ജൽ ശക്തി മന്ത്രാലയം

"സ്മാർട്ട് ജലവിതരണ അളവ് നിരീക്ഷണ സംവിധാനം” വികസിപ്പിക്കുന്നതിനുള്ള മത്സരം

Posted On: 13 JAN 2021 12:54PM by PIB Thiruvananthpuram



ദേശീയ ജൽ ജീവൻ ദൗത്യം, കേന്ദ്ര ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ 2020 സെപ്റ്റംബർ 15 ന് ‘സ്മാർട്ട് ജലവിതരണ അളവ് നിരീക്ഷണ സംവിധാനം' വികസിപ്പിക്കുന്നതിനായി ഐ.സി.ടി. ഗ്രാൻഡ് ചലഞ്ചിന്‌ തുടക്കം കുറിച്ചു.

ദേശീയ ജൽ ജീവൻ ദൗത്യം, ഗ്രാൻഡ് ചലഞ്ചിന്റെ ഉപയോക്തൃ ഏജൻസിയും, ബാംഗ്ലൂർ സി-ഡാക് പദ്ധതിയുടെ നിവ്വഹണ ഏജൻസിയും ആയിരിക്കും. ആകെ 218 അപേക്ഷകളാണ് ലഭിച്ചത്. അക്കാദമിക്, വ്യാവസായിക രംഗങ്ങളിലെയും, ദേശീയ ജൽ ജീവൻ ദൗത്യം, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം, സി-ഡാക്, മീറ്റി എന്നിവിടങ്ങളിലെയും വിദഗ്ധരെ ഉൾപ്പെടുത്തിയാണ് ജൂറി രൂപീകരിച്ചത്.

2020 നവംബർ 20 ന് ഐസിടി ഗ്രാൻഡ് ചലഞ്ചിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രോട്ടോടൈപ്പ് (ആദ്യ മാതൃക) ഘട്ടത്തിൽ 10 അപേക്ഷകരെ തിരഞ്ഞെടുത്തു. ഓരോരുത്തർക്കും ഏഴര ലക്ഷം രൂപ വീതം സഹായം നൽകും.

പ്രോട്ടോടൈപ്പുകൾ (വിവിധ മാതൃകകൾ) ഇപ്പോൾ വികസന ഘട്ടത്തിലാണ്. 2021 ജനുവരി അവസാന വാരത്തിൽ പ്രോട്ടോടൈപ്പുകൾ ജൂറി വിലയിരുത്തും. 'സ്മാർട്ട് വാട്ടർ സപ്ലൈ മെഷർമെന്റ് ആന്റ് മോണിറ്ററിംഗ് സിസ്റ്റം’ നടപ്പാക്കുന്നതിനായി സാങ്കേതികമായി മികച്ചതും സാമ്പത്തികമായി ലാഭകരവുമായ നാല് മാതൃകകൾ തിരഞ്ഞെടുക്കുകയും ഓരോ ടീമിനും സിസ്റ്റം വികസിപ്പിക്കാനായി 25 ലക്ഷം രൂപ വീതം നൽകുകയും ചെയ്യും.

ഇതിന് ശേഷം രാജ്യത്തുടനീളം 25 സ്ഥലങ്ങളിൽ ഫീൽഡ് ട്രയലും നടത്തും. പ്രകടനം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണ്ണയത്തിനു ശേഷം, ഒരു വിജയിയെയും രണ്ട് റണ്ണറപ്പുകളെയും തിരഞ്ഞെടുത്ത് 50 ലക്ഷം (വിജയി), 20 ലക്ഷം വീതം (റണ്ണർ അപ്പുകൾ) നൽകും.



(Release ID: 1688470) Visitor Counter : 113