പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചെന്നൈയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടന /കൈമാറ്റ /തറക്കല്ലിടലുകള്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന.

Posted On: 14 FEB 2021 2:32PM by PIB Thiruvananthpuram

വണക്കം ചെന്നൈ!
വണക്കം തമിഴ്നാട്!

തമിഴ്നാട് ഗവര്‍ണര്‍ ശ്രീ ബന്‍വാരിലാല്‍ പുരോഹിത്ജി, തമിഴ്നാട് മുഖ്യമന്ത്രി ശ്രീ പഴനിസ്വാമിജി, ഉപമുഖ്യമന്ത്രി ശ്രീ പനീര്‍ശെല്‍വംജി, വ്യവസായമന്ത്രി ശ്രീ സമ്പത്ജി, വിശിഷ്ടാതിഥികളെ, മഹതികളെ, മഹാന്മാരെ
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ,
ഇന്ന് ചെന്നൈയില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. ഇന്ന് എനിക്ക് നല്‍കിയ ഊഷ്മളമായ സ്വീകരണത്തിന് ഞാന്‍ ഈ നഗരത്തിലെ ജനങ്ങളോട് നന്ദി പറയുകയാണ്. ഈ നഗരം പൂര്‍ണ്ണമായും ഊര്‍ജ്ജസ്വലവും ഉത്സാഹഭരിതവുമാണ്. ഇത് അറിവിന്റെ വിജ്ഞാനത്തിന്റെയും സര്‍വ്വാത്ഗതയുടേയും നഗരമാണ്. ഇന്ന് ചെന്നൈയില്‍ നാം പ്രധാനപ്പെട്ട പശ്ചാത്തലസൗകര്യ പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയാണ്. ഈ പദ്ധതികളെല്ലാം നൂതനാശയങ്ങളുടേയും ആഭ്യന്തരവികസനത്തിന്റെയും ചിഹ്നങ്ങളാണ്. ഈ പദ്ധതികള്‍ തമിഴ്നാടിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളെ,
ഗ്രാന്റ് അണൈക്കെട്ട് കനാല്‍ സംവിധാനത്തിന്റെ 630 കിലോമീറ്റര്‍ ആധുനികവല്‍ക്കരിക്കാനായി നാം തറക്കല്ലിടുകയാണ്, അതുകൊണ്ടുതന്നെ ഈ പരിപാടി വളരെ വിശേഷപ്പെട്ടതുമാണ്. ഇതിന്റെ നേട്ടം വളരെ വലുതായിരിക്കും. ഇത് 2.27 ലക്ഷം ഏക്കര്‍ ഭൂമിയിലെ ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പ്രത്യേകിച്ച് തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകള്‍ക്ക് പ്രത്യേക നേട്ടങ്ങളുണ്ടാകും. റെക്കാര്‍ഡ് ഭക്ഷ്യധാന ഉല്‍പ്പാദനത്തിനും ജലസ്രോതസുകളുടെ നല്ല ഉപയോഗത്തിനും ഞാന്‍ തമിഴ്നാട്ടിലെ കര്‍ഷകരെ അഭിനന്ദിക്കുകയാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഈ ഗ്രാന്റ് അണൈകെട്ടും അതിന്റെ കനാല്‍ സംവിധാനവും തമിഴ്നാടിന്റെ നെല്ലറകളുടെ ജീവനാഡിയാണ്. നമ്മുടെ സുവര്‍ണ്ണഭൂതകാലത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഗ്രാന്റ് അണൈകെട്ട്. നമ്മുടെ രാജ്യത്തിന്റെ 'ആത്മനിര്‍ഭര്‍ ഭാരത്'' ലക്ഷ്യങ്ങളുടെ പ്രചോദനവും കൂടിയാണ് ഇത്. തമിഴിലെ സുപ്രസിദ്ധ കവിയത്രി ഔവ്വയാറിന്റെ വാക്കുകളില്‍..

