പ്രധാനമന്ത്രിയുടെ ഓഫീസ്
രണ്ടാമത് യുവജന പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം.
Posted On:
12 JAN 2021 5:42PM by PIB Thiruvananthpuram
നമസ്ക്കാരം
അവതരണം വളരെ ഫലപ്രദവും അനര്‍ഗളവും സംക്ഷിപ്തവുമാക്കിയ ഈ മൂന്ന് യുവാക്കളെയും ആദ്യം തന്നെ ഞാന്‍ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നു. അവരുടെ വ്യക്തിത്വം ആത്മവിശ്വാസം നിറഞ്ഞതായിരുന്നു. ഈ മൂന്നു യുവ ജേതാക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ലോകസഭാ സ്പീക്കര്‍ ശ്രീ ഓം ബിര്‍ളാ ജി, വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊഖ്രിയാല്‍ നിഷങ്ക് ജി, സ്‌പോര്‍ട്‌സ്, യുവജനകാര്യ മന്ത്രി ശ്രീ കിരണ്‍ റിജ്ജിജൂജി, രാജ്യമെമ്പാടും നിന്ന് എത്തിയിരിക്കുന്ന എന്റെ പ്രിയപ്പെട്ട യുവ സഹപ്രവര്‍ത്തകരെ, നിങ്ങള്‍ക്കെല്ലാവര്‍ക്കും ദേശീയ യുവജന ദിനാശംസകള്‍.
സ്വാമി വിവേകാനന്ദന്റെ ജന്മവാര്‍ഷികം ഇന്ന് നമുക്ക് എല്ലാവര്‍ക്കും പുതിയ പ്രചോദനം നല്കുന്നു. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പാര്‍ലിമെന്റ് സെന്‍ട്രല്‍ ഹാളില്‍ യുവജന പാര്‍ലമെന്റ് ഇപ്പോള്‍ നടക്കുകയാണ്. ഈ സെന്‍ട്രല്‍ ഹാള്‍ നമ്മുടെ ഭരണഘടനയുടെ ദൃക്‌സാക്ഷിയാണ്. സ്വതന്ത്ര ഇന്ത്യയ്ക്കു വേണ്ടി രാജ്യത്തെ അനേകം മഹാരഥന്മാര്‍ തീരുമാനങ്ങളെടുത്തതും ഇന്ത്യയുടെ ഭാവിയെക്കുറിച്ച് പര്യാലോചന നടത്തിയതും ഇവിടെയാണ്. ഭാവി ഇന്ത്യയെകുറിച്ചുള്ള അവരുടെ സ്വപ്‌നങ്ങള്‍, അവരുടെ ധൈര്യം, അവര്‍ പ്രകടിപ്പിച്ച ശക്തി, അവര്‍ നടത്തിയ പരിശ്രമങ്ങള്‍ എല്ലാം ഈ സെന്‍ട്രല്‍ ഹാളില്‍ മാറ്റൊലി കൊള്ളുന്നുണ്ട്. സുഹൃത്തുക്കളെ, ഇന്ത്യന്‍ ഭരണഘടന എഴുതിയുണ്ടാക്കിയ ദിവസങ്ങളില്‍ ഈ രാജ്യത്തെ മഹദ് വ്യക്തിത്വങ്ങള്‍ ആസനസ്ഥരായ ഇരിപ്പിടങ്ങളിലാണ് നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്നത്. വെറുതെ സങ്കല്പിച്ചു നോക്കുക, ഈ രാജ്യത്തെ മഹാന്മാര്‍ ഒരിക്കല്‍ ഉപയോഗിച്ച ഇരിപ്പിടങ്ങളിലാണ് നിങ്ങള്‍ ഇപ്പോള്‍ ഇരിക്കുന്നത്. ഈ രാജ്യത്തിന് നിങ്ങളെ കുറിച്ച് അനേകം പ്രതീക്ഷകള്‍ ഉണ്ട്. ഇപ്പോള്‍ സെന്‍ട്രല്‍ ഹാളില്‍ ഇരിക്കുന്ന എല്ലാ യുവ സഹപ്രവര്‍ത്തകരുടെ മനസിലും ഇതെ വികാരങ്ങള്‍ ഉണ്ടാവും, എനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ഇവിടെ നടത്തിയ ചര്‍ച്ചകളും ബോധവത്ക്കരണങ്ങളും വളരെ പ്രധാനപ്പെട്ടവ തന്നെ. ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയും മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യുന്നു. നിങ്ങളെ കേട്ടുകൊണ്ടിരുന്നപ്പോള്‍ എനിക്ക് ഒരാശയം തോന്നി. അതുകൊണ്ട് നിങ്ങളുടെ പ്രസംഗങ്ങള്‍ ഇന്ന് എന്റെ ട്വിറ്ററില്‍ ട്വിറ്റ് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. മാത്രമല്ല നിങ്ങള്‍ മൂന്നു പേരുടെയും പ്രസംഗങ്ങള്‍ മാത്രമെ ഞാന്‍ ട്വീറ്റ് ചെയ്യുകയുള്ളു. റെക്കോഡ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഫൈനലില്‍ എത്തിയവരുടെ പ്രസംഗങ്ങളും ട്വീറ്റ് ചെയ്യാം. കാരണം എങ്ങിനെയാണ് ഭാവി ഇന്ത്യ ഇവിടെ ഈ പാര്‍ലമെന്റ് സമുച്ചയത്തില്‍ രൂപം കൊള്ളുന്നത് എന്ന് രാജ്യം മുഴുവന്‍ അറിയട്ടെ. നിങ്ങളുടെ പ്രസംഗങ്ങള്‍ ഇന്ന് ട്വീറ്റ് ചെയ്യാന്‍ സാധിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം അഭിമാനകരമാണ്.
