പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആരോഗ്യമേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

ആരോഗ്യകരമായ ഇന്ത്യയ്ക്കായി നാല് തരത്തിലുള്ള തന്ത്രവുമായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യന്‍ ആരോഗ്യമേഖലയുടെ കരുത്തും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവും ലോകം ഇപ്പോള്‍ വ്യക്തമായി വിലമതിക്കുന്നു : പ്രധാനമന്ത്രി

മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉല്‍പാദനത്തിനായി അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി കുറയ്ക്കുന്നതിന് ഇന്ത്യ പ്രവര്‍ത്തിക്കണം : പ്രധാനമന്ത്രി

Posted On: 23 FEB 2021 12:29PM by PIB Thiruvananthpuram

ആരോഗ്യമേഖലയിലെ ബജറ്റ് വ്യവസ്ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നത് സംബന്ധിച്ച വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു.

ഈ വര്‍ഷത്തെ ബജറ്റില്‍ ആരോഗ്യമേഖലയ്ക്ക് അനുവദിച്ച വിഹിതം അഭൂതപൂര്‍വമാണെന്നും ഓരോ പൗരനും മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയാണ് അത് കാണിക്കുന്നതെന്നും  പ്രധാനമന്ത്രി പറഞ്ഞു.

പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷം വളരെ ബുദ്ധിമുട്ടുള്ളതും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്ന് ശ്രീ മോദി അനുസ്മരിച്ചു. വെല്ലുവിളിയെ മറികടന്ന് നിരവധി ജീവനുകള്‍ രക്ഷിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഗവണ്‍മെന്റിന്റെയും സ്വകാര്യമേഖലയുടെയും സംയുക്ത പരിശ്രമമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു.

ഏതാനും മാസം കൊണ്ട് രാജ്യത്തിന് 2500 ലാബുകളുടെ ഒരു ശൃംഖല എങ്ങനെ സ്ഥാപിക്കാമെന്നും വെറും ഒരു ഡസന്‍ ടെസ്റ്റുകളില്‍ നിന്ന് 21 കോടി ടെസ്റ്റുകളെന്ന നാഴികക്കല്ലിലെത്താന്‍ കഴിയുമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.

പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടം മാത്രമല്ല, ഭാവിയില്‍ ഇത്തരമൊരു സാഹചര്യത്തിന് രാജ്യത്തെ ഒരുക്കണമെന്ന ഒരു പാഠം കൊറോണ നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

ഭാവിയിലെ ഏത് ആരോഗ്യ ദുരന്തവും മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ മരുന്നുകള്‍ വരെ, വെന്റിലേറ്ററുകള്‍ മുതല്‍ വാക്‌സിനുകള്‍ വരെ, ശാസ്ത്രീയ ഗവേഷണം മുതല്‍ നിരീക്ഷണ അടിസ്ഥാനസൌകര്യം വരെ, ഡോക്ടര്‍മാര്‍ മുതല്‍ എപ്പിഡെമിയോളജിസ്റ്റുകള്‍ വരെ എല്ലാ കാര്യങ്ങളിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ആത്മനിര്‍ഭര്‍സ്വസ്ത് ഭാരത് പദ്ധതിക്ക് പിന്നിലെ പ്രചോദനം ഇതാണ്. ഈ പദ്ധതി പ്രകാരം,
രാജ്യത്തിനകത്ത് തന്നെ ഗവേഷണം മുതല്‍ പരിശോധന, ചികിത്സ വരെ ഒരു ആധുനിക ആവാസവ്യവസ്ഥ
വികസിപ്പിക്കും. ഈ പദ്ധതി എല്ലാ മേഖലകളിലും നമ്മുടെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കും.