वरप्पु  उयरा  नीर  उयरूम

 

नीर  उयरा  नेल  उयरूम

 

नेल  उयरा  कुड़ी  उयरूम

 

कुड़ी  उयरा  कोल  उयरूम

 

कोल  उयरा  कोण  उयरवान



 എന്നാണ് പറയുന്നത്.
ജലനിരപ്പ് ഉയരുമ്പോള്‍, കൃഷി വര്‍ദ്ധിക്കുന്നു, ജനങ്ങള്‍ അഭിവൃദ്ധിപ്പെടുന്നു രാജ്യം സമ്പല്‍സമൃദ്ധമാകുന്നു. ജലത്തിന്റെ സംരക്ഷണത്തിനായി നമുക്ക് എന്തൊക്കെ കഴിയുമോ അതൊക്കെ നാം ചെയ്യണം. ഇത് ഒരു ദേശീയപ്രശ്നം മാത്രമല്ല. ഇതൊരു ആഗോള വിഷയമാണ്. ഓരോ തുള്ളിയ്ക്കും കൂടുതല്‍ വിള, എന്ന മന്ത്രം എപ്പോഴും ഓര്‍ക്കണം. ഇത് വരും തലമുറകളെ സഹായിക്കും.
സുഹൃത്തുക്കളെ,
ചെന്നെ മെട്രോ റെയിലിന്റെ ഒന്നാം ഘട്ടത്തിന്റെ ഒന്‍പത് കിലോമീറ്റര്‍ ദൂരം കൂടി നമ്മള്‍ ഉദ്ഘാടനം ചെയ്യുന്നുവെന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്നതാണ്. വാഷര്‍മെന്‍പേട്ട മുതല്‍ വിംകോ നഗര്‍ വരെ ഇത് പോകും. ആഗോള മഹാമാരിയുണ്ടായിട്ടും നിശ്ചിത സമയത്ത് തന്നെ ഈ പദ്ധതി പൂര്‍ത്തിയായി. ഇന്ത്യന്‍ കരാറുകാരാണ് ഇതിന്റെ സിവില്‍ നിര്‍മ്മാണ ജോലികള്‍ നടത്തിയത്. ഇതിന് വേണ്ട പാളങ്ങള്‍ തദ്ദേശിയമായിട്ടാണ് സംഭരിച്ചത്. ആത്മനിര്‍ഭര്‍ ഭാരതിനെ പ്രോത്സാഹിപ്പിക്കുകയെന്നതിന്റെ ചുവട് പിടിച്ചാണ് ഇത്. ചെന്നൈ മെട്രോ അതിവേഗം വളരുകയാണ്. ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതിയുടെ രണ്ടാംഘട്ടത്തിലെ 190 കിലോമീറ്ററിന് വേണ്ടി 63,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒറ്റതവണയായി ഏതെങ്കിലും ഒരു നഗരത്തിനായി അനുവദിച്ച വലിയ പദ്ധതികളിലൊന്നാണ് ഇത്. നഗര ഗതാഗതത്തിലെ ശ്രദ്ധ ഇവിടുത്തെ പൗരന്മാരുടെ 'ജീവിതം സുഗമാക്കു'ന്നത് വര്‍ദ്ധിപ്പിക്കും.
സുഹൃത്തുക്കളെ,
മെച്ചപ്പെട്ട ബന്ധപ്പെടുത്തല്‍ സൗകര്യങ്ങള്‍ കൊണ്ടുവരും. അത് വാണിജ്യത്തേയും സഹായിക്കും. ചെന്നൈ ബീച്ച് എണ്ണോര്‍-അത്തിപട്ട് സുവര്‍ണ്ണ ചതുര്‍ഭുജം വളരെയധികം ഗതാഗത സാന്ദ്രതയുള്ള പാതയാണ്. ചെന്നൈ പോര്‍ട്ടിനും കാമരാജ് പോര്‍ട്ടിനുമിടയിലുള്ള ചരക്ക് നീക്കത്തിന് വേഗത ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ചെന്നൈ ബീച്ചിനും അത്തിപട്ടുവിനുമിടയിലുള്ള നാലാമത്തെ വരി ഇക്കാര്യത്തില്‍ സഹായിക്കും. വില്ലുപുരം-തഞ്ചാവൂര്‍-തിരുവാരൂര്‍ പദ്ധതിയുടെ വൈദ്യുതീകരണം അഴിമുഖ ജില്ലകള്‍ക്ക് വലിയ വരമായിരിക്കും. ഈ 228 കിലോമീറ്റര്‍ പാത കൊണ്ടുള്ള ഒരു പ്രധാനപ്പെട്ട നേട്ടം ഭക്ഷ്യധാന്യങ്ങളുടെ അതിവേഗത്തിലുള്ള നീക്കം സാധ്യമാകുമെന്നതാണ്.
സുഹൃത്തുക്കളെ,
ഈ ദിവസം ഒരു ഇന്ത്യാക്കാരനും മറക്കാന്‍ കഴിയില്ല. രണ്ടുവര്‍ഷം മുമ്പ് പുല്‍വാമ ആക്രമണം ഉണ്ടായി. ആ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ രക്തസാക്ഷികള്‍ക്കും നാം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. നമ്മുടെ സുരക്ഷാസേനയില്‍ നാം അഭിമാനിക്കുകയാണ്. അവരുടെ  ധീരത വരും തലമുറകളെ തുടര്‍ന്നും പ്രചോദിപ്പിക്കും.