സുഹൃത്തുക്കളെ,
സ്വാമിജി രാജ്യത്തിനും സമൂഹത്തിനും നല്കിയ സംഭാവനകള്‍ കാലദേശങ്ങള്‍ക്കതീതമാണ്, അത് എല്ലാ തലമുറകളെയും പ്രചോദിപ്പിക്കാനും നയിക്കാനും പോകുകയാണ്. നിങ്ങള്‍ മനസിലാക്കണം ഇന്ത്യയില്‍ ഏതെങ്കിലും ഗ്രാമമോ നഗരമോ വ്യക്തിയോ ഇനിയും സ്വാമിജിയെ അറിയാത്തതായോ അദ്ദേഹത്തില്‍ നിന്നു പ്രചോദനം സ്വീകരിക്കാത്തതായോ ഇല്ല എന്നു നിങ്ങള്‍ മനസിലാക്കണം. സ്വാതന്ത്ര്യ സമരത്തിനു പോലും പുത്തന്‍ ഉണര്‍വു പകര്‍ന്നത് സ്വാമിജിയുടെ പ്രചോദനമാണ്. അടിമത്വത്തിന്റെ ദീര്‍ഘമായ കാലഘട്ടം ആയിരക്കണക്കിനു വര്‍ഷങ്ങള്‍ ഇന്ത്യയെ അതിന്റെ ശക്തി മനസിലാക്കുന്നതില്‍ നിന്നു വേര്‍പെടുത്തിക്കളഞ്ഞു. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ ഇന്ത്യയെ അതിന്റെ ശക്തിയെ കുറിച്ച് ഓര്‍മ്മിപ്പിച്ചു, അത് സഫലമാക്കി, അതിന്റെ മനസിനെ നവീകരിച്ചു, ദേശീയാവബോധത്തെ തട്ടിയുണര്‍ത്തി. നിങ്ങള്‍ അത്ഭുതപ്പെട്ടുപോകും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവര്‍ അവര്‍ വിപ്ലവപാതയിലൂടെ പോയവരാകട്ടെ, സമാധാന പാതയിലൂടെ സഞ്ചരിച്ചവരാകട്ടെ ആ കാലത്ത് അവരെല്ലാവരും സ്വാമി വിവേകാന്ദജിയാല്‍ പ്രചോദിതരായിരുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമ്പോള്‍ സ്വാമിജിയുടെ പക്കല്‍ ഉണ്ടായിരുന്ന ലഘുലേഖകള്‍ പോലീസ് പിടിച്ചെടുത്തു. അവ അത്രയും സ്വാമി വിവേകാന്ദജിയുടെ ചിന്തകളായിരുന്നു, ജനങ്ങളെ ദേശസ്‌നേഹത്തിനും , രാഷ്ട്ര നിര്‍മ്മാണത്തിനും പ്രചോദിപ്പിച്ചവയായിരുന്നു, സ്വാതന്ത്ര്യത്തിനു വേണ്ടി മരിക്കാന്‍ പ്രേരിപ്പിച്ചവയായിരുന്നു. അവ എപ്രകാരം അക്കാലത്തെ ഓരോ യുവാവിന്റെയും മനസിനെ സ്വാധീനിച്ചു എന്നു പിന്നീടു നാം പഠിച്ചു. കാലം കടന്നു പോയി. രാജ്യം സ്വതന്ത്രമായി. പക്ഷെ നാം ഇപ്പോഴും സ്വാമിജിയെ നമുക്കിടയില്‍ കണ്ടുമുട്ടുന്നു, ഓരോ നിമിഷവും അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നു നമ്മുടെ ചിന്താ പ്രക്രിയയിലുടനീളം അദ്ദേഹത്തിന്റെ സ്വാധീനം ദൃശ്യവുമാണ്. അദ്ദേഹം എന്താണ് ആധ്യാത്മികതയെ കുറിച്ചു പറഞ്ഞത്, അദ്ദേഹം എന്താണ് ദേശീയതയെ കുറിച്ചു പറഞ്ഞത്, രാഷ്ട്ര നിര്‍മ്മാണത്തെ കുറിച്ച്, ദേശീയ താല്പര്യത്തെ കുറിച്ച്... പൊതു സേവനത്തില്‍ നിന്നു മാനവ സേവയിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ തുടര്‍ച്ചയായി നമ്മുടെ ഹൃദയത്തിലേയ്ക്ക് ഒഴുകുകയാണ്. ഈ വികാരങ്ങള്‍ നിങ്ങള്‍ സുഹൃത്തുക്കളും അനുഭവിക്കുന്നുണ്ടാവും എന്നെനിക്കുറപ്പുണ്ട്. നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാനാവില്ലെങ്കിലും എപ്പോഴൊക്കെ നിങ്ങള്‍ വിവേകാനന്ദജിയുടെ ചിത്രം കാണുമ്പോള്‍ നിങ്ങളുടെ ഉള്ളില്‍ ആദരവിന്റെ വികാരം ഉയരണം, ആ ചിത്രത്തിനു മുന്നില്‍ നിങ്ങളുടെ ശിരസ് താഴണം.
സുഹൃത്തുക്കളെ,
സ്വമി വിവേകാനന്ദന്‍ മറ്റൊരു അമൂല്യ സമ്മാനം കൂടി നല്കിയിട്ടുണ്ട്. വ്യക്തികളെയും സ്ഥാപനങ്ങളെയും സൃഷ്ടിച്ചു എന്നതാണ് ഈ സമ്മാനം. ഇത് അപൂര്‍വമായി മാത്രമെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളു. എന്നാല്‍ ഇതെക്കുറിച്ചു പഠിച്ചാല്‍ നമുക്കു കാണുവാന്‍ സാധിക്കും, ഇപ്പോഴും വ്യക്തിത്വ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, ആ മൂല്യങ്ങളെ, സേനവങ്ങളെ, സമര്‍പ്പണത്തെ ആവാഹിക്കുന്ന സ്ഥാപനങ്ങള്‍
സ്വാമി വിവേകാനന്ദന്‍ മുന്നോട്ടു കൊണ്ടു പോയവയാണ്. വ്യക്തിയില്‍ നിന്ന് ഒരു സ്ഥാപനം സൃഷ്ടിക്കുകയും ഒരു സ്ഥാപനത്തില്‍ നിന്ന് അനേകം വ്യക്തികളെ സൃഷ്ടിക്കുകയും ചെയ്യുക തുടര്‍ന്നു കൊണ്ടിരിക്കുന്ന, അവിഘ്‌നമായ, സുസ്ഥിരവും ചാക്രികവുമായ ആവൃത്തിയാണ്. ജനങ്ങള്‍ സ്വാമിജിയുടെ സ്വാധീനം മൂലം വരുന്നു, സ്ഥാപനങ്ങള്‍ നിര്‍മ്മിക്കാനുള്ള പ്രചോദനം ഉള്‍ക്കൊള്ളുന്നു, ആ സ്ഥാപനങ്ങളില്‍ നിന്ന് സ്വാമിജി കാണിച്ചു തന്ന പാതകളെ പുണരുന്ന ആളുകള്‍ ഉയര്‍ന്നു വരുന്നു, പുതിയ ആളുകളെ ബന്ധപ്പെടുത്തുന്നു. ഇന്ന് വ്യക്തികളില്‍ നിന്നു സ്ഥാപനങ്ങളിലേയ്ക്കും സ്ഥാപനങ്ങളില്‍ നിന്നു വ്യ്ക്തികളിയേയ്ക്കുമുള്ള ആ ആവൃത്തിയാണ് ഇന്ത്യയുടെ വലിയ ശക്തി. നിങ്ങള്‍ സംരംഭകത്വത്തെ കുറിച്ച ധാരാളം കേട്ടിട്ടുണ്ടാവും. അതും ഏതാണ്ട് ഇതുപോലാണ്. സമര്‍ത്ഥനായ ഒരാള്‍ മികച്ച ഒരു കമ്പനി ഉണ്ടാക്കുന്നു. പിന്നീട് ഈ കമ്പനി വികസിപ്പിച്ച ആവാസ വ്യവസ്ഥയില്‍ നിന്ന് സമര്‍ത്ഥരായ അനേകം വ്യക്തികള്‍ ഉയര്‍ന്നു വരുന്നു. ഈ വ്യക്തികള്‍ പുതിയ കമ്പനികള്‍ ഉണ്ടാക്കുന്നതിന് മുന്നോട്ടു പോകുന്നു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആവൃത്തി രാജ്യത്തിന്റെയും സമൂഹത്തിന്റെയും എല്ലാ മേഖലകളും പോലെ തുല്യ പ്രാധാന്യമുള്ളതാണ്.
