പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ കച്ചില്‍ വിവിധ വികസന പദ്ധതികളുടെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ
Posted On:
15 DEC 2020 7:05PM by PIB Thiruvananthpuram
ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ വിജയ് രൂപാണിജി, ഉപമുഖ്യമന്ത്രി ശ്രീ നിതിന്‍ പട്ടേല്‍ജി, ഗുജറാത്ത് മന്ത്രിസഭാംഗങ്ങളേ, പാര്‍ലമെന്റംഗങ്ങളേ, എന്റെ പ്രിയ സഹോദരീസഹോദരങ്ങളേ...
കച്ചിലെ ജനങ്ങളേ സുഖമാണോ? ശൈത്യകാലത്തിനൊപ്പം കൊറോണയുമുണ്ട്. അതിനാല്‍ നിങ്ങളുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധ ചെലുത്തൂ. ഇവിടെ വരുന്നത് എന്നെ സംബന്ധിച്ച് ഇരട്ടിമധുരമാണ്. ഒരു കാരണം കച്ച് നഗരം എന്റെ ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു എന്നതാണ്. രണ്ടാമത്തേത് കച്ച് ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്തിനാകെ അഭിമാനമായി അതിന്റെ പേരില്‍ ഒരു നേട്ടം കൂടി കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
സുഹൃത്തുക്കളേ,
ഗുജറാത്തിന്റെയും രാജ്യത്തിന്റെയും മഹാനായ പുത്രന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ചരമവാര്‍ഷികദിനം കൂടിയാണ് ഇന്ന്. നര്‍മദ നദിയിലെ വെള്ളത്തില്‍ നിന്ന് ഗുജറാത്തിനെ പുനരുജ്ജീവിപ്പിക്കുക എന്ന സര്‍ദാര്‍ സാഹിബിന്റെ സ്വപ്നം അതിവേഗം പൂവണിഞ്ഞു കൊണ്ടിരിക്കുകയാണ്. കെവാഡിയയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ ലോകത്തെ ഏറ്റവും വലിയ പ്രതിമ രാവും പകലും ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ നമുക്കു പ്രചോദനമേകുന്നു.
സുഹൃത്തുക്കളേ,
ഇന്ന് കച്ചില്‍ പുതിയൊരു പ്രകാശം വ്യാപിച്ചിരിക്കുന്നു. കച്ചില്‍ നടപ്പിലാകുന്ന ലോകത്തെ ഏറ്റവും വലിയ ഹൈബ്രിഡ് പുനരുപയോഗ ഊര്‍ജ പാര്‍ക്കിനെക്കുറിച്ച് ചിന്തിക്കുക. ഇത് സിംഗപ്പൂരിലെയോ ബഹ്റൈനിലെയോ പോലെ വലുതാണ്. കച്ചിലെ പാര്‍ക്ക് 70,000 ഹെക്ടറുകളിലാണ് വ്യാപിച്ച് കിടക്കുന്നത്. ഖാവ്ഡയിലെ ഊര്‍ജ പുനരുപയോഗ പാര്‍ക്ക്, മാന്ദ്‌വിയിലെ കടല്‍ വെള്ളത്തില്‍ നിന്ന് ഉപ്പ് വേര്‍തിരിക്കുന്ന പ്ലാന്റ്, അഞ്ജാറിലെ സര്‍ഹാദ് ക്ഷീരശാലയിലെ പുതിയ ഓട്ടോമാറ്റിക് പ്ലാന്റ് എന്നിവയുട ശിലാസ്ഥാപനം കച്ചിന്റെ വികസന കുതിപ്പില്‍ പുതിയ നാഴിക കല്ലുകള്‍ സൃഷ്ടിക്കാന്‍ പോകുന്നു.
