പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൂന്നാമത് റീ-ഇന്‍വെസ്റ്റ് 2020നെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 26 NOV 2020 7:20PM by PIB Thiruvananthpuram

ബഹുമാനപ്പെട്ട ഇസ്രായേല്‍ പ്രധാനമന്ത്രി, ബഹുമാനപ്പെട്ട നെതര്‍ലന്‍ഡ്‌സ് പ്രധാനമന്ത്രി, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മന്ത്രിമാരേ, മന്ത്രിസഭയിലെ എന്റെ സുഹൃത്തുക്കളേ, മുഖ്യമന്ത്രിമാരേ, ലഫ്റ്റനന്റ് ഗവര്‍ണമാരേ, വിശിഷ്ടാതിഥികളെ,

റീഇന്‍വെസ്റ്റ് മൂന്നാമത് എഡിഷനില്‍ നിങ്ങളെയെല്ലാം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. മുന്‍ എഡിഷനുകളില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തില്‍ മെഗാവാട്ടുകളില്‍നിന്നു ജിഗാവാട്ടുകളിലേക്കുള്ള യാത്രയെക്കുറിച്ചുള്ള പദ്ധതി നാം വിശദീകരിച്ചിരുന്നു. സൗരോര്‍ജം ഉപയോഗപ്പെടുത്തുന്നതിനായി 'ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡി'നെ കുറിച്ചും നാം സംസാരിച്ചിരുന്നു. ചുരുങ്ങിയ കാലംകൊണ്ട് ഈ പദ്ധതികള്‍ യാഥാര്‍ഥ്യമാവുകയാണ്.
 

സുഹൃത്തുക്കളേ,

കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യ സമാനമതകളില്ലാത്ത യാത്ര നടത്തുകയാണ്. കഴിവു പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യയിലെ ഓരോ പൗരനും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനായി ഉല്‍പാദന ശേഷിയും ശൃംഖലയും നാം വികസിപ്പിക്കുകയാണ്. അതേസമയം, പുനരുപയോഗിക്കാവുന്ന സ്രോതസ്സുകള്‍ വഴി ഊര്‍ജം ഉല്‍പാദിപ്പിക്കുന്നതു നാം വലിയ തോതില്‍ വികസിപ്പിക്കുകയുമാണ്. ഞാന്‍ ചില വസ്തുതകള്‍ വിശദീകരിക്കാം.

ഇപ്പോള്‍ ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി ലോകത്തില്‍ നാലാമതാണ്. അതു പ്രധാന രാജ്യങ്ങളില്‍ ഏറ്റവും വേഗം വര്‍ധിക്കുന്നതും ഇന്ത്യയില്‍ തന്നെ. ആകെ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ 36 ശതമാനം, അതായത് 136 ജിഗാ വാട്ട് ആണു നിലവില്‍ ഇന്ത്യയുടെ ശേഷി. 2022 ആകുമ്പോഴേക്ക് പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ അളവ് ഇന്ത്യയില്‍ 220 ജിഗാ വാട്‌സായി വര്‍ധിക്കും.
 

2017 മുതല്‍ കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുതിയുടേതിലും കൂടുതലാണു ഞങ്ങളുടെ പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ശേഷി വര്‍ധന എന്നറിയുമ്പോള്‍ നിങ്ങള്‍ക്കു സന്തോഷം തോന്നിയേക്കാം. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഞങ്ങള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ ശേഷി രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ സൗരോര്‍ജ ശേഷി 13 ഇരട്ടി വര്‍ധിച്ചു.
 

സുഹൃത്തുക്കളേ,

കാലാവസ്ഥാ വ്യതിയാനത്തോടു പൊരുതുന്നതിനുള്ള പ്രതിബദ്ധതയും ദൃഢനിശ്ചയവും നിമിത്തമാണു പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ പുരോഗതി നേടാന്‍ ഇന്ത്യക്കു സാധിച്ചത്. ലാഭകരമല്ലാതിരുന്ന കാലത്തുപോലും രാജ്യം പുനരുപയോഗിക്കാവുന്ന ഊര്‍ജോല്‍പാദനത്തിനു നിക്ഷേപം നടത്തി. ഇപ്പോള്‍ നിക്ഷേപവും വ്യാപ്തിയും നിമിത്തം വില കുറഞ്ഞുവരുന്നു. നല്ല പാരിസ്ഥിതിക നയങ്ങള്‍ നല്ല സാമ്പത്തിക ശാസ്ത്രംകൂടിയാണെന്നു നാം ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്. രണ്ടു നേട്ടവും സ്വന്തമാക്കിയ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ഇന്ത്യ.
 

സുഹൃത്തുക്കളേ,

മാലിന്യമുക്തമായ ഊര്‍ജത്തിലേക്കുള്ള നമ്മുടെ മാറ്റത്തിനു കാരണം ലഭ്യത, ക്ഷമത, പരിവര്‍ത്തനം എന്നീ സമീപനങ്ങളാല്‍ നിയന്ത്രിതമാണ്. വൈദ്യുതി ലഭ്യമാക്കുന്നതിനെ കുറിച്ചു ഞാന്‍ പറയുമ്പോള്‍ നിങ്ങള്‍ക്ക് അതിന്റെ വ്യാപ്തി സംഖ്യകളില്‍ കണക്കുകൂട്ടാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ രണ്ടര കോടിയിലേറെ വീടുകളില്‍ വൈദ്യുതി എത്തിച്ചു. ഊര്‍ജക്ഷമത ഞങ്ങള്‍ ഒരു മന്ത്രാലയത്തില്‍ മാത്രം പരിമിതപ്പെടുത്തിയില്ല. അതു ഗവണ്‍മെന്റിന്റെയാകെ ലക്ഷ്യമായിത്തീരുന്നതായി ഞങ്ങള്‍ ഉറപ്പുവരുത്തി. ഞങ്ങളുടെ എല്ലാ നയങ്ങള്‍ക്കും ഊര്‍ജക്ഷമത കൈവരിക്കുകയെന്ന പരിഗണനയുണ്ട്. എല്‍.ഇ.ഡി. ബള്‍ബുകളും എല്‍.ഇ.ഡി. തെരുവു വിളക്കുകളും സ്മാര്‍ട്ട് മീറ്ററുകളും ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള പ്രോല്‍സാഹനവും ട്രാന്‍സ്മിഷന്‍ നഷ്ടം കുറച്ചുകൊണ്ടുവരലും ഇതില്‍ പെടും. ഞാന്‍ ഊര്‍ജ പരിവര്‍ത്തനത്തെക്കുറിച്ചു പറയുമ്പോള്‍ സൂചിപ്പിക്കട്ടെ, പാടങ്ങള്‍ നനയ്ക്കാന്‍ സൗരോര്‍ജത്തില്‍നിന്നുള്ള വൈദ്യുതി ഉപയോഗപ്പെടുത്താന്‍ പി.എം.കുസും പദ്ധതി പ്രകാരം നാം ലക്ഷ്യംവെക്കുന്നു.
 

സുഹൃത്തുക്കളേ,

പുനരുപയോഗം നടക്കുന്ന മേഖലയില്‍ നിക്ഷേപം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമായി ഇന്ത്യ ക്രമേണ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അഞ്ചു ലക്ഷം കോടി രൂപയോളം അഥവാ, 6400 കോടി ഡോളറിലേറെ നിക്ഷേപം പുനരുപയോഗിക്കാവുന്ന ഊര്‍ജമേഖലയില്‍ ഇന്ത്യക്കു ലഭിച്ചുകഴിഞ്ഞു. പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ ഇന്ത്യയെ ആഗോള ഉല്‍പാദക കേന്ദ്രമാക്കേണ്ടതുണ്ട്.

നിങ്ങള്‍ എന്തുകൊണ്ട് ഇന്ത്യയില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തണമെന്നതിനു പല കാരണങ്ങള്‍ ഞാന്‍ പറയാം. പുനരുപയോഗ മേഖലയില്‍ വിദേശ നിക്ഷേപം ഇന്ത്യയില്‍ വളരെ ഉദാരമാണ്. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉല്‍പാദന പദ്ധതികളില്‍ വിദേശ നിക്ഷേപകര്‍ക്കു സ്വയമോ അല്ലെങ്കില്‍ ഇന്ത്യന്‍ പങ്കാളിയുമായി ചേര്‍ന്നോ നിക്ഷേപം നടത്താം. പുനരുപയോഗിക്കാവുന്ന ഊര്‍ജം മുഴുവന്‍ സമയവും വിതരണം ചെയ്യാനുതകുന്ന നൂതന പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ഇന്ത്യ. സൗരോര്‍ജവും കാറ്റും ഉപയോഗിച്ചുള്ള സങ്കര പദ്ധതി വിജയകരമായി പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടുണ്ട്.

