ധനകാര്യ മന്ത്രാലയം

ലോക്ഡൗണിനെ തുടർന്നുണ്ടായ ഇടിവിൽ നിന്നും ഇന്ത്യ 'വി' രൂപത്തിലുള്ള തിരിച്ചുവരവിന്റെ പാതയിലെന്ന് പ്രധാന സേവന സൂചികകൾ

Posted On: 29 JAN 2021 3:29PM by PIB Thiruvananthpuram



ന്യൂഡൽഹി, ജനുവരി 29, 2021

സാമ്പത്തിക വളർച്ച സൂചികകൾ ആയ വിമാന യാത്രക്കാരുടെ എണ്ണം, തീവണ്ടി വഴിയുള്ള ചരക്കുനീക്കം, തുറമുഖങ്ങളിലെ തിരക്ക്, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണം, വിദേശ നാണ്യ വിനിമയം എന്നിവയെല്ലാം 'വി' രൂപത്തിലുള്ള തിരിച്ചുവരവാണ് രാജ്യത്ത് രേഖപ്പെടുത്തുന്നത്. ധന-കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ സമർപ്പിച്ച 2020-21 സാമ്പത്തിക സർവേയുടേതാണ് ഈ കണ്ടെത്തൽ.

2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ രാജ്യത്തെ സേവനമേഖല 16%ഓളം ചുരുങ്ങിയതായും സർവ്വേ പറയുന്നു.

മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ രാജ്യത്തെ സേവന മേഖലയിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപം 34 ശതമാനം വർധിച്ച് 23.6 ബില്യൺ അമേരിക്കൻ ഡോളറിൽ എത്തി. കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ ഉപ മേഖല, റീട്ടെയിൽ വ്യാപാര രംഗം, കാർഷിക സേവനങ്ങൾ, വിദ്യാഭ്യാസം എന്നിവയിലേക്കുള്ള ഉയർന്ന വിദേശ നിക്ഷേപമാണ് ഈ വളർച്ചയ്ക്ക് പിന്നിൽ.

2020-ലെ ആഗോള നിക്ഷേപക റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകർത്താക്കളുടെ പട്ടികയിൽ ഇന്ത്യ പുരോഗതി സ്വന്തമാക്കിയിട്ടുണ്ട്. 2018 ൽ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന രാജ്യം 2019 ൽ ഒമ്പതായി നില മെച്ചപ്പെടുത്തി.

ഇ-ടൂറിസ്റ്റ് വിസ സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുള്ള രാജ്യങ്ങളുടെ എണ്ണം 2014 ൽ 46 ആയിരുന്നത് നിലവിൽ 169 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 2015 ൽ 4.45 ലക്ഷം വിദേശ വിനോദസഞ്ചാരികളാണ് ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്തി രാജ്യം സന്ദർശിച്ചത് എങ്കിൽ, 2019 ൽ അത് 29.28 ലക്ഷമായി ഉയർന്നു.

തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിന് ആവശ്യമായ ശരാശരി സമയത്തിൽ വലിയതോതിലുള്ള കുറവ് ഉണ്ടായിട്ടുള്ളതായി സർവ്വേ ചൂണ്ടിക്കാട്ടുന്നു. 2010-11 കാലയളവിൽ 4.67 ദിവസമായിരുന്ന ഇത് 2019-20 ൽ 2.62 ആയി കുറഞ്ഞിട്ടുണ്ട്. എന്നാൽ ആഗോള തലത്തിൽ ഇത് 0.97 ദിവസമാണെന്ന് UNCTAD ഡാറ്റ വ്യക്തമാക്കുന്നു. ഈ മേഖലയിൽ ഇനിയും മുന്നേറാൻ ഉണ്ട്.

2019- 20 കാലയളവിൽ 1.8 ബില്യൺ അമേരിക്കൻ ഡോളർ ആണ് ബഹിരാകാശ സംബന്ധിയായ പദ്ധതികൾക്കായി ഇന്ത്യ ചിലവഴിച്ചത്. ഈ മേഖലയിൽ യുഎസ്, ചൈന, റഷ്യ പോലെയുള്ള രാഷ്ട്രങ്ങൾ ഇതിന്റെ 6 ഇരട്ടിയോളം ആണ് ചിലവിടുന്നത്.


(Release ID: 1693349) Visitor Counter : 234