ ഉയരത്തിലെത്തുകയാണ്. ഈ വിശ്വാസം വാക്‌സിനുകള്‍ക്കും ഫാര്‍മ ഉല്‍പ്പന്നങ്ങള്‍ക്കും മാത്രമല്ല. ഒരു രാജ്യം ഒരു ബ്രാന്‍ഡാകുമ്പോള്‍, ലോകത്തിലെ ഓരോ വ്യക്തിയുടെയും ബഹുമാനവും അടുപ്പവും എല്ലാറ്റിനോടും വര്‍ദ്ധിക്കുകയും ആദ്യം തെരഞ്ഞെടുക്കുന്നതായി അതു മാറുകയും ചെയ്യുന്നു.

നമ്മുടെ മരുന്നുകള്‍, വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധര്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവയോടുള്ള വിശ്വാസവും ഇന്ന് വര്‍ദ്ധിച്ചു. ഈ വിശ്വാസ്യതയോടുള്ള ആദരവു കാട്ടിക്കൊണ്ടു നമ്മുടെ ഔഷധ മേഖല ഇപ്പോള്‍ത്തന്നെ ദീര്‍ഘകാല പദ്ധതികളുമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും അവസരങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യണം. സുഹൃത്തുക്കളേ, ഈ അവസരത്തെ ഈ വിശ്വാസ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ നാം അനുവദിക്കരുത്. മാത്രമല്ല മറ്റ് മേഖലകളിലും മുന്നേറാന്‍ പദ്ധതിയിടുകയും വേണം. അതിനാല്‍, ഈ അനുകൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓരോ മേഖലയും തന്ത്രം ആവിഷ്‌കരിക്കാന്‍ ആരംഭിക്കണം. നഷ്ടപ്പെടാനുള്ള സമയമല്ല; രാജ്യത്തിനും നിങ്ങളുടെ കമ്പനിക്കുമുള്ള അവസരങ്ങള്‍ നേടാനുള്ള സമയമാണിത്. സുഹൃത്തുക്കളേ, ഞാന്‍ പറയുന്ന ഈ കാര്യങ്ങള്‍ ചെയ്യുന്നത് ഒട്ടും പ്രയാസകരമല്ല. പിഎല്‍ഐ പദ്ധതിയുടെ വിജയഗാഥയും അവരെ പിന്തുണയ്ക്കുന്നു. അതെ, അത് സാധ്യമാണ്. അത്തരമൊരു വിജയഗാഥ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ മേഖലയാണ്. മൊബൈല്‍ ഫോണുകളും ഇലക്ട്രോണിക്‌സ് ഘടകങ്ങളും നിര്‍മ്മിക്കുന്നതിനുള്ള പിഎല്‍ഐ പദ്ധതി കഴിഞ്ഞ വര്‍ഷം നാം ആരംഭിച്ചു. മഹാവ്യാധി സമയത്തും ഈ മേഖല ഉത്പാദനം രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 35,000 കോടി രൂപയുടെ പുതിയ നിക്ഷേപം ഉണ്ടായിട്ടുണ്ട്. കൊറോണയുടെ ഈ കാലയളവില്‍ ഈ മേഖലയില്‍ 1300 കോടി രൂപയുടെ പുതിയ നിക്ഷേപമുണ്ടായി. ഇത് ഈ മേഖലയില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു.

സുഹൃത്തുക്കളെ,
പി.എല്‍.ഐ. പദ്ധതി രാജ്യത്തെ എ.എസ്.എം.ഇ. ആവാസവ്യവസ്ഥയില്‍ കുതിച്ചുചാട്ടമുണ്ടാക്കും. എന്തുകൊണ്ടാണ് ഞാന്‍ ഇത് പറയുന്നത് എന്നുവെച്ചാല്‍, എല്ലാ മേഖലയിലും നിര്‍മ്മിക്കുന്ന ആങ്കര്‍ യൂണിറ്റുകള്‍ക്ക് മുഴുവന്‍ മൂല്യ ശൃംഖലയിലും ഒരു പുതിയ വിതരണ അടിത്തറ ആവശ്യമാണ്. ഈ അനുബന്ധ യൂണിറ്റുകളില്‍ ഭൂരിഭാഗവും എംഎസ്എംഇ മേഖലയിലാണ് നിര്‍മ്മിക്കുക. അത്തരം അവസരങ്ങള്‍ക്കായി എംഎസ്എംഇകളെ തയ്യാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. നിക്ഷേപ പരിധി വര്‍ദ്ധിപ്പിക്കുന്നതിനും എംഎസ്എംഇകളുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തുന്നതിനുമുള്ള തീരുമാനങ്ങളില്‍ നിന്ന് എംഎസ്എംഇ മേഖലയ്ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കുന്നു. ഇന്ന്, ഞങ്ങള്‍ ഇവിടെ ഇരിക്കുമ്പോള്‍, നിങ്ങളുടെ സജീവ പങ്കാളിത്തവും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ക്ക് പിഎല്‍ഐയില്‍ ചേരുന്നതില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍, എന്തെങ്കിലും മെച്ചപ്പെടുത്തലിന് ഇടമുണ്ടെങ്കില്‍, നിങ്ങള്‍ ചര്‍ച്ച ചെയ്യുകയും അത് എന്നെ അറിയിക്കുകയും വേണം.