സുഹൃത്തുക്കളെ,
ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷയായ തമിഴില്‍, എഴുതിയ; മഹാകവി സുബ്രഹ്മണ്യ ഭാരതി പറഞ്ഞു.
നമുക്ക് ആയുധങ്ങള്‍ ഉണ്ടാക്കാം, നമുക്ക് കടലാസ് ഉണ്ടാക്കാം.
നമുക്ക് ഫാക്ടറികളുണ്ടാക്കാം; നമുക്ക് സ്‌കൂളുകള്‍ ഉണ്ടാക്കാം.
നമുക്ക് സഞ്ചരിക്കാനും പറക്കാനും കഴിയുന്ന വാഹനങ്ങള്‍ ഉണ്ടാക്കാം.
ലോകത്തെ പിടിച്ചുകുലുക്കാന്‍ കഴിയുന്ന കപ്പലുകള്‍ നമുക്കുണ്ടാക്കാം എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
ഈ വീക്ഷണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യ സ്വാശ്രയമാകുന്നതിനുള്ള ബൃഹത്തായ ഒരു നടപടി കൈക്കൊണ്ടത്. രണ്ടു പ്രതിരോധ ഇടനാഴികളില്‍ ഒന്ന് തമിഴ്നാട്ടിലാണ്. ഈ ഈടനാഴിക്ക് ഇതിനകം തന്നെ 8100 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു കഴിഞ്ഞു. നമ്മുടെ അതിര്‍ത്തികളെ സംരക്ഷിക്കാനുള്ള ഒരു പോരാളിയെക്കുടി രാജ്യത്തിന് സമര്‍പ്പിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആഭ്യന്തരമായി രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത '  സുപ്രധാന യുദ്ധ ടാങ്കായ അര്‍ജുന്‍ മാര്‍ക് 1 എ'' കൈമാറുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇത് ആഭ്യന്തര വെടികോപ്പുകളാണ് ഉപയോഗിക്കുന്നത്. തമിഴ്നാട് ഇപ്പോള്‍ തന്നെ ഇന്ത്യയിലെ ഏറ്റവും മുന്നിലുള്ള ഓട്ടോമൊബൈല്‍ നിര്‍മ്മാണ ഹബ്ബാണ്.
ഇപ്പോള്‍ തമിഴ്നാട് ഇന്ത്യയുടെ ടാങ്ക് നിര്‍മ്മാണ ഹബ്ബായി ഉയര്‍ന്നുവരുന്നത് ഞാന്‍ കാണുന്നു. തമിഴ്നാടില്‍ നിര്‍മ്മിച്ച ഒരു ടാങ്കാണ് നമ്മുടെ വടക്കേ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ സുരക്ഷ കാക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇത് ഇന്ത്യയുടെ ഐക്യ മനോഭാവം-ഭാരതത്തിന്റെ ഐക്യ ദര്‍ശനമാണ് പ്രകടിപ്പിക്കുന്നത്. നമ്മുടെ സായുധസേനയെ ലോകത്തെ ഏറ്റവും ആധുനിക സേനയായി മാറ്റുന്നതിനായി നാം തുടര്‍ന്നും പ്രവര്‍ത്തിക്കും. അതേസമയം, പ്രതിരോധ മേഖലയില്‍ ഇന്ത്യയെ ആത്മനിര്‍ഭര്‍ ആക്കുന്നതിനുള്ള ശ്രദ്ധ അതിവേഗത്തില്‍ തന്നെ നീങ്ങുകയും ചെയ്യും. നമ്മുടെ സായുധസേനകള്‍ ഇന്ത്യയുടെ ധീരതയുടെ ധാര്‍മ്മികതയാണ് സൂചിപ്പിക്കുന്നത്. നമ്മുടെ മാതൃഭൂമിയെ സംരക്ഷിക്കുന്നതിന് പൂര്‍ണ്ണമായും കഴിവുള്ളവരാണെന്ന് അവര്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. വീണ്ടും വീണ്ടും ഇന്ത്യ സമാധാനത്തിലാണ് വിശ്വസിക്കുന്നതെന്ന് അവര്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്ത് വില കൊടുത്തായാലും ഇന്ത്യ നമ്മുടെ പരമാധികാരത്തെ സംരക്ഷിക്കും. നമ്മുടെ സേനയുടെ ധീരതയും വീര്യവും സൈനിക ശക്തിയും  അവിസ്മരണീയമാണ്.

