നിതി ആയോഗ്‌

സ്‌കൂളുകളില്‍ നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സി.ജി.ഐയുമായി സഹകരിച്ച് അടല്‍ ഇന്നൊവേഷന്‍ മിഷന്‍

Posted On: 13 OCT 2020 3:48PM by PIB Thiruvananthpuram


സ്കൂളുകളില്‍ നവീനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി നിതി ആയോഗിനു കീഴിലെ അടല്‍ ഇന്നൊവേഷന്‍ മിഷനും (എ.ഐ.എം) സി.ജി.ഐ ഇന്ത്യയുമായി ധാരണാപത്രം ഒപ്പുവെച്ചു. അടല്‍ ഇന്നൊവേഷന്‍ മിഷന്റെ  അടല്‍ ടിങ്കറിംഗ് ലാബ് (എ.ടി.എല്‍) സംരംഭത്തിന് തുടര്‍ച്ചയായ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി, എ.ഐഎം  ഏറ്റവും വലിയ ഐടി, ബിസിനസ് കണ്‍സള്‍ട്ടിംഗ് സേവന സ്ഥാപനങ്ങളില്‍ ഒന്നായ സിജിഐ ഇന്ത്യയുമായി  ചേര്‍ന്ന് പ്രവര്‍ത്തിക്കും.
.
 രാജ്യത്തുടനീളം നവീനാശയങ്ങളുടെയും സംരംഭകത്വത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ അഭിമാന പദ്ധതിയാണ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍.. ഇന്ത്യയിലെ 25 ദശലക്ഷത്തിലധികം സ്‌കൂള്‍ കുട്ടികള്‍ക്ക് അടല്‍ ടിങ്കറിംഗ് ലാബുകള്‍ പ്രാപ്യമാണ്. 


ധാരണാപത്രത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായി അടല്‍ ടിങ്കറിംഗ് ലാബുകളോടു കൂടിയ 100 സ്‌കൂളുകള്‍ ദത്തെടുക്കാന്‍ സി.ജി.ഐ സമ്മതിച്ചിട്ടുണ്ട്. സി.ജി.ഐ സന്നദ്ധപ്രവര്‍ത്തകര്‍ സാങ്കേതിക സാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിനും  ഉപകരണങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തനങ്ങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴത്തിലുള്ള പഠന അനുഭവങ്ങള്‍ നല്‍കുന്നതിനും എടിഎല്ലുകളിലെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യും.

 രൂപകല്‍പ്പന, കമ്പ്യൂട്ടര്‍വല്‍കൃത ആശയ രൂപീകരണം, റോബോട്ടിക്്സ്, കോഡിംഗ് തുടങ്ങിയ വിഷയങ്ങളില്‍ തിരഞ്ഞെടുത്ത സ്‌കൂളുകളിലെ അധ്യാപകര്‍ക്കായി പരിശീലന ശില്പശാലയും സി.ജി.ഐ നടത്തും.

 എ.ഐ.എമ്മും സി.ജി.ഐയും തമ്മിലുള്ള സഹകരണം എ.ടി.എല്ലുകള്‍ക്ക് നിര്‍ണായകമാണെന്നും ഇത് എ.ടി.എല്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം ഗുണം ചെയ്യുമെന്നും നിതി ആയോഗ് അടല്‍ ഇന്നൊവേഷന്‍ മിഷന്‍ ഡയറക്ടര്‍ ശ്രീ. ആര്‍ രമണന്‍ പറഞ്ഞു.

 ''വിദ്യാര്‍ത്ഥികളെ ശാാക്തീകരിക്കാനും പഠിപ്പിക്കാനും സിജിഐയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.  ഭാവിയിലെ ഡിജിറ്റല്‍ തൊഴില്‍സേന ഒരുമിച്ച് കെട്ടിപ്പടുക്കുന്നതിന് പുതുമയും സര്‍ഗ്ഗാത്മകതയും പ്രചോദിപ്പിക്കുന്നതിനായി നിതി ആയോഗുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ട്. ''  സിജിഐ ഏഷ്യാ പസഫിക് ഗ്ലോബല്‍ ഡെലിവറി സെന്റര്‍ ഓഫ് എക്സലന്‍സ് പ്രസിഡന്റ് ജോര്‍ജ്ജ് മാറ്റക്കല്‍ പറഞ്ഞു.
 ***(Release ID: 1664102) Visitor Counter : 67