പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 രൂപയുടെ സ്മരണികാ നാണയം പ്രധാനമന്ത്രി പുറത്തിറക്കി

Posted On: 12 OCT 2020 1:30PM by PIB Thiruvananthpuram

 


രാജ്മാതാ വിജയ രാജെ സിന്ധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി, അവരുടെ സ്മരണാര്‍ത്ഥം 100 രൂപയുടെ പ്രത്യേക നാണയം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോകോണ്‍ഫന്‍സിലൂടെ പുറത്തിറക്കി. രാജ്മാതയുടെ ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

രാജ്മാതാ വിജയ രാജെ സിന്ധ്യാജിയുടെ ഓര്‍മയ്ക്കായി 100 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കാന്‍ അവസരം ലഭിച്ചതില്‍ ഭാഗ്യമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വിജയരാജെ ജിയുടെ പുസ്തകത്തെക്കുറിച്ചു പറയവെ, അതില്‍ ഗുജറാത്തിലെ ഒരു യുവനേതാവായി തന്നെ പരിചയപ്പെടുത്തിയിരുന്നെന്നും ഇന്ന് വര്‍ഷങ്ങള്‍ക്കുശേഷം  രാജ്യത്തിന്റെ പ്രധാന സേവകനായി താന്‍ പ്രവര്‍ത്തിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയെ നേര്‍വഴിക്കു നയിച്ചവരില്‍ ഒരാളാണ് രാജ്മാതാ വിജയ രാജെ സിന്ധ്യയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവര്‍ മികച്ച നേതാവും കഴിവുറ്റ ഭരണാധികാരിയുമായിരുന്നു. വിദേശ വസ്ത്രങ്ങള്‍ കത്തിക്കല്‍, അടിയന്തരാവസ്ഥ, രാമക്ഷേത്ര പ്രസ്ഥാനം തുടങ്ങി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ എല്ലാ സുപ്രധാന ഘട്ടങ്ങള്‍ക്കും അവര്‍ സാക്ഷ്യം വഹിച്ചു. രാജ്മാതയുടെ ജീവിതത്തെക്കുറിച്ച് ഇന്നത്തെ തലമുറ അറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി അവരുടെ അനുഭവങ്ങളെക്കുറിച്ച് ആവര്‍ത്തിച്ച് പരാമര്‍ശിക്കേണ്ടത് ആവശ്യമാണെന്നും പറഞ്ഞു.

പൊതുസേവനത്തിനായി ഒരു പ്രത്യേക കുടുംബത്തില്‍ ജനിക്കേണ്ട ആവശ്യമില്ലെന്ന് രാജ്മാതാ നമ്മെ പഠിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാഷ്ട്രത്തോടുള്ള സ്നേഹവും ജനാധിപത്യ സ്വഭാവവുമാണ് ഇതിനായി വേണ്ടത്. ഈ ചിന്തകളും ഈ ആശയങ്ങളും അവരുടെ ജീവിതത്തില്‍ കാണാന്‍ കഴിയും. രാജ്മാതായ്ക്ക് ആയിരക്കണക്കിന് ജോലിക്കാരുണ്ടായിരുന്നു, മനോഹരമായ ഒരു കൊട്ടാരവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു. എങ്കിലും സാധാരണക്കാരുടെ ആവശ്യങ്ങള്‍ക്കായി, പാവപ്പെട്ടവരുടെ ഉന്നമനത്തിനായി അവര്‍ ജീവിതം സമര്‍പ്പിച്ചു. അവര്‍ എല്ലായ്പ്പോഴും പൊതുജനങ്ങള്‍ക്കു സേവനം നല്‍കാന്‍ സന്നദ്ധയായിരുന്നു. രാജ്യത്തിന്റെ ഭാവിക്കായി രാജ്മാതാ സ്വയം സമര്‍പ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവി തലമുറകള്‍ക്കായി അവര്‍ തന്റെ എല്ലാ സന്തോഷവും ത്യജിച്ചു. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയായിരുന്നില്ല അവര്‍ ജീവിച്ചിരുന്നത്. രാഷ്ട്രീയവും പരിഗണിച്ചിരുന്നില്ല.

പല സ്ഥാനങ്ങളും എളിമയോടെ രാജ്മാതാ നിരസിച്ച ചില സന്ദര്‍ഭങ്ങള്‍ അദ്ദേഹം അനുസ്മരിച്ചു. അടല്‍ജിയും അദ്വാനി ജിയും ഒരിക്കല്‍ ജനസംഘത്തിന്റെ പ്രസിഡന്റാകാന്‍ നിര്‍ബന്ധിച്ചുവെങ്കിലും ജനസംഘത്തെ ഒരു പ്രവര്‍ത്തകയായി സേവിക്കാനായിരുന്നു അവര്‍ക്ക് ഇഷ്ടം.

തന്റെ സഹചാരികളുടെയെല്ലാം പേരുകള്‍ പറഞ്ഞുകൊണ്ടുതന്നെ അവരെ തിരിച്ചറിയുന്നത് രാജ്മാതാക്ക് ഇഷ്ടമായിരുന്നു. ഒരോ തൊഴിലാളിയോടുള്ള ഈ വികാരം എല്ലാവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹങ്കാരമല്ല, ബഹുമാനമാണ് രാഷ്ട്രീയത്തിന്റെ കാതല്‍. ആത്മീയ വ്യക്തിത്വമായാണ് അദ്ദേഹം രാജ്മാതായെ വിശേഷിപ്പിച്ചത്.

പൊതുജന അവബോധവും ബഹുജന പ്രസ്ഥാനങ്ങളും കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാജ്യത്ത് നിരവധി മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും നിരവധി ക്യാമ്പയിനുകളും പദ്ധതികളും വിജയകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്മാതായുടെ അനുഗ്രഹത്താല്‍ രാജ്യം വികസന പാതയിലേക്ക് മുന്നേറുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

ഇന്ന് രാജ്യത്തെ സ്ത്രീശക്തി മുന്നേറ്റത്തിന്റെ പാതയിലാണെന്നും രാജ്യത്തെ വിവിധ മേഖലകളില്‍ അവര്‍ മുന്നിട്ടിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീശാക്തീകരണത്തെക്കുറിച്ചുള്ള രാജ്മാതായുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ സഹായിച്ച ഗവണ്‍മെന്റിന്റെ സംരംഭങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമി ക്ഷേത്രത്തിനായുള്ള അവരുടെ സ്വപ്നം അവരുടെ ജന്മശതാബ്ദി വര്‍ഷത്തില്‍ പൂര്‍ത്തീകരിച്ചുവെന്നത് അത്ഭുതകരമായ യാദൃച്ഛികതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശക്തവും സുരക്ഷിതവും സമ്പന്നവുമായ ഇന്ത്യയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാന്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ വിജയം നമ്മെ സഹായിക്കുമെന്നും പ്രധാനമന്ത്രി  പറഞ്ഞു.

****



(Release ID: 1663686) Visitor Counter : 170