സുഹൃത്തുക്കളെ,
ലോകനിലവാരത്തിലുള്ള ഗവേഷണ കേന്ദ്രത്തിനായി മദ്രാസ് ഐ.ഐ.ടിയുടെ ഡിസ്‌കവറി കാമ്പസിന് രണ്ടു ലക്ഷം ചതുരശ്ര മീറ്റര്‍ പശ്ചാത്തല സൗകര്യമുണ്ടാകും. മദ്രാസ് ഐ.ഐ.ടിയുടെ ഡിസ്‌കവറി കാമ്പസ് ഉടന്‍ തന്നെ കണ്ടുപിടുത്തങ്ങളുടെ ഏറ്റവും മുന്തിയ കേന്ദ്രമാകുമെന്നതില്‍ എനിക്ക് ഉറപ്പുണ്ട്. ഇന്ത്യയിലൊട്ടാകെയുള്ള ഏറ്റവും മികച്ച പ്രതിഭകളെ ഇത് ആകര്‍ഷിക്കും.
സുഹൃത്തുക്കളെ,
ഒരു കാര്യം ഉറപ്പാണ്-ലോകം ഇന്ത്യയെ വലിയ ആവേശത്തോടെയും സകാരാത്മകതയോടെയും നോക്കി കാണുകയാണ്. ഇത് ഇന്ത്യയുടെ പതിറ്റാണ്ടാകാന്‍ പോകുകയാണ്. ഇത് 130 കോടി ഇന്ത്യക്കാരുടെ കഠിനപ്രയത്നവും വിയര്‍പ്പുംകൊണ്ടാണ്. അഭിലാഷത്തിന്റെയും നൂതനാശയങ്ങളുടെയും ഈ കുതിപ്പിന് പിന്തുണ നല്‍കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യാ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. ഗവണ്‍മെന്റിന്റെ പരിഷ്‌ക്കരണ പ്രതിബദ്ധതയെ ഒരിക്കല്‍ കൂടി ഇക്കൊല്ലത്തെ ബജറ്റ് പ്രകടമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ തീരപ്രദേശങ്ങളുടെ വികസനത്തിന് ബജറ്റില്‍ പ്രത്യേക പ്രാധാന്യം കൊടുത്തിട്ടുള്ളത് നിങ്ങളെ സന്തോഷിപ്പിക്കും.
നമ്മുടെ മത്സബന്ധന സമൂഹത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു. ഉത്സാഹത്തിന്റെയും ദയാവായ്പയുടെയും ചിഹ്നമാണ് അവര്‍. അവര്‍ക്ക് അധിക വായപാ സംവിധാനം ഉറപ്പാക്കുന്നതിന് ഈ ബജറ്റില്‍ വ്യവസ്ഥകളുണ്ട്. മത്സബന്ധവുമായി ബന്ധപ്പെട്ട പശ്ചാത്തലസൗകര്യങ്ങള്‍ സമകാലികമാക്കും. ചെന്നൈ ഉള്‍പ്പെടെ അഞ്ച് കേന്ദ്രങ്ങളില്‍ ആധുനിക മത്സ്യബന്ധന തുറമുഖങ്ങള്‍ വരും. കടല്‍പായല്‍ കൃഷിയെക്കുറിച്ച് നമുക്ക് ശുഭാപ്തിവിശ്വാസമാണുള്ളത്. തീരദേശ സമൂഹങ്ങളുടെ ജീവിതം ഇത് മെച്ചപ്പെടുത്തും. കടല്‍പായല്‍ കൃഷിക്കായി ഒരു വിവിധോദ്ദേശ്യ പാര്‍ക്ക് തമിഴ്നാട്ടില്‍ സ്ഥാപിക്കും.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ഭൗതിക സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗത്തില്‍ വളരുകയാണ്.  