സുഹൃത്തുക്കളേ,
ഒരിക്കല്‍ തിരസ്‌കരിക്കപ്പെട്ട് കിടന്ന കച്ച് ഇന്ന് ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുന്നു. കച്ചിലെ വെള്ള റാന്‍ (ഉപ്പ് ചതുപ്പുനിലം), റാന്‍ ഉത്സവം എന്നിവ ലോകത്തെയാകെ ആകര്‍ഷിക്കുന്നതായി മാറിയിരിക്കുന്നു. റാന്‍ ഉത്സവ കാലത്ത് ഏകദേശം 4-5 ലക്ഷം വിനോദ സഞ്ചാരികളാണ് വെളുത്ത ഉപ്പു പാടവും നീലാകാശവും കാണാന്‍ കച്ച് സന്ദര്‍ശിക്കുന്നത്. ഒരു പ്രദേശത്തുള്ള വിഭവങ്ങളും സാധ്യതകളും ഉപയോഗിച്ച് സ്വയംപര്യാപ്തത നേടുന്നത് എങ്ങനെയാണെന്ന് കച്ച് രാജ്യത്തിനാകെ കാണിച്ചു തന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന ശേഷം കച്ച് എല്ലാ മേഖലകളിലും വികസനത്തോടെ തിരിച്ചു വന്നു. വലിയൊരു ദുരന്തത്തിന് ശേഷം വെറും രണ്ട് പതിറ്റാണ്ടിനുള്ളില്‍, അതും മരുഭൂമി മാത്രമായ സ്ഥലത്ത് എല്ലാ മേഖലകളിലും കച്ച് നടത്തിയ വികസനം പഠന വിഷയമാണ്.
സുഹൃത്തുക്കളേ,
118 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡിസംബര്‍ 15ന് അഹമ്മദാബാദില്‍ ഒരു വ്യവസായ എക്സിബിഷന്‍ നടന്നു. ആ എക്സിബിഷനിലെ മുഖ്യ ആകര്‍ഷണം ഭാനുതാപ് യന്ത്രം (ഉപകരണം) ആയിരുന്നു. സൂര്യപ്രകാശത്തിന്റെ സഹായത്തോടെയായിരുന്നു ഉപകരണം പ്രവര്‍ത്തിപ്പിച്ചിരുന്നത്. അതിന് ശേഷം അവര്‍ സൗരോര്‍ജ കുക്കറിനോട് സദൃശ്യമായ ഒരു ഉപകരണം വികസിപ്പിച്ചെടുത്തു. 118 വര്‍ഷത്തിന് ശേഷം ഇന്ന് ബൃഹത്തായ ഒരു ഹൈബ്രിഡ് ഊര്‍ജ പുനരുപയോഗ പാര്‍ക്ക് ഉദ്ഘാടനം ചെയ്യപ്പെട്ടു. സൗര-കാറ്റ് ഊര്‍ജത്തില്‍ നിന്ന് ഏകദേശം 30,000 മെഗാവാട്ട് ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഈ പാര്‍ക്കിനുണ്ട്. 1.5 ലക്ഷം കോടി രൂപയാണ് പാര്‍ക്കിനായി ചെലവഴിച്ചത്. അതിര്‍ത്തിക്ക് അരികിലെ വിന്‍ഡ് മില്ലുകള്‍ അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിക്കുന്നതിനും കാരണമാകും. സാധാരണക്കാരന്റെ വൈദ്യുതി ബില്‍ കുറയ്ക്കുന്നതിനും ഇത് സഹായിക്കും. പാര്‍ക്കില്‍ ഊര്‍ജ പുനരുല്‍പാദനം നടക്കുന്നത് പ്രതിവര്‍ഷം 5 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പുറത്ത് വിടുന്നത് ഇല്ലാതാക്കുകയും ഫലത്തില്‍ അത് ഏകദേശം 9 കോടി മരങ്ങള്‍ വെച്ച് പിടിപ്പിക്കുന്നതിന് തുല്യമാകുകയും ചെയ്യും. ഈ പാര്‍ക്ക് ഇന്ത്യയിലെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഡയോക്സൈഡ് മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നു. ഒരു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങളും പാര്‍ക്ക് നല്‍കുന്നു.
സുഹൃത്തുക്കളേ,
ഒരു കാലത്ത് രാത്രി ഭക്ഷണ സമയത്തെങ്കിലും വൈദ്യുതി ലഭിക്കണമെന്നായിരുന്നു ഗുജറാത്തിലെ ജനങ്ങളുടെ ആവശ്യം. ഇന്ന് 24 മണിക്കൂറും നഗരങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി ഗുജറാത്ത് മാറിയിരിക്കുന്നു. ഇന്ന് കിസാന്‍ സണ്‍റൈസ് പദ്ധതിക്ക് കീഴില്‍ കര്‍ഷകര്‍ക്ക് മാത്രമായി പ്രത്യേക ശൃംഖല ഏര്‍പ്പെടുത്തിയിരിക്കുന്നു. പ്രത്യേക ലൈനുകള്‍ ഉള്ളതിനാല്‍ കര്‍ഷകര്‍ക്ക് ജലസേചനം രാത്രിയിലേക്ക് മാറ്റി വയ്ക്കേണ്ട ആവശ്യം വരില്ല.