സുഹൃത്തുക്കളെ,
രാജ്യത്തെ പുതിയ വിദ്യാഭ്യാസ നയം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും മികച്ച വ്യക്തികളെ സൃഷ്ടിക്കുന്നതിലാണ്. വ്യക്തി നിര്‍മ്മാണത്തില്‍ നിന്നു രാഷ്ട്ര നിര്‍മ്മാണം എന്ന് ഈ നയം പ്രഥമ പരിഗണന നല്കിയിരിക്കുന്നത്, ആഗ്രഹങ്ങള്‍, നൈപുണ്യം, ധാരണ, യുവക്കളുടെ തീരുമാനം എന്നിവയ്ക്കാണ്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഏതു വിഷയവും, അല്ലെങ്കില്‍ കോമ്പിനേഷന്‍, അതുമല്ലെങ്കില്‍ സ്ട്രീം ഉപരിപഠനത്തിന് തെരഞ്ഞെടുക്കാം. ഒരു കോഴ്‌സിനു പഠിക്കുമ്പോള്‍ തന്നെ അത് നിര്‍ത്തി വച്ച് മറ്റൊരു കോഴ്‌സിനു ചേരാം. പക്ഷെ മുമ്പത്തെ കോഴ്‌സിനായി നിങ്ങള്‍ നടത്തിയ പരിശ്രമം വൃഥാവിലാവും എന്നു ചിന്തിക്കുകയും വേണ്ട. കാരണം നിങ്ങള്‍ പഠിച്ച അത്രയും കാര്യങ്ങള്‍ വച്ച് നിങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അതു നിങ്ങള്‍ക്കു പിന്നീട് സഹായമാകും.
സുഹൃത്തുക്കളെ,
നമ്മുടെ യുവാക്കള്‍ വിദേശത്ത് അന്വേഷണം നടത്തിവന്നിരുന്ന വിദ്യാഭ്യാസ സാഹചര്യം ഇന്ന് നമ്മുടെ രാജ്യത്ത വികസിക്കപ്പെട്ടിട്ടുണ്ട്.
വിദേശങ്ങളിലെ ആധുനിക വിദ്യാഭ്യാസം, മികച്ച സംരംഭകത്വ അവസരങ്ങള്‍, കഴിവുകളുടെ അംഗീകാരം, ആദരിക്കപ്പെടുന്ന സംവിധാനം എന്നിവ സ്വാഭാവികമായും അവരെ ആകര്‍ഷിച്ചിരുന്നു. ഇന്നു നമ്മളും പ്രതിബദ്ധരാണ്. യുവാക്കള്‍ ആഗ്രഹിച്ച സംവിധാനം ഈ രാജ്യത്തു തന്നെ ലഭ്യമാക്കുന്നതിന് നമ്മളും പ്രയത്‌നിക്കുന്നു. ഇന്ന് യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും അനുസൃതമായി സ്വയം വികസിക്കുന്നതിന് ആവശ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും പരിസ്തിതി വികസിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
വിദ്യാഭ്യാസ സമ്പ്രദായമാകട്ടെ, സാമൂഹ്യ ക്രമമാകട്ടെ, നിയമ വിശദാംശങ്ങളാകട്ടെ, എല്ലാത്തിനും പരിഗണന ലഭ്യമാണ്. നാം മറക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും സ്വാമിജി ഊന്നിപ്പറഞ്ഞിട്ടുണ്ട്. അത് ശാരീരികവും മാനസികവുമായ ശക്തിയെ കുറിച്ചാണ്. ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ നാഡികളും എന്ന് അദ്ദേഹം പറയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടാണ് ഇന്ത്യയിലെ യുവാക്കള്‍ക്ക് ശാരീരികവും മാനസികവുമായ സ്വാസ്ഥ്യം ലഭിക്കുന്നതിനു പ്രത്യേക ശ്രദ്ധ നല്കുന്നത്. ഫിറ്റ് ഇന്ത്യ മുന്നേറ്റത്തിലായാലും, യോഗ ബോധവത്കരണം ആയാലും ആധുനിക കായിക വിനോദ സൗകര്യങ്ങള്‍ ഒരുക്കുന്നതിലായാലും അതെല്ലാം യുവാക്കളെ മാനസികമായും ശാരീരികമായും ശാക്തീകരിക്കുന്നു.
