പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ എനര്‍ജി ഫോറത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 26 OCT 2020 7:01PM by PIB Thiruvananthpuram

 

ബഹുമാനപ്പെട്ട യുഎസ്. ഊര്‍ജ സെക്രട്ടറി ശ്രീ. ജാന്‍ ബ്രൂയിലെറ്റ്, സൗദി അറേബ്യ ഊര്‍ജ മന്ത്രി ബഹുമാനപ്പെട്ട അബ്ദുല്‍ അസീസ് രാജകുമാരന്‍, ഐ.എച്ച്.എസ്.മാര്‍കിറ്റ് ഉപാധ്യക്ഷന്‍ ഡോ. ഡാനിയല്‍ യെര്‍ഗിന്‍, എന്റെ സഹപ്രവര്‍ത്തകന്‍ ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍, ആഗോള എണ്ണ, വാതക വ്യവസായ നായകരേ, 
നമസ്‌തേ!
ഇന്ത്യ എനര്‍ജി ഫോറം സെറ വീക്കിന്റെ നാലാമതു പതിപ്പില്‍ നിങ്ങളെയെല്ലാം കാണാന്‍ സാധിച്ചതില്‍ സന്തോഷം. ഊര്‍ജ മേഖലയ്ക്കു നല്‍കുന്ന സംഭാവനകള്‍ക്കു ഡോ. ഡാനിയല്‍ യെര്‍ഗിനെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'ദ് ന്യൂ മാപ്' എന്ന പുതിയ പുസ്തകത്തിനും അദ്ദേഹത്തെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു. 
സുഹൃത്തുക്കളേ, 
ഈ വര്‍ഷത്തെ പ്രമേയം പ്രസക്തമാണ്. അത് 'മാറ്റം സംഭവിക്കുന്ന ലോകത്തില്‍ ഇന്ത്യയുടെ ഊര്‍ജത്തിന്റെ ഭാവി' എന്നതാണ്. ഇന്ത്യ നിറയെ ഊര്‍ജമാണെന്നു നിങ്ങള്‍ക്ക് ഉറപ്പുതരാന്‍ എനിക്കു സാധിക്കും. ഇന്ത്യയുടെ ഊര്‍ജ മേഖലയുടെ ഭാവി ശോഭനവും സുരക്ഷിതവുമാണ്. എന്തുകൊണ്ടാണ് ഞാന്‍ അങ്ങനെ കരുതുന്നതെന്നു വിശദീകരിക്കാം. 
സുഹൃത്തുക്കളേ, 
ഈ വര്‍ഷം ഊര്‍ജ മേഖലയെ സംബന്ധിച്ചു വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഊര്‍ജത്തിന്റെ ആവശ്യകത മൂന്നിലൊന്നോളം കുറഞ്ഞു. വിലസ്ഥിരത ഇല്ലാതായി. നിക്ഷേപം നടത്തുന്നതിനുള്ള തീരുമാനങ്ങളെ ഇതു ബാധിച്ചു. വരുന്ന ഏതാനും വര്‍ഷത്തേക്കുകൂടി ഊര്‍ജത്തിനുള്ള ആവശ്യകത കുറവായിരിക്കുമെന്നു മുന്‍നിര ആഗോള സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. എന്നാല്‍, ഇത്തരം ഏജന്‍സികള്‍ പറയുന്നത് ഇന്ത്യ മുന്‍നിര ഊര്‍ജ ഉപഭോക്താവായി മാറുമെന്നാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഊര്‍ജത്തിന്റെ ഉപയോഗം ഇരട്ടിയോളം വര്‍ധിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുത്തുകഴിഞ്ഞു. 
സുഹൃത്തുക്കളേ, 
നമുക്കു പല മേഖലകളിലും ഈ ചടുലത കാണാന്‍ കഴിയുന്നുണ്ട്. ഉദാഹരണത്തിന്, വ്യോമ മേഖലയെടുക്കുക. ആഭ്യന്തര വ്യോമയാത്രയുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള മൂന്നാമത്തെ വ്യോമഗതാഗത വിപണിയാണ് ഇന്ത്യ. 2024 ആകുമ്പോഴേക്കും ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന വിമാനങ്ങളുടെ എണ്ണം അറുന്നൂറില്‍നിന്ന് 1200 ആയി ഉയരും. ഇതു വലിയ കുതിപ്പാണ്!