15-ാമത് ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ആരോഗ്യ സേവനങ്ങള്‍ കണക്കിലെടുത്ത് തദ്ദേശസ്ഥാപനങ്ങള്‍ക്ക് 70000 കോടി രൂപയില്‍ കൂടുതല്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതായത്, ആരോഗ്യസംരക്ഷണത്തിനുള്ള നിക്ഷേപത്തിന് മാത്രമല്ല, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ഗവണ്‍മെന്റ് ഊന്നല്‍ കൊടുക്കുന്നു. ഈ നിക്ഷേപങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊറോണ മഹാമാരിയുടെ കാലഘട്ടത്തില്‍ ഇന്ത്യയുടെ ആരോഗ്യമേഖല കാണിച്ച കരുത്തും പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവും ലോകം ഇപ്പോള്‍ വ്യക്തമായി വിലമതിക്കുന്നുവെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന്റെ ആരോഗ്യമേഖലയോടുള്ള ആദരവും വിശ്വാസവും ലോകമെമ്പാടും പലമടങ്ങ് വര്‍ദ്ധിച്ചുവെന്നും ഇത് മനസ്സില്‍ വച്ചുകൊണ്ട് രാജ്യം ഭാവിയിലേക്ക് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഡോക്ടര്‍മാര്‍, ഇന്ത്യന്‍ നഴ്സുമാര്‍, ഇന്ത്യന്‍ പാരാ മെഡിക്കല്‍ സ്റ്റാഫ്, ഇന്ത്യന്‍ മരുന്നുകള്‍, ഇന്ത്യന്‍ വാക്സിനുകള്‍ എന്നിവയുടെ ആവശ്യം ലോകമെമ്പാടും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ ശ്രദ്ധ തീര്‍ച്ചയായും ഇന്ത്യയുടെ മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് മാറുമെന്നും
ഇന്ത്യയില്‍ മെഡിസിന്‍ പഠിക്കാന്‍ വിദേശ വിദ്യാര്‍ത്ഥികളുടെ വമ്പിച്ച വരവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മഹാമാരിയുടെ സമയത്ത് വെന്റിലേറ്ററുകളും ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ നാം കൈവരിച്ച മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തില്‍, അന്താരാഷ്ട്ര തലത്തിലെ വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്ത് കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ശ്രീ മോദി പറഞ്ഞു.

ലോകത്തിന് ആവശ്യമായ മുഴുവന്‍ മെഡിക്കല്‍ ഉപകരണങ്ങളും ചെലവ് കുറഞ്ഞ രീതിയില്‍ നല്‍കണമെന്ന് ഇന്ത്യക്ക് സ്വപ്നം കാണാന്‍ കഴിയുമോ എന്ന് അദ്ദേഹം പങ്കെടുത്തവരോട് ചോദിച്ചു. ഉപഭോക്തൃ സൗഹൃദ സാങ്കേതികവിദ്യ ഉപയോഗിച്ച് മിതമായ നിരക്കില്‍ സുസ്ഥിരമായി ഇന്ത്യയെ എങ്ങനെ ആഗോള വിതരണക്കാരനാക്കാമെന്നതില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാമോ ?

മുന്‍ ഗവണ്‍മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി, നിലവിലെ ഗവണ്‍മെന്റ് ആരോഗ്യ പ്രശ്നങ്ങളെ ശിഥിലമായതിനേക്കാള്‍ സമഗ്രമായ രീതിയിലാണ് പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിനാല്‍, ചികിത്സയില്‍ മാത്രമല്ല, ക്ഷേമത്തിലും കൂടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പ്രതിരോധം മുതല്‍ ചികിത്സ വരെ സമഗ്രവും സംയോജിതവുമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യകരമായ ഇന്ത്യയ്ക്കായി നാല് വശങ്ങളുള്ള തന്ത്രവുമായി ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യത്തേത് ''രോഗം തടയല്‍, ക്ഷേമം പ്രോത്സാഹിപ്പിക്കുക'' എന്നതാണ്. ശുചിത്വ ഭാരത ദൌത്യം, യോഗ, ഗര്‍ഭിണികളുടെയും കുട്ടികളുടെയും യഥാസമയം പരിചരണം, ചികിത്സ തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്.

രണ്ടാമത്തേത് ''ദരിദ്രരില്‍ ദരിദ്രര്‍ക്ക് കുറഞ്ഞ ചെലവില്‍ ഫലപ്രദവുമായ ചികിത്സ നല്‍കുക'' എന്നതാണ്.

ആയുഷ്മാന്‍ ഭാരത്, പ്രധാന്‍ മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങിയ പദ്ധതികളും ഇതിനായി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തേത് ''ആരോഗ്യ അടിസ്ഥാന സൌകര്യങ്ങളുടെയും ആരോഗ്യ പരിപാലന വിദഗ്ധരുടെയും
ഗുണനിലവാരവും ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക'' എന്നതാണ്. കഴിഞ്ഞ 6 വര്‍ഷത്തിനുശേഷം, എയിംസ് പോലുള്ള സ്ഥാപനങ്ങളുടെ വിപുലീകരണവും രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു.