സുഹൃത്തുക്കളെ,
പ്രയാസകരമായ സമയങ്ങളില്‍ കൂട്ടായ പരിശ്രമത്തിലൂടെ വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് നാം തെളിയിച്ചു. സഹകരണത്തിന്റെ ഈ സമീപനം ആത്മനിഭര്‍ ഭാരതത്തെ സൃഷ്ടിക്കും. ഇപ്പോള്‍ വ്യവസായരംഗത്ത് ഉള്ളവരെല്ലാം പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. രാജ്യത്തിനും ലോകത്തിനുമായി മികച്ച ഗുണനിലവാരമുള്ള സാധനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ വ്യവസായം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അതിവേഗം മുന്നേറുന്നതും അതിവേഗം മാറിക്കൊണ്ടിരിക്കുന്നതുമായ ലോകത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഈ വ്യവസായം നവീകരിക്കേണ്ടതുണ്ട്. കൂടാതെ ഗവേഷണ-വികസനത്തില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും വേണം. ഇന്ത്യയുടെ വ്യവസായത്തിന് മനുഷ്യവിഭവ ശേഷി നൈപുണ്യം നവീകരിക്കുകയും ആഗോളതലത്തില്‍ കഴിവുള്ളവരായിരിക്കാന്‍ പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയും വേണം. ഇന്നത്തെ സംഭാഷണം നിങ്ങളുടെ ചിന്തകളും നിര്‍ദ്ദേശങ്ങളും ഉപയോഗപ്പെടുത്തി 'മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ് വേള്‍ഡ്' എന്നതിന് വഴിയൊരുക്കുമെന്നും ഒരു പുതിയ ശക്തിയും വേഗവും ഊര്‍ജവും നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്.

പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ എന്തായാലും തുറന്ന മനസ്സോടെ നിങ്ങള്‍ അഭിമുഖീകരിക്കുന്ന ഏത് പ്രശ്നവും എന്നെ അറിയിക്കണമെന്ന് വീണ്ടും നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ നിര്‍ദ്ദേശവും സ്വീകരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാണ്; എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഗവണ്‍മെന്റ് നല്‍കുന്ന ആനുകൂല്യങ്ങള്‍ എന്തുതന്നെയായാലും ഞാന്‍ ഒരു കാര്യം കൂടി പറയും; നിങ്ങളുടെ ചരക്കുകള്‍ മറ്റ് രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് വിലകുറഞ്ഞതാണെങ്കില്‍ അവ വില്‍ക്കപ്പെടുമെന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നും. നിങ്ങള്‍ ശരിയായിരിക്കാം, പക്ഷേ ഏറ്റവും വലിയ ശക്തി ഗുണനിലവാരമാണ്. മത്സരത്തില്‍ ഗുണനിലവാരത്തിന്റെ പരീക്ഷണമായി നിലകൊള്ളുന്ന ഉല്‍പ്പന്നത്തിന് രണ്ട് രൂപ കൂടുതല്‍ നല്‍കാന്‍ ലോകം തയ്യാറാണ്. ഇന്ന് ഇന്ത്യ ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ ഒരു വ്യക്തിത്വം സൃഷ്ടിക്കേണ്ടതുണ്ട്. നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടതില്ല. നിങ്ങള്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നെങ്കില്‍ അത് ഉല്‍പാദന നിലവാരത്തിനായിരിക്കും. പിഎല്‍ഐയുടെ ഗുണം പിഎല്‍ഐക്ക് കീഴില്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ തേടുന്നതിനല്ല, മറിച്ച് ഉല്‍പാദനത്തിന്റെ ഗുണനിലവാരം ഊന്നിപ്പറയുന്നതില്‍ ഇത് ഏറ്റവും പ്രയോജനകരമാണ്. ഈ സംവാദത്തിലെ ഈ ഭാഗത്തിനു നാം ഊന്നല്‍ നല്‍കുകയാണെങ്കില്‍ ധാരാളം നേട്ടങ്ങള്‍ ഉണ്ടാകും.

നിങ്ങള്‍ ദിവസം മുഴുവന്‍ ഇരിക്കാന്‍ പോകുന്നതിനാല്‍ നിങ്ങളുടെ സമയം കൂടുതല്‍ എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍. ഇത്രയും പേര്‍ പങ്കെടുത്തതിന് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു.

നന്ദി!



(Release ID: 1703116) Visitor Counter : 196