ഉപരാഷ്ട്രപതിയുടെ കാര്യാലയം

ഒരു നവ ഇന്ത്യയുടെ നിർമ്മാണ പാതയിൽ പങ്കുചേരാനും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഊർജ്ജം ഉപയോഗപ്പെടുത്താനും ഉപരാഷ്ട്രപതി യുവജനങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 16 NOV 2020 1:01PM by PIB Thiruvananthpuram

 


ഒരു നവ ഇന്ത്യയുടെ നിർമ്മാണ പാതയിൽ പങ്കുചേരാനും രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഊർജ്ജംഉപയോഗപ്പെടുത്താനും ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യനായിഡു യുവാക്കളോട് അഭ്യർത്ഥിച്ചു. ഹൈദരാബാദ് സർവകലാശാലയിൽ ഒരു വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  

കോവിഡ് 19 മുതൽ കാലാവസ്ഥാ വ്യതിയാനം വരെ വിവിധ സമകാലീന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് നൂതന ആശയങ്ങളുമായി മുന്നോട്ട് വരാൻ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് സ്വകാര്യ മേഖല ഉൾപ്പെടെ തൽപരകക്ഷികൾ ശ്രമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ലോകോത്തര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ആദ്യ 200 പട്ടികയിൽ ഇന്ത്യയിൽ നിന്നും ഏതാനും കേന്ദ്രങ്ങൾ മാത്രമാണ് ഉൾപ്പെട്ടത് എന്നതിൽ അദ്ദേഹം ഉത്കണ്ഠ രേഖപ്പെടുത്തി. ആ പട്ടികയിൽ ഇടംനേടാൻ കഠിനമായി പരിശ്രമിക്കാൻ  ഇന്ത്യയിലെ വിവിധ സർവകലാശാലകളോട് അദ്ദേഹം ആവശ്യപ്പെട്ടു. നൂതനാശയ ഗവേഷണ സംസ്കാരം പ്രോത്സാഹിപ്പിക്കാനും, മികച്ച ഗവേഷകർക്ക് ആനുകൂല്യങ്ങൾ നൽകാനും ഉപരാഷ്ട്രപതി സർവ്വകലാശാലകളോട് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യാനന്തരം 73 വർഷങ്ങൾക്ക് ശേഷവും രാജ്യം ഇതുവരെ സമ്പൂർണ സാക്ഷരത കൈവരിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഒരു പൂർണ്ണ സാക്ഷര സമൂഹത്തിനായി എല്ലാവരുടേയും സമഗ്ര പരിശ്രമങ്ങൾ അനിവാര്യമാണെന്നും പറഞ്ഞു.

***



(Release ID: 1673141) Visitor Counter : 197