നാലാമത്തേത് ''തടസ്സങ്ങള്‍ മറികടക്കാന്‍ ദൌത്യ രൂപത്തില്‍ പ്രവര്‍ത്തിക്കുക'' എന്നതാണ്. മിഷന്‍ ഇന്ദ്രധനുഷ് രാജ്യത്തെ ഗോത്ര-വിദൂരസ്ഥ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. ലോകത്ത് നിന്ന് ക്ഷയരോഗ നിര്‍മാര്‍ജനം 2030 ഓടെ എന്ന ലക്ഷ്യത്തില്‍ നിന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2025 നകം നേടാനുള്ള ലക്ഷ്യം ഇന്ത്യ മുന്നോട്ട് വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രോഗ ബാധിതരുടെ സ്രവങ്ങളിലൂടെ രോഗം പടരുന്നതിനാല്‍ കൊറോണ വൈറസ് തടയുന്നതില്‍ സ്വീകരിച്ച പ്രോട്ടോക്കോളുകളും ക്ഷയരോഗം തടയുന്നതിനായി സമാനമായി സ്വീകരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ക്ഷയരോഗം തടയുന്നതിലും മാസ്‌കുകള്‍ ധരിക്കുന്നതും നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും പ്രധാനമാണ്.

കൊറോണ കാലഘട്ടത്തില്‍ ആയുഷ് മേഖല നടത്തിയ ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. വര്‍ദ്ധിച്ചുവരുന്ന പ്രതിരോധശേഷി, ശാസ്ത്രീയ ഗവേഷണം എന്നിവയില്‍ നമ്മുടെ ആയുഷിന്റെ അടിസ്ഥാന സൗകര്യങ്ങളും രാജ്യത്ത് വളരെയധികം സഹായിച്ചിട്ടുണ്ട്. കോവിഡ്-19 നിയന്ത്രിക്കുന്നതിനുള്ള വാക്‌സിനോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ പരമ്പരാഗത മരുന്നുകളുടെയും മസാലകളുടെയും സ്വാധീനം ലോകം അനുഭവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ആഗോള കേന്ദ്രം സ്ഥാപിക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയില്‍ താങ്ങാനാവുന്ന വിലയും ലഭ്യതയും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനുള്ള ശരിയായ അവസരമാണിതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ആരോഗ്യമേഖലയില്‍ ആധുനിക സാങ്കേതികവിദ്യ മെച്ചപ്പെട്ട രീതിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സാധാരണക്കാര്‍ക്ക് അവരുടെ സൌകര്യത്തിനനുസരിച്ച് ഫലപ്രദമായ ചികിത്സ ലഭിക്കാന്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരതത്തിന് ഈ മാറ്റങ്ങള്‍ വളരെ പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യ ഇന്ന് ലോകത്തിന്റെ ഫാര്‍മസിയായി മാറിയെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയെ
ആശ്രയിച്ചിരിക്കുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ഇത്തരം ആശ്രയത്വം നമ്മുടെ വ്യവസായത്തിന് ഗുണകരമല്ലെന്നും പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ മരുന്നുകളും ആരോഗ്യ പരിരക്ഷയും നല്‍കുന്നതിന് ഇത് വലിയ തടസ്സമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ കേന്ദ്ര ബജറ്റില്‍ സ്വാശ്രയത്വത്തിനായി നാല് പദ്ധതികള്‍ ആരംഭിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.ഇതിന് കീഴില്‍ രാജ്യത്ത് മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും ഉല്‍പാദനത്തിനായി ഉല്പാദന ബന്ധിത പ്രോത്സാഹനം നല്‍കുന്നു. അതുപോലെ തന്നെ മരുന്നുകള്‍ക്കും മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമായി മെഗാ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നു. രാജ്യത്തിന് വെല്‍നസ് സെന്ററുകള്‍, ജില്ലാ ആശുപത്രികള്‍, തീവ്ര പരിചരണയൂണിറ്റുകള്‍, ആരോഗ്യ നിരീക്ഷണ അടിസ്ഥാന സൌക്യങ്ങള്‍, ആധുനിക ലാബുകള്‍, ടെലിമെഡിസിന്‍ എന്നിവ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ തലത്തിലും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍, അവര്‍ ഏറ്റവും ദരിദ്രരാണെങ്കിലും, വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെങ്കിലും, ഏറ്റവും മികച്ച ചികിത്സ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് നാം ഉറപ്പാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇവ സംഭവിക്കണമെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ്, രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ യോജിച്ച് പ്രവര്‍ത്തിക്കണം.

പൊതുജനാരോഗ്യ ലബോറട്ടറികളുടെ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലും പിഎംജെവൈയിലെ സഹായം ലഭ്യമാക്കുന്നതിലും സ്വകാര്യമേഖലയ്ക്ക് പിപിപി മാതൃകകളെ പിന്തുണയ്ക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍, പൗരന്മാരുടെ ഡിജിറ്റല്‍ ഹെല്‍ത്ത് റെക്കോര്‍ഡുകള്‍, മറ്റ് ആധുനികസാങ്കേതികവിദ്യ എന്നിവയിലും അവര്‍ക്ക് പങ്കാളിത്തമുണ്ടാക്കാം.

*****



(Release ID: 1700167) Visitor Counter : 187