പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ-വിയറ്റ്‌നാം നേതാക്കളുടെ വെര്‍ച്വല്‍ ഉച്ചകോടി

Posted On: 21 DEC 2020 8:19PM by PIB Thiruvananthpuram

സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്‌നാം പ്രധാനമന്ത്രി ങ്യുഎന്‍ സുവാന്‍ ഫുക്കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിര്‍ച്വല്‍ ഉച്ചകോടി നടത്തി.
 

നിലവിലെ ഉഭയകക്ഷി സഹകരണ സംരംഭങ്ങള്‍  രണ്ട് പ്രധാനമന്ത്രിമാരും അവലോകനം ചെയ്യുകയും പ്രാദേശിക, ആഗോള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.  ഇന്ത്യ-വിയറ്റ്‌നാം  തന്ത്രപരമായ സമഗ്ര പങ്കാളിത്തത്തിന്റെ ഭാവി വികസനത്തിന് വഴികാട്ടുന്നതിനായി 'സമാധാനം, സമൃദ്ധി, ജനങ്ങള്‍ക്കായുള്ള സംയുക്ത ദര്‍ശനം' പ്രമാണം ഉച്ചകോടിയില്‍ അംഗീകരിച്ചു. സംയുക്ത ദര്‍ശനം നടപ്പാക്കുന്നതിനായി 2021-2023 കാലയളവിലേക്കുള്ള പ്രവര്‍ത്തന പദ്ധതിയില്‍ ഒപ്പുവെച്ചതും ഇരു നേതാക്കളും സ്വാഗതം ചെയ്തു.
 

പരസ്പര സഹകരണത്തിന്റെ എല്ലാ മേഖലകളിലും ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നേതാക്കള്‍ സ്ഥിരീകരിച്ചു.  പരസ്പരം ദേശീയ വികസന മുന്‍ഗണനകളെ പിന്തുണയ്ക്കാനും സമാധാനപരവും സുസ്ഥിരവും സുരക്ഷിതവും സൗജന്യവും തുറന്നതും സമന്വയിപ്പിക്കുന്നതും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്തോ-പസഫിക് മേഖലയുടെ പങ്കുവയ്ക്കപ്പെട്ട ലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ സമ്മതിച്ചു.
 

കോവിഡ്19 മഹാമാരി ഉള്‍പ്പെടെയുള്ള പൊതുവായ ആഗോള വെല്ലുവിളികള്‍ക്കെതിരായ സഹകരണം ശക്തിപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധതയും അവര്‍ ഊട്ടിയുറപ്പിച്ചു. മഹാമാരിക്കതിരായ വാക്സിനുകള്‍ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിന് സജീവ സഹകരണം നിലനിര്‍ത്താനും രണ്ടു നേതാക്കളും സമ്മതിച്ചു. നിരവധി ആഗോള, പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശക്തമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍, ഇന്ത്യയും വിയറ്റ്‌നാമും 2021 ല്‍ ഒരേസമയം ഉള്‍പ്പെടുന്ന യുഎന്‍ രക്ഷാസമിതി ഉള്‍പ്പെടെയുള്ള ബഹുമുഖ വേദികള്‍ കൂടുതല്‍ ഏകോപിപ്പിക്കുമെന്ന് നേതാക്കള്‍ തീരുമാനിച്ചു.

മേഖലയിലെ എല്ലാവര്‍ക്കുമായി പങ്കിട്ട സുരക്ഷ, അഭിവൃദ്ധി, വളര്‍ച്ച എന്നിവ നേടുന്നതിനായി ഇന്ത്യയുടെ ഇന്തോ-പസഫിക് സമുദ്ര സംരംഭവും ഇന്തോ-പസഫിക് സംബന്ധിച്ച ആസിയാന്‍ കാഴ്ചപ്പാടും തമ്മിലുള്ള ഒത്തുചേരലിനെ അടിസ്ഥാനമാക്കി സമുദ്ര മേഖലയില്‍ പുതിയതും പ്രായോഗികവുമായ സഹകരണങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ പ്രധാനമന്ത്രിമാര്‍ സമ്മതിച്ചു.

ദ്രുത ഫലപ്രാപ്തിയുണ്ടാകുന്ന പദ്ധതികള്‍, ഐടിഇസി, ഇ-ഐടിഇസി സംരംഭങ്ങള്‍, പിഎച്ച്ഡി ഫെലോഷിപ്പുകള്‍, കൂടാതെ വിയറ്റ്‌നാമിലെ സ്വാശ്രയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പദ്ധതികള്‍, ഡിജിറ്റല്‍ പരസ്പര ബന്ധം, പൈതൃക സംരക്ഷണ ശ്രമങ്ങള്‍ എന്നിവയിലൂടെ വിയറ്റ്‌നാമുമായുള്ള വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി വീണ്ടും ഊന്നിപ്പറഞ്ഞു.

വിയറ്റ്‌നാമിന് ഇന്ത്യാ ഗവണ്‍മെന്റ് വാഗ്ദാനം ചെയ്ത 100 മില്യണ്‍ യുഎസ് ഡോളര്‍ സഹായം വിയറ്റ്‌നാമിലെ പ്രാദേശിക സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം ഏഴ് വികസന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് വിജയകരമായി നടപ്പാക്കിയതിനെ രണ്ട് പ്രധാനമന്ത്രിമാരും അഭിനന്ദിച്ചു. 

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എ.എസ്.ഐ) അടുത്തിടെ നടത്തിയ വിയറ്റ്‌നാമിലെ മൈ സോണ്‍ ക്ഷേത്ര സമുച്ചയത്തിന്റെ പുനരുദ്ധാരണ, സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രി പ്രത്യേക സംതൃപ്തി പ്രകടിപ്പിക്കുകയും സമാനമായ മറ്റ് പദ്ധതികളില്‍ വിയറ്റ്‌നാമുമായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു.

 

***



(Release ID: 1682645) Visitor Counter : 150