പ്രധാനമന്ത്രിയുടെ ഓഫീസ്‌

നവംബര്‍ 5ന് നടക്കുന്ന വിര്‍ച്വല്‍ ആഗോള നിക്ഷേപ സമ്മേളനത്തില്‍ പ്രധാനമന്ത്രി അധ്യക്ഷനാകും


ലോകമെമ്പാടുമുള്ള പ്രമുഖ പെന്‍ഷന്‍, ധനകാര്യ നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും

രാജ്യത്തെ അന്താരാഷ്ട്ര നിക്ഷേപങ്ങളുടെ വളര്‍ച്ച ഊർജ്ജിതമാക്കാന്‍ സമ്മേളനം അവസരമൊരുക്കും

Posted On: 03 NOV 2020 5:58PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വ്യാഴാഴ്ച (2020 നവംബര്‍ 5) നടക്കുന്ന വെര്‍ച്വല്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് ടേബിളില്‍ (വി.ജി.ഐ.ആര്‍) അധ്യക്ഷനാകും. ധനമന്ത്രാലയം, ഇന്ത്യാ ഗവണ്‍മെന്റ്, ദേശീയ നിക്ഷേപ-അടിസ്ഥാനസൗകര്യ നിധി എന്നിവ സംയുക്തമായാണ് വി.ജി.ഐ.ആര്‍ സംഘടിപ്പിക്കുന്നത്. ആഗോളപ്രശസ്ത നിക്ഷേപകരും ഇന്ത്യന്‍ വ്യവസായ പ്രമുഖരും ഇന്ത്യാഗവണ്‍മെന്റിന്റെ നയതന്ത്രജ്ഞരും സമ്പദ് വിപണി നിയന്ത്രിക്കുന്നവരും പങ്കെടുക്കുന്ന പ്രത്യേക ചര്‍ച്ചയാണിത്. കേന്ദ്ര ധനമന്ത്രി, ധനകാര്യ സഹമന്ത്രി, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

6 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇരുപത് പെന്‍ഷന്‍, സോവറിന്‍ വെല്‍ത്ത് ഫണ്ടുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. യുഎസ്, യൂറോപ്പ്, കനഡ, കൊറിയ, ജപ്പാന്‍, മധ്യേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നീ പ്രധാന മേഖലകളെ പ്രതിനിധാനം ചെയ്തുള്ള ആഗോള നിക്ഷേപകരാണ് പങ്കെടുക്കുന്നത്. ഈ സ്ഥാപനങ്ങളിലെ സിഇഒമാരും സിഐഒമാരും ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പങ്കാളിത്തത്തിനും ഈ പരിപാടി സാക്ഷ്യം വഹിക്കും. ഈ നിക്ഷേപകരില്‍ പലരും ആദ്യമായാണ് ഇന്ത്യാ ഗവണ്മെന്റുമായി ബന്ധപ്പെടുന്നത്. ആഗോള നിക്ഷേപകര്‍ക്ക് പുറമെ ഇന്ത്യയിലെ നിരവധി വ്യവസായ പ്രമുഖരും റൗണ്ട്‌ടേബിളില്‍ പങ്കെടുക്കും.

വി.ജി.ഐ.ആര്‍ 2020 ഇന്ത്യയുടെ സാമ്പത്തിക-നിക്ഷേപ കാഴ്ചപ്പാട്, ഘടനാപരമായ പരിഷ്‌കാരങ്ങള്‍, 5 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാട് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രമുഖ ആഗോള നിക്ഷേപകര്‍ക്കും രാജ്യത്തെ വ്യവസായ പ്രമുഖര്‍ക്കും മുതിര്‍ന്ന നയതന്ത്രജ്ഞരുമായി ബന്ധം സ്ഥാപിക്കുന്നതിനും  ഇന്ത്യയിലെ അന്താരാഷ്ട്ര നിക്ഷേപങ്ങളുടെ വളര്‍ച്ച ഊര്‍ജിതമാക്കാനും ഈ പരിപാടി അവസരമൊരുക്കും. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ വിദേശ നിക്ഷേപം, ഒരു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. വി.ജി.ഐ.ആര്‍ 2020 എല്ലാ സഹകാരികള്‍ക്കും ശക്തമായ പങ്കാളിത്തം ഉറപ്പുവരുത്താന്‍ സഹായിക്കും. ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ആഗോളനിക്ഷേപകര്‍ക്ക് അവരുമായി ഇടപെടുന്നതിനും റൗണ്ട്‌ടേബിള്‍ വേദിയാകും.

***



(Release ID: 1669848) Visitor Counter : 193