പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്യാന്തര ഭാരതി ഉത്സവം 2020ല്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 11 DEC 2020 5:32PM by PIB Thiruvananthpuram

മുഖ്യമന്ത്രി ശ്രീ. പളനിസാമി ജി, മന്ത്രി ശീ. കെ.പാണ്ഡ്യരാജന്‍ ജി, വനവില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപകന്‍ ശ്രീ. കെ.രവി, വിശിഷ്ടാതിഥികളെ, സുഹൃത്തുക്കളെ, വണക്കം! നമസ്‌തെ!

മഹാനായി ഭാരതിയാര്‍ക്ക് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ആരംഭിക്കാം. ഇത്തരമൊരു സവിശേഷ ദിനത്തില്‍ രാജ്യാന്തര ഭാരതി ഉത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഭാരതിയുടെ രചനകള്‍ സംബന്ധിച്ചു ഗവേഷണം നടത്തുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതനായ ശ്രീ. സീനി വിശ്വനാഥന്‍ ജിക്ക് ഈ വര്‍ഷത്തെ ഭാരതി അവാര്‍ഡ് നല്‍കാന്‍ സാധിച്ചതിലും എനിക്കു സന്തോഷമുണ്ട്. 86ാം വയസ്സിലും ഗവേഷണം തുടരുന്ന അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുന്നു. സുബ്രഹ്മണ്യ ഭാരതിയെ എങ്ങനെ വിശേഷിപ്പിക്കുമെന്നതു കുഴയ്ക്കുന്ന പ്രശ്‌നമാണ്. ഭാരതിയാരെ ഏതെങ്കിലും ഒറ്റ തൊഴിലുമായോ മാനവുമായോ കൂട്ടിയിണക്കാന്‍ കഴിയില്ല. അദ്ദേഹം കവിയും എഴുത്തുകാരനും പത്രാധിപരും പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യ സമര സേനാനിയും മനുഷ്യത്വമുള്ള വ്യക്തിയും ഇതിനൊക്കെയുമപ്പുറം മറ്റു പലതും ആയിരുന്നു.

അദ്ദേഹത്തിന്റ രചനകളും തത്വശാസ്ത്രവും ജീവിതവും അദ്ഭുതപ്പെടുത്തും. ഞാന്‍ പാര്‍ലമെന്റില്‍ പ്രതിനിധാനം ചെയ്യുന്ന വാരണാസിയുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ രചനകളുടെ സമാഹാരം 16 വാല്യങ്ങളായി പ്രസിദ്ധീകരിച്ചതായി ഞാന്‍ ഇയ്യിടെ മനസ്സിലാക്കി. 39 വര്‍ഷം മാത്രമേ ജീവിച്ചിരുന്നുള്ളൂ എങ്കിലും അദ്ദേഹം എത്രയോ എഴുതി, എത്രയോ കാര്യങ്ങള്‍ ചെയ്തു, പല കാര്യങ്ങളിലും എത്രയോ മുന്നിട്ടുനിന്നു. അദ്ദേഹത്തിന്റെ രചനകള്‍ ശോഭനമായ ഭാവിയിലേക്കുള്ള മാര്‍ഗദീപമാണ്.

സുഹൃത്തുക്കളേ,
നമ്മുടെ യുവാക്കള്‍ക്കു സുബ്രഹ്മണ്യ ഭാരതിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. ഏറ്റവും പ്രധാനം ധൈര്യമുണ്ടായിരിക്കുക എന്നതാണ്. സുബ്രഹ്മണ്യ ഭാരതിക്കു ഭയം എന്നത് അറിയില്ലായിരുന്നു. ഈ ആവേശം ഇന്നത്തെ യുവത്വത്തില്‍ ഞാന്‍ കാണുന്നുണ്ട്. നൂതനാശയങ്ങളുടെയും മികവിന്റെയും മുന്‍നിരയില്‍ നില്‍ക്കുമ്പോള്‍ ഈ ആവേശം കാണാന്‍ എനിക്കു സാധിക്കുന്നുണ്ട്. ഇന്ത്യയുടെ സ്റ്റാര്‍ട്ടപ്പ് മേഖല മാനവികതയ്ക്കു പുതിയ സംഭാവനകള്‍ അര്‍പ്പിക്കുന്ന നിര്‍ഭയരായ യുവാക്കളുടേതാണ്. സാധിക്കുമെന്ന ആവേശം നമ്മുടെ രാജ്യത്തിനും ഭൂമിക്കും അദ്ഭുതങ്ങള്‍ ലഭ്യമാക്കും.

