രാജ്യരക്ഷാ മന്ത്രാലയം

2021 ലെ റിപ്പബ്ലിക് ദിന പുരസ്കാരങ്ങൾ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരൺ റിജിജു വിതരണം ചെയ്തു

Posted On: 28 JAN 2021 4:20PM by PIB Thiruvananthpuram

 ന്യൂഡൽഹി, ജനുവരി 28, 2021

2021 ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്തവർക്കുള്ള പുരസ്കാരങ്ങൾ യുവജനകാര്യ-കായിക മന്ത്രാലയ സഹമന്ത്രി ശ്രീ കിരൺ റിജിജു ന്യൂഡൽഹിയിൽ 2021 ജനുവരി 28 ന് വിതരണം ചെയ്തു.

പരേഡിൽ പ്രദർശിപ്പിക്കപ്പെട്ട 32 നിശ്ചല ദൃശ്യങ്ങളിൽ ഏറ്റവും മികച്ചതിനുള്ള പുരസ്കാരം ഉത്തർപ്രദേശിന് ലഭിച്ചു. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് 17 ഉം, വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അർദ്ധ സൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്ന് ഒൻപതും, പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ആറും നിശ്ചലദൃശ്യങ്ങൾ ആണ് പരേഡിൽ ഉൾപ്പെടുത്തിയിരുന്നത്. അയോധ്യ: ഉത്തർപ്രദേശിന്റെ സാംസ്കാരിക പൈതൃകം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഉത്തർപ്രദേശ് തങ്ങളുടെ നിശ്ചലദൃശ്യം തയ്യാറാക്കിയത്. മികച്ച നിശ്ചലദൃശ്യങ്ങൾക്കുള്ള രണ്ടും മൂന്നും പുരസ്കാരങ്ങൾ യഥാക്രമം ത്രിപുരയും, ഉത്തരാഖണ്ഡും നേടി.

വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ വിഭാഗത്തിൽ സ്വാശ്രയ ഭാരത പ്രചരണം: കോവിഡ്, എന്നത് പ്രമേയമാക്കി ജൈവസാങ്കേതികവിദ്യ വകുപ്പ് തയ്യാറാക്കിയ നിശ്ചല ദൃശ്യത്തിനാണ് പുരസ്കാരം.

 

അനശ്വര സൈനികൻ (അമർ ജവാൻ) എന്ന പ്രമേയം അടിസ്ഥാനമാക്കി കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഒരുക്കിയ നിശ്ചല ദൃശ്യത്തിനു സായുധ സേനകളിലെ വീര യോദ്ധാക്കൾക്കുള്ള ആദരസൂചകമായി പ്രത്യേക പുരസ്കാരവും ലഭിച്ചു.
 

ന്യൂഡൽഹിയിലെ മൗണ്ട് അബു പൊതുവിദ്യാലയം, വിദ്യാഭാരതി സ്കൂൾ രോഹിണി എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച സാംസ്കാരിക പ്രകടനത്തിനുള്ള പുരസ്കാരവും ശ്രീ റിജിജു കൈമാറി.

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത നിരവധി കലാകാരൻമാരും വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായിരുന്നു

 
 


(Release ID: 1692947) Visitor Counter : 1665