രാഷ്ട്രപതിയുടെ കാര്യാലയം

ഉന്നതവിദ്യാഭ്യാസമേഖലയിൽ, ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നത് സംബന്ധിച്ച പ്രത്യേക സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിർച്വൽ സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്തു,


പക്ഷപാത രഹിതവും ഊർജ്ജസ്വലമായ ഒരു വിജ്ഞാന സമൂഹത്തെ വികസിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതായി രാഷ്ട്രപതി


ഇന്ത്യയെ ആഗോള സൂപ്പർ പവർ ആയി മാറ്റുന്നതിനു സംഭാവന നൽകുന്ന ഇന്ത്യ കേന്ദ്രീകൃത വിദ്യാഭ്യാസ സംവിധാനമാണ് പുത്തൻ നയം ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

Posted On: 19 SEP 2020 12:06PM by PIB Thiruvananthpuram

കേന്ദ്ര സർവകലാശാലകളിലെ വൈസ് ചാൻസലർ മാർ, വിദ്യാഭ്യാസ മന്ത്രാലയം അടക്കമുള്ള  വിവിധ മന്ത്രാലയങ്ങൾക്ക്  കീഴിലെ  ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലെ മേധാവികൾ എന്നിവർ ക്കായുള്ള പ്രത്യേക സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ്   വിർച്വൽ സാങ്കേതികവിദ്യയിലൂടെ ഉദ്ഘാടനം ചെയ്തു.
 കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേഷ് പൊക്രിയാൽ നിഷാങ്ക്,  വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ  ചുമതലയുള്ള സഹമന്ത്രി സഞ്ജയ് ശ്യാംരോ ധോത്രേ,  ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ശ്രീ അമിത്  ഖാരേ, ദേശീയ വിദ്യാഭ്യാസ നയ രൂപീകരണ സമിതി ചെയർമാൻ ഡോക്ടർ കെ കസ്തൂരിരംഗൻ, വിദ്യാഭ്യാസ മന്ത്രാലയം യുജിസി AICTE  എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

 ഉൾപ്പെടുത്തൽ,  മികവ് എന്നീ രണ്ട് ലക്ഷ്യങ്ങൾ നേടിക്കൊണ്ട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ  ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ പരിഷ്കരിക്കാൻ ആണ് ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത് എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്   ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവർക്കും നൽകുന്നതുവഴി പക്ഷപാത രഹിതവും ഊർജ്ജസ്വലമായ ഒരു  വിജ്ഞാന സമൂഹത്തെ വികസിപ്പിക്കാനും നയം  ഉദ്ദേശിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു

 രാജ്യത്തെ രണ്ടരലക്ഷം ഗ്രാമപഞ്ചായത്തുകൾ 12,500 ലേറെ  തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവരുമായി നടത്തിയ വിവിധവട്ട  ചർച്ചകൾക്ക് ശേഷമാണ് നയത്തിന് രൂപം നൽകിയിരിക്കുന്നത് എന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 675 ഓളം ജില്ലകളിൽ നിന്ന് മാത്രം രണ്ട് ലക്ഷത്തിലേറെ നിർദ്ദേശങ്ങൾ ലഭിച്ചത് താഴെതട്ടിൽ നയത്തെ  കുറിച്ചുള്ള അവബോധം വളർത്താൻ ആയി എന്നതിന്റെ സൂചനയാണ്  എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന് രൂപം നൽകുന്നതിനായി  വിദ്യാഭ്യാസ മന്ത്രാലയം,  ഡോക്ടർ കസ്തൂരിരംഗൻ,  അദ്ദേഹത്തിന്റെ സംഘം എന്നിവർ നടത്തിയ ശ്രമങ്ങളെ രാഷ്ട്രപതി അഭിനന്ദിച്ചു

 രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, ഇന്ത്യയെ   ആഗോളതലത്തിലെ വിജ്ഞാന സൂപ്പർ പവർ ആയി മാറ്റുന്നതിൽ വലിയ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഈ സ്ഥാപനങ്ങൾ പുലർത്തുന്ന ഗുണമേന്മ പിന്നാലെ വരുന്ന മറ്റു സ്ഥാപനങ്ങളും പിന്തുടരുന്നതാണ്. വിവേകപൂർണമായ തീരുമാനമെടുക്കൽ,  നൂതനാശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായി, സൃഷ്ടിപരത, വിമർശനാത്മക ചിന്തകൾ എന്നിവ, നയത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഇടം പിടിച്ചിട്ടുണ്ടെന്നും ശ്രീ കോവിന്ദ് അഭിപ്രായപ്പെട്ടു. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിലെ തുറന്ന ആശയവിനിമയത്തിന്റെയും  ചർച്ചകളുടെയും പ്രാധാന്യത്തെ  പറ്റി സംസാരിക്കുന്നതിനിടയിൽ, ഭഗവത്ഗീതയിലെ കൃഷ്ണനും അർജുനനും തമ്മിലുള്ള സംഭാഷണ രംഗവും  അദ്ദേഹം പരാമർശിച്ചു. വിമർശനാത്മകമായ ചിന്തകൾക്കും, അന്വേഷണത്വരയ്ക്കും  പുതിയ വിദ്യാഭ്യാസ നയം പ്രോത്സാഹനം നൽകുന്നതായി രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം 2020 ഫലപ്രദമായി നടപ്പാക്കുകയാണെങ്കിൽ അധ്യയന രംഗത്ത് തക്ഷശില നളന്ദാ കാലത്ത്  നമുക്ക് സ്വന്തമായിരുന്ന  കീർത്തി വീണ്ടെടുക്കാൻ ആകും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

 വിദ്യാഭ്യാസനയത്തിന്റെ സവിശേഷതകളെ പറ്റി സംസാരിക്കുന്നതിനിടെ അക്കാദമിക്  ബാങ്ക് ക്രെഡിറ്റ് സൗകര്യം,  നയം മുന്നോട്ടുവെയ്ക്കുന്നത് ആയി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും നേടിയെടുക്കുന്ന അക്കാദമിക്  ക്രെഡിറ്റ് സ്കോറുകൾ ഡിജിറ്റൽ രൂപത്തിൽ ഇതിൽ സൂക്ഷിക്കാനാകുമെന്നും , സ്കോർകളുടെ മൂല്യം പരിഗണിച്ച് അവർക്ക് ബിരുദം നൽകുവാൻ  സാധിക്കുമെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു. മൾട്ടിപ്പിൾ എക്സിറ്റ് എൻട്രി സൗകര്യത്തിന് പുറമേ വിദ്യാർഥികൾക്ക് തങ്ങളുടെ ശേഷിക്കും അഭിരുചിക്കും കഴിവുകൾക്കും അനുസൃതമായ കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഇതിലൂടെ  ലഭിക്കുമെന്ന് രാഷ്ട്രപതി ഓർമിപ്പിച്ചു. ബി എഡ് വിദൂര വിദ്യാഭ്യാസം വൊക്കേഷനൽ വിദ്യാഭ്യാസം എന്നിവയുടെ കൃത്യമായ നിരീക്ഷണവും ഗുണമേന്മ ഉറപ്പാക്കലും  പുതിയ നയത്തിൽ ഇടംപിടിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 2035-ഓടെ കൂടി ഉന്നതവിദ്യാഭ്യാസരംഗത്തെ ഗ്രോസ് എന്റോൾമെന്റ് അനുപാതം 50 ശതമാനമായി വർധിപ്പിക്കാൻ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നതായി  രാഷ്ട്രപതി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

വിദ്യാർഥിനികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലഭ്യതക്കുറവ് അനുഭവിക്കുന്നവർ, അന്താരാഷ്ട്ര വിദ്യാർത്ഥികൾ  എന്നിവർക്കിടയിൽ ഈ ലക്ഷ്യം കൈവരിക്കാൻ വിദൂര വിദ്യാഭ്യാസ സംവിധാനം ഉപയോഗപ്രദമാകും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 -19 കാലയളവിലെ ഓൾ ഇന്ത്യ സർവ്വേ ഓഫ് ഹയർ എജ്യൂക്കേഷൻ കണക്കുകൾ പ്രകാരം സ്ത്രീകൾക്കിടയിലെ GER പുരുഷന്മാരേക്കാൾ ഉയർന്നതാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാങ്കേതികവിദ്യാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വനിതാ വിദ്യാർത്ഥികളുടെ എണ്ണം തുലോം കുറവാണ്. ഉന്നതവിദ്യാഭ്യാസരംഗത്തെ ലിംഗ അസമത്വങ്ങളെ പൂർണമായും പരിഹരിക്കാൻ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സാധിക്കുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി. ഇത് ഉറപ്പാക്കണം എന്ന്  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത് അധ്യാപകരിലും വിദ്യാർഥികളിലും ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കുമെന്ന്  പ്രതീക്ഷ പ്രകടിപ്പിച്ച രാഷ്ട്രപതി,  വിദ്യാഭ്യാസനയം നടപ്പാക്കുന്നതിൽ സ്ഥാപനമേധാവികൾ പ്രത്യേക താല്പര്യം പുലർത്തണമെന്നും  ഓർമിപ്പിച്ചു
 