സഹോദരീസഹോദരന്‍മാരേ,
സൗരോര്‍ജ വ്യാപനത്തിനായി നയങ്ങള്‍ രൂപീകരിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്ത ആദ്യ സംസ്ഥാനമാണ് ഗുജറാത്ത്. ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്ന സമയത്ത് ഒരു യൂണിറ്റ് സൗരോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ചെലവ് ഏകദേശം 16-17 രൂപയായിരുന്നു. എന്നാല്‍ ഭാവി സാധ്യതകള്‍ ലക്ഷ്യമിട്ട് സൗരോര്‍ജ പദ്ധതികളുമായി ഗുജറാത്ത് മുന്നോട്ട് പോയി. എന്നാല്‍ ഇന്ന് അതേ സൗരോര്‍ജം യൂണിറ്റിന് 2-3 രൂപ നിരക്കില്‍ ഗുജറാത്തില്‍ മാത്രമല്ല, രാജ്യത്താകെ ലഭ്യമാണ്. ഗുജറാത്ത് അന്ന് ചെയ്തത് ആ ദിശയില്‍ രാജ്യത്തിന് സഹായകരമാകുക ആയിരുന്നു. ഇന്ത്യ ഇന്ന് പുനരുപയോഗ ഊര്‍ജ ഉല്‍പാദനത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ നമ്മുടെ സൗരോര്‍ജത്തിന്റെ ശേഷി 16 മടങ്ങായി വര്‍ധിച്ചു.
സുഹൃത്തുക്കളേ,
21ാം നൂറ്റാണ്ടില്‍ ഊര്‍ജ സുരക്ഷയെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് ജല സുരക്ഷയും. നര്‍മദ നദിയില്‍ നിന്ന് കച്ചിലേക്ക് വെള്ളമെത്തിക്കുക എന്ന കാര്യത്തില്‍ ചര്‍ച്ച നടന്നപ്പോഴൊക്കെ ജനം അതിനെ തമാശയായി മാത്രം എടുത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. കച്ച് ഇന്ന് നര്‍മദ നദിയില്‍ നിന്ന് വെളളവും നദിയുടെ അനുഗ്രഹവും നേടുന്നു. കച്ചിലെ കര്‍ഷകരുടേയും അതിര്‍ത്തിയിലെ സൈനികരുടേയും ജലക്ഷാമം ഇപ്പോള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. ജലസംരക്ഷണത്തെ ജനകീയ പ്രശ്നമായി കണ്ട പ്രദേശവാസികളെ ഞാന്‍ പ്രത്യേകം അഭിനന്ദിക്കുന്നു. ഗ്രാമവാസികള്‍ സഹായവുമായി മുന്നോട്ട് വന്നു. ജലസമിതികള്‍ രൂപം കൊണ്ടു, സ്ത്രീകള്‍ സഹായവുമായി മുന്നോട്ട് വന്നു, ചെക്ക് ഡാമുകള്‍ നിര്‍മിച്ചു, വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു, കനാലുകള്‍ കുഴിച്ചു. കച്ചിലെ ജനങ്ങളെക്കാള്‍ മറ്റാര്‍ക്കും വെള്ളത്തിന്റെ പ്രാധാന്യം മനസിലാകില്ല. ഗുജറാത്തിലെ പ്രത്യേക ഗ്രിഡുകളും കനാലുകളും വഴി ലക്ഷക്കണക്കിന് ജനങ്ങള്‍ക്കാണ് ആവശ്യത്തിന് വെള്ളം ലഭിക്കുന്നത്. ദേശീയ തലത്തില്‍ ജല്‍ജീവന്‍ മിഷന്‍ വിജയമായതിന് കാരണമായത് ഗ്രാമീണ ജനതയുടെ സഹകരണവും സംഭാവനകളുമാണ്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പ് വെളളം എത്തിക്കാനുള്ള ക്യാംപെയ്ന്‍ പുരോഗമിക്കുകയാണ്. ഈ ക്യാംപെയ്ന് കീഴില്‍ വെറും 15 മാസങ്ങള്‍ക്കുള്ളില്‍ ഏകദേശം മൂന്ന് കോടി കുടുംബങ്ങള്‍ക്ക് പൈപ്പ് വെള്ളം ലഭ്യമാക്കി. ഗുജറാത്തില്‍ ഇപ്പോള്‍ 80 ശതമാനം കുടുംബങ്ങള്‍ക്കും പൈപ്പ് വെള്ളം ലഭിക്കുന്നു.
സഹോദരീസഹോദരന്മാരേ,
വീടുകളിലേക്ക് വെള്ളമെത്തിക്കുന്നതിനൊപ്പം പുതിയ ജലസ്രോതസുകള്‍ കണ്ടെത്തുക എന്നതും പ്രധാനമാണ്. ഈ ലക്ഷ്യത്തിന്റെ ഭാഗമായി കടല്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതി പുരോഗമിക്കുകയാണ്. മാന്ദ്‌വിയിലെ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പ്ലാന്റ് നര്‍മദ ഗ്രിഡ്, സൗനി ശൃംഖല, മാലിന്യ ജല കൈകാര്യം ചെയ്യല്‍ എന്നിവയ്ക്ക് സഹായകരമാകും. കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റ് പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മുന്ദ്ര, നഖത്രാന, ലഖ്പത്, അബ്ദാസ, മാന്ദ്‌വി എന്നീ പ്രദേശങ്ങളിലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും. ഈ പ്ലാന്റ് വഴി പ്രദേശത്ത് പ്രതിദിനം എട്ട് കോടി ലിറ്റര്‍ ശുദ്ധജലം എട്ട് ലക്ഷം ജനങ്ങള്‍ക്കായി വിതരണം ചെയ്യും. നൂറു കണക്കിന് കിലോമീറ്റര്‍ ദൂരെ നിന്ന് വരുന്ന നര്‍മദ ജലം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും പ്ലാന്റ് കാരണമാകും. റാപാര്‍, ഭചൗ, ഗാന്ധിധാം, അഞ്ജാര്‍ എന്നിവിടങ്ങളിലെ താലൂക്കുകളിലും ഈ വെള്ളം ലഭ്യമാകും.
സുഹൃത്തുക്കളേ,
ദഹേജ്, ദ്വാരക, ഘോഘ, ഭാവ്‌നഗര്‍, ഗിര്‍സോമ്നാഥ് എന്നിവിടങ്ങളിലും സമാനമായ പദ്ധതികള്‍ ഉടന്‍ നടപ്പിലാകും. മാന്ദ്‌വി പദ്ധതി കടല്‍ത്തീര സംസ്ഥാനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സഹോദരീസഹോദരന്മാരേ,
കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കച്ചിലേയും ഗുജറാത്തിലേയും സാഹചര്യങ്ങള്‍ മാറണം. ഇന്ന് ഗുജറാത്തിലെ കര്‍ഷകരും കന്നുകാലി മേയ്ക്കുന്നവരും മത്സ്യത്തൊഴിലാളി സുഹൃത്തുക്കളും മികച്ച നിലവാരത്തിലാണ് ജീവിക്കുന്നത്. പാരമ്പര്യ കൃഷി രീതിയില്‍ ആധുനികവല്‍ക്കരണം കൊണ്ടുവന്നതും വിള വൈവിധ്യവല്‍ക്കരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതുമാണ് അതില്‍ പ്രധാനപ്പെട്ട കാരണങ്ങളായത്. കച്ചിലെ അടക്കമുള്ള ഗുജറാത്തിലെ കൃഷിക്കാര്‍ ആവശ്യക്കാരും വിളവും കൂടുതലുള്ള കൃഷികളിലേക്ക് തിരിഞ്ഞത് വില വര്‍ധനവിനും അതുമൂലം ജീവിത നിലവാരം വര്‍ധിക്കുന്നതിനും കാരണമായി. കച്ചിലെ ഫാം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും സങ്കല്‍പിച്ചിട്ടുണ്ടോ? എന്നാല്‍ ഇന്നത് സാധ്യമായിരിക്കുന്നു. ഈന്തപ്പഴം, താമര, ഡ്രാഗണ്‍ പഴം എന്നിവയുടെ ഉല്‍പാദനം വര്‍ധിച്ചിരിക്കുന്നു. കഴിഞ്ഞ 1.5 ദശകത്തിനിടെ ഗുജറാത്തിലെ കാര്‍ഷികോല്‍പാദനം ഒന്നര ഇരട്ടിയിലധികം വര്‍ധിച്ചു.
സഹോദരീസഹോദരന്‍മാരേ,
ഗുജറാത്തിലെ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഗവണ്‍മെന്റ് അനാവശ്യമായി ഇടപെടലുകള്‍ നടത്താതിരുന്നതാണ്. ഗവണ്‍മെന്റ് വളരെ അപൂര്‍വമായി മാത്രമാണ് ഇടപെടലുകള്‍ നടത്തിയത്. രാജ്യത്ത് ക്ഷീരോല്‍പാദനം, മത്സ്യബന്ധനം എന്നീ മേഖലകളില്‍ മികച്ച മുന്നേറ്റമാണ് നടത്തിയിട്ടുള്ളതെന്ന് നമുക്കറിയാം. സംസ്ഥാന ഗവണ്മെന്റ് അനാവശ്യ ഇടപെടലുകള്‍ നടത്താതിരുന്നത് കൊണ്ടാണ് ഗുജറാത്തിലെ ക്ഷീര-ക്ഷീര അനുബന്ധ വ്യവസായങ്ങള്‍ മികച്ച വളര്‍ച്ച നേടിയത്. അഞ്ജാറിലെ സര്‍ഹാദ് ഡയറി മികച്ചൊരു ഉദാഹരണമാണ്. ക്ഷീരകര്‍ഷകരുടെ ജീവിത നിലവാരം വര്‍ധിപ്പിക്കുന്നതിന് ഈ ഡയറി നിര്‍ണായക സംഭാവനകളാണ് നല്‍കിയത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാന്ധിനഗറിലെ ക്ഷീര സംഭരണ കേന്ദ്രങ്ങളിലേക്ക് വളരെ കുറഞ്ഞ അളവില്‍ മാത്രമേ പാല്‍ എത്തിയിരുന്നുള്ളു. എന്നാല്‍ ഇന്ന് അഞ്ജാറിലെ സംഭരണ ഡയറിയില്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകര്‍ പ്രതിദിനം ലക്ഷക്കണക്കിന് രൂപയാണ് യാത്രാക്കൂലി ഇനത്തില്‍ ലാഭിക്കുന്നത്. സര്‍ഹാദ് ഡയറി പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്ലാന്റില്‍ പ്രതിദിനം രണ്ട് ലക്ഷം ലിറ്ററിലധികം പാല്‍ ശേഖരിക്കും. സമീപ ജില്ലകളില്‍ നിന്നുള്ള ക്ഷീര കര്‍ഷകര്‍ക്കും ഇതിന്റെ ഗുണഭോക്താക്കളാകും. തൈര്, ബട്ടര്‍ മില്‍ക്ക്, കണ്‍ഡന്‍സ്ഡ് മില്‍ക്ക് തുടങ്ങിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനത്തിലും വര്‍ധനവുണ്ടാകും.
സുഹൃത്തുക്കളേ,
ക്ഷീരമേഖലയില്‍ നിന്ന് വരുമാനം കണ്ടെത്തുന്നവരില്‍ അധികവും ചെറുകിട കര്‍ഷകരാണ്. മിക്കവര്‍ക്കും 3-4 അല്ലെങ്കില്‍ 5-7 കന്നുകാലികളാണുള്ളത്. ഈ സാഹചര്യമാണ് രാജ്യത്താകെയുള്ളത്. കച്ചിലെ ബാന്നി എരുമ ലോകത്താകെ പരിചിതമാണ്. ഏത് കാലാവസ്ഥയിലും ജീവിക്കുന്ന ഈ എരുമ കച്ചിലെ 45 ഡിഗ്രിയേയും പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള സെല്‍ഷ്യസിനേയും ഒരുപോലെ അതിജീവിക്കും. കുറച്ച് വെളളം മാത്രം ആവശ്യമുള്ള ഇവയെ എത്ര ദൂരെ വേണമെങ്കിലും പുല്ല് തിന്നാന്‍ കൊണ്ടുപോകാന്‍ കഴിയും. ഒരു എരുമ പ്രതിദിനം ശരാശരി 15 ലിറ്റര്‍ പാല്‍ നല്‍കുന്നു. ഇത് പ്രതിവര്‍ഷം 2-3 ലക്ഷം രൂപ വരുമാനം നേടിത്തരുന്നു. അടുത്ത കാലത്ത് ഇത്തരം എരുമകളില്‍ ഒന്നിനെ 5 ലക്ഷം രൂപക്ക് വിറ്റതായി ഞാന്‍ അറിഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗത്തുള്ളവര്‍ ഈ വില കേട്ട് ഞെട്ടിയേക്കാം. കാരണം ഈ തുകയ്ക്ക് രണ്ട് ചെറിയ കാര്‍ വാങ്ങാന്‍ കഴിയും.
