പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോയമ്പത്തൂരിലെ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു


തുറമുഖ കേന്ദ്രീകൃത വികസനത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത സാഗര്‍മല പദ്ധതിയില്‍ കാണാന്‍ കഴിയും: പ്രധാനമന്ത്രി

ഇന്ന് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ കോയമ്പത്തൂരിനും മുഴുവന്‍ തമിഴ്നാട്ടിനും ഗുണകരമെന്നും പ്രധാനമന്ത്രി

Posted On: 25 FEB 2021 5:59PM by PIB Thiruvananthpuram

1000 മെഗാവാട്ട് നെയ്വേലി പുതിയ താപവൈദ്യുത പദ്ധതിയും എന്‍എല്‍സിഎല്ലിന്റെ 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. കോയമ്പത്തൂര്‍, മധുര, സേലം, തഞ്ചാവൂര്‍, വെല്ലൂര്‍, തിരുച്ചിറപ്പള്ളി, തിരുപ്പൂര്‍, തിരുനെല്‍വേലി, തൂത്തുക്കുടി എന്നിവയുള്‍പ്പെടെ ഒമ്പത് സ്മാര്‍ട്ട് നഗരങ്ങളില്‍ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രങ്ങളുടെ (ഐസിസിസി) വികസനത്തിന് അദ്ദേഹം തറക്കല്ലിട്ടു. തമിഴ്‌നാട് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 വ്യവസായത്തിന്റെയും പുതുമയുടെയും നഗരമാണ് കോയമ്പത്തൂര്‍ എന്ന് ചടങ്ങില്‍ പ്രസംഗിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ കോയമ്പത്തൂരിനും മുഴുവന്‍ തമിഴ്നാട്ടിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 ഭവാനി സാഗര്‍ അണക്കെട്ടിന്റെ നവീകരണം രണ്ട് ലക്ഷം ഏക്കര്‍ സ്ഥലത്ത് ജലസേചനത്തിന് പ്രയോജനപ്പെടുമെന്നും വിവിധ ജില്ലകളിലെ കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യയുടെ വ്യാവസായിക വളര്‍ച്ചയ്ക്ക് വലിയ സംഭാവന നല്‍കിയതിന് അദ്ദേഹം തമിഴ്നാടിനെ പ്രശംസിച്ചു. വ്യാവസായിക വളര്‍ച്ചയുടെ അടിസ്ഥാന ആവശ്യങ്ങളിലൊന്ന് തുടര്‍ച്ചയായ വൈദ്യുതി വിതരണമാണ് എന്നതിനാല്‍ നിരവധി പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്കു തുടക്കമിട്ടതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 709 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതി തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ പദ്ധതിയുടെ ചെലവ് 3,000 കോടിയിലധികം ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 7,800 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 1,000 മെഗാവാട്ട് താപവൈദ്യുത പദ്ധതി തമിഴ്നാടിന് ഏറെ ഗുണം ചെയ്യും. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 65 ശതമാനവും തമിഴ്നാടിനുതന്നെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

സമുദ്രമേഖലാ വ്യാപാരത്തിന്റെയും തുറമുഖം കേന്ദ്രീകൃത വികസനത്തിന്റെയും മഹത്തായ ചരിത്രമാണ് തമിഴ്നാടിന്റേതെന്ന് തൂത്തുക്കുടിയിലെ ചിദംബരനാര്‍ തുറമുഖത്തിന്റെ അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആരംഭിച്ച പദ്ധതികള്‍ തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഹരിത തുറമുഖ സംരംഭത്തെ പിന്തുണയ്ക്കുകയും ചെയ്യും. കാര്യക്ഷമമായ തുറമുഖങ്ങള്‍ ഇന്ത്യക്ക് ആത്മനിര്‍ഭര്‍ വ്യാപാരത്തിനും ചരക്കു ഗതാഗതത്തിനുമുള്ള ആഗോള കേന്ദ്രങ്ങളെയാണു സംഭാവന ചെയ്യുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  മഹാനായ സ്വാതന്ത്ര്യസമര സേനാനി വി.ഒ.സിക്ക് ശ്രീ മോദി ആദരാഞ്ജലി അര്‍പ്പിച്ചു.  ഊര്‍ജ്ജസ്വലമായ ഇന്ത്യന്‍ കപ്പല്‍ വ്യവസായത്തെയും സമുദ്ര വികസനത്തെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് നമ്മെ വളരെയധികം പ്രചോദിപ്പിക്കുന്നു,'' പ്രധാനമന്ത്രി പറഞ്ഞു. 20 കോടി രൂപ ചെലവില്‍ ഗ്രിഡുമായി ബന്ധിപ്പിച്ച 5 മെഗാവാട്ട് ഭൂഗര്‍ഭ അധിഷ്ഠിത സൗരോര്‍ജ്ജ നിലയം വിഒസി തുറമുഖം ഏറ്റെടുത്തിട്ടുണ്ടെന്നും 140 കിലോവാട്ട് സൗരോര്‍ജ്ജ പദ്ധതി പുരോഗമിക്കുകയാണെന്നും അറിഞ്ഞതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. പ്രധാനമന്ത്രി അതിനെ ഊര്‍ജ്ജ ആത്മനിര്‍ഭാരതത്തിന്റെ ഉദാഹരണമായി വിശേഷിപ്പിച്ചു.

 തുറമുഖ കേന്ദ്രീകൃത വികസനത്തിന് ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രതിബദ്ധത സാഗര്‍മല പദ്ധതിയിലൂടെ കാണാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2015-2035 കാലയളവില്‍ മൊത്തം ആറ് ലക്ഷം കോടി രൂപ ചെലവില്‍ 575 പദ്ധതികളാണു നടപ്പാക്കുന്നത്. തുറമുഖ നവീകരണം, പുതിയ തുറമുഖ വികസനം, തുറമുഖ പരസ്പര ബന്ധം മെച്ചപ്പെടുത്തല്‍, തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായവല്‍ക്കരണം, തീരദേശ വികസനം, തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. ചെന്നൈയിലെ ശ്രീപെരുമ്പുത്തൂരിനടുത്തുള്ള മാപ്പിഡുവില്‍ പുതിയ ബഹുമാതൃകാ ലോജിസ്റ്റിക് പാര്‍ക്ക് ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കോരമ്പള്ളം പാലത്തിന്റെയും റെയില്‍ മേല്‍പ്പാലത്തിന്റെയും 8 പാതകളും സാഗര്‍മല പദ്ധതിപ്രകാരം ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുറമുഖത്തേക്കും പുറത്തേക്കും തടസ്സമില്ലാത്തതും ഗതാഗതക്കുരുക്കില്ലാത്തതുമായ ഗതാഗതം ഈ പദ്ധതിക്ക് സഹായകമാകും. ഇത് ചരക്കു ട്രക്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുമെന്ന് ശ്രീ മോദി പറഞ്ഞു.

 ഓരോ വ്യക്തിക്കും അന്തസ്സ് ഉറപ്പാക്കുകയാണ് വികസനത്തിന്റെ കാതല്‍ എന്ന് ശ്രീ മോദി പറഞ്ഞു.  അന്തസ്സ് ഉറപ്പുവരുത്തുന്നതിനുള്ള അടിസ്ഥാന മാര്‍ഗ്ഗങ്ങളിലൊന്ന് എല്ലാവര്‍ക്കും അഭയം നല്‍കുക എന്നതാണ്. നമ്മുടെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചിറകുകള്‍ നല്‍കുന്നതിനായി പ്രധാന്‍ മന്ത്രി ആവാസ് യോജന ആരംഭിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ പ്രദേശങ്ങളില്‍ നിര്‍മ്മിച്ച 4,144 വീടുകള്‍ ഉദ്ഘാടനം ചെയ്യുന്നതിലുും തമിഴ്നാട്ടിലെ സ്മാര്‍ട്ട് സിറ്റികളിലെ സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ക്ക് തറക്കല്ലിടുന്നതിലുും അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ പദ്ധതിയുടെ ചെലവ് 332 കോടി രൂപയാണ്, സ്വാതന്ത്ര്യത്തിന്റെ 70 വര്‍ഷത്തിനുശേഷവും ഈ വീടുകള്‍ ഭവനരഹിതരായവര്‍ക്ക് കൈമാറുന്നേ ഉള്ളു എന്നതാണു സ്ഥിതിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ നഗരങ്ങളിലുടനീളം വിവിധ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംയോജിത കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍ ബുദ്ധിപരവും സംയോജിതവുമായ ഐടി പരിഹാരം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

 

***(Release ID: 1700986) Visitor Counter : 220