ലോകത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്ന്  ഇന്ത്യയിലാണ്. നമ്മുടെ ഗ്രാമങ്ങളെ ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ബന്ധിപ്പിക്കാനുള്ള പ്രവര്‍ത്തനത്തിന് അടുത്തിടെയാണ് നാം തുടക്കം കുറിച്ചത്. അതുപോലെ ഇന്ത്യയ്ക്കാണ് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയുള്ളത്. സൃഷ്ടിപരമായ പഠനത്തിനും സാങ്കേതികവിദ്യയ്ക്കും പ്രാധാന്യം നല്‍കികൊണ്ട് ഇന്ത്യ ഇന്ന് വിദ്യാഭ്യാസ മേഖലയെ പരിവര്‍ത്തനപ്പെടുത്തുകയാണ്. ഈ വികസനങ്ങള്‍ യുവജനങ്ങള്‍ക്ക് എണ്ണമറ്റ അവസരങ്ങള്‍ കൊണ്ടുവരും.
സുഹൃത്തുക്കളെ,
തമിഴ്നാടിന്റെ സംസ്‌ക്കാരം സംരക്ഷിക്കുന്നതിനും അതിനെ കൊണ്ടാടുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുകയെന്നത് നമുക്ക് അഭിമാനമാണ്. തമിഴ്നാടിന്റെ സംസ്‌ക്കാരം ആഗോളതലത്തില്‍ ജനപ്രിയമാണ്. തമിഴ്നാട്ടിലെ ദേവേന്ദ്രകുല വെള്ളാളര്‍ സമുദായത്തിലെ സഹോദരി സഹോദരന്മാര്‍ക്ക് ഇന്ന് വളരെ ആഹ്ളാദകരമായ സന്ദേശമാണ് എനിക്ക് നല്‍കാനുള്ളത്. തങ്ങളെ ദേവേന്ദ്രകുല വെള്ളാളര്‍ എന്നറിയപ്പെടണം എന്ന അവരുടെ ദീര്‍ഘകാലമായ ആവശ്യം കേന്ദ്രഗവണ്‍മെന്റ് അംഗീകരിച്ചു. ഇനി മുതല്‍ അവര്‍ തങ്ങളുടെ പൈതൃക നാമത്തിലായിക്കും അറിയപ്പെടുക. മറിച്ച് ഭരണഘടനയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏഴു പേരുകളിലായിരിക്കില്ല. അവരുടെ പേരുകള്‍ ദേവേന്ദ്രകുല വെള്ളാളര്‍ എന്ന് മാറ്റുന്നതിന് ഭരണഘടനാ പട്ടികയില്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഗസറ്റിന് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. അടുത്ത സമ്മേളനത്തിന്റെ തുടക്കത്തില്‍ തന്നെ അത് പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ഈ ആവശ്യത്തില്‍ വിശദമായ പഠനം നടത്തിയ തമിഴ്നാട് ഗവണ്‍മെന്റിന് പ്രത്യേക നന്ദി രേഖപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഈ ആവശ്യത്തോളുള്ള അവരുടെ പിന്തുണ വളരെ പഴക്കമേറിയതാണ്.
സുഹൃത്തുക്കളെ,
ദേവേന്ദ്രകുല വെള്ളാളരുടെ പ്രതിനിധി സംഘവുമായി ഡല്‍ഹിയില്‍ വച്ച് 2015ല്‍ നടത്തിയ കൂടിക്കാഴ്ച എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
അവരുടെ ദുഃഖം നേരില്‍ കാണാന്‍ കഴിഞ്ഞു. കോളനി ഭരണാധികാരികള്‍ അവരുടെ അഭിമാനവും അന്തസും എടുത്തു കളഞ്ഞു. പതിറ്റാണ്ടുകളായി ഒന്നും സംഭവിച്ചില്ല. അവര്‍ ഗവണ്‍മെന്റുകളോട് കേണു കേണപേക്ഷിച്ചു എന്നിട്ടും ഒന്നും മാറിയില്ലെന്ന് അവര്‍ എന്നോട് പറഞ്ഞു. അവരുടെ പേരുകളായ ദേവേന്ദ്രാ എന്റെ പേരായ നരേന്ദ്രനുമായി അനുപ്രാസമായി വരുന്നതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് അവരുടെ വികാരങ്ങള്‍ മനസിലായി. ഒരു പേര് മാറ്റലിനെക്കാളും വലുതാണ് ഈ തീരുമാനം. ഇത് നീതി, അഭിമാനം അവസരമെന്നതിനെക്കുറിച്ചൊക്കെയാണ്. ദേവേന്ദ്രകുല സമുദായത്തിന്റെ സംസ്‌ക്കാരത്തില്‍ നിന്നും നമുക്ക് വളരെയധികം പഠിക്കാനുണ്ട്. അവര്‍ ഐക്യവും സൗഹൃദവും സഹോദര്യവും കൊണ്ടാടുകയാണ്. വളരെ സംസ്‌ക്കാരസമ്പന്നമായ ഒരു പ്രസ്ഥാനമാണ് അവരുടേത്. ഇത് അവരുടെ ആത്മവിശ്വാസവും ആത്മാഭിമാനവുമാണ് കാണിക്കുന്നത്.
സുഹൃത്തുക്കളെ,
ശ്രീലങ്കയിലുള്ള തമിഴ് സഹോദരി സഹോദരന്മാരുടെ അഭിലാഷങ്ങളെയും ക്ഷേമത്തേയൂം നമ്മുടെ ഗവണ്‍മെന്റ് എല്ലായ്പോഴും പരിരക്ഷിച്ചിട്ടുണ്ട്. ജാഫ്ന സന്ദര്‍ശിച്ച ഒരേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നത് എനിക്കുള്ള അഭിമാനമാണ്. വികസനപ്രവര്‍ത്തനങ്ങളിലുടെ നാം ശ്രീലങ്കന്‍ തമിഴ് സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കി. തമിഴര്‍ക്കുവേണ്ടി നമ്മുടെ ഗവണ്‍മെന്റ് നല്‍കിയ വിഭവങ്ങള്‍ മുമ്പുള്ളതിനെക്കാളും വളരെയധികമാണ്. വടക്ക് -കിഴക്കന്‍ ശ്രീലങ്കയില്‍ ഭവനരഹിതരമായ തമിഴര്‍ക്കുള്ള 50,000 വീടുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. പ്ലാന്റേഷന്‍ മേഖലകളില്‍ 4000 വീടുകള്‍. ആരോഗ്യഭാഗത്ത് ഒരു സൗജന്യ ആംബുലന്‍സ് സര്‍വീസിന് വേണ്ട സാമ്പത്തിക സഹായം നാം നല്‍കി, അത് തമിഴ് സമൂഹം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡിക്കോയയില്‍ ഒരു ആശുപത്രി നിര്‍മ്മിച്ചു. ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി ജാഫ്നയിലേക്കും മന്നാറിലേക്കുമുള്ള റെയില്‍വേ ശൃംഖലകള്‍ പുനര്‍നിര്‍മ്മിച്ചു. ചെന്നൈയില്‍ നിന്നും ജാഫ്നയിലേക്കുള്ള വിമാനങ്ങള്‍ പുനരാംരംഭിച്ചു. ഇന്ത്യ ജാഫ്നാ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മ്മിച്ചുവെന്നും അത് ഉടന്‍ തന്നെ തുറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായുമുള്ള വിവരം നിങ്ങളുമായി പങ്കുവയ്ക്കാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. തമിഴരുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങളും ഞങ്ങള്‍ ശ്രീലങ്കന്‍ നേതാക്കളുമായി നിരന്തരമായി ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അവര്‍ തുല്യതയോടും നീതിപൂര്‍വ്വവും സമാധാനത്തോടെയും ജീവിക്കുന്നുവെന്നത് ഉറപ്പാക്കാന്‍ നാം എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധരായിരിക്കണം.
സുഹൃത്തുക്കളെ,
നമ്മുടെ മത്സ്യബന്ധനതൊഴിലാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്നതാണ്. ആ പ്രശ്നത്തിന്റെ ചരിത്രത്തിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ ശരിയായ താല്‍പര്യങ്ങള്‍ എല്ലായ്പ്പോഴും സംരക്ഷിക്കുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് എന്റെ ഉറപ്പുനല്‍കുന്നു. ശ്രീലങ്കയില്‍ മത്സ്യതൊഴിലാളികള്‍ തടവിലാകുമ്പോള്‍ അവരെ വേഗത്തില്‍ വിടുന്നത് നാം ഉറപ്പാക്കി. നമ്മുടെ കാലയളവില്‍ 16,000 ലധികം മത്സ്യതൊഴിലാളികളെ മോചിപ്പിച്ചു. ഇപ്പോള്‍ ശ്രീലങ്കല്‍ കസ്റ്റഡിയില്‍ ഒരു മത്സ്യതൊഴിലാളിയുമില്ല. അതുപോലെ 330 ബോട്ടുകളേയും മോചിപ്പിക്കുകയും ബാക്കി ബോട്ടുകളെ മടക്കികൊണ്ടുവരുന്നതിനായി നാം പ്രവര്‍ത്തിക്കുകയുമാണ്.
സുഹൃത്തുകളെ,
മനുഷ്യ കേന്ദ്രീകൃത സമീപനത്താല്‍ പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് കോവിഡ്-19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ ലോകത്തിന് കൂടുതല്‍ കരുത്തു പകരുയാണ്. നമ്മുടെ രാജ്യത്തെ വികസിപ്പിക്കാനും ലോകത്തെ കുടുതല്‍ മെച്ചപ്പെട്ട സ്ഥലമാക്കുന്നതിനുമായി നമുക്ക് എന്തൊക്കെ കഴിയുമോ നാം അത് ചെയ്തുകൊണ്ടിരിക്കണം. ഇതായിരിക്കണം നമ്മുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ നാം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നത്. ഇന്ന് സമാരംഭം കുറിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ ഒരിക്കല്‍ കൂടി തമിഴ്നാട്ടിലെ ജനങ്ങളെ അഭിനന്ദിക്കുന്നു.
നിങ്ങള്‍ക്ക് നന്ദി!
നിങ്ങള്‍ക്ക് വളരെയധികം നന്ദി.
വണക്കം!

 

***


(Release ID: 1698085) Visitor Counter : 244