സുഹൃത്തുക്കളേ, 
ഊര്‍ജ ലഭ്യത ചെലവു കുറഞ്ഞതും ആശ്രയിക്കാവുന്നതും ആയിരിക്കണമെന്ന് ഇന്ത്യ കരുതുന്നു. അപ്പോഴാണു സാമൂഹിക, സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ സംഭവിക്കുക. ഊര്‍ജമേഖല ജനങ്ങളെ ശാക്തീകരിക്കുന്നതും 'ജീവിതം സുഗമമാക്കുന്നതും' ആണെന്നു ഞങ്ങള്‍ കരുതുന്നു. ഇന്ത്യ നൂറു ശതമാനം വൈദ്യുതീകരണം നേടിക്കഴിഞ്ഞു. പാചക വാതകം കൂടുതല്‍ പ്രദേശങ്ങളില്‍ എത്തി. ഈ മാറ്റങ്ങള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ മധ്യവര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും ഗുണകരമായി. 
സുഹൃത്തുക്കളേ, 
ഇന്ത്യയുടെ ഊര്‍ജ പദ്ധതി ലക്ഷ്യംവെക്കുന്നത് ഊര്‍ജ മേഖലയില്‍ നീതി ഉറപ്പാക്കാനാണ്. അതും സുസ്ഥിരമായ വളര്‍ച്ചയ്ക്കുള്ള നമ്മുടെ ആഗോള പ്രതിബദ്ധത പിന്‍തുടരുമ്പോള്‍. ഇതിനര്‍ഥം ഇന്ത്യക്കാരുടെ ജീവിതം മെച്ചപ്പെടുത്താന്‍ കൂടുതല്‍ ഊര്‍ജമെന്നാണ്. എന്നാല്‍, കുറഞ്ഞ കാര്‍ബണ്‍ കാല്‍പ്പാടുകളോടെ. 
സുഹൃത്തുക്കളേ, 
ഞങ്ങളുടെ ഊര്‍ജ മേഖല വളര്‍ച്ചയില്‍ കേന്ദ്രീകൃതമായിരിക്കും. വ്യാവസായിക സൗഹൃദപരവും പരിസ്ഥിതി ബോധമുള്ളതുമായിരിക്കും. ഇതാണ് ഇന്ത്യ ഊര്‍ജത്തിന്റെ പുനരുപയോഗ സ്രോതസ്സുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഏറ്റവും സജീവമായ രാജ്യങ്ങളിലൊന്നാകാന്‍ കാരണം. 
സുഹൃത്തുക്കളേ, 
കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 36 കോടി എല്‍.ഇ.ഡി. ബള്‍ബുകള്‍ വിതരണം ചെയ്തു. എല്‍.ഇ.ഡി. ബള്‍ബുകളുടെ വില പത്തിലൊന്നോളമായി താഴ്ന്നു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 1.1 കോടി സ്മാര്‍ട് എല്‍.ഇ.ഡി. തെരുവു വിളക്കുകള്‍ സ്ഥാപിക്കപ്പെട്ടു. ഇതു പ്രതിവര്‍ഷം ഏകദേശം 6000 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുന്നു. ഇതു നിമിത്തം ഹരിതഗൃഹ വാതകം പുറംതള്ളുന്നതില്‍ 4.5 കോടിയോളം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കുറവുണ്ടായി. ഇതോടൊപ്പം ഞങ്ങള്‍ 24,000 കോടി രൂപ ലാഭിക്കുകയും ചെയ്തു. ഇത്തരം ഇടപെടലുകള്‍ നിമിത്തമാണു മാലിന്യമുക്തമായ ഊര്‍ജ മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ഏറ്റവും ആകര്‍ഷകമായ വളര്‍ന്നുവരുന്ന വിപണിയാണ് ഇന്ത്യയെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
സുഹൃത്തുക്കളേ, 
എപ്പോഴും ലോകനന്‍മ മനസ്സില്‍ വെച്ചു മാത്രമേ ഇന്ത്യ പ്രവര്‍ത്തിക്കുകയുള്ളൂ. ആഗോള സമൂഹത്തോടു പ്രഖ്യാപിച്ച പ്രതിബദ്ധത പാലിക്കുന്നതിനുള്ള വഴിയിലാണു ഞങ്ങള്‍. 2022 ആകുമ്പോഴേക്കും പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ അളവ് 175 ജിഗാവാട്‌സായി ഉയര്‍ത്താന്‍ ഞങ്ങള്‍ ലക്ഷ്യംവെക്കുന്നു. വ്യവസായവല്‍ക്കൃത ലോകത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറ്റവും കുറവു കാര്‍ബണ്‍ നിര്‍ഗമനം നടത്തുന്ന ഇടമാണ്. എങ്കിലും കാലാവസ്ഥാ വ്യതിയാനത്തോടു പൊരുതുന്നതിനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും. 
സുഹൃത്തുക്കളേ, 
കഴിഞ്ഞ ആറു വര്‍ഷങ്ങളായി ഇന്ത്യയുടെ പരിഷ്‌കരണ യാത്ര വേഗംകൂടിയതാണ്. ഊര്‍ജ മേഖലയില്‍ പുതിയ പാത വെട്ടിത്തുറക്കുന്ന പരിഷ്‌കാരങ്ങള്‍ നടന്നു. 2019 ഫെബ്രുവരിയില്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് ലൈസന്‍സിങ് പോളിസി പരിഷ്‌കരിച്ചു. ശ്രദ്ധ 'വരുമാന'ത്തില്‍നിന്ന് 'ഉല്‍പാദന'ത്തിലേക്കു മാറി. വര്‍ധിച്ച സുതാര്യതയ്ക്കും വ്യവസ്ഥാപിതമായ നടപടിക്രമങ്ങള്‍ക്കും ഊന്നല്‍ നല്‍കപ്പെട്ടു. 2025 ആകുമ്പോഴേക്കും പ്രതിവര്‍ഷ ശുദ്ധീകരണ ശേഷി 250 ദശലക്ഷം മെട്രിക് ടണ്ണില്‍നിന്ന് 400 ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്താന്‍ ഞങ്ങള്‍ക്കു പദ്ധതിയുണ്ട്. ആഭ്യന്തര വാതകോല്‍പാദനം വര്‍ധിപ്പിക്കുക എന്നതു ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്ന കാര്യങ്ങളിലൊന്നാണ്. 'ഒരു രാജ്യം, ഒരു വാതക ഗ്രിഡ്' യാഥാര്‍ഥ്യമാക്കാനും വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കു മാറാനും ഞങ്ങള്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. 
സുഹൃത്തുക്കളേ, 
കാലങ്ങളായി ലോകം കാണുന്നത് അസംസ്‌കൃത എണ്ണവില ചാഞ്ചാടുന്നതാണ്. ഉത്തരവാദിത്തപ്പെട്ട രീതിയില്‍ വില നിശ്ചയിക്കുന്നതിലേക്കു നമുക്കു മാറേണ്ടിയിരിക്കുന്നു. എണ്ണയ്ക്കും വാതകത്തിനും സുതാര്യവും വഴങ്ങുന്നതുമായ വില സൃഷ്ടിച്ചെടുക്കാന്‍ ശ്രമിക്കണം. 
സുഹൃത്തുക്കളേ, 
പ്രകൃതിവാതകത്തിന്റെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും വാതകത്തിന്റെ വിപണിവിലയില്‍ ഐകരൂപ്യം സാധ്യമാക്കുന്നതിനുമായി ഞങ്ങള്‍ ഈ മാസമാദ്യം പ്രകൃതിവാതക വിപണന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇത് ഇ-ബിഡ്ഡിങ് വഴി പ്രകൃതിവാതക വില്‍പന എളുപ്പമാക്കിത്തീര്‍ക്കും. ഇന്ത്യയുടെ പ്രഥമ ദേശീയ ഓട്ടോമേറ്റഡ് വാതക വില്‍പന സംവിധാനം ജൂണില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. വാതകത്തിന്റെ വിപണിവില കണ്ടെത്തുന്നതിനുള്ള വ്യവസ്ഥാപിത മാതൃക ഇതിലൂടെ ലഭിക്കുന്നു. 
സുഹൃത്തുക്കളേ, 
ഞങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടുമായി മുന്നോട്ടു പോവുകയാണ്. സ്വാശ്രയ ഇന്ത്യ ആഗോള സമ്പദ്‌വ്യവസ്ഥയുടെ കരുത്തു വര്‍ധിപ്പിക്കും. ഞങ്ങളുടെ ഉദ്യമങ്ങളുടെ കേന്ദ്ര സ്ഥാനത്ത് ഊര്‍ജ സുരക്ഷയാണ് ഉള്ളത്. ഞങ്ങളുടെ പ്രവര്‍ത്തനംകൊണ്ടു നേട്ടമുണ്ടാകുന്നുണ്ട് എന്നതു നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടാവും. പ്രതിസന്ധിയുടെ ഈ നാളുകളില്‍ എണ്ണ, വാതക മൂല്യ ശൃംഖലയില്‍ നിക്ഷേപത്തിനു ഞങ്ങള്‍ സാക്ഷ്യംവഹിച്ചു. മറ്റു മേഖലകളിലും സമാനമായ സാധ്യതകള്‍ ഞങ്ങള്‍ കാണുന്നുണ്ട്. 
സുഹൃത്തുക്കളേ, 
എണ്ണ ഉല്‍പാദനത്തില്‍ ആഗോള തലത്തിലുള്ള പ്രമുഖരുമായി തന്ത്രപ്രധാനവും സമഗ്രവുമായി ഊര്‍ജ സംബന്ധിയായ ഇടപെടല്‍ ഞങ്ങള്‍ നടത്തിവരികയാണ്. അയല്‍ക്കാര്‍ ആദ്യം എന്ന ഇന്ത്യയുടെ നയത്തിന്റെ ഭാഗമായി പരസ്പര നേട്ടത്തിനായി അയല്‍രാജ്യങ്ങളുമായി ചേര്‍ന്നു ഞങ്ങള്‍ ഊര്‍ജ ഇടനാഴികള്‍ സ്ഥാപിച്ചുവരികയാണ്. 
സുഹൃത്തുക്കളേ, 
സൂര്യ രശ്മികള്‍ മാനവ പുരോഗതിയുടെ യാത്രയെ ശോഭായമാനമാക്കുന്നു. സൂര്യഭഗവാന്റെ രഥത്തെ ഏഴു കുതിരകള്‍ വലിക്കുന്നതുപോലെ ഇന്ത്യയുടെ ഊര്‍ജ ഭൂപടത്തിനു പ്രധാനപ്പെട്ട ഏഴു വിഭാഗങ്ങള്‍ ഉണ്ടാവും. 
1. വാചകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കു മാറാനുള്ള നമ്മുടെ ശ്രമങ്ങളുടെ വേഗംകൂട്ടല്‍
2. ജൈവ ഇന്ധനങ്ങള്‍, വിശേഷിച്ച് പെട്രോളിയവും കല്‍ക്കരിയും, ശുചിത്വപൂര്‍ണമായി ഉപയോഗിക്കല്‍
3. ജൈവ ഇന്ധനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ആഭ്യന്തര സ്രോതസ്സുകളെ കൂടുതലായി ആശ്രയിക്കല്‍
4. പുനരുപയോഗിക്കാവുന്ന ഊര്‍ജം 2030 ആകുമ്പോഴേക്കും 450 ജിഗാവാട്‌സ് ആക്കുകയെന്ന ലക്ഷ്യം നേടുക
5. യാത്രകള്‍ നിമിത്തമുള്ള കാര്‍ബണ്‍ ഉല്‍പാദനം കുറയ്ക്കുന്നതിനായി വൈദ്യുതിയുടെ സംഭാവനകള്‍ വര്‍ധിപ്പിക്കുക. 
6. പുതുതായി ഉയര്‍ന്നുവരുന്ന ഹൈഡ്രജന്‍ ഉള്‍പ്പെടെയുള്ള ഊര്‍ജങ്ങളിലേക്കു മാറല്‍
7. എല്ലാ ഊര്‍ജ മേഖലകളിലും ഡിജിറ്റല്‍ നൂതനാശയങ്ങള്‍ ഉപയോഗപ്പെടുത്തല്‍
കഴിഞ്ഞ ആറു വര്‍ഷമായി നിലകൊള്ളുന്ന ഈ കരുത്തുറ്റ ഊര്‍ജ നയങ്ങളുടെ തുടര്‍ച്ചയുണ്ടാകും. 
സുഹൃത്തുക്കളേ, 
ഇന്ത്യ എനര്‍ജി ഫോറം-സെറ വീക് വ്യവസായത്തിനും ഗവണ്‍മെന്റിനും സമൂഹത്തിനുമുള്ള പ്രധാന വേദിയായി നിലകൊള്ളുകയാണ്. ഈ സമ്മേളനത്തില്‍ മെച്ചപ്പെട്ട ഊര്‍ജ ഭാവിക്കായുള്ള ഫലപ്രദമായ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. ഞാന്‍ ഒരിക്കല്‍ക്കൂടി പറയട്ടെ: ഇന്ത്യയുടെ ഊര്‍ജം ലോകത്തെ ഊര്‍ജസ്വലമാക്കും! നന്ദി. വീണ്ടും നന്ദി. 
 

****



(Release ID: 1667724) Visitor Counter : 214