ഉപരാഷ്ട്രപതിയുടെ കാര്യാലയം

മാതൃഭാഷയിലെ പ്രാഥമിക വിദ്യാഭ്യാസം കുട്ടികളുടെ ആത്മാഭിമാനവും സർഗ്ഗാത്മകതയും വർദ്ധിപ്പിക്കും: ഉപരാഷ്ട്രപതി

Posted On: 21 FEB 2021 2:51PM by PIB Thiruvananthpuram

കുറഞ്ഞത് അഞ്ചാം ക്ലാസ് വരെയെങ്കിലും മാതൃഭാഷ പ്രാഥമിക ബോധന മാധ്യമമാക്കണമെന്ന് ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ, വീട്ടിൽ സംസാരിക്കാത്ത ഭാഷയിൽ കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ പഠനത്തിന് വലിയ തടസ്സം സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

 

വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മാതൃഭാഷയിൽ പഠിപ്പിക്കുന്നതിലൂടെ കുട്ടികളുടെ ആത്മാഭിമാനം ഉയർത്താനും സർഗ്ഗാത്മകത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് ഒന്നിലധികം പഠനങ്ങളെ ഉദ്ധരിച്ച് ശ്രീ നായിഡു വ്യക്തമാക്കി. പുതിയ വിദ്യാഭ്യാസ നയത്തെ ദർശനാത്മക രേഖയെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി പുതിയ വിദ്യാഭ്യാസ നയം അതിന്റെ യഥാർത്ഥ രൂപത്തിലും ഉള്ളടക്കത്തിലും നടപ്പാക്കണമെന്നും അഭ്യർത്ഥിച്ചു.

 

വിദ്യാഭ്യാസ മന്ത്രാലയവും സാംസ്കാരിക മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ഉപരാഷ്ട്രപതി മാതൃഭാഷയുടെ പ്രയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അഞ്ച് പ്രധാന മേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിൽ മാതൃഭാഷയുടെ പ്രയോഗത്തിന് ഊന്നൽ നൽകുന്നതിനു പുറമെ, ഭരണനിർവ്വഹണത്തിലും, കോടതി വ്യവഹാരങ്ങളിലും, വിധിന്യായങ്ങൾ പുറപ്പെടുവിക്കുന്നതിലും പ്രാദേശിക ഭാഷകൾ ഉപയോഗിക്കണം. ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മേഖലയിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം ക്രമേണ വർദ്ധിപ്പിക്കണമെന്ന ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. എല്ലാവരും അഭിമാനപൂർവ്വം സ്വന്തം വീടുകളിൽ മാതൃഭാഷയുടെ ഉപയോഗത്തിന് മുൻഗണന നല്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

 

ഭീഷണി നേരിടുന്ന ഭാഷകളുടെ അവസ്ഥയെക്കുറിച്ചും ശ്രീ നായിഡു ആശങ്ക പ്രകടിപ്പിച്ചു. 196 വ്യത്യസ്ത ഭാഷകളുള്ള ഇന്ത്യയിലാണ് ലോകത്ത് ഏറ്റവുമധികം ഭീഷണി നേരിടുന്ന ഭാഷകളുള്ളതെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. ഭീഷണി നേരിടുന്ന ഭാഷകളുടെ സംരക്ഷണത്തിന് വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയെ (Scheme for Protection and Preservation of Endangered Languages-SPPEL) ശ്രീ നായിഡു അഭിനന്ദിച്ചു.

 

ബഹുഭാഷാ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച ഉപരാഷ്ട്രപതി, മാതൃഭാഷയിൽ ശക്തമായ അടിത്തറ നേടുന്നതിനൊപ്പം കഴിയുന്നത്ര ഭാഷകൾ പഠിക്കാനും ഉപദേശിച്ചു.

 

ദേശീയ വിവർത്തന ദൗത്യം (National Translation Mission), ഭാരത വാണി പദ്ധതി, ഭാരതീയ ഭാഷാ വിശ്വ വിദ്യാലയം (ബി.ബി.വി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിടി) തുടങ്ങി ബഹുഭാഷാ സമൂഹത്തിനായുള്ള വിവിധ സർക്കാർ സംരംഭങ്ങളെ ശ്രീ നായിഡു അഭിനന്ദിച്ചു.

 

അന്താരാഷ്ട്ര വെർച്വൽ കാലിഗ്രാഫി എക്സിബിഷനും ശ്രീ നായിഡു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി ഡോ. രമേശ് പോഖ്രിയാൽ, സാംസ്കാരിക മന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേൽ, വിദ്യാഭ്യാസ സഹമന്ത്രി ശ്രീ സഞ്ജയ് ധോത്രെ എന്നിവരും വെർച്വൽ പരിപാടിയിൽ പങ്കെടുത്തു.

 

***

RRTN

 


(Release ID: 1699787) Visitor Counter : 465