സുഹൃത്തുക്കളെ,
അടുത്ത കാലത്തായി വ്യക്തിത്വ വികസനം ടീം മാനേജ്‌മെന്റ് തുടങ്ങി എതാനും പദങ്ങള്‍ നാം വീണ്ടും വീണ്ടും കേള്‍ക്കുന്നു. സ്വാമി വിവേകാന്ദനെ പഠിച്ചു കഴിഞ്ഞാല്‍ വളരെ എളുപ്പത്തില്‍ അതിന്റെ അര്‍ത്ഥഭേദങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. സ്വയം വിശ്വസിക്കുക എന്നതാണ് വ്യക്തിത്വ വികസനം സംബന്ധിച്ച അദ്ദേഹത്തിന്റെ മന്ത്രം. നേതൃത്വത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ മന്ത്രം എല്ലാവരിലും വിശ്വസിക്കുക എന്നതാണ്.അദ്ദേഹം പറയുമായിരുന്നു, പൗരാണിക മതങ്ങള്‍ അനുസരിച്ച് നിരീശ്വരന്മാര്‍ എന്നാല്‍ ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ എന്നാണ്. എന്നാല്‍ പുതിയ മതങ്ങള്‍ പഠിപ്പിക്കുന്നത് നിരീശ്വരന്മാര്‍ എന്നാല്‍ തന്നില്‍ വിശ്വാസമില്ലാത്തവര്‍ എന്നത്രെ. അത് നേതൃത്വത്തെ സംബന്ധിച്ചാകുമ്പോള്‍ തനിക്കു മുമ്പെ തന്നെ അവന്‍ തന്റെ ടീമിനെ വിശ്വസിക്കുന്നു. എവിടെയോ വായിച്ച ഒരു സംഭവം നിങ്ങളുമായി പങ്കു വയ്ക്കട്ടെ.ഒരിക്കല്‍ തന്റെ ശിഷ്യന്‍ സ്വാമി ശ്രദ്ധാനന്ദജിയുമൊത്ത് സ്വാമിജി ലണ്ടനില്‍ പൊതു പ്രഭാഷണത്തിനു പോയി. എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. ശ്രോതാക്കള്‍ സമ്മേളിച്ചു. സ്വാഭാവികമായി എല്ലാവരും സ്വാമി വിവേകാന്ദനെ കേള്‍ക്കുവാനാണ് വന്നത്. എന്നാല്‍ തന്റെ ഊഴം വന്നപ്പോള്‍ സ്വാമിജി പറഞ്ഞു, ഞാന്‍ ഇന്നു പ്രഭാഷണം നടത്തുന്നില്ല, പകരം തന്റെ ശിഷ്യന്‍ ശ്രദ്ധാനന്ദജി പ്രസംഗിക്കുന്നതാണ് എന്ന്. ഇത്തരത്തിലൊരു നിയോഗം ശ്രദ്ധാനന്ദജി സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. അദ്ദേഹം അതിനു തയാറെടുത്തിരുന്നുമില്ല. എന്നാല്‍ ശ്രദ്ധാനന്ദജി പ്രസംഗം തുടങ്ങിയപ്പോള്‍ സദസ് മുഴുവന്‍ അമ്പരന്നു. സകലരും അദ്ദേഹത്തിന്റെ സ്വാധീനത്തിലായി. ഇതാണ് നേതൃവാസന.നിങ്ങളുടെ ടീം അംഗങ്ങളെ വിശ്വസിക്കാനുള്ള ശക്തി. ഇന്ന് എത്രത്തോളം നമുക്ക് സ്വാമിജിയെ കുറിച്ച് അറിയാമോ അതിന്റെ മുഖ്യ യശസ് സ്വാമി ശ്രദ്ധാനന്ദജിയ്ക്കുള്ളതാണ്.
സുഹൃത്തുക്കളെ,
ഭയരഹിതവും അകളങ്കവും, ശുദ്ധഹൃദയവുമുള്ള, കാലഘട്ടത്തില്‍ ആത്മധൈര്യവും ഉത്ക്കര്‍ഷേഛുക്കളുമായ യുവാക്കള്‍ ഭാവിയിലെ രാഷ്ട്ര നിര്‍മ്മിതിയുടെ അടിത്തറയാകും എന്നു സ്വാമിജിയാണ് പറഞ്ഞത്. യുവാക്കളിലും അവരുടെ ശക്തിയിലും അദ്ദേഹം അത്രമാത്രം വിശ്വസിച്ചിരുന്നു.അദ്ദേഹത്തിന്റെ വിശ്വസ പരിശോധനയ്ക്ക് നിങ്ങള്‍ വഴങ്ങണം. ഇന്ത്യയെ പുതിയ ഉയരങ്ങളില്‍ എത്തിക്കേണ്ടതും രാജ്യത്തെ സ്വാശ്രയമാക്കേണ്ടതും നിങ്ങളാണ്. ഞങ്ങള്‍ക്ക് അതിനു പക്വതയായില്ലല്ലോ എന്ന് നിങ്ങളില്‍ ചിലര്‍ ചിന്തിച്ചേക്കാം. ഇതാണ് ആനന്ദ സൗഭാഗ്യ നിമിഷം. സുഹൃത്തുക്കളെ, ലക്ഷ്യം വളരെ വ്യക്തവും നിങ്ങള്‍ക്ക് ഇഛാശക്തിയും ഉണ്ടെങ്കില്‍ പ്രായം ഒരിക്കലും തടസമാകില്ല. പ്രായം പ്രശ്‌നമല്ല. എപ്പോഴും ഒരു കാര്യം ഓര്‍ക്കുക, അടിമത്വത്തിന്റെ കാലത്ത് സ്വാതന്ത്ര്യ സമരം നയിച്ചതു മുഴുവന്‍ യുവ തലമുറയായിരുന്നു. നിങ്ങള്‍ക്ക് അറിയാമോ, തൂക്കിലേറ്റപ്പെട്ടപ്പോള്‍ ഷഹീദ് ഖുദിറാം ബോസിന് എത്ര വയസായിരുന്നു പ്രായം. വെറും 18 - 19 വയസ്സ് മാത്രം. ഭഗത് സിംഗ് തുക്കിലേറ്റപ്പെട്ടപ്പോള്‍ എത്രയായിരുന്നു പ്രായം, വെറും 24 വയസ്. ഭഗ്‌വാന്‍ ബിര്‍സാ മുണ്ട രക്തസാക്ഷിത്വം വരിച്ചപ്പോള്‍ എത്രയായിരുന്നു പ്രായം, കഷ്ടിച്ച് 25. ആ തലമുറ മുഴുവന്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കാനും മരിക്കാനും തീരുമാനിച്ചവരായിരുന്നു. അഭിഭാഷകര്‍, ഭിഷഗ്വരര്‍, പ്രൊഫസര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, കൂടാതെ വിവിധ തൊഴില്‍ മേഖലകളില്‍ നിന്നു വന്ന യുവ തലമുറ അവരാണ് നമുക്ക് സ്വാതന്ത്ര്യം നേടി തന്നത്.
സുഹൃത്തുക്കളെ,
നാം ഈ കാലഘട്ടത്തില്‍ ജനിച്ചവരാണ്...ഞാനും സ്വതന്ത്ര ഇന്ത്യയിലാണ് ജനിച്ചത്. ഞാന്‍ അടിമത്വം അനുഭവിച്ചിട്ടില്ല. എന്റെ മുന്നില്‍ ഇരിക്കുന്ന നിങ്ങള്‍ എല്ലാവരും ജനിച്ചതും സ്വതന്ത്ര ഇന്ത്യയില്‍ തന്നെ. അതിനാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മരിക്കാന്‍ നമുക്ക് അവസരം ഇല്ല. എന്നാല്‍ സ്വതന്ത്ര ഇന്ത്യയെ മുന്നോട്ടു നയിക്കാനുള്ള അവസരം നമുക്കുണ്ട്. നാം ഈ അവസരം പാഴാക്കരുത്. രാജ്യത്തെ ചെറുപ്പക്കാരായ എന്റെ സുഹൃത്തുക്കളെ വരുന്ന 25 -26 വര്‍ഷങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ളതാണ്. അതായത് സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷത്തില്‍ നിന്ന് 100 -ാം വര്‍ഷത്തിലേയ്ക്കുള്ള യാത്ര വളരെ പ്രധാനപ്പെട്ടതു തന്നെ. ഇന്ത്യ 2047 -ല്‍ സ്വാതന്ത്ര്യത്തിന്റെ 100 സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കും. അതുകൊണ്ടു തന്നെ അടുത്ത 25 -26 വര്‍ഷങ്ങളിലെ യാത്ര വളരെ പ്രധാനപ്പെട്ടതാണ്. സുഹൃത്തുക്കളെ നിങ്ങള്‍ ചിന്തിക്കു, നിങ്ങള്‍ ഇപ്പോള്‍ ആയിരിക്കുന്ന പ്രായവും ഇപ്പോള്‍ ആരംഭിക്കുന്ന കാലഘട്ടവും നിങ്ങളുടെ ജീവിതത്തിലെ സുവര്‍ണ കാലമാണ്. ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷത്തിലേയ്ക്കു ആനയിക്കുന്ന കാലഘട്ടം. അതായത് നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയും സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തെ നേട്ടങ്ങളും ഏക കാലികമാണ്്്. നിങ്ങളുടെ ജീവിതത്തിലെയും, രാജ്യത്തിന്റെയും ആസന്നമായ 25 - 26 വര്‍ഷങ്ങളും തമ്മില്‍ മഹത്തായ കൂട്ടു പ്രവര്‍ത്തനം നടക്കും. ഇതു വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ജീവിതത്തിലെ ഈ കാലഘട്ടത്തില്‍ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുക, രാജ്യത്തിന് മുഖ്യ പരിഗണന നല്കുക. ഈ നൂറ്റാണ്ട് ഇന്ത്യയുടെതാണ് എന്ന് വിവേകാനന്ദജി പതിവായി പറയുമായിരുന്നു. ഈ നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടായി മാറ്റേണ്ടത് നിങ്ങളാണ്. നിങ്ങള്‍ എന്തു ചെയ്താലും നിങ്ങള്‍ എന്തു തീരുമാനം സ്വീകരിച്ചാലും അതിനു മുമ്പ് ചിന്തിക്കേണ്ടത് എന്താണ് രാജ്യത്തിന്റെ താല്‍പര്യം എന്നാണ്.
സുഹൃത്തുക്കളെ,
നമ്മുടെ യുവാക്കള്‍ മുന്നോട്ടു വന്ന് രാഷ്ട്രത്തിന്റെ ഭാവിഭാഗധേയങ്ങള്‍ ആകണമെന്ന് സ്വാമി വിവേകാനന്ദജി പതിവായി പറയുമായിരുന്നു. അതിനാല്‍ ഇന്ത്യയുടെ ഭാവിയെ നയിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമാണ്.രാജ്യത്തിന്റെ രാഷ്ട്രിയത്തോടും നിങ്ങള്‍ക്കു ഉത്തരവാദിത്വമുണ്ട്. കാരണം രാജ്യത്ത് അര്‍ത്ഥപൂര്‍ണമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ശക്തമായ ഉപകരണമാണ് രാഷ്ട്രിയം. എല്ലാ മണ്ഡലങ്ങളിലും എന്ന പോലെ രാഷ്ട്രിയത്തിലും യുവാക്കളെ ആവശ്യമുണ്ട്. പുതിയ ചിന്തകള്‍, പുതിയ ഊര്‍ജ്ജം, പുതിയ സ്വപ്‌നങ്ങള്‍, പുതിയ ആവേശം എന്നിവ രാജ്യത്തിന്റെ രാഷ്ട്രിയത്തില്‍ വളരെ അധികം ആവശ്യമുണ്ട്.
സുഹൃത്തുക്കളെ,
മുമ്പ് ഒരു യുവാവ് രാഷ്ട്രിയത്തിലേയ്ക്കു തിരിഞ്ഞാല്‍ അവന്റെ കുടുംബാംഗങ്ങള്‍ പറയും ആ കുഞ്ഞ ് വഴി തെറ്റി പോയിരിക്കുന്നു. ഇതായിരുന്നു രാജ്യത്ത് കാഴ്ച്ചപ്പാട്. കാരണം രാഷ്ട്രിയം പോരാട്ടത്തിന്റെ, അക്രമത്തിന്റെ അഴിമതിയുടെ, കൊള്ളയുടെ എല്ലാം പ്രതീകമാണ്. മറ്റു പല സംജ്ഞകളിലും അതു മുദ്രകുത്തപ്പെട്ടിട്ടുണ്ട്. എല്ലാം മാറ്റാനാവും എന്നാല്‍ രാഷ്ട്രിയം മാത്രം മാറില്ല എന്ന് ജനം പറയാറുണ്ട്. എന്നാല്‍ ഇന്നു നിങ്ങള്‍ കാണുന്നു, രാജ്യത്തെ ജനങ്ങള്‍, രാജ്യത്തെ പൗരന്മാര്‍, വളരെ ബോധവാന്മാരാണ്. സത്യസന്ധരെയാണ് അവര്‍ രാഷ്ട്രിയത്തില്‍ പിന്തുണയ്ക്കുന്നത് , സത്യസന്ധര്‍ക്കാണ് അവര്‍ അവസരങ്ങള്‍ നല്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങള്‍ സത്യസന്ധരും സമര്‍പ്പിതരും സേവനസന്നദ്ധതയുമുള്ള രാഷ്ട്രിയക്കാരോട് ശക്തമായി ചേര്‍ന്നു നില്ക്കുന്നു.ഇന്ന് രാഷ്ട്രിയക്കാരനു വേണ്ട ആദ്യ അവശ്യ ഗുണം സത്യസന്ധതയും പ്രവര്‍ത്തന മികവുമാണ്. ഈ സമ്മര്‍ദ്ദം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്, ബോധവത്ക്കരണത്തിന്റെ ഫലമായിട്ടാണ്. മത്സരം പാരമ്പര്യമായിരുന്ന ചിലര്‍ക്ക് ഇന്ന് അത് വലിയ ഭാരമായിരിക്കുന്നു. ഒരു കോടി ഉദ്യമങ്ങള്‍ക്കു ശേഷവും അവര്‍ക്ക് അതില്‍ വിജയിക്കാനായിട്ടില്ല എന്നത് രാജ്യത്തെ പൗരബോധത്തിന്റെ ശക്തി കൊണ്ടാണ്. രാജ്യം ഇന്ന് സത്യസന്ധതയ്ക്ക് മേല്‍ സ്‌നേഹം ചൊരിയുകയാണ്, സത്യസന്ധതയെ അനുഗ്രഹിക്കുകയാണ്, സത്യസന്ധതയ്ക്ക് എല്ലാം നല്കുകയാണ്. അവരില്‍ എല്ലാ വിശ്വാസവും അര്‍പ്പിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണമെങ്കില്‍ അവരുടെ ജീവിതചരിത്രം ശക്തവും അവരുടെ പ്രവര്‍ത്തനം വാചാലവുമായിരിക്കണം എന്ന് ഇപ്പോള്‍ ജനപ്രതിനിധികള്‍ക്കു മനസിലായി തുടങ്ങി. എന്നാല്‍ ഇനിയും മാറ്റങ്ങള്‍ ആവശ്യമുണ്ട് സുഹൃത്തുക്കളെ. ആ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് രാജ്യത്തെ യുവാക്കളാണ്. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശത്രു ഇപ്പോഴും തഴച്ചു വളരുകയാണ്. അതാണ് രാഷ്ട്രിയ കുടുംബവാഴ്ച്ച. രാജ്യം നേരിടുന്ന രാഷ്ട്രിയ കടുംബവാഴ്ച്ച എന്ന വെല്ലുവിളിയെ നാം ഉന്മൂലനാശം ചെയ്യേണ്ടിയിരിക്കുന്നു. കുടുംബത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പകള്‍ വിജയിച്ചവരുടെ ദിനങ്ങള്‍ എവസാനിക്കുകയാണ്. എന്നാല്‍ രാഷ്ട്രിയത്തില്‍ ഈ വംശവാഴ്ച്ച എന്ന രോഗം പൂര്‍ണമായി അവസാനിച്ചിട്ടില്ല. ആശയങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ എല്ലാം സ്വന്തം കുടുംബ രാഷ്ട്രിയം മാത്രമായി കരുതുന്ന ആളുകളും രാഷ്ട്രിയത്തില്‍ കുടംബത്തെ സൂക്ഷിക്കുന്ന ആളുകളും ഇപ്പോഴും ഉണ്ട്.
ഈ രാഷ്ട്രിയ കുടുംബവാഴ്ച്ച രാജ്യത്തിനു മേല്‍ കെടുകാര്യസ്ഥതയുടെ കനത്ത ഭാരം ചുമത്തുകയും ജനാധിപത്യത്തില്‍ പുതിയ ഒരു തരം ഏകാധിപത്യം കൊണ്ടുവരികയും ചെയ്യുന്നു. ആദ്യം രാജ്യം എന്ന ചിന്തയ്ക്കു പകരം ഞാനും എന്റെ കുടംബവും മാത്രം എന്ന വികാരത്തെ ഇത്തരം രാഷ്ട്രിയ കുടുംബവാഴ്ച്ച പിണ്ഡീഭവിപ്പിക്കുന്നു. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രിയ അഴിമതിക്ക് ഇതും ഒരു കാരണം തന്നെ. മുന്‍ഗാമികളുടെ അഴിമതി ആരും കണ്ടുപിടക്കാത്തതിനാല്‍ ഈ വംശവാഴ്ച്ചയില്‍ പിന്നാലെ വളര്‍ന്നവര്‍ ചിന്തിക്കുന്നു ആര്‍ക്കും അവരെയും ഒന്നു ചെയ്യാന്‍ സാധിക്കില്ല എന്ന്. കാരണം അവര്‍ സ്വന്തം കുടംബത്തില്‍ തന്നെ വിജയകരമായ ഉദാഹരണങ്ങള്‍ കാണുന്നു. ഇത്തരക്കാര്‍ക്ക് നിയമത്തെ ബഹുമാനമോ പേടിയോ ഇല്ല.
സുഹൃത്തുക്കളെ,
രാജ്യത്തെ ബോധവത്ക്കരിച്ച് ഈ സാഹചര്യത്തെ മാറ്റാനുള്ള ഉത്തരവാദിത്വംराष्ट्रयाम जागृयाम वयं.എന്ന മന്ത്രവുമായി ജീവിക്കുന്ന യുവ തലമുറയയുടെ ചുമലിലാണ്. അതായത് ഈ ആര്‍ഷ രാഷ്ട്രത്തെ നാം സജീവവും ഉദ്ബുദ്ധവുമായി നിലനിര്‍ത്തും. നിങ്ങള്‍ കൂട്ടമായി വന്ന് ഇതില്‍ പങ്കാളികളാകണം. എന്തെങ്കിലും ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ വരിക. വ്യക്തി താല്‍പര്യങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും നേടാന്‍ വരരുത്. നിങ്ങളുടെ ചിന്തകളും ദര്‍ശനങ്ങളുമായി മുന്നേറുക. ഒന്നിച്ച്, ശക്തമായി പ്രവര്‍ത്തിക്കുക. ഓര്‍ക്കുക രാജ്യത്തെ യുവാക്കള്‍ രാഷ്ട്രിയത്തില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തെ വംശവാഴ്ച്ചയുടെ വിഷം തുടര്‍ന്നും കീഴ്‌പ്പെടുത്തും. ഈ രാജ്യത്തെ ജനാധിപത്യത്തെ രക്ഷിക്കുന്നതിനായി നിങ്ങള്‍ രാഷ്ട്രിയത്തില്‍ വന്നേ തീരൂ. നമ്മുടെ യുവജന വകുപ്പ് നടത്തുന്ന മോക്ക് പാര്‍ലിമെന്റ് പോലുള്ള വേദികളില്‍ യുവസുഹൃത്തുക്കള്‍ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. ഇന്ത്യയുടെ സെന്‍ട്രല്‍ ഹാളിലേയ്ക്ക് രാജ്യത്തെ യുവാക്കള്‍ വരട്ടെ. വരും നാളുകളില്‍ രാജ്യത്തെ നയിക്കാന്‍ രാജ്യത്തെ യുവ തലമുറയെ ഒരുക്കുക എന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം. നിങ്ങള്‍ക്കു മുന്നില്‍ സ്വാമി വിവേകാനന്ദനെ പോലെ മഹാനായ ഒരു മാര്‍ഗദര്‍ശി ഉണ്ട്. അദ്ദേഹത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് നിങ്ങളെ പോലുള്ള യുവാക്കള്‍ രാഷ്ട്രിയത്തില്‍ പ്രവേശിച്ചാല്‍ രാജ്യം കൂടുതല്‍ ശക്തമാകും.
സുഹൃത്തുക്കളെ,
സ്വാമി വിവേകാനന്ദജി യുവാക്കള്‍ക്ക് വളരെ പ്രധാനമായ ഒരു ഉപദേശം കൊടുക്കുമായിരുന്നു. ഒരു ദുരന്തം അല്ലെങ്കില്‍ പ്രശ്‌നം എന്നതിനെക്കാല്‍ പ്രധാനം ആ വിപത്തില്‍ നിന്നു പഠിക്കുക എന്നതത്രെ. ഇതില്‍ നിന്ന് നിങ്ങള്‍ എന്തു പഠിച്ചു. ദുരന്തങ്ങളെ നാം തടയണം ഒപ്പം നേരിടാന്‍ ധൈര്യവും വേണം. നശിപ്പിക്കപ്പെട്ടതിനെ എങ്ങിനെ നാം പുനര്‍ സൃഷ്ടിക്കും അല്ലെങ്കില്‍ പുതിയ കെട്ടിടത്തിനു നാം തറക്കല്ലിടും എന്ന ചിന്തിക്കുന്നതിന് ദുരന്തങ്ങള്‍ അവസരമൊരുക്കുന്നു. പ്രതിസന്ധി, ദുരന്തങ്ങള്‍ എന്നിവയ്ക്കു ശേഷമാണ് ചിലപ്പോള്‍ നാം പുതിയവയെക്കുറിച്ച് ചിന്തിക്കുക. പിന്നെ പുതിയവ എങ്ങിനെ ഭാവിയെ മുഴുവന്‍ മാറ്റി എന്നു കാണും. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ടാവും. ഇന്ന് ഒരനുഭവം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഗുജറാത്തിലെ കച്ചില്‍ 2001 ല്‍ ഉണ്ടായ ഭൂകമ്പത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ എല്ലാം നശിപ്പിക്കപ്പെട്ടു. ഒരു തരത്തില്‍ പറഞ്ഞാല്‍ മരണത്തിന്റെ ആവരണം കച്ചിനെ പൊതിഞ്ഞു. എല്ലാ കെട്ടിടങ്ങളും നിലം പൊത്തി. അതു കണ്ട ജനം പറഞ്ഞു കച്ച് എന്നന്നേയ്ക്കുമായി തകര്‍ന്നിരിക്കുന്നു. ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഉത്തരവാദിത്വം ഏറ്റെടുത്തു. ഗുജറാത്ത് എന്നേയ്ക്കുമായി തീര്‍ന്നിരിക്കുന്ന, നശിച്ചിരിക്കുന്നു എന്നായിരുന്നു എല്ലായിടത്തും സംസാരം.ഞങ്ങള്‍ പുതിയ സമീപനവുമായി പ്രവര്‍ത്തനം തുടങ്ങി. പുതിയ നയങ്ങളുമായി മുന്നോട്ടു നീങ്ങി. കെട്ടിടങ്ങള്‍ പുനര്‍ നിര്‍മ്മിച്ചു എന്നു മാത്രമല്ല, കച്ചിനെ വികസനത്തിന്റെ പുതിയ ഉയരങ്ങളില്‍ എത്തിക്കുമെന്നു പ്രതിജ്ഞയും എടുത്തു.
റോഡുകള്‍ ഇല്ലായിരുന്നു, വൈദ്യുതി ഇല്ലായിരുന്നു, കുടിവെള്ളം പോലും ലഭ്യമല്ലായിരുന്നു. എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ നവീകരിച്ചു. നൂറു കണക്കിനു കിലോമീറ്ററുകള്‍ കനാല്‍ നിര്‍മ്മിച്ച് കച്ചില്‍ ഞങ്ങള്‍ വെള്ളം എത്തിച്ചു. കച്ചില്‍ വിനോദസഞ്ചാരത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും ആകുമായിരുന്നില്ല. അതായിരുന്നു അവസ്ഥ. ആയിരക്കണക്കിനാളുകള്‍ വര്‍ഷം തോറും കച്ചില്‍ നിന്നു പലായനം ചെയ്തു കൊണ്ടിരുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയോ, വര്‍ഷങ്ങള്‍ക്കു മുമ്പ് കച്ചില്‍നിന്ന് പാലായനം ചെയ്തവര്‍ മടങ്ങി വരികയാണ്, അവിടേയ്ക്ക്. ഇന്ന് ലക്ഷക്കണക്കിന് സഞ്ചാരികളാണ് രാമ ഉത്സവം ആസ്വദിക്കാന്‍ കച്ചില്‍ എത്തുന്നത്. ദുരന്തം പോലും അവസരമാക്കി നാം മാറ്റി.
സുഹൃത്തുക്കളെ,
അതെ സമയം തന്നെ ഭൂകമ്പത്തിനിടെ നടത്തിയ മറ്റൊരു വലിയ ജോലിയുണ്ടായിരുന്നു. അതെകുറിച്ച് അധികം ആരും ചര്‍ച്ച ചെയ്തിട്ടില്ല.ഇന്ന് കൊറോണയുടെ മധ്യത്തില്‍ നിങ്ങള്‍ ദുരന്ത നിവാരണത്തെ നിയമത്തെ സംബന്ധിച്ച് ധാരാളം കേട്ടു കാണും. ഈ നിയമത്തിന്റെ ചുവടുപിടിച്ചാണ് കൊറോണ കാലത്ത് എല്ലാ ഗവണ്‍മെന്റ് ഉത്തരവുകളും പുറപ്പെടുവിച്ചിരുന്നത്. ഈ നിയമത്തിനു പിന്നില്‍ അധികമാര്‍ക്കും അറിയില്ലാത്ത ഒരു കഥയുണ്ട്. അതിന് കച്ച് ഭൂകമ്പവുമായി ബന്ധമുണ്ട്. അതെക്കുറിച്ചു കൂടി ഞാന്‍ നിങ്ങളോടു പറയാം.
സുഹൃത്തുക്കളെ,
മുമ്പ് നമ്മുടെ രാജ്യത്തെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൃഷി വകുപ്പിന്റെ വകയാണ് എന്നായിരുന്നു കരുതിയിരുന്നത്. കാരണം ദുരന്തം എന്നാല്‍ രാജ്യത്ത് സംഭവിക്കുന്ന പ്രളയം അല്ലെങ്കില്‍ വരള്‍ച്ച എന്നിവ മാത്രം. പേമാരി എന്നാല്‍ ദുരന്തം, മഴ കുറഞ്ഞാലും ദുരന്തം. വെള്ള്പപൊക്കം വന്നാല്‍ കൃഷിക്ക് നഷ്ട പരിഹാരം. ഇതായിരുന്നു പ്രധാന ദുരന്ത നിവാരണ പ്രവര്‍ത്തനം. എന്നാല്‍ കച്ച് ഭൂകമ്പത്തില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഗുജറാത്ത് ഗവണ്‍മെന്റ് 2003 ല്‍ ഗുജറാത്ത് ദുരന്ത നിവാരണ നിയമം കൊണ്ടുവന്നു. ഇതാദ്യമായിട്ടായിരുന്നു രാജ്യത്ത് കൃഷി വകുപ്പില്‍ നിന്ന് ദുരന്ത നിവാരണ പ്രവര്‍ത്തനം എടുത്തു മാറ്റി ആഭ്യന്തര വകുപ്പിനു നല്കിയത്. പിന്നീട് ഗുജറാത്തിന്റെ നിയമത്തില്‍ നിന്നു പഠിച്ച് കേന്ദ്ര ഗവണ്‍മെന്റ് 2005 ല്‍ രാജ്യം മുഴുവനും വേണ്ടി ദുരന്ത നിവാരണ നിയമം പാസാക്കി. ഇപ്പോള്‍ ഈ നിയമത്തിന്റെ സഹായത്തോടെയാണ് രാജ്യം കൊറോണ മഹാമാരിക്ക് എതിരെ മഹത്തായ പോരാട്ടം നടത്തിയത്. ഇന്ന് രാജ്യം നേരിട്ട വലിയ പ്രതിസന്ധിയില്‍ ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചതും ഈ നിയമം തന്നെയാണ്. അതു മാത്രമല്ല ദുരന്ത നിവാരണം നഷ്ടപരിഹാരത്തിലും ദുരിതാശ്വാസ സാധനങ്ങളുടെ വിതരണത്തിലും മാത്രം ഒതുങ്ങി നിന്നപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ മാതൃക കണ്ടു പഠിക്കുകയാണ്.
സുഹൃത്തുക്കളെ,
ദുരന്തങ്ങള്‍ അതിന്റെ തന്നെ വിധി എഴുതുമ്പോള്‍ പോലും എങ്ങിനെ പുരോഗതിയിലേയ്ക്കു നീങ്ങാം എന്നു സമൂഹം പഠിക്കുന്നു.ഇന്ത്യയും 130 കോടി ഇന്ത്യക്കാരും സ്വന്തം വിധി എഴുതുന്നു. നിങ്ങള്‍ നടത്തുന്ന ഓരോ പരിശ്രമവും ഓരോ സേവനപ്രവര്‍ത്തനവും ഓരോ നവീകരണവും ഓരോ സത്യസന്ധമായ പ്രതിജ്ഞയും ശക്തമായ ഭാവിക്കു അടിസ്ഥാനമിടുകയാണ്. നിങ്ങളുടെ പ്രയത്‌നങ്ങള്‍ക്ക് ഞാന്‍ വിജയാസംസകള്‍ നേരുന്നു. ഈ മുഖാമുഖം പരിപാടിയും വിഡിയോ കോണ്‍ഫറണ്‍സിംങ്ങും ഒരോ സമയത്തു സംഘടിപ്പിച്ചതിന് രാജ്യത്തെ ലക്ഷക്കണക്കിന് യുവാക്കളും വകുപ്പു തല ഉദ്യോഗസ്ഥരും അഭിനന്ദനം അര്‍ഹിക്കുന്നു. ഇതില്‍ പങ്കെടുക്കുന്ന എല്ലാ യുവാക്കളും ആശംസ അര്‍ഹിക്കുന്നു. വിജയികള്‍ക്ക് എന്റെ ആശംസകള്‍. നിങ്ങള്‍ ഇവിടെ പറഞ്ഞ കാര്യങ്ങള്‍ ഈ സമൂഹത്തിന്റെ ആഴങ്ങളിലേയ്ക്കാണ് എത്തിയിരിക്കുന്നത് എന്ന് നിങ്ങള്‍ ഉറപ്പാക്കണം. അതില്‍ വിജയിക്കുന്നതിന് എന്റെ ആശംസകള്‍. ഒരിക്കല്‍ കൂടി പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ ഈ പരിപാടി സംഘടിപ്പിച്ചതിന് ആദരണീയനായ സ്പീക്കര്‍ക്ക് നന്ദി പ്രകടിപ്പിച്ചുകൊണ്ട് എന്റെ ശബ്ദം നിര്‍ത്തുന്നു.
വളരെ നന്ദി.
(Release ID: 1689007)
Visitor Counter : 538
Read this release in:
Gujarati
,
Tamil
,
Manipuri
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Punjabi
,
Odia
,
Telugu
,
Kannada