പ്രധാനമന്ത്രിയുടെ ഓഫീസ്
ആറ് സംസ്ഥാനങ്ങളിലെ ലൈറ്റ് ഹൗസ് പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
ഇതുവരെ 2 കോടി ഗ്രാമീണ ഭവനങ്ങള്‍ നിര്‍മ്മിച്ചു, ഗ്രാമീണ ഭവന നിര്‍മ്മാണം വേഗത്തിലാക്കും: പ്രധാനമന്ത്രി
ലൈറ്റ് ഹൗസ് പദ്ധതികള്‍ രാജ്യത്തെ ഭവന നിര്‍മ്മാണ മേഖലയ്ക്ക് പുതിയ ദിശ കാട്ടുന്നു: പ്രധാനമന്ത്രി
Posted On:
01 JAN 2021 1:46PM by PIB Thiruvananthpuram
ഗ്ലോബല്‍ ഹൗസിംഗ് ടെക്‌നോളജി ചാലഞ്ചിന്റെ ഭാഗമായി ആറ് സംസ്ഥാനങ്ങളില്‍ ലൈറ്റ് ഹൗസ് പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. ആശാ- ഇന്ത്യ (Affordable Sustainable Housing Accelerators-India) വിജയികളെയും അദ്ദേഹം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയുടെ(നഗരം) മികച്ച നിര്‍വ്വഹണത്തിനുള്ള വാര്‍ഷിക അവാര്‍ഡുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്തു.
നൂതന നിര്‍മ്മാണ സാങ്കേതികവിദ്യയിലെ 'നവ രീതി' (New, Affordable, Validated, Research Innovation Technologies for Indian Housing -NAVARITIH) എന്ന പുതിയ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് അദ്ദേഹം പ്രകാശനം ചെയ്തു. കേന്ദ്രമന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി, ഉത്തര്‍പ്രദേശ്, ത്രിപുര, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് മുഖ്യമന്ത്രി മാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗവണ്‍മെന്റിന്റെ സമീപനത്തിന് മികച്ച ഉദാഹരണമാണ് ഈ ലൈറ്റ് ഹൗസ് പദ്ധതികള്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ അന്‍പതോളം നൂതനാശയ നിര്‍മാണ കമ്പനികളുടെ സജീവ പങ്കാളിത്തത്തില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
നൂതന നിര്‍മാണ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇന്‍ഡോറില്‍, കല്ലും ചുണ്ണാമ്പ് കൂട്ടുമില്ലാതെ, പകരം പ്രീഫാബ്രിക്കേറ്റഡ് പാനല്‍ സംവിധാനം ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.ഫ്രഞ്ച് സാങ്കേതികവിദ്യയില്‍ മോണോലിത്തിക്ക് കോണ്‍ക്രീറ്റ് നിര്‍മ്മിതിയില്‍ രാജ്‌കോട്ടില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന് പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായിരിക്കും. ചെന്നൈയില്‍ യുഎസ്, ഫിന്‍ലാന്‍ഡ് സാങ്കേതികവിദ്യയില്‍ പ്രീകാസ്റ്റ് കോണ്‍ക്രീറ്റ് സംവിധാനം ഉപയോഗിച്ച് വളരെ വേഗത്തില്‍ ചെലവ് കുറഞ്ഞ വീടുകള്‍ നിര്‍മിക്കും. ജര്‍മ്മനിയുടെ 3D നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് റാഞ്ചിയില്‍ വീടുകള്‍ നിര്‍മ്മിക്കുക.
രാജ്യത്തെ ആധുനിക ഭവന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഗവേഷണവും സ്റ്റാര്‍ട്ടപ്പും പ്രോത്സാഹിപ്പിക്കുന്നതിനാണ് ആഷ-ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഭവനനിര്‍മ്മാണത്തിന് ഇതുവഴി ചെലവുകുറഞ്ഞ നൂതന സാങ്കേതിക വിദ്യ ഇന്ത്യയില്‍ തന്നെ രൂപീകരിക്കാന്‍ ആവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ പ്രചാരണ പരിപാടിയില്‍ 5 മികച്ച സാങ്കേതിക വിദ്യകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴില്‍ നഗരങ്ങളില്‍ വളരെ ചുരുങ്ങിയ സമയത്ത് ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ആനുകൂല്യങ്ങളെ പറ്റി സംസാരിക്കവേ, ഭവനവായ്പാ പലിശയ്ക്ക് മധ്യവര്‍ഗത്തില്‍ ഉള്ളവര്‍ക്ക് റിബേറ്റ് ലഭിക്കുന്ന കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വീടുകളുടെ പൂര്‍ത്തീകരണത്തിനായി രൂപീകരിച്ച 25,000 കോടിയുടെ പ്രത്യേക ഫണ്ട് മധ്യവര്‍ഗത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. RERA ക്കു കീഴില്‍ 60,000 പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിയമത്തിനു കീഴില്‍ ആയിരത്തോളം പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞതായും പ്രധാനമന്ത്രി അറിയിച്ചു. കൊറോണ മഹാമാരിക്കിടയില്‍ ആരംഭിച്ച പുതിയ പദ്ധതി 'അഫോര്‍ഡബിള്‍ റെന്റിങ് ഹൗസിംഗ് കോംപ്ലക്‌സ്'നെ ക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തൊഴിലിനായി എത്തുന്നവര്‍ക്ക് ന്യായമായ വാടകയ്ക്ക് താമസ സൗകര്യം ലഭ്യമാക്കാന്‍ വ്യവസായികളും നിക്ഷേപകരുമായിച്ചേര്‍ന്നു ഗവണ്‍മെന്റ് പരിശ്രമിച്ചു വരികയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ മോശപ്പെട്ട താമസ അന്തരീക്ഷം മാറ്റി, തൊഴിലിടത്തിന് സമീപം ന്യായമായ വാടകയ്ക്ക് മികച്ച താമസ സൗകര്യം ഒരുക്കാന്‍ ഗവണ്‍മെന്റ് ശ്രമിച്ചു വരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
***
(Release ID: 1685364)
Visitor Counter : 257
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada