പ്രധാനമന്ത്രിയുടെ ഓഫീസ്
ചരിത്ര പ്രസിദ്ധമായ കോസിറെയില്‍ മഹാസേതു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
പുതിയ റെയില്‍പ്പാതകള്‍ക്കും വൈദ്യുതീകരണ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു
കോവിഡ് കാലത്തെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി റെയില്‍വേയെ അഭിനന്ദിച്ചു
കാര്‍ഷിക പരിഷ്‌കരണ ബില്‍ കര്‍ഷകരെ സ്വതന്ത്രരാക്കി; പ്രധാനമന്ത്രി
Posted On:
18 SEP 2020 4:11PM by PIB Thiruvananthpuram
ചരിത്ര പ്രസിദ്ധമായ കോസിറെയില്‍ മഹാസേതു പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. ഇതോടൊപ്പം ബീഹാറിലെ റെയില്‍ ലൈനുകളും വൈദ്യുതീകരണ പദ്ധതികളും പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു.
ബീഹാറില്‍ റെയില്‍ കണക്ടിവിറ്റി രംഗത്ത്, പുതിയ ചരിത്രം കുറിക്കപ്പെട്ടതായി തദവസരത്തില്‍ സംസാരിക്കവേ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി പറഞ്ഞു. കോസി മഹാസേതു, കിയുല്‍ പാലം, റെയില്‍വേ വൈദ്യുതീകരണ പദ്ധതികള്‍, റെയില്‍വേയുമായി ബന്ധപ്പെട്ട മേക്ക് ഇന്‍ ഇന്ത്യ പദ്ധതികള്‍ തുടങ്ങി പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന 3000 കോടി രൂപയുടെ 12 ഓളം വികസന പദ്ധതികളാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഇന്ന് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതികള്‍ ബീഹാറിന്റെ റെയില്‍ ശൃംഖലയെ ശാക്തീകരിക്കുന്നതിനോടൊപ്പം പശ്ചിമബംഗാളും കിഴക്കന്‍ ഇന്ത്യയും തമ്മിലുള്ള റെയില്‍ ബന്ധവും ശക്തിപ്പെടുത്തും.
ബീഹാര്‍ ഉള്‍പ്പെടെ കിഴക്കന്‍ ഇന്ത്യയിലെ റെയില്‍വേ യാത്രക്കാര്‍ക്ക് ആധുനികവും നവീനവുമായ സൗകര്യങ്ങള്‍ ലഭിച്ചതില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിനന്ദിച്ചു. നിരവധി നദികള്‍ ചുറ്റിത്തിരിഞ്ഞ് ഒഴുകിയിരുന്നതിനാല്‍ ബീഹാറിന്റെ പല ഭാഗങ്ങളും തമ്മിലുള്ള പരസ്പര ബന്ധം വേര്‍പ്പെട്ട നിലയിലായിരുന്നു. ഇതിനാല്‍, ജനങ്ങള്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കുന്നതിന് നാല് വര്‍ഷം മുമ്പാണ് പട്ന, മുന്‍ഗര്‍ എന്നിവിടങ്ങളില്‍ രണ്ട് വന്‍ പാലങ്ങള്‍ നിര്‍മാണം ആരംഭിച്ചത്. ഈ രണ്ട് റെയില്‍വേപ്പാലങ്ങളും കമ്മീഷന്‍ ചെയ്തതോടെ ബീഹാറിന്റെ വടക്ക് - തെക്ക് പ്രദേശങ്ങള്‍ തമ്മിലുള്ള യാത്ര എളുപ്പമുള്ളതായും ഇത് വടക്കന്‍ ബീഹാറിന്റെ വികസനത്തിന് പുതിയ ഗതിവേഗം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എട്ടര ദശാബാദം മുമ്പ് ഉണ്ടായ നിരവധി ഭൂകമ്പങ്ങള്‍ മൂലമാണ് മിഥിലാ, കോസി പ്രദേശങ്ങള്‍ തമ്മില്‍ വേര്‍പെട്ടത്. കൊറോണ പോലൊരു മഹാമാരിക്കാലത്താണ് ഇരു പ്രദേശങ്ങളും വീണ്ടും ബന്ധിപ്പിക്കപ്പെട്ടതെന്നത് യാദൃശ്ചികമാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ കൂടി കഠിനാദ്ധ്വാനത്തോട് കൂടിയാണ് സുപോള്‍ - അസാന്‍പൂര്‍ - കുഫ റെയില്‍പ്പാത ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കാനയത്. മിഥിലയിലെയും കോസിയിലെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് 2003 ല്‍ ശ്രീ. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയും ശ്രീ. നിതീഷ് കുമാര്‍ റെയില്‍വേ മന്ത്രിയുമായിരുന്ന കാലത്താണ് പുതിയ കോസി റെയില്‍പ്പാത വിഭാവനം ചെയ്തത്. പദ്ധതിക്ക് ഈ ഗവണ്‍മെന്റിന്റെ കാലത്താണ് വേഗത കൈവന്നതെന്നും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സുപോള്‍ - അസാന്‍പൂര്‍ - കുഫ റെയില്‍പ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സുപോളില്‍ നിന്ന് കോസി മഹാസേതു വഴി അസാന്‍പൂരിലേയ്ക്കുള്ള ഇന്ന് ഉദ്ഘാടനം ചെയ്ത പുതിയ പാത, സുപോള്‍, അരാരിയ, സഹസ്ര ജില്ലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാകും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ബദല്‍ റെയില്‍പ്പാതയായി ഇത് മാറും. ഇതോടെ 300 കിലോമീറ്റര്‍ യാത്ര 22 കിലോമീറ്ററായി ചുരുങ്ങിയെന്നും പ്രദേശത്തെ വാണിജ്യ, തൊഴിലവസരങ്ങളെ ഇത് വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബീഹാറിലെ ജനങ്ങളുടെ സമയവും പണവും ലാഭിക്കാന്‍ പാലം സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോസി മഹാസേതു പോലെ കിയുല്‍ നദിക്ക് കുറുകെയുള്ള ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനമുള്ള പുതിയ റെയില്‍പ്പാത വഴി മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാന്‍ കഴിയും. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ് സംവിധാനം ഹൗറ - ഡല്‍ഹി പ്രധാനപാതയിലെ ട്രെയിന്‍ യാത്ര സുഗമമാക്കുകയും അനാവശ്യ കാലതാമസം ഒഴിവാക്കി സുരക്ഷിതയാത്ര പ്രദാനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
നവ ഇന്ത്യയുടെ അഭിലാഷങ്ങള്‍ക്കും ആത്മനിര്‍ഭര്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുമായി, കഴിഞ്ഞ ആറ് വര്‍ഷമായി, ഇന്ത്യന്‍ റെയില്‍വേയില്‍ ശ്രമങ്ങള്‍ നടത്തിവരുന്നതായി ശ്രീ. മോദി പറഞ്ഞു. ഇന്ന്, റെയില്‍വേ മുമ്പത്തേക്കാളെല്ലാം ശുചിത്വമുള്ളതാണ്. ബ്രോഡ്‌ഗേജ് റെയില്‍പ്പാതകളിലെ ആളില്ലാ റെയില്‍ ക്രോസുകള്‍ ഒഴിവാക്കിയതിലൂടെ, ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായിരിക്കുന്നു. റെയില്‍വേയുടെ വേഗത വര്‍ധിച്ചിട്ടുണ്ട്. സ്വയം പര്യാപ്തതയുടെയും ആധുനികതയുടെയും പ്രതീകമായ വന്ദേ ഭാരത് പോലുള്ള തദ്ദേശ നിര്‍മ്മിത ട്രെയിനുകള്‍ റെയില്‍വേ ശൃംഖലയുടെ ഭാഗമായി മാറിയിരിക്കുന്നു.
റെയില്‍വേയിലെ ആധുനീകരണത്തോടെ, ബീഹാറിന്, വന്‍ പ്രയോജനമാണ് ലഭിക്കുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്, മധേപുരയില്‍ ഇലക്ട്രിക് ലോക്കോ ഫാക്ടറിയും മര്‍ ഹോരയില്‍ ഡീസല്‍ ലോക്കോ ഫാക്ടറിയും സ്ഥാപിച്ചു. ഇരു പദ്ധതികള്‍ക്കുമായി 44,000 കോടി രൂപയാണ് നിക്ഷേപിച്ചത്. 12000 കുതിരശക്തിയോടെ, രാജ്യത്തെ ഏറ്റവും ശക്തിയേറിയ ഇലക്ട്രിക് ട്രെയിന്‍ ബീഹാറിലാണ് നിര്‍മിച്ചതെന്നതില്‍ ബീഹാറിലെ ജനങ്ങള്‍ക്ക് അഭിമാനിക്കാം. ഇലക്ട്രിക് ട്രെയിനുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി, ബീഹാറിലെ ആദ്യ ലോക്കോ ഷെഡും പ്രവര്‍ത്തനമാരംഭിച്ചു.
ബീഹാറില്‍, ഏകദേശം 90% റെയില്‍ ശൃംഖലയും വൈദ്യുതീകരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷമായി, ബീഹാറില്‍ 3000 കിലോമീറ്ററിലധികം റെയില്‍പ്പാത വൈദ്യുതീകരിച്ചു.
2014 നുമുള്ള അഞ്ച് വര്‍ഷം, ബീഹാറില്‍ 325 കിലോ മീറ്റര്‍ പുതിയ റെയില്‍പ്പാതയാണ് കമ്മീഷന്‍ ചെയ്തതെങ്കില്‍ 2014 നു ശേഷമുള്ള 5 വര്‍ഷം കൊണ്ട് അതിന്റെ ഏകദേശo ഇരട്ടി - 700 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. കൂടാതെ, 1000 കിലോമീറ്റര്‍ പുതിയ റെയില്‍പ്പാത നിര്‍മാണം പുരോഗമിക്കുകയാണെന്നും ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു.
ഹാജിപൂര്‍ - ഘോസ്വര്‍ - വൈശാലി റെയില്‍പ്പാത നിലവില്‍ വന്നതോടെ, ഡല്‍ഹിയും പാറ്റ്നയും തമ്മില്‍ നേരിട്ട് ട്രെയിന്‍ സര്‍വീസ് സാധ്യമാകും. വൈശാലിയുടെ വിനോദസഞ്ചാര സാധ്യത വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ചരക്ക് ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ബീഹാറില്‍ 250 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഇടനാഴി കടന്നു പോകുന്നതായും ശ്രീ. മോദി പറഞ്ഞു. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ, യാത്രാ ട്രെയിനുകളുടെ കാലതാമസം ഒഴിവാകുകയും ചരക്ക് നീക്കം സുഗമമാവുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ പ്രതിസന്ധിക്കാലത്ത്, അക്ഷീണം പ്രവര്‍ത്തിച്ച റെയില്‍വേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കുടിയേറ്റ തൊഴിലാളികളെ ശ്രമിക് പ്രത്യേക ട്രെയിനുകളിലൂടെ നാട്ടില്‍ തിരികെയെത്തിക്കുന്നതിനും അവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനും റെയില്‍വേ പ്രധാന പങ്ക് വഹിച്ചതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. കൊറോണ കാലയളവില്‍ രാജ്യത്തെ പ്രഥമ കിസാന്‍ റെയില്‍ ആരംഭിച്ചത് ബീഹാറിനും മഹാരാഷ്ട്രയ്ക്കുമിടയിലാണ്. മുന്‍കാലങ്ങളില്‍ ബീഹാറില്‍ മെഡിക്കല്‍ കോളേജുകളുടെ എണ്ണം വളരെ കുറവായിരുന്നു. ഇതുമൂലം ബീഹാറിലെ രോഗികള്‍ക്കുള്ള കഷ്ടപ്പാടിനു പുറമേ, കഴിവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പോകേണ്ടതായും വന്നിരുന്നു. ഇന്ന്, ബീഹാറില്‍ 15 മെഡിക്കല്‍ കോളേജുകളുണ്ട്, എന്നാല്‍ ഇവയില്‍ പലതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിര്‍മിച്ചതാണ്. ബീഹാറിലെ, ദര്‍ഭംഗയില്‍ എയിംസ് സ്ഥാപിക്കാന്‍ ഏതാനും ദിവസം മുമ്പ് അനുമതി നല്‍കിയതായും ഇത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ശ്രീ. മോദി പറഞ്ഞു.
കാര്‍ഷിക പരിഷ്‌ക്കരണ ബില്‍
കാര്‍ഷിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട്, രാജ്യത്തിന് ഇന്നലെ ചരിത്രദിനമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നലെ പാസായ കാര്‍ഷിക പരിഷ്‌ക്കരണ ബില്‍ നമ്മുടെ കര്‍ഷകരെ, പല തടസ്സങ്ങളില്‍ നിന്നും മോചിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരവധി അസരങ്ങളൊരുക്കുന്നതാണ് ബില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകരെ ആശംസകള്‍ അറിയിച്ചു. കൃഷിക്കാരുടെ വരുമാനത്തിന്റെ നല്ലൊരു പങ്കും എടുക്കുന്ന ഇടനിലക്കാരില്‍ നിന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ ഈ പരിഷ്‌ക്കരണം സഹായിക്കും.
ഏതാനും ദശാബ്ദങ്ങള്‍ ഇന്ത്യ ഭരിച്ചിരുന്ന ചില ആള്‍ക്കാര്‍, കര്‍ഷകരെ ഈ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതായി, കര്‍ഷക ബില്ലിലെ പ്രതിപക്ഷ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. എ.പി.എം.സി നിയമത്തിലെ കാര്‍ഷിക വിപണിമാറ്റത്തെക്കുറിച്ച് ബില്ലിനെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉണ്ടായിരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവില, മുമ്പത്തേതുപോലെ തുടര്‍ന്നും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും ഉല്‍പ്പന്നങ്ങള്‍ ഗവണ്‍മെന്റ് സംഭരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, കൃഷിക്കാര്‍ക്ക് അവരുടെ വിളകള്‍, അവര്‍ക്കിഷ്ടമുള്ള വിലയ്ക്ക്, രാജ്യത്തെ ഏത് വിപണിയില്‍ വേണമെങ്കിലും വില്‍ക്കാനാകും. പ്രധാനമന്ത്രി കിസാന്‍ കല്യാണ്‍ യോജന, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന, ശീതീകരണ സംഭരണ സംവിധാന ശൃംഖല എന്നിവ രാജ്യത്ത് നടപ്പാക്കിയതായി പറഞ്ഞ പ്രധാനമന്ത്രി, ഭക്ഷ്യ സംസ്‌ക്കരണ വ്യവസായം, കാര്‍ഷികാടിസ്ഥാന സൗകര്യം എന്നിവയില്‍ നിക്ഷേപം നടത്തിയതായും അറിയിച്ചു.
കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍, ഗവണ്‍മെന്റ് നിരന്തരം ശ്രമിച്ചുവരികയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളില്‍ നിന്നും ജാഗ്രത പാലിക്കാന്‍ രാജ്യത്തെ കര്‍ഷകരോട് ആഹ്വാനം ചെയ്തു. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ ഇടനിലക്കാരെയും കര്‍ഷകരെ ചൂഷണം ചെയ്യുന്നവരെയും പിന്തുണക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ നിയമം രാജ്യത്തിന്റെയും കാലത്തിന്റെയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
****
(Release ID: 1656388)
Visitor Counter : 171
Read this release in:
Telugu
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada