പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൈസൂര്‍ സര്‍വകലാശാല ശതാബ്ദി ബിരുദദാന ചടങ്ങില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

Posted On: 19 OCT 2020 1:39PM by PIB Thiruvananthpuram


നമസ്‌കാരം!
കര്‍ണാടക ഗവര്‍ണറും മൈസൂര്‍ സര്‍വകലാശാല ചാന്‍സലറുമായി ശ്രീ. വാജുഭായ് വാലാ ജി, കര്‍ണാടക ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി സി.എന്‍.അശ്വത്ഥ് നാരായണ്‍ ജി, മൈസൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ജി.ഹേമന്ത കുമാര്‍ ജീ, അധ്യാപകരേ, ചടങ്ങില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളേ, രക്ഷിതാക്കളേ, സഹോദരീ സഹോദരന്‍മാരേ, ആദ്യമായി നിങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ 'മൈസുരു ദസറ', 'നാഡ ഹബ്ബ' ആശംസകള്‍. 
ഏതാനും മിനുട്ടുകള്‍ക്കുമുന്‍പേ ഞാന്‍ ചിത്രങ്ങള്‍ കാണുകയായിരുന്നു. കൊറോണ നിമിത്തം പല നിയന്ത്രണങ്ങളും ഉണ്ടായിരിക്കാം. എങ്കിലും ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കുതിര്‍ന്നുപോകാത്തവിധം മുന്‍കാലങ്ങളിലേതിനു സമാനമായ ആവേശം പ്രകടമാണ്. ആശ്വാസമെത്തിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റും കര്‍ണാടക ഗവണ്‍മെന്റും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരുന്നുണ്ട്. 
സുഹൃത്തുക്കളേ, ഈ ദിനം നിങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ യുവ സുഹൃത്തുക്കളെ നേരിട്ടു കാണാനാണു ഞാന്‍ ശ്രമിക്കാറ്. മൈസൂര്‍ സര്‍വകലാശാലയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായുള്ള ശതാബ്ദി ബിരുദദാന ചടങ്ങില്‍ അവിടെയെത്തി പങ്കെടുക്കുക എന്നതു വേറിട്ട അനുഭവമായിരിക്കും. പക്ഷേ, കൊറോണ നിമിത്തം നാം വിര്‍ച്വല്‍ സംവിധാനത്തിലൂടെയാണു ബന്ധപ്പെടുന്നത്. 
സുഹൃത്തുക്കളേ, മൈസൂര്‍ സര്‍വകലാശാല പുരാതന ഇന്ത്യയില്‍ മഹത്തായ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും ഒപ്പം ഭാവികാല ഇന്ത്യയുടെ പ്രതീക്ഷകളുടെയും ശേഷികളുടെയും പ്രധാന കേന്ദ്രമാണ്. 'രാജര്‍ഷി' നാല്‍വഡി കൃഷ്ണരാജ വഡയാറിന്റെയും എം.വിശ്വേശ്വരയ്യ ജിയുടെയും കാഴ്ചപ്പാടുകള്‍ ഈ സര്‍വകലാശാല യാഥാര്‍ഥ്യമാക്കി. 
102 വര്‍ഷം മുന്‍പ് ഇതേ ദിവസം മൈസൂര്‍ സര്‍വകലാശാലയുടെ പ്രഥമ ബിരുദദാന ചടങ്ങിനെ രാജര്‍ഷി നല്‍വാദി കൃഷ്ണരാജ വഡയാര്‍ അഭിസംബോധന ചെയ്തിരുന്നു എന്നതു സന്തോഷകരമായ ഒരു യാദൃച്ഛികതയാണ്. അതുമുതല്‍ വിശിഷ്ടമായ ഈ ക്യാംപസ് അത്തരം ചടങ്ങുകളില്‍ ഇത്തരത്തിലുള്ള പല സുഹൃത്തുക്കളും പങ്കെടുക്കുന്നതും രാഷ്ട്ര നിര്‍മാണത്തിനു വലിയ സംഭാവന അര്‍പ്പിക്കുന്നതും കണ്ടു. ഈ വിദ്യാഭ്യാസ സ്ഥാപനത്തിലെ പല വിദ്യാര്‍ഥികളെയും ഭാരതരത്‌നം ഡോ.സര്‍വേപ്പള്ളി രാധാകൃഷ്ണനെ പോലെയുള്ള കരുത്തന്‍മാര്‍ പ്രചോദിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കു നിങ്ങളില്‍ വലിയ വിശ്വാസമുണ്ട്. നിങ്ങളില്‍ നിന്നു വളരെക്കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇന്നു നിങ്ങളുടെ സര്‍വകലാശാലയും അധ്യാപകരും പ്രഫസര്‍മാരും ഡിഗ്രിക്കൊപ്പം രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തംകൂടി നങ്ങള്‍ക്കു കൈമാറുകയാണ്. 
സുഹൃത്തുക്കളേ, ഉപനയന(ദീക്ഷ)ത്തിലൂടെയുള്ള
 വിദ്യാഭ്യാസവും ദൃഢനിശ്ചയവും നമ്മുടെ രാജ്യത്തു യുവത്വത്തിന്റെ രണ്ടു പ്രധാന ഘട്ടങ്ങളായി കണക്കാക്കപ്പെടുന്നു. ഇത് ആയിരക്കണക്കിനു വര്‍ഷങ്ങളായുള്ള നമ്മുടെ പാരമ്പര്യമാണ്. നാം സമാരംഭത്തെക്കുറിച്ചു പറയുമ്പോള്‍ അതു ഡിഗ്രി ലഭിക്കുന്നതിനുള്ള അവസരം മാത്രമല്ല. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിനായി പുതിയ ദൃഢനിശ്ചയങ്ങള്‍ കൈക്കൊള്ളാന്‍ നമ്മെ ഈ ദിവസം പ്രചോദിപ്പിക്കുന്നു. ഔപചാരിക സര്‍വകലാശാലാ ക്യാംപസില്‍നിന്നു യഥാര്‍ഥ ജീവിതമാകുന്ന ക്യാംപസിലേക്കു നാം കടക്കുകയാണ്. നേടിയെടുത്ത വിജ്ഞാനം പ്രയോഗിക്കുന്നതു ഗുണം പകരുന്ന ക്യാംപസായിരിക്കും ഇത്. 
സുഹൃത്തുക്കളേ, മഹാനായ കന്നഡ എഴുത്തുകാരനും ചിന്തകനുമായ ഗോരുരു രാമസ്വാമി അയ്യങ്കാര്‍ ജി പറഞ്ഞിട്ടുണ്ട്- ശിക്ഷണവേ ജീവനദ ബേലകു.
ഇതിനര്‍ഥം ജീവിതത്തില്‍ പ്രതിസന്ധിഘട്ടങ്ങളില്‍ വെളിച്ചം കാട്ടുന്ന മാധ്യമമാണു വിദ്യാഭ്യാസമെന്നാണ്. നമ്മുടെ രാജ്യം ഗണ്യമായ മാറ്റത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വളരെ പ്രസക്തമാണ്. കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി 21ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങള്‍ക്ക് ഉതകുംവിധം മുന്നേറാന്‍ വിദ്യാര്‍ഥികളെ സഹായിക്കാന്‍ സാധിക്കുന്നതാക്കി ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ മാറ്റിയെടുക്കാന്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരികയാണ്. പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസത്തിനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രത്യേക ഊന്നല്‍ നല്‍കിവരികയാണ്. ഇന്ത്യയെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമാക്കാനും നമ്മുടെ വിദ്യാര്‍ഥികളെ മല്‍സരക്ഷമതയുള്ളവരാക്കി മാറ്റാനും മേന്‍മകൊണ്ടും വലിപ്പംകൊണ്ടുമുള്ള തലങ്ങളില്‍ ശ്രമങ്ങള്‍ നടത്തിവരികയാണ്. 
സുഹൃത്തുക്കളേ, സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും 2014ല്‍ രാജ്യത്ത് 16 ഐ.ഐ.ടികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ് ആറു വര്‍ഷത്തിനിടെ പ്രതിവര്‍ഷം ശരാശരി ഒരു ഐ.ഐ.ടി. വീതം ആരംഭിച്ചു. അതിലൊന്ന് കര്‍ണാടകയിലെ ധാര്‍വാഡിലാണ്. 2014ല്‍ ഒന്‍പത് ഐ.ഐ.ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത അഞ്ചു വര്‍ഷത്തിനിടെ 16 ഐ.ഐ.ടികള്‍ സ്ഥാപിക്കപ്പെട്ടു. നേരത്തേ രാജ്യത്താകെ 13 ഐ.ഐ.എമ്മുകളാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഏഴു പുതിയ ഐ.ഐ.എമ്മുകള്‍ സ്ഥാപിക്കപ്പെട്ടു. അതുപോലെ ആറു ദശാബ്ദത്തിനിടെ ഏഴ് എ.ഐ.ഐ.എം.എസ്സുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2014 മുതല്‍ 15 എ.ഐ.ഐ.എം.എസ്സുകള്‍ സ്ഥാപിക്കുകയോ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയോ ആണ്. 
സുഹൃത്തുക്കളേ, കഴിഞ്ഞ അഞ്ചാറു വര്‍ഷത്തിനിടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ പുതിയ സ്ഥാപനങ്ങള്‍ ആരംഭിക്കുക മാത്രമല്ല, ഇത്തരം കേന്ദ്രങ്ങളില്‍ ലിംഗതുല്യതയും സാമൂഹിക പങ്കാളിത്തവും ഉറപ്പാക്കാനുള്ള ഭരണ പരിഷ്‌കരണങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും നടന്നിട്ടുണ്ട്. ആവശ്യത്തിനനുസരിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനായി കൂടുതല്‍ സ്വാശ്രയത്വം അനുവദിക്കുകയും ചെയ്തു. പ്രഥമ ഐ.ഐ.എം. ആക്റ്റ് രാജ്യത്തെ ഐ.ഐ.എമ്മുകള്‍ക്കു കൂടുതല്‍ അവകാശങ്ങള്‍ പ്രദാനംചെയ്തു. വൈദ്യപഠന രംഗത്തു സുതാര്യതക്കുറവു നിലനിന്നിരുന്നു. ഈ ന്യൂനത പരിഹരിക്കുന്നതിന് ഊന്നല്‍ നല്‍കി. വൈദ്യപഠന രംഗത്തു കൂടുതല്‍ സുതാര്യത സാധ്യമാക്കുന്നതിനായി ദേശീയ മെഡിക്കല്‍ കമ്മിഷന്‍ രൂപീകരിച്ചു. ഹോമിയോപ്പതിയിലും മറ്റ് ഇന്ത്യന്‍ ചികില്‍സാ സമ്പ്രദായങ്ങളിലും പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്നതിനായി രണ്ടു പുതിയ നിയമങ്ങള്‍ സൃഷ്ടിച്ചു. വൈദ്യപഠനത്തിലെ പരിഷ്‌കാരങ്ങള്‍ വഴി വിദ്യാര്‍ഥികള്‍ക്കു വൈദ്യപഠനത്തിനു കൂടുതല്‍ സീറ്റുകള്‍ ഉറപ്പാക്കുകയാണ്. 
സുഹൃത്തുക്കളേ, രാജര്‍ഷി നാല്‍വഡി കൃഷ്ണ രാജ വഡയാര്‍ അദ്ദേഹത്തിന്റെ പ്രഥമ ബിരുദദാന പ്രസംഗത്തില്‍ പറഞ്ഞു: 'ഒന്നല്ല, 10 വനിതാ ബിരുദധാരികളെ കാണാന്‍ എനിക്കു സാധിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു'. ഇപ്പോള്‍ ബിരുദം ലഭിച്ച എത്രയോ പെണ്‍മക്കളെ കാണാന്‍ എനിക്കു സാധിക്കുന്നു. ഡിഗ്രി ലഭിച്ചത് ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികള്‍ക്കാണെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. പരിവര്‍ത്തനം സംഭവിക്കുന്ന ഇന്ത്യയുടെ മറ്റൊരു മുദ്രയാണ് അത്. എല്ലാ തലങ്ങളിലും പഠിക്കാന്‍ എന്റോള്‍ ചെയ്യുന്നത് ഇപ്പോള്‍ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളാണ്. നവീനതയും സാങ്കേതിക വിദ്യയും സംബന്ധിച്ച പഠനത്തിന്റെ വിവിധ മേഖലകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. നാലു വര്‍ഷം മുന്‍പ്, ഐ.ഐ.ടികളില്‍ പെണ്‍കുട്ടികള്‍ എന്റോള്‍ ചെയ്തിരുന്നത് എട്ടു ശതമാനം മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ഇരട്ടിയിലേറെ വര്‍ധിച്ച് 20 ശതമാനമായി. 
സുഹൃത്തുക്കളേ, പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസ മേഖലയിലെ എല്ലാ പരിഷ്‌കാരങ്ങള്‍ക്കും പുതിയ ദിശയും വേഗവും പകരും. പ്രീ-നഴ്‌സറി മുതല്‍ പിഎച്ച്.ഡി. വരെയുള്ള മൊത്തം വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാനപരമായ മാറ്റങ്ങള്‍ സാധ്യമാക്കുന്നതിനുള്ള വലിയ നീക്കമാണു പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ഉദ്ദേശിക്കുന്നത്. നമ്മുടെ യുവാക്കളെ കൂടുതല്‍ മല്‍സരക്ഷമത ഉള്ളവരാക്കി മാറ്റുന്നതിനായി ബഹുതല സമീപനത്തിന് ഊന്നല്‍ നല്‍കിവരികയാണ്. നമ്മുടെ യുവാക്കളെ മാറ്റങ്ങളെ സ്വാംശീകരിക്കാനും അതിവേഗം മാറ്റം വരുന്ന തൊഴിലിന്റെ പ്രകൃതത്തെ ഉള്‍ക്കൊള്ളാനും കഴിവുള്ളവരാക്കി മാറ്റാനാണു ശ്രമം. നൈപുണ്യം പകരലും വീണ്ടും നൈപുണ്യം പകരലും നൈപുണ്യം വര്‍ധിപ്പിക്കലുമാണ് ഇപ്പോഴത്തെ ആവശ്യം. ദേശീയ വിദ്യാഭ്യാസ നയം ഇതിനു വളരെയധികം ശ്രദ്ധ പകരുന്നുണ്ട്. 
ഈ നയം നടപ്പാക്കാനുള്ള പ്രതിബദ്ധതയും ആകാംക്ഷയും മൈസൂര്‍ സര്‍വകലാശാല കാട്ടിയിട്ടുണ്ട് എന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്‍.ഇ.പിയുടെ അടിസ്ഥാനത്തില്‍ ബഹുഭാഷാ കോഴ്‌സുകള്‍ നിങ്ങള്‍ ആരംഭിച്ചതായി ഞാന്‍ മനസ്സിലാക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ക്കു പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും അനുസൃതമായി വിഷയങ്ങള്‍ തെരഞ്ഞെടുക്കാം. ആഗോള സാങ്കേതിക വിദ്യയും പ്രാദേശിക സംസ്‌കാരവും ഒരുമിച്ചു പഠിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. പ്രാദേശിക ഉല്‍പന്നങ്ങള്‍ക്കായി ആ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ നിങ്ങള്‍ക്കു സാധിക്കും. 
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തു നടക്കുന്ന സര്‍വതോമുഖമായ പരിഷ്‌കാരം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നെങ്കില്‍ അത് ഏതെങ്കിലും ഒരു മേഖലയ്ക്കു മാത്രം വേണ്ടി ആയിരുന്നു. അതുകൊണ്ടുതന്നെ, മറ്റു മേഖലകള്‍ മാറ്റിനിര്‍ത്തപ്പെട്ടു. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വിവിധ മേഖലകളിലായി വിവിധ പരിഷ്‌കാരങ്ങള്‍ നടന്നു. എന്‍.ഇ.പി. രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഭാവി ഉറപ്പാക്കുന്നുണ്ടെങ്കില്‍ അതു യുവതയെ ശാക്തീകരിക്കുന്നുമുണ്ട്. കാര്‍ഷിക രംഗത്തെ പരിഷ്‌കാരങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുന്നുണ്ടെങ്കില്‍, തൊഴില്‍ പരിഷ്‌കാരങ്ങള്‍ തൊഴിലാളിക്കും വ്യവസായത്തിനും വളര്‍ച്ചയും സുരക്ഷയും ഊന്നലും നല്‍കുന്നു. നേരിട്ടുള്ള ആനുകൂല്യ വിതരണം പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുന്നത് ഉറപ്പാക്കിയിട്ടുണ്ടെങ്കില്‍ റേര വീടു വാങ്ങുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കി. രാജ്യത്തെ നികുതിവലയില്‍നിന്നു മുക്തമാക്കാന്‍ ജി.എസ്.ടി. നടപ്പാക്കിയെങ്കില്‍, നികുതിദായകരെ എല്ലാ പ്രശ്‌നങ്ങളില്‍നിന്നും മുക്തരാക്കുന്നതിനായി മുഖംനോക്കാതെ മൂല്യനിര്‍ണയം നടത്തുന്ന പദ്ധതി അടുത്തിടെ നടപ്പാക്കി. പാപ്പരാകുന്നതു സംബന്ധിച്ചു നിയമപരമായ ചട്ടക്കൂട് പകരുന്നതാണ് അടുത്തിടെ ആദ്യമായി അവതരിപ്പിച്ച ഇന്‍സോള്‍വന്‍സി ബാങ്ക്‌റപ്റ്റ്‌സി കോഡ്. എഫ്.ഡി.ഐ. പരിഷ്‌കാരങ്ങളോടെ രാജ്യത്തു നിക്ഷേപം വര്‍ധിക്കുകയാണ്.
രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ ഒന്നായി മാറുന്നതിനായി മൈസൂര്‍ സര്‍വകലാശാല മാറുന്ന സാഹചര്യത്തിനനുസരിച്ചു നവീകരിക്കപ്പടേണ്ടതുണ്ട്. മുന്‍ വൈസ് ചാന്‍സലറും മഹാനായ കവിയും എഴുത്തുകാരനുമായ 'കുവേമ്പു'ജിയില്‍നിന്നു സദാ പ്രചോദനം ഉള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്കു സാധിക്കണം. ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങള്‍ക്കും സാങ്കേതിക വികസന കേന്ദ്രങ്ങള്‍ക്കും 'വ്യവസായ-അക്കാദമിക ബന്ധങ്ങള്‍'ക്കും 'വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗവേഷണ'ത്തിനും നിങ്ങള്‍ ഊന്നല്‍ നല്‍കണം. ആഗോള, സമകാലിക വിഷയങ്ങള്‍ക്കൊപ്പം പ്രാദേശിക സംസ്‌കാരം, കല എന്നിവയും സംബന്ധിച്ച ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്ന പാരമ്പര്യം സര്‍വകലാശാല തുടരണം. 
സുഹൃത്തുക്കളേ, എനിക്കു നിങ്ങളോട് ഒരു അഭ്യര്‍ഥനയുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ഈ ക്യാംപസില്‍നിന്നു പുറത്തിറങ്ങുകയാണ്. വ്യക്തിപരമായ കരുത്തിനാല്‍ നേട്ടങ്ങളുണ്ടാക്കാന്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും ശ്രമിക്കണം. നിങ്ങള്‍ സ്വയം പരിമിതപ്പെടുകയോ ഒരു കള്ളിയില്‍ ഒതുങ്ങുകയോ ചെയ്യരുത്. നിങ്ങള്‍ ഒതുങ്ങാന്‍ ശ്രമിക്കുന്ന കള്ളി ചിലപ്പോള്‍ നിങ്ങള്‍ക്കായി ഉണ്ടാക്കിയതാവില്ല. മാറിനിന്നു ചിന്തിക്കുക. ആത്മപരിശോധന നടത്തുക. ജീവിതം സമ്മാനിച്ചതെല്ലാം അനുഭവിക്കുക. ഇതു ശരിയായ പാത തെരഞ്ഞെടുക്കുന്നതിനു നിങ്ങളെ വളരെയധികം സഹായിക്കും. 
പുതിയ ഇന്ത്യ അവസരങ്ങള്‍ നിറഞ്ഞതാണ്. കൊറോണ പ്രതിസന്ധിക്കിടയിലും നമ്മുടെ വിദ്യാര്‍ഥികള്‍ പല സ്റ്റാര്‍ട്ടപ്പുകളും ആരംഭിച്ചിട്ടുണ്ട് എന്നതു നിങ്ങള്‍ ശ്രദ്ധിച്ചുകാണും. ഈ സ്റ്റാര്‍ട്ടപ്പുകള്‍ കര്‍ണാടകയ്ക്കു മാത്രമല്ല, രാജ്യത്തിനാകെ കരുത്താണ്. നിങ്ങള്‍ കരുത്തും പ്രതിഭയുംകൊണ്ടു രാജ്യത്തിനായി ഏറെ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട്. നിങ്ങളുടെ വളര്‍ച്ച നിങ്ങളുടേതു മാത്രമായിരിക്കില്ല; രാജ്യത്തിന്റെ വളര്‍ച്ചയായിരിക്കും. നിങ്ങള്‍ സ്വാശ്രയരായാല്‍ ഇന്ത്യ സ്വാശ്രയമാകും. ഒരിക്കല്‍ക്കൂടി എല്ലാ സുഹൃത്തുക്കള്‍ക്കും നല്ല ഭാവി ആശംസിക്കുന്നു. 
വളരെ വളരെ നന്ദി!

***


(Release ID: 1666318) Visitor Counter : 127