ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഇന്ത്യൻ വളർച്ചയുടെ മുൻനിര പോരാളികൾ ആകാൻ രാജ്യത്തെ യുവാക്കളോട് അഭ്യർത്ഥിച്ച് ഉപരാഷ്ട്രപതി
प्रविष्टि तिथि:
17 JAN 2021 11:25AM by PIB Thiruvananthpuram
ഇന്ത്യൻ പുരോഗതിയുടെ വീരചരിതം സൃഷ്ടിക്കുന്നതിൽ മുൻനിര പോരാളികളായി അണിനിരക്കാൻ രാജ്യത്തെ യുവാക്കളോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡു അഭ്യർത്ഥിച്ചു.
മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൽ കലാമിനെ പറ്റി തമിഴ് ഭാഷയിൽ രചിക്കപ്പെട്ട ജീവചരിത്രം ചെന്നൈയിലെ രാജ്ഭവനിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുൽ കലാമിന്റെ അനന്തരവൾ ഡോ. എപിജെഎം നസീമ മരയ്ക്കാർ, പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞൻ ഡോക്ടർ വൈ എസ് രാജൻ എന്നിവർ ചേർന്നാണ് പുസ്തകം രചിച്ചത്.
മുൻ രാഷ്ട്രപതിയായ ഡോ. കലാം നൽകിയ സംഭാവനകളെ പറ്റി സംസാരിക്കവേ നമ്മുടെ ബഹിരാകാശ-പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത എന്ന ആശയത്തിനു തറക്കല്ലിട്ടത് അദ്ദേഹമാണെന്ന് ഉപരാഷ്ട്രപതി അനുസ്മരിച്ചു.
തന്റെ അനിതരസാധാരണമായ സ്വഭാവം കൊണ്ടും, ദുർഘട സന്ധികളിൽ പോലും പോരാട്ടം നടത്താനുള്ള കരുത്തുറ്റ മനോഭാവം കൊണ്ടും, ഡോക്ടർ കലാം എന്നും ഓർമ്മിക്കപ്പെടുമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. അച്ചടക്കം, കഠിനാധ്വാനം, ആത്മവിശ്വാസം എന്നിവ കൈമുതലാക്കി കൊണ്ട് തുടർച്ചയായ ശ്രമങ്ങളാണ് അദ്ദേഹം നടത്തിയത്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉടച്ചുവാർത്തു കൊണ്ട് പ്രാഥമിക തലം മുതൽ വിദ്യാഭ്യാസം ആനന്ദദായകം ആക്കി മാറ്റേണ്ടതിനെപ്പറ്റിയും ഉപരാഷ്ട്രപതി സംസാരിച്ചു. ചോദ്യങ്ങൾ ചോദിക്കാനും വിവേചന ബുദ്ധിയോടെ ചിന്തിക്കാനും വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം നൽകേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയം ഈ മേഖലയിലെ കരുത്തുറ്റ നീക്കം ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
***
(रिलीज़ आईडी: 1689419)
आगंतुक पटल : 234