പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാബാഹു ബ്രഹ്മപുത്രയുടെ ഉദ്ഘാടനവും അസമിലെ രണ്ടു പാലങ്ങളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

Posted On: 16 FEB 2021 8:30PM by PIB Thiruvananthpuram

മഹാബാഹു ബ്രഹ്മപുത്രയുടെ ഉദ്ഘാടനവും അസമിലെ ധൂബ്രി ഫുല്‍ബാരി പാലത്തിന്റെ ശിലാസ്ഥാപനവും മജൂലി പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമി പൂജയും നാളെ (2021 ഫെബ്രുവരി 18)  ന് ഉച്ചയ്ക്കു 12 മണിക്ക് വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിര്‍വഹിക്കും. കേന്ദ്ര റോഡ് ദേശീയപാത വകുപ്പു മന്ത്രി, കേന്ദ്ര തുറമുഖ, കപ്പല്‍ ജല ഗതാഗത മന്ത്രാലയ സഹമന്ത്രി, അസം മുഖ്യമന്ത്രി എന്നിവര്‍ പങ്കെടുക്കും.
നീമാതി- മജൂലി ദ്വീപുകള്‍, ഉത്തര ഗുവാഹത്തി - ദക്ഷിണ ഗുവാഹത്തി , ധുബ്രി - ഹത്സിംഗിമാരി എന്നീ മേഖലകളെ ബന്ധിപ്പിക്കുന്ന റോ- പാക്സ് കപ്പല്‍ സര്‍വീസ് ഉദ്ഘാടം ചെയ്തു കൊണ്ടാണ് പ്രധാനമന്ത്രി മഹാബാഹു ബ്രഹ്മപുത്രയ്ക്കു സമാരംഭം കുറിയ്ക്കുക. ജോഗിഖോപ്പയിലെ ഉള്‍നാടന്‍ ജല ഗതാഗത ടെര്‍മിനലിനലിന്റെയും ബ്രഹ്മപുത്രയിലെ വിവിധ ജെട്ടികളുടെയും  തറക്കല്ലിടലും, അനായാസ വ്യവസായ നടത്തിപ്പിനുള്ള ഡിജിറ്റല്‍ പരിഹാരമാര്‍ഗ്ഗങ്ങളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി  നിര്‍വഹിക്കും. ഇന്ത്യയുടെ കിഴക്കന്‍ മേഖലയുമായി തടസമില്ലാത്ത സമ്പര്‍ക്കവും,  ബ്രഹ്മപുത്ര -  ബറാക് നദീതടങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്കായി വിവിധ വികസന പ്രവര്‍ത്തനങ്ങളുമാണ് പദ്ധതികൊണ്ട് ലക്ഷ്യമാക്കുന്നത്.  


