പ്രധാനമന്ത്രിയുടെ ഓഫീസ്‌

33-ാമതു പ്രഗതി ആശയവിനിമയത്തില്‍ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

Posted On: 25 NOV 2020 8:26PM by PIB Thiruvananthpuram

പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും സമയബന്ധിതമായി കാര്യങ്ങള്‍ നടപ്പാക്കുന്നതിനുമുള്ള കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെട്ട ഐ.സി.ടി. അധിഷ്ഠിത ബഹുതല വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന മുപ്പത്തിമൂന്നാമതു യോഗമാണ് ഇത്.

ഈ പ്രഗതി യോഗത്തില്‍ വിവിധ പദ്ധതികളും പരാതികളും പരിപാടികളും വിലയിരുത്തപ്പെട്ടു. റെയില്‍വേ മന്ത്രാലയം, ഗതാഗത-ഹൈവേ മന്ത്രാലയം, വ്യവസായ-ആഭ്യന്തര വ്യാപാര പോല്‍സാഹക വകുപ്പ്, ഊര്‍ജ മന്ത്രാലയം എന്നിവയ്ക്കു കീഴിലുള്ള പദ്ധതികളാണു പരിഗണിച്ചത്. ഒഡിഷ, മഹാരാഷ്ട്ര, കര്‍ണാടക, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഗുജറാത്ത്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ദാദ്ര നഗര്‍ ഹവേലി എന്നിവ ഉള്‍പ്പെടുന്ന പത്തു സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പെട്ട പ്രദേശങ്ങളിലെ 1.41 ലക്ഷം കോടി രൂപയുടെ പദ്ധതിളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. നിര്‍മാണം ഉദ്ദേശിച്ച സമയത്തിനുംമുന്‍പേ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ട കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറിമാരോടും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും നിര്‍ദേശിച്ചു.


കോവിഡ്-19, പി.എം.ആവാസ് യോജന (ഗ്രാമീണം) എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. പി.എം. സ്വനിധി, കാര്‍ഷിക പരിഷ്‌കാരങ്ങള്‍, ജില്ലകള്‍ വികസന കേന്ദ്രങ്ങളായി വികസിപ്പിക്കല്‍ എന്നിവ വിലയിരുത്തപ്പെട്ടു. സംസ്ഥാനതല വികസന തന്ത്രം വികസിപ്പിക്കാന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.

പരാതിപരിഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, എത്രയധികം പരാതികള്‍ തീര്‍പ്പാക്കുന്നു എന്നതു മാത്രമല്ല, അത് എത്രത്തോളം ഗുണമേന്‍മയോടെ ചെയ്യുന്നു എന്നതും പ്രധാനമാണെന്ന് ഓര്‍മിപ്പിച്ചു.

കഴിഞ്ഞ 32 യോഗങ്ങൡലായി 12.5 ലക്ഷം കോടി രൂപ മൂല്യമുള്ള 275 പദ്ധതികള്‍ വിലയിരുത്തപ്പെട്ടു. 17 മേഖലകളില്‍നിന്നായുള്ള പരാതികളും ഒപ്പം 47 പരിപാടികളും പദ്ധതികളുമാണു വിലയിരുത്തപ്പെട്ടത്.

 

***
 


(Release ID: 1675961) Visitor Counter : 199