സുഹൃത്തുക്കളേ,
പൗരാണികതയും ആധുനികതയും തമ്മിലുള്ള ആരോഗ്യകരമായ മിശ്രണത്തില്‍ ഭാരതിയാര്‍ വിശ്വസിച്ചിരുന്നു. വേരുകളുമായി ബന്ധം നിലനിര്‍ത്തുന്നതും ഭാവിയിലേക്കു കണ്ണു നട്ടിരിക്കുന്നതും വിവേകപൂര്‍ണമായ കാര്യമാണെന്ന് അദ്ദേഹം കരുതിയിരുന്നു. തമിഴ് ഭാഷയെയും മാതൃഭൂമിയായ ഇന്ത്യയെയും തന്റെ രണ്ടു കണ്ണുകളായാണ് ഭാരതിയാര്‍ കണ്ടിരുന്നത്. പുരാതന ഇന്ത്യയുടെ മഹത്വത്തെക്കുറിച്ച് അദ്ദേഹം പാടി. വേദങ്ങളുടെയും ഉപനിഷത്തുക്കളുടെയും മഹത്വത്തെക്കുറിച്ചും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും കുറിച്ചും നമ്മുടെ പേരുകേട്ട പൂര്‍വകാലത്തെ കുറിച്ചും അദ്ദേഹം പാടി. എന്നാല്‍, പഴമയുടെ പെരുമ പറഞ്ഞു ജീവിച്ചാല്‍ മാത്രം പോരെന്ന് അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. നമുക്കു ശാസ്ത്ര ബോധവും അന്വേഷണ തല്‍പരതയും വികസിപ്പിച്ചെടുക്കുകയും പുരോഗതിയിലേക്കു മുന്നേറുകയും വേണം.

സുഹൃത്തുക്കളേ,
മഹാകവി ഭാരതിയാരുടെ നിര്‍വചന പ്രകാരം പുരോഗതിയുടെ നിര്‍വചനത്തില്‍ സ്ത്രീകള്‍ക്കു മുഖ്യ പങ്കുണ്ട്. സ്വതന്ത്രരും ശാക്തീകരിക്കപ്പെട്ടവരുമായ സ്ത്രീകള്‍ എന്നതു വലിയ കാഴ്ചപ്പാടുകളില്‍ ഒന്നാണ്. സ്ത്രീകള്‍ തല ഉയര്‍ത്തിപ്പിടിച്ചു നടക്കണമെന്നും കണ്ണില്‍ നോക്കി സംസാരിക്കണമെന്നും മഹാകവി ഭാരതിയാര്‍ എഴുതി. ഈ വീക്ഷണം നമ്മെ പ്രചോദിതരാക്കുന്നു. അങ്ങനെ നാം സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നു. നമ്മുടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെ അഭിമാനത്തിനു പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്നു കാണാം.

ഇന്നു മുദ്ര യോജന പോലുള്ള പദ്ധതികളിലൂടെ 15 കോടിയിലേറെ വനിതാ സംരംഭകര്‍ക്കു പണം ലഭ്യമാക്കിയിട്ടുണ്ട്. അവര്‍ തല ഉയര്‍ത്തിപ്പിടിച്ചും നമ്മുടെ കണ്ണുകളിലേക്കു നോക്കിയും നടന്നു നീങ്ങുകയും അവര്‍ എങ്ങനെയാണു സ്വാശ്രയരായി മാറുന്നത് എന്നു പറഞ്ഞുതരികയും ചെയ്യുന്നു.
ഇപ്പോള്‍ സ്ത്രീകള്‍ നമ്മുടെ സായുധ സേനയുടെ ഭാഗമായിക്കഴിഞ്ഞു. അവര്‍ക്കു തല ഉയര്‍ത്തിപ്പിടിച്ചും നമ്മുടെ കണ്ണുകളിലേക്കു നോക്കിയും നടന്നു നീങ്ങാനും രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന ആത്മവിശ്വാസം നമക്കു പകര്‍ന്നുതരാനും സാധിക്കുന്നു. ഇന്നു ശുചിത്വമില്ലായ്മ സഹിക്കേണ്ടിവരുന്ന ദരിദ്രരില്‍ ദരിദ്രരായ സ്ത്രീകള്‍ക്കു 10 കോടി സുരക്ഷിതവും ശുചിത്വപൂര്‍ണവുമായ ശൗചാലയങ്ങള്‍ നേട്ടമായിത്തീരുന്നു.

അവര്‍ ഇനി പ്രശ്‌നങ്ങളെ നേരിടേണ്ടതില്ല. അവര്‍ക്കു മഹാകവി ഭാരതിയാര്‍ ഉദ്ദേശിച്ചതുപോലെ തല ഉയര്‍ത്തിപ്പിടിച്ചും നമ്മുടെ കണ്ണുകളിലേക്കു നോക്കിയും നടക്കാം. ഇതു നവ ഇന്ത്യയുടെ നാരീശക്തിയുടെ കാലമാണ്. അവര്‍ വിലക്കുകള്‍ ലംഘിച്ചുകൊണ്ടു നേട്ടങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതു സുബ്രഹ്മണ്യ ഭാരതിക്കു നവ ഇന്ത്യ നല്‍കുന്ന ആദരാഞ്ജലിയാണ്.

സുഹൃത്തുക്കളേ,
വിഘടിതമായ ഏതൊരു സമൂഹത്തിനും വിജയിക്കാന്‍ സാധിക്കില്ലെന്നു മഹാകവി ഭാരതിയാര്‍ തിരിച്ചറിഞ്ഞിരുന്നു. അതേസമയം, അദ്ദേഹം സാമൂഹിക അസമത്വങ്ങളെയും സാമൂഹിക ദീനങ്ങളെയും അഭിസംബോധന ചെയ്യാത്ത രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ അര്‍ഥമില്ലായ്മയെക്കുറിച്ച് എഴുതി. അദ്ദേഹം പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഓരോ വ്യക്തിയെയും ശാക്തീകരിക്കുന്നതിനായി സംഘടിതവും പ്രതിജ്ഞാബദ്ധവുമായി നിലകൊള്ളുന്നതിനുള്ള ശക്തമായ ഓര്‍മപ്പെടുത്തലുകളാണ്; ഇതാകട്ടെ, പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കുറിച്ചു വിശേഷിച്ച്.

സുഹൃത്തുക്കളേ,
നമ്മുടെ യുവാക്കള്‍ക്കു ഭാരതിയില്‍നിന്ന് ഏറെ പഠിക്കാനുണ്ട്. രാജ്യത്ത് ഓരോരുത്തരും അദ്ദേഹത്തിന്റെ രചനകള്‍ വായിക്കുകയും പ്രചോദിതരാവുകയും ചെയ്യണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഭാരതിയാറുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന വനവില്‍ സാംസ്‌കാരിക കേന്ദ്രത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ഇന്ത്യയെ പുതിയ ഭാവിയിലേക്കു നയിക്കാന്‍ ഉതകുന്ന സൃഷ്ടിപരമായ ചര്‍ച്ചകള്‍ ഈ ഉത്സവത്തില്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

നന്ദി.
വളരെയധികം നന്ദി.

 

***


(Release ID: 1680321) Visitor Counter : 255