സുഹൃത്തുക്കളേ,
2010ലാണ് ബാന്നി എരുമകള്‍ ദേശീയ ശ്രദ്ധ നേടിയത്. സ്വാതന്ത്ര്യാനന്തരം ഇത്തരത്തില്‍ ദേശീയ ശ്രദ്ധ നേടുന്ന ആദ്യ ഇനമാണിത്.
സുഹൃത്തുക്കളേ,
ബാന്നി എരുമകളെ ഉപയോഗിച്ചുള്ള പാല്‍ വിപണനം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരിക്കുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗത്തുള്ള പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരോല്‍പാദന യൂണിറ്റുകള്‍ മികച്ചൊരു വിതരണ ശൃംഖല സ്ഥാപിച്ചിരിക്കുന്നു. അതുപോലെ തന്നെ പഴം-പച്ചക്കറി ഉല്‍പാദന-വിപണനത്തിലും ഗവണ്‍മെന്റ് നേരിട്ട് ഇടപെടല്‍ നടത്തിയിട്ടില്ല.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്തെ മൊത്തം കാര്‍ഷികോല്‍പാദനത്തിന്റെ 25 ശതമാനത്തിലധികം ക്ഷീരോല്‍പാദന മേഖലയില്‍ നിന്നാണ്.
ഇത് പ്രതിവര്‍ഷം എട്ട് ലക്ഷം കോടി രൂപ നേടിത്തരുന്നു. ഭക്ഷ്യധാന്യങ്ങളും പയറുവര്‍ഗങ്ങളും കൂടി നേടിത്തരുന്നതിനെക്കാള്‍ വരുമാനം ക്ഷീരമേഖല നേടിത്തരുന്നു. ഈ സംവിധാനത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കിയിരിക്കുന്നു. ഇതേ മാതൃകയില്‍ ഭക്ഷ്യ ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഉല്‍പാദിപ്പിക്കുന്ന കര്‍ഷകര്‍ക്കും എന്തുകൊണ്ട് സ്വാതന്ത്ര്യം നല്‍കിക്കൂട എന്ന് രാജ്യം ചോദിക്കുന്നു.
സുഹൃത്തുക്കളേ,
കുറേ വര്‍ഷങ്ങള്‍ കൊണ്ടാണ് അടുത്ത കാലത്ത് പുറത്തിറങ്ങിയ കാര്‍ഷിക ബില്‍ പൂര്‍ത്തിയാക്കിയത്. ഇന്ന് ബില്ലിനെതിരെ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ഭരണത്തിലായിരുന്നപ്പോള്‍ ഈ കാര്‍ഷിക പരിഷ്‌കരണത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍ തീരുമാനം നടപ്പിലാക്കാതിരുന്ന അവര്‍ കര്‍ഷകര്‍ക്ക് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയായിരുന്നു. നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ഗവണ്‍മെന്റ് എപ്പോഴും സന്നദ്ധമാണെന്ന് ഞാന്‍ കര്‍ഷക സഹോദരീ സഹോദരങ്ങളോട് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.
സഹോദരീ സഹോദരന്‍മാരേ,
ഇതോടൊപ്പം, ഞാന്‍ ഒരിക്കല്‍ കൂടി കച്ചിനെ അഭിനന്ദിക്കുന്നു. കച്ച് പുരോഗതിയുടെ പുതിയ കൊടുമുടികള്‍ കീഴടക്കട്ടെ; അത് എന്നും എന്റെ ആഗ്രഹമാണ്. ഒരിക്കല്‍ കൂടി ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയും നിങ്ങള്‍ക്ക് നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു.
വസ്തുതാനിരാകരണം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പരിഭാഷയാണിത്. ഹിന്ദിയിലാണ് പ്രധാനമന്ത്രി സംസാരിച്ചത്.
***
(Release ID: 1682204)
Visitor Counter : 252
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada