പ്രധാനമന്ത്രിയുടെ ഓഫീസ്‌

ചരിത്രപ്രസിദ്ധമായ കോസി റെയില്‍ മഹാസേതു പ്രധാനമന്ത്രി വെള്ളിയാഴ്ച രാജ്യത്തിനു സമര്‍പ്പിക്കും



ബീഹാറില്‍ പുതിയ റെയില്‍ പാതകള്‍ക്കും വൈദ്യുതീകരണ പദ്ധതികള്‍ക്കും തുടക്കം കുറിക്കും

Posted On: 16 SEP 2020 6:00PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ചരിത്രപരമായ കോസി റെയില്‍ മഹാസേതു (മെഗാ ബ്രിഡ്ജ്) രാജ്യത്തിനു സമര്‍പ്പിക്കും.വെള്ളിയാഴ്ച ( 2020 സെപ്റ്റംബര്‍ 18ന് )ഉച്ചയ്ക്ക് 12നു വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. ഇതിനൊപ്പം ബീഹാറിലെ യാത്രക്കാര്‍ക്കു പ്രയോജനപ്രദമാകുംവിധമുള്ള 12 റെയില്‍ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കിയൂല്‍ നദിയിലെ പുതിയ റെയില്‍വേ പാലം, രണ്ട് പുതിയ റെയില്‍വേ ലൈനുകള്‍, 5 വൈദ്യുതീകരണ പദ്ധതികള്‍, ഒരു ഇലക്ട്രിക് ലോക്കോമോട്ടീവ് ഷെഡ്, ബര്‍ഹ്-ബഖ്തിയാര്‍പുര്‍ തേര്‍ഡ് ലൈന്‍ പദ്ധതി എന്നിവയ്ക്കാണ് തുടക്കം കുറിക്കുക.

കോസി റെയില്‍ മഹാസേതു രാജ്യത്തിനു സമര്‍പ്പിക്കുമ്പോള്‍ ബീഹാറിനും വടക്കുകിഴക്കന്‍ മേഖലയുമായി ബന്ധിപ്പിക്കപ്പെടുന്ന മുഴുവന്‍ പ്രദേശങ്ങള്‍ക്കും അതൊരു ചരിത്രമുഹൂര്‍ത്തമായി മാറും.

1887 ല്‍ നിര്‍മാലിക്കും ഭപ്തിയാഹിക്കും (സാറായ്ഗഢ്) ഇടയില്‍ മീറ്റര്‍ ഗേജ് പാത നിര്‍മിച്ചിരുന്നു. 1934ലെ കനത്ത വെള്ളപ്പൊക്കത്തിലും, ഇന്തോ-നേപ്പാള്‍ ഭൂകമ്പത്തിലും ഈ പാത ഒലിച്ചുപോയി. തുടര്‍ന്ന് കോസി നദിയുടെ സവിശേഷതമായ ചുറ്റിത്തിരിഞ്ഞുള്ള ഒഴുക്ക് പരിഗണിച്ച് ഈ റെയില്‍ പാത പുനഃസ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നില്ല.

2003-04 കാലഘട്ടത്തിലാണ് കോസി മെഗാ ബ്രിഡ്ജ് ലൈന്‍ പദ്ധതിക്ക് ഇന്ത്യാ ഗവണ്മെന്റ് അനുമതി നല്‍കിയത്. കോസി റെയില്‍ മഹാസേതുവിന് 1.9 കിലോമീറ്റര്‍ നീളമാണുള്ളത്. നിര്‍മാണച്ചെലവ് 516 കോടി രൂപയാണ്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലെ ഈ പാലത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിക്കാലത്താണ് പദ്ധതി പൂര്‍ത്തിയാക്കിയത്. കുടിയേറ്റ തൊഴിലാളികളും നിര്‍മാണത്തിന്റെ ഭാഗമായി.

മേഖലയിലെ ജനങ്ങളുടെ 86 വര്‍ഷം പഴക്കമുള്ള സ്വപ്നമാണ്
ഈ പദ്ധതിയുടെ സമര്‍പ്പണത്തിലൂടെ സാക്ഷാത്കരിക്കുന്നത്. ജനങ്ങളുടെ നീണ്ടകാലത്തെ കാത്തിരിപ്പിനും അവസാനമായി. മഹാസേതു സമര്‍പ്പിക്കുന്നതിനൊപ്പം പ്രധാനമന്ത്രി സുപോള്‍ സ്റ്റേഷനില്‍ നിന്ന് സഹര്‍സ- അസന്‍പൂര്‍ കുഫ ഡെമോ ട്രെയിനും  ഫ്ളാഗ് ഓഫ് ചെയ്യും. ട്രെയിന്‍ സര്‍വീസ് പതിവാകുമ്പോള്‍ സുപോള്‍, അരരിയ, സഹര്‍സ ജില്ലകള്‍ക്ക് പ്രയോജനപ്പെടും. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലേക്ക് ദീര്‍ഘദൂര യാത്രകളും എളുപ്പമാക്കും.


ഹാജിപൂര്‍-ഘോസ്വര്‍-വൈശാലി, ഇസ്ലാംപൂര്‍-നടേശര്‍ എന്നീ രണ്ട് പുതിയ പാതകളുടെ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കര്‍നൗട്ടി-ബഖ്തിയാര്‍പൂര്‍ ലിങ്ക് ബൈപാസും ബര്‍ഹ്-ബഖ്തിയാര്‍പൂര്‍ മൂന്നാം പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

മുസാഫര്‍പൂര്‍ - സീതാമര്‍ഹി, കടിഹാര്‍-ന്യൂ ജല്‍പായ്ഗുരി, സമസ്തിപൂര്‍-ദര്‍ഭംഗ-ജയ്‌നഗര്‍, സമസ്തിപൂര്‍-ഖഗേറിയ, ഭാഗല്‍പൂര്‍-ശിവനാരായണ്‍പൂര്‍ സെക്ഷനിലെ വൈദ്യുതീകരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

***


(Release ID: 1655297) Visitor Counter : 179