പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 06 FEB 2021 1:57PM by PIB Thiruvananthpuram

ഗുജറാത്ത് ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചുകൊണ്ട് നടന്ന ചടങ്ങിനെ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ  പ്രധാനമന്ത്രി  ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ഹൈക്കോടതിയുടെ 60 -ാം വാര്‍ഷിക സ്മാരകമായി ഇറക്കിയ തപാല്‍ സ്റ്റാമ്പ് അദ്ദേഹം പ്രകാശനം ചെയ്യുകയും ചെയ്തു. കേന്ദ്ര നിയമ നീതി വകുപ്പ് മന്ത്രി, സുപ്രിം കോടതിയിലെയും ഗുജറാത്ത് ഹൈക്കോടതിയിലെയും  ജഡ്ജിമാര്‍, ഗുജറാത്ത് മുഖ്യ മന്ത്രി, നിയമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിനും ഇന്ത്യന്‍ ജനാധിപത്യത്തിനും ഈ കോടതിയും ഇവിടുത്തെ അഭിഭാഷകരും കഴിഞ്ഞ 60 വര്‍ഷമായി നല്കിവരുന്ന പണ്ഡിതോചിതമായ സംഭാവനകളെ തദവസരത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി വാഴ്ത്തി.


ഭരണഘടനയുടെ ജീവ ശക്തി എന്ന നിലയില്‍ നീതിന്യായ വ്യവസ്ഥ അതിന്റെ ഉത്തരവാദിത്വം പൂര്‍ണമായും നിറവേറ്റുന്നുണ്ട് എന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു. ഭരണഘടനയെ ക്രിയാത്മകമായും സത്യസന്ധമായും വ്യാഖ്യാനിച്ചുകൊണ്ട് നീതിന്യായ വ്യവസ്ഥ അതിനെ ശാക്തീകരിക്കുന്നു. പൗരന്മാരുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മേഖലകളില്‍ സ്വന്തം പങ്ക് നിറവേറ്റി അത് നിയമവാഴ്ച്ചയെ സേവിക്കുന്നു.

നിയമവാഴ്ച്ച എന്ന സങ്കല്‍പമാണ് നമ്മുടെ സംസ്‌കാരത്തിന്റെയും സാമൂഹിക ചട്ടക്കൂടിന്റെയും അടിസ്ഥാനം. സദ്ഭരണത്തിന്റെയും അടിസ്ഥാനം അതാണ്. നമ്മുടെ സ്വാതന്ത്ര്യ സമരത്തിലേയ്ക്ക് ധാര്‍മിക ശക്തിയെ സന്നിവേശിപ്പിച്ചത് ഇതാണ്. ഇന്ത്യന്‍ ഭരണഘടനാ പിതാക്കന്മാര്‍ ഇതിനെ പരമോന്നത സ്ഥാനത്തു പ്രതിഷ്ഠിച്ചു. ഭരണഘടനയുടെ ആമുഖം തന്നെ ഈ പ്രതിജ്ഞയുടെ സാക്ഷാത്ക്കാരമാണ്. ഈ പ്രധാന തത്വത്തിന് നീതിനായ വ്യവസ്ഥ എന്നും ഊര്‍ജ്ജവും ദിശാബോധവും നല്കിയിട്ടുണ്ട്. നിയമ പാലനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതില്‍ കോടതി വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ള വ്യക്തികള്‍ക്കും യഥാസമയത്ത്  തന്നെ നീതി ഉറപ്പ് നല്കുന്ന ലോക നിലവാരത്തിലുള്ള നീതിന്യായ വ്യവസ്ഥിതി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം കോടതിയുടെയും ഭരണാധികാരികളുടെതുമാണ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

കോവിഡ് മഹാമാരിയുടെ ദുര്‍ഘട സമയത്ത് കോടതി പ്രദര്‍ശിപ്പിച്ച അര്‍പ്പണമനോഭാവത്തെ പ്രധാനമന്ത്രി പുകഴ്ത്തി. കൊറോണ കാലത്ത് വിഡിയോ കോണ്‍ഫറണ്‍സിംങ്, എസ്എംഎസുകള്‍, കേസുകളുടെ ഇ - ഫയലിംങ് തുടങ്ങിയവ വഴിയും ഇമെയില്‍ കേസ് സ്റ്റാറ്റസ് വഴിയും രാജ്യത്ത് കോടതി  പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ആദ്യമായി കാണിച്ചു തന്നത് ഗുജറാത്ത് ഹൈക്കോടതിയാണ്. യൂ ട്യൂബിലും വെബ്‌സൈററിലും  കോടതിയുടെ വിധികളും ഉത്തരവുകളും  പ്രദര്‍ശിപ്പിക്കുന്നതിന് കോടതി തുടക്കമിട്ടു. ഗുജറാത്ത് ഹൈക്കോടതിയാണ് കോടതി നടപടികള്‍ ആദ്യമായി ലൈവായി സാമൂഹിക മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. നിയമ മന്ത്രാലയത്തിന്റെ ഇ കോര്‍ട്ട് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രൊജക്ട് മുന്നോട്ടു വച്ച ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എല്ലാ കോടതികളും വളരെ വേഗത്തില്‍ സ്വീകരിച്ചതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. ഇതുവരെ രാജ്യത്തെ 18000 കോടതികള്‍ കമ്പ്യൂട്ടറൈസ് ചെയ്തതായി ശ്രീ മോദി അറിയിച്ചു. ടെലി കോണ്‍ഫറണ്‍സിങ്ങിനും വിഡിയോ കോണ്‍ഫറണ്‍സിങ്ങിനും സുപ്രിം കോടതി നിയമസാധുത നല്കിയതോടെ ഇലക്ടോണിക് - നടപടിക്രമങ്ങള്‍ക്ക് പുതിയ വേഗത കൈവന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

***



(Release ID: 1695885) Visitor Counter : 180