ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യക്കു മറ്റൊരു നേട്ടം കൂടി; പ്രതിദിന പരിശോധന ഏറ്റവും ഉയര്‍ന്ന നിലയില്‍


ആദ്യമായി 12 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിയത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍

ആകെ പരിശോധനകളുടെ എണ്ണം 6.36 കോടി കടന്നു

Posted On: 20 SEP 2020 11:01AM by PIB Thiruvananthpuram

കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഇന്ത്യ നിര്‍ണായകമായ ഒരു നാഴികക്കല്ല് പിന്നിട്ടു. ആദ്യമായി, ഒരു ദിവസം 12 ലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകളെന്ന നേട്ടത്തിലാണ് ഇന്ത്യ എത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,06,806 ടെസ്റ്റുകള്‍ നടത്തിയപ്പോള്‍, രാജ്യത്തെ ആകെ ടെസ്റ്റുകളുടെ എണ്ണം 6.36 കോടി (6,36,61,060) കടന്നു.

കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത് രാജ്യത്തെ ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളു2െ മികവിനെയാണ് വെളിവാക്കുന്നത്. രാജ്യത്തിന്റെ പരിശോധനാശേഷി പലമടങ്ങ് വര്‍ധിച്ചു. ഏപ്രില്‍ എട്ടിന് പ്രതിദിനം 10,000 ടെസ്റ്റുകള്‍ നടത്തിയിരുന്ന സ്ഥാനത്ത്, ഇന്ന് പ്രതിദിന ശരാശരി 12 ലക്ഷം കവിഞ്ഞു.

ഏകദേശം ഒമ്പതു ദിവസത്തിനുള്ളിലാണ് അവസാന ഒരു കോടി ടെസ്റ്റുകള്‍ നടത്തിയത്.


 Image


പരിശോധനകള്‍ വര്‍ധിച്ചത് രോഗബാധ നേരത്തേ തിരിച്ചറിയുന്നതിനും സമയബന്ധിതവും ഫലപ്രദവുമായ ചികിത്സ ഉറപ്പാക്കുന്നതിനും സഹായിക്കുന്നു. ഇത് മരണനിരക്ക് കുറയ്ക്കാനും ഇടയാക്കുന്നു.

 


ഇന്ത്യയിലെ പ്രതിദിന പരിശോധനകളുടെ എണ്ണം ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്.


ആവശ്യപ്പെടുന്നതിന് അനുസൃതമായി കോവിഡ് പരിശോധന നടത്താനുള്ള അനുമതി കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും തീരുമാനങ്ങളെടുക്കാം. രാജ്യത്ത് ദശലക്ഷത്തിലെ പരിശോധന (ടിപിഎം) 46,131 ആയി വര്‍ധിച്ചു.


35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍ നിര്‍ദേശിച്ച പരിശോധനകളേക്കാള്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് പരിശോധനാലാബുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് മേഖലയില്‍ 1061 ലാബുകളും സ്വകാര്യമേഖലയില്‍ 712 ലാബുകളും ഉള്‍പ്പെടെ 1773 ലാബുകളാണുള്ളത്.


വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:

തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 902 (ഗവണ്മെന്റ് 475 + സ്വകാര്യമേഖല: 427)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 746 (ഗവണ്മെന്റ് 552 + സ്വകാര്യമേഖല: 194)
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള ടെസ്റ്റിംഗ് ലാബുകള്‍: 125 (ഗവണ്മെന്റ്  34 + സ്വകാര്യമേഖല: 91)

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.


***
 


(Release ID: 1656916)