ന്യൂനപക്ഷകാര്യ മന്ത്രാലയം

2021ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 10 വരെ നീട്ടി

Posted On: 10 DEC 2020 2:14PM by PIB Thiruvananthpuram

 2021 ലെ ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2021 ജനുവരി 10 ലേക്ക് ദീര്‍ഘിപ്പിച്ചു. എംബാര്‍ക്കേഷന്‍ പോയിന്റ് അടിസ്ഥാനമാക്കി തീര്‍ത്ഥാടനത്തിനുള്ള ചെലവ് കുറച്ചതായും കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി ശ്രീ മുക്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. മുംബൈയില്‍ ഹജ്ജ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 


നേരത്തെ ഇന്ന് (2020 ഡിസംബര്‍ 10) ആയിരുന്നു 2021 ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാനതീയതിയായി നിശ്ചയിച്ചിരുന്നത്.


 ഇതുവരെ നാല്‍പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഇതു വരെ അഞ്ഞൂറിലേറെ വനിതകള്‍ മെഹ്‌റം ഇല്ലാതെ ഹജ്ജിനുപോകാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2020 ല്‍  മെഹ്‌റം ഇല്ലാതെ ('യാത്രയ്ക്ക്  പുരുഷന്മാര്‍ ഒപ്പമില്ലാത്ത'   അപേക്ഷിച്ച 2100 വനിതകള്‍ക്കും 2021 ലെ  ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കും.

 


  സൗദി അറേബ്യ ഗവണ്‍മെന്റില്‍ നിന്നുള്ള പ്രതികരണത്തെ തുടര്‍ന്ന് വിശദമായ ചര്‍ച്ചയ്ക്കുശേഷം, എംബാര്‍ക്കേഷന്‍ പോയിന്റ്കള്‍ അടിസ്ഥാനമാക്കി ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവ് കുറച്ചിട്ടുണ്ട്.  ഇതനുസരിച്ച് അഹമ്മദാബാദ്,മുംബൈ എന്നീ എംബാര്‍ക്കേഷന്‍ പോയിന്റില്‍  നിന്നും  3,30,000 രൂപയും ബംഗളൂരു, ലക്‌നൗ, ഡല്‍ഹി,ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും 3,50,000 രൂപയും, കൊച്ചി ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നും 3,60,000 രൂപയും,കൊല്‍ക്കത്തയില്‍ നിന്നും 3,70,000 രൂപയും ഗുവാഹത്തിയില്‍ നിന്ന് 4 ലക്ഷം രൂപയുമാണ്  ചെലവ് കണക്കാക്കുന്നത്.

 



 കോവിഡ് പശ്ചാത്തലത്തില്‍ സൗദി അറേബ്യന്‍ ഗവണ്‍മെന്റിന്റെയും ഇന്ത്യ ഗവണ്‍മെന്റിന്റെയും  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കും 2021 ജൂണ്‍-ജൂലൈ മാസങ്ങളിലായുള്ള തീര്‍ത്ഥാടന നടപടികള്‍ ക്രമീകരിക്കുക എന്ന് മന്ത്രി വ്യക്തമാക്കി.കോവിഡിനെത്തുടര്‍ന്ന് ഹജ്ജിനായുള്ള നിയമങ്ങള്‍, നിയന്ത്രണങ്ങള്‍, യോഗ്യതാ മാനദണ്ഡം, വയസ്സ്, ആരോഗ്യസ്ഥിതി എന്നിവയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.  എയര്‍ ഇന്ത്യയുടെയും മറ്റ് ഏജന്‍സികളുടെയും പ്രതികരണം കണക്കിലെടുത്ത് 2021 ലെ രാജ്യത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളുടെ എണ്ണം 10 ആയി കുറച്ചിട്ടുണ്ട്. അഹ്‌മദാബാദ്, ബംഗളൂരു, കൊച്ചി, ഡല്‍ഹി, ഗുവാഹതി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, മുംബൈ, ശ്രീനഗര്‍ എന്നിവയാണിവ. കേരളത്തിന് പുറമേ തമിഴ്‌നാട്, ലക്ഷദ്വീപ്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരുടെ എംബാര്‍ക്കേഷന്‍ പോയിന്റ് കൊച്ചിയാണ്.

 കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ  സി.ഇ.ഒ ശ്രീ. എം. എ ഖാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

 

***



(Release ID: 1679756) Visitor Counter : 238