മന്ത്രിസഭ

ബീഹാറിലെ ദർഭംഗയിൽ പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

Posted On: 15 SEP 2020 2:22PM by PIB Thiruvananthpuram


ബീഹാറിലെ ദർഭംഗയിൽ പുതിയ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം തീരുമാനിച്ചു. പ്രധാൻ മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. പുതിയ എയിംസിനായി ഒരു ഡയറക്ടർ തസ്തിക സൃഷ്ടിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി.


1264 കോടി രൂപയാണ് പദ്ധതി ചെലവ്. കേന്ദ്ര സർക്കാർ അംഗീകാരം ലഭിച്ച തീയതി മുതൽ 48 മാസത്തിനുള്ളിൽ എയിംസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

സാധാരണക്കാർക്കുള്ള ഗുണങ്ങൾ സംബന്ധിച്ച പ്രധാന വസ്തുതകൾ:

* പുതിയ എയിംസിൽ 100 യൂ.ജി എം.ബി.ബി.എസ്. സീറ്റുകളും 60 ബി.എസ്‌.സി. നഴ്സിംഗ് സീറ്റുകളും ഉണ്ടാകും.

* പുതിയ എയിംസിൽ 15-20 സൂപ്പർ സ്പെഷ്യാലിറ്റി വകുപ്പുകൾ ഉണ്ടാകും.

* പുതിയ എയിംസിൽ 750 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം ഉണ്ടാകും.

* നിലവിലുള്ള എയിംസുകളിലെ കണക്ക് പരിശോധിക്കുമ്പോൾ പുതിയ എയിംസിൽ പ്രതിദിനം 2000 പേരെ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കാനും പ്രതിമാസം 1000 രോഗികളെ കിടത്തി ചികിത്സിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

*
പി‌.ജി., ഡി‌.എം./എം.‌സി.‌എച്ച്. സൂപ്പർ-സ്പെഷ്യാലിറ്റി കോഴ്സുകളും ഭാവിയിൽ ആരംഭിക്കും.

പുതിയ എയിംസിനോടനുബന്ധിച്ച് ആശുപത്രി, മെഡിക്കൽ-നഴ്സിംഗ് കോഴ്സുകൾക്കുള്ള ടീച്ചിംഗ് ബ്ലോക്ക്, പാർപ്പിട സമുച്ചയം, മറ്റ് അനുബന്ധ സൗകര്യങ്ങളും സേവനങ്ങളും എന്നിവ ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം, മെഡിക്കൽ വിദ്യാഭ്യാസം, നഴ്സിംഗ് വിദ്യാഭ്യാസം, ഗവേഷണം എന്നിവയ്ക്കായി മേഖലയിൽ ഒരു ദേശിയ പ്രാധാന്യമുള്ള സ്ഥാപനം എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

നിർദ്ദിഷ്ട എയിംസിൽ ആയുഷ് ബ്ലോക്ക്, ഓഡിറ്റോറിയം, രാത്രി തങ്ങുന്നതിനുള്ള സൗകര്യം, ഗസ്റ്റ് ഹൗസ്, ഹോസ്റ്റലുകൾ, പാർപ്പിട സമുച്ചയങ്ങൾ എന്നിവ ഉണ്ടായിരിക്കും. സ്ഥാപനങ്ങളുടെ പ്രവർത്തന ചെലവ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പി.എം.എസ്.എസ്.വൈ പദ്ധതി പ്രകാരം ഗ്രാന്റ് ആയി ലഭിക്കും. പുതിയ എയിംസിന്റെ നിർമാണച്ചെലവ് പൂർണമായും കേന്ദ്രസർക്കാർ വഹിക്കും. പുതിയ എയിംസിന്റെ പ്രവർത്തന-പരിപാലന ചെലവുകളും പൂർണമായും കേന്ദ്ര സർക്കാർ തന്നെ വഹിക്കും. വിവിധ അധ്യാപക-അനധ്യാപക തസ്തികകളിൽ പുതിയ എയിംസ് 3000 ത്തോളം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഒട്ടേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.

***



(Release ID: 1654518) Visitor Counter : 178