ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കേരളത്തിലെയും ഹരിയാനയിലെയും പക്ഷിപ്പനിബാധിത ജില്ലകളിലേക്ക് വിവിധ സംഘങ്ങളെ വിന്യസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
प्रविष्टि तिथि:
06 JAN 2021 5:25PM by PIB Thiruvananthpuram
പക്ഷിപ്പനി ബാധിച്ച കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിലേക്കും ഹരിയാനയിലെ പഞ്ചകുല ജില്ലയിലേക്കും കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വിവിധ സംഘങ്ങളെ വിന്യസിച്ചു.
കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചത്ത താറാവുകളുടെ സാമ്പിളുകളില്‍ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച് 5 എന്‍ 8) കണ്ടെത്തിയതായി മൃഗസംരക്ഷണ വകുപ്പ് 2021 ജനുവരി 4ന് അറിയിച്ചു. ഹരിയാനയിലെ പഞ്ചകുല ജില്ലയില്‍ നിന്നുള്ള കോഴികളുടെ സാമ്പിളുകളില്‍ നിന്നും സമാനമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
ദേശീയ രോഗനിയന്ത്രണ കേന്ദ്രം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ചണ്ഡീഗഢിലെ പിജിഐഎംഇആര്‍, ന്യൂഡല്‍ഹിയിലെ ഡോ. ആര്‍എംഎല്‍ ഹോസ്പിറ്റല്‍, ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ വിദഗ്ധരടങ്ങുന്നതാണ് കേന്ദ്രത്തില്‍നിന്നുള്ള രണ്ട് സംഘങ്ങള്‍. പക്ഷിപ്പനി നിയന്ത്രിക്കുന്നതിന് സംസ്ഥാന ആരോഗ്യ വകുപ്പുകളെ സഹായിക്കുന്നതിനായി 2021 ജനുവരി 4നാണ് പക്ഷിപ്പനിബാധിത ജില്ലകളിലേക്ക് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സംഘങ്ങളെ വിന്യസിച്ചത്.
ഇതുകൂടാതെ എന്‍സിഡിസി ഡയറക്ടര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ജോയിന്റ് സെക്രട്ടറി- കോവിഡ് 19 നോഡല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന ഉന്നതതല സംഘത്തെയും ജനുവരി ആറിന് (ഇന്ന്) കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും അനുബന്ധ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കുന്നതിനാണ് ഈ സംഘത്തെ വിന്യസിച്ചത്. കൂടാതെ, ഈ ഉന്നതതതല സംഘം, സംസ്ഥാനത്തെ കോവിഡ് 19 സ്ഥിതിയും അവലോകനം ചെയ്യും.
കാക്കകളും ദേശാടനപക്ഷികളും ധാരാളമുള്ള രാജ്യസ്ഥാനിലെ ഝാലാവാഡ്, മധ്യപ്രദേശിലെ ഭിണ്ഡ് എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറച്ചിപ്പക്ഷികളില്‍ ഇത്തരത്തില്‍ രോഗബാധയുണ്ടോ എന്നു കണ്ടെത്തുന്നതിനായി നിരീക്ഷണം കൂടുതല്‍ ശക്തമാക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതുവരെ മനുഷ്യരില്‍ പക്ഷിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം കര്‍ശനമായി നിരീക്ഷിക്കുകയാണ്.
***
(रिलीज़ आईडी: 1686707)
आगंतुक पटल : 299