അടുത്തു മൂന്നു വര്‍ഷത്തിനിടെ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കപ്പെട്ട 36 ജിഗാവാട്ട് സൗരോര്‍ജ സെല്ലുകളും മൊഡ്യൂളുകളും ആവശ്യമായി വരും. നമ്മുടെ നയങ്ങള്‍ സാങ്കേതിക വിദ്യയില്‍ സംഭവിക്കുന്ന വിപ്ലവങ്ങള്‍ക്ക് അനുസൃതമാണ്. ഞങ്ങള്‍ ദേശിയ സമഗ്ര ഹൈഡ്രജന്‍ ഊര്‍ജ ദൗത്യം ആരംഭിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവെക്കുകയാണ്.
 

ഇലക്ട്രോണിക്‌സ് ഉല്‍പാദന രംഗത്ത് പി.എല്‍.ഐ. വിജയിച്ച പശ്ചാത്തലത്തില്‍ ക്ഷമതയേറിയ സൗരോര്‍ജ മൊഡ്യൂളുകള്‍ക്കു സമാനമായ പ്രോല്‍സാഹനം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിനാണു പ്രഥമ പരിഗണന. നിക്ഷേപകര്‍ക്കു സൗകര്യമൊരുക്കുന്നതിനായി എല്ലാ മന്ത്രാലയങ്ങളിലും സമര്‍പ്പിത പദ്ധതി വികസന സെല്ലുകളും എഫ്.ഡി.ഐ. സെല്ലുകളും ആരംഭിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഏതാണ്ടെല്ലാ വീടുകളിലും വൈദ്യുതി എത്തിക്കഴിഞ്ഞു. നാളെ അവര്‍ക്ക് ഊര്‍ജത്തിനുള്ള ആവശ്യകത വര്‍ധിക്കും. ഇന്ത്യയില്‍ ഊര്‍ജത്തിനുള്ള ആവശ്യകത വര്‍ധിച്ചുകൊണ്ടിരിക്കും.
 

അടുത്ത ദശാബ്ദത്തിനായി പുനരുപയോഗിക്കാവുന്ന ഊര്‍ജം സംബന്ധിച്ച വന്‍കിട ഊര്‍ജ പദ്ധതികളുണ്ട്. ഇതു പ്രതിവര്‍ഷം 1.5 ലക്ഷം കോടി രൂപയുടെ അഥവാ 2000 കോടി ഡോളറിന്റെ കച്ചവട സാധ്യതകള്‍ സൃഷ്ടിച്ചേക്കും. ഇത് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിനുള്ള വലിയൊരു അവസരമാണ്. നിക്ഷേപകരെയും പദ്ധതി വികസിപ്പിക്കുന്നവരെയും വ്യാപാര മേഖലയെയും ഇന്ത്യയുടെ പുനരുപയോഗ ഊര്‍ജ യാത്രയിലേക്കു ഞാന്‍ ക്ഷണിക്കുകയാണ്.

 

സുഹൃത്തുക്കളേ,

ഈ ചടങ്ങ് ഇന്ത്യയിലെ പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ ഉള്ളവരെ ആഗോള വ്യവസായത്തിലെ മികച്ച ഭാഗവുമായും നയ രൂപീകരണം നടത്തുന്നവരുമായും വിദ്യാഭ്യാസ വിദഗ്ധരുമായും ബന്ധപ്പെടുത്തുന്നു. ഈ സമ്മേളനത്തില്‍ ഇന്ത്യയെ പുതിയ ഊര്‍ജ ഭാവിയിലേക്കു കുതിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ ഉണ്ടാവുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.

നന്ദി. 

 

***(Release ID: 1676328) Visitor Counter : 181