നദീ തീരങ്ങളെ ബന്ധിപ്പിക്കുന്ന റോ - പാക്സ് സര്‍വീസ് ജനങ്ങളുടെ യാത്രാ സമയം കുറയ്ക്കുകയും റോഡ് ഗതാഗത ദൈര്‍ഘ്യം ലഘൂകരിക്കുകയും ചെയ്യും. നിലവില്‍ നീമാതി - മജൂലി റോഡിന്റെ ദൈര്‍ഘ്യം 420 കിലോമീറ്ററാണ്. റോ- പാക്സ് ബോട്ട് സര്‍വീസ് ഈ ദൂരം വെറും 12 കിലോമീറ്ററാക്കി കുറയ്ക്കും. ഇത് ഈ മേഖലയിലെ ചെറുകിട വ്യവസായങ്ങളുടെ ചരക്കു നീക്കത്തെ ന്യായമായി സ്വാധീനിക്കും. തദ്ദേശീയമായി നിര്‍മ്മിച്ച എംവി റാണി ഗൈഡിന്‍ല്യു, എംവി സച്ചിന്‍ ദേവ് ബര്‍മന്‍ എന്നീ രണ്ടു കപ്പലുകളാണ് റോ-പാക്സ് സര്‍വീസുകള്‍ നടത്തുന്നതിനായി വാങ്ങിയിട്ടുള്ളത്. ഉത്തര ദക്ഷിണ ഗുവാഹത്തികള്‍ക്കു മധ്യേ സര്‍വീസ് നടത്തുന്ന എംവി ജെഎഫ്ആര്‍ ജേക്കബ് എന്ന റോ- പാക്സ് കപ്പല്‍ ഈ റൂട്ടിലെ റോഡു മാര്‍ഗ്ഗമുള്ള 40 കിലോമീറ്റര്‍ ദൂരം വെറും മൂന്നു കിലോമീറ്ററായി കുറയ്ക്കും. ധൂബ്രിയ്ക്കും ഹത്സിംഗിമാരിയ്ക്കും മധ്യേ എംവി ബോബ് ഖാത്തിംങ് എന്ന കപ്പല്‍ സര്‍വീസ് തുടങ്ങുമ്പോള്‍, റോഡ് മാര്‍ഗ്ഗമുള്ള 220 കിലോമീറ്റര്‍ 28 കിലോമീറ്ററായി ചുരുങ്ങും. അതോടെ ഈ മേഖലയിലെ സാധാരണക്കാരുടെ യാത്രാ ദൈര്‍ഘ്യവും സമയവും വളരെയധികം ലാഭിക്കാം.


നീമാതി, ബിശ്വനാഥ് ഘട്ട്, പാണ്ഡു, ജോഗിഖോപാ എന്നീ നാലു സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന വിനോദ സഞ്ചാര ജെട്ടികളുടെ ശിലാസ്ഥാപനവും ഈ പരിപാടിയുടെ ഭാഗമായി നടക്കും. വിനോദസഞ്ചാര മന്ത്രാലയം നല്കുന്ന  9.41 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് ഈ ജട്ടികളുടെ നിര്‍മ്മാണം. ഈ ജട്ടികള്‍ നദീ സഞ്ചാര വിനോദയാത്രകള്‍ പ്രോത്സാഹിപ്പിച്ച് തദ്ദേശീയമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കകയും പ്രാദേശികമായ വ്യവസായങ്ങളെ വളര്‍ത്തുകയും ചെയ്യും.


ഈ പദ്ധതിയുടെ ഭാഗമായി ജോഗിഖോപയില്‍ സ്ഥിരമായി ഉള്‍നാടന്‍ ജലഗതാഗത ടെര്‍മിനലും നിര്‍മ്മിക്കുന്നുണ്ട്.  മാത്രവുമല്ല, ജോഗിഖോപയില്‍ ഉടന്‍ ആരംഭിക്കുന്ന ബഹുമുഖ മാതൃക ചരക്കു ഗതാഗത പാര്‍ക്കുമായി ഇതിനെ ബന്ധിപ്പിക്കുകയും ചെയ്യും. കൊല്‍ക്കൊത്ത ഹാല്‍ദിയ മേഖലകളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയിലെ ഗതാഗത തിരക്കു കുറയ്ക്കുവാനും ഈ ടെര്‍മിനല്‍ സഹായിക്കും.  കൂടാതെ മേഘാലയ, ത്രിപുര പോലുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍, അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളിലേയ്ക്കെല്ലാം പ്രളയകാലത്തു പോലും തടസമില്ലാതെയുള്ള  ചരക്കുവാഹന ഗതാഗതത്തിനും ഇത് സൗകര്യമൊരുക്കും.


ഇവ കൂടാതെ, അനായാസ വ്യവസായ നടത്തിപ്പിനുള്ള  രണ്ട് ഇ - പോര്‍ട്ടലുകളുടെ ഉദ്ഘാടനവും പ്രധാന മന്ത്രി നിര്‍വഹിക്കും. കാര്‍- ഡി( കാര്‍ഗോ ഡാറ്റ) പോര്‍ട്ടല്‍ ചരക്കു കപ്പലുകളുടെയും യാത്രാ കപ്പലുകളുടെയും വിവരങ്ങള്‍ സമയാടിസ്ഥാനത്തില്‍ ഒത്തു നോക്കും. പാനി(പോര്‍ട്ടല്‍ ഫോര്‍ അസറ്റ് ആന്‍ഡ് നാവിഗേഷന്‍ ഇന്‍ഫര്‍മേഷന്‍) നദിയിലെ ഗതി നിയന്ത്രണം അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ നല്കുന്ന ഏക പരിഹാരമായി പ്രവര്‍ത്തിക്കും.


ധുബ്രി ഫുല്‍ബാരി പാലം
ബ്രഹ്മപുത്ര നദിയില്‍ ധുബ്രി(ഉത്തര തീരം) ഫുല്‍ബാരി( ദക്ഷിണ തീരം) എന്നീ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന നാലുവരി പാലത്തിന്റെ ശിലാസ്ഥാപനവും പ്രധാന മന്ത്രി നിര്‍വഹിക്കും. ദേശീയ പാത 27 ല്‍( കിഴക്കു പടിഞ്ഞാറന്‍ ഇടനാഴി) ശ്രീരാംപൂരില്‍ നിന്നു  തുടങ്ങി  മേഘാലയയിലെ ദേശീയ പാത 106 ലെ നോംഗ്സ്റ്റോയിനില്‍ അവസാനിക്കുന്ന  ദേശീയ പാത 127 ബി യിലാണ് നിര്‍ദ്ദിഷ്ഠ പാലം സ്ഥിതി ചെയ്യുക. ഇത് അസമിലെ ധൂബ്രി മുതല്‍ ഫുല്‍ബാരി, തൂറ, റോണ്‍ഗ്രാം, മേഘാലയയിലെ റോംങ് ജെങ് എന്നീ സ്ഥലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. മൊത്തം 4997 കോടി രൂപയാണ് നിര്‍മ്മാണ ചെലവു പ്രതീക്ഷിക്കുന്നത്.  നദിയുടെ ഇരു കരകളിലും താമസിക്കുന്ന ജനങ്ങളുടെ കാലാകാലങ്ങളായുള്ള ആവശ്യമാണ് ഈ പാലം. ഇതുവരെ ഇവര്‍ ഇരുകരകളിലേയ്ക്കും യാത്ര ചെയ്യുവാന്‍ ചങ്ങാടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. റോഡുമാര്‍ഗ്ഗമുള്ള ദൈര്‍ഘ്യം 205 കിലോമീറ്റര്‍ വരും. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം പൂര്‍ത്തിയാകുന്നതോടെ 205 കിലോമീറ്റര്‍ ദൂരം 19 കീലോമീറ്ററായി ചുരുങ്ങും.


മജൂലി പാലം
ബ്രഹ്മപുത്ര നദിയില്‍ മജൂലി( വടക്കന്‍ തീരം) ജോര്‍ഹട്ട്(  തെക്കന്‍ തീരം) എന്നീ കരകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ടുവരി പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള ഭൂമി പൂജയും പ്രധാനമന്ത്രി നിര്‍വഹിക്കും. ദേശീയ പാത 715കെ യില്‍ സ്ഥിതിചെയ്യുന്ന പാലം  ജൊഹാര്‍ട്ടില്‍ നീമാതിഘട്ടിനെയും മജൂലിയില്‍ കമലാബാരിയെയും തമ്മിലാണ് ബന്ധിപ്പിക്കുക. തലമുറകളായി അസം വന്‍കരയുമായി കടത്തു ചങ്ങാടത്തിലൂടെ മാത്രം ബന്ധപ്പെട്ടിരുന്ന മജൂലിയിലെ ജനങ്ങളുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് പാലം വരുന്നതോടെ പൂര്‍ത്തീകരിക്കപ്പെടുന്നത്.

 

***



(Release ID: 1698616) Visitor Counter : 169