 സമ്മേളനത്തിനെത്തിയ വിശിഷ്ടാതിഥികളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാൽ നിഷാങ്ക്  സ്വാഗതം ചെയ്തു. ഏത് സമൂഹത്തിന്റെയും  പുരോഗതിയുടെ അടിസ്ഥാന ഘടകം വിദ്യാഭ്യാസം ആണെന്ന് സ്വാഗത പ്രസംഗത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു. സമഗ്രമായ ഒരു വിദ്യാഭ്യാസനയം നടപ്പാക്കുക എന്നത് ഏതൊരു  ഭരണകൂടത്തിന്റെയും   ഭരണഘടനാപരമായ ഉത്തരവാദിത്വം മാത്രമല്ല , മറിച്ച് ധാർമിക ഉത്തരവാദിത്തം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ ശക്തിപ്പെടുത്താനും വികേന്ദ്രീകരിക്കാനും ദേശീയ വിദ്യാഭ്യാസ നയം 2020 ഉപകരിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു


 2020 സെപ്റ്റംബർ ഏഴിന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ സമ്മേളനം ഇതേ വിഷയത്തിൽ രാഷ്ട്രപതിയുടെ അധ്യക്ഷതയിൽ നടന്നതും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ ഏകകങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നത്  ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ,  നടപ്പാക്കൽ സംബന്ധിച്ച നടപടികൾക്ക്  രൂപം നൽകാനുള്ള തീരുമാനങ്ങൾക്ക് തുടക്കമിട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരുന്നു. വിദേശ സർവകലാശാലകൾക്ക് നമ്മുടെ രാജ്യത്തും നമ്മുടെ സർവകലാശാലകൾക്ക് വിദേശങ്ങളിലും ക്യാമ്പസുകൾ തുറക്കാൻ ഈ നയം അനുവാദം നൽകുന്നു. ഇന്ത്യയെ ഒരു സോഫ്റ്റ് പവർ ആയി വളർത്തിയെടുക്കുന്നതിൽ ഈ നീക്കം വളരെയേറെ സ്വാധീനം ചെലുത്തുമെന്ന്, വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു

 ഏതൊരു സമൂഹത്തിന്റെയും  അടിസ്ഥാന ശിലയായ വിദ്യാഭ്യാസത്തിന് ഒരു രാഷ്ട്രത്തിന്റെയും അവിടുത്തെ  യുവാക്കളുടെയും ഭാവി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുണ്ട്. സമഗ്രമായ വ്യക്തിത്വത്തിന് ഉടമകളായ വ്യക്തികളെ രൂപപ്പെടുത്തുന്നതിനുള്ള മാധ്യമമാണ് വിദ്യാഭ്യാസം എന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി, ഇത്തരത്തിൽ വികാസം പ്രാപിക്കുന്ന വ്യക്തികൾ രാഷ്ട്രത്തിന് ഒരു മുതൽക്കൂട്ട് മാത്രമല്ല, സമൂഹത്തിലും സംസ്കാരത്തിലും അടിയുറച്ച് വിശ്വസിക്കുന്ന മികച്ച മനുഷ്യർ  ആണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഒരു രാഷ്ട്രത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും നിർണയിക്കുന്നതിലും വിദ്യാഭ്യാസ നയങ്ങൾ ക്ക് പ്രത്യേക സ്ഥാനം ഉണ്ട്

 സ്കൂൾതലത്തിലും  ഉന്നത വിദ്യാഭ്യാസ രംഗത്തും സമഗ്രമായ മാറ്റങ്ങൾ പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നു. ഇന്ത്യ കേന്ദ്രീകൃതമായ, ഇന്ത്യയെ ഒരു ആഗോള സൂപ്പർ പവർ ആയി മാറ്റി മറിക്കുന്നതിൽ സംഭാവനകൾ നൽകാൻ ശേഷിയുള്ള ,ഒരു വിദ്യാഭ്യാസ സംവിധാനമാണ് നയം ലക്ഷ്യമിടുന്നത്. ഈ നയത്തിലൂടെ നടപ്പാക്കുന്ന മാറ്റങ്ങൾ നമ്മുടെ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ഒരു പൊളിച്ചെഴുത്തിന് വഴിതുറക്കും.  വരും തലമുറയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദർശനമായ സ്വയംപര്യാപ്ത ഭാരതത്തിന് അനുകൂലമായ ഒരു വിദ്യാഭ്യാസ ആവാസവ്യവസ്ഥയും ഈ നയം സൃഷ്ടിക്കും

 നമ്മുടെ രാജ്യത്തിന്റെ  ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾക്ക് വഴി തുറക്കുന്ന  വിഷയങ്ങൾക്ക്,  നയത്തിൽ പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്ത്  മാറ്റങ്ങൾ വേണം  എന്നത് ഏറെക്കാലമായി ഉയർന്നിരുന്ന ഒരു ആവശ്യമായിരുന്നു. ഇത് ഉറപ്പാക്കണമെങ്കിൽ നയത്തിന്റെ  ഫലപ്രദമായ നടപ്പാക്കൽ കൂടിയേതീരൂ. നമ്മുടെ വിദ്യാഭ്യാസരംഗത്തെ  ഉടച്ചുവാർക്കുന്ന നടപടികൾ ഭരണകൂടത്തിന് തനിയെ സ്വീകരിക്കാനാവുന്നതല്ല. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഭാവനകളും അവരുടെ ആത്മാർത്ഥമായ ശ്രമവും ഇതിന് ആവശ്യമാണ്. രാജ്യത്തെ വിവിധ സ്ഥാപനങ്ങളുടെ പരസ്പരബന്ധിതവും  കൃത്യവുമായ നടപടിക്രമങ്ങളും മുന്നേറ്റങ്ങളും ഇതിന് ആവശ്യമായി വരും. പദ്ധതിയുടെ നടത്തിപ്പിന് രാജ്യത്തെ വിവിധ ഭരണകൂടങ്ങളും സർവ്വകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകോർത്ത് പ്രവർത്തിക്കേണ്ടതുണ്ട്

 പുതിയ വിദ്യാഭ്യാസ നയത്തെ പറ്റി സംസാരിക്കവേ, നയം നടപ്പാക്കുന്നതിന് തടസ്സമാകുന്ന എല്ലാ വെല്ലുവിളികളെയും നാം മറികടക്കേണ്ടത് ഉണ്ടെന്നും, ഇതിന് ആവശ്യമായ ചർച്ചകൾ ബന്ധപ്പെട്ടവരുമായി നടത്തേണ്ടതുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ഓർമിപ്പിച്ചു. നയത്തെ സംബന്ധിച്ച് പരമാവധി ആളുകൾക്കിടയിൽ ബോധവൽക്കരണം നടത്താൻ അദ്ദേഹം വൈസ് ചാൻസിലർ മാരോടും  സ്ഥാപനമേധാവികളോടും അഭ്യർത്ഥിച്ചു. നയം നടപ്പാക്കൽ പ്രക്രിയകളെ കൂടുതൽ എളുപ്പമാക്കാൻ, സമൂഹത്തിലെ എല്ലാ തുറകളിൽ നിന്നുമുള്ളവരുടെ പിന്തുണ സഹായകരമാകുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ  ഫലപ്രദമായ നടപ്പാക്കലിനു  രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ,അക്കാദമിക സമൂഹം, വിദ്യാർത്ഥികൾ എന്നിവരുടെ അകമഴിഞ്ഞ പിന്തുണ സഹായകരമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു

 ഉദ്ഘാടന സമ്മേളനത്തിന് ശേഷം പുതിയ വിദ്യാഭ്യാസ നയം സംബന്ധിച്ച വിവിധ ഉപസമ്മേളനങ്ങളും സംഘടിപ്പിക്കപ്പെട്ടു. വിവിധ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകുന്നതും സമഗ്രവുമായ വിദ്യാഭ്യാസ രീതി, ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗവേഷണങ്ങളും നൂതനാശയ രൂപീകരണവും, അന്താരാഷ്ട്ര വൽക്കരണവും ആഗോള റാങ്കിംഗ്കളും, കൂടുതൽ മികവ് ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ  സമ്മേളനങ്ങളിൽ ചർച്ചയായി

****


(Release ID: 1656682